തൊഴില്‍, ഉദ്യോഗ മന്ത്രാലയം
പുതിയ ഇസിആർ ഫയൽ ചെയ്യേണ്ട അവസാന തീയതി ഇപിഎഫ്ഒ 2025 ഒക്ടോബർ 22 വരെ നീട്ടി
Posted On:
13 OCT 2025 6:35PM by PIB Thiruvananthpuram
2025 സെപ്റ്റംബർ വേതന മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ഇസിആര്‍) സംവിധാനത്തിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തുടക്കം കുറിച്ചിരുന്നു. തൊഴിലുടമകൾക്ക് ഇപിഎഫ്ഒ പോർട്ടൽ വഴി റിട്ടേൺ ഫയൽ ചെയ്യുന്ന നടപടികൾ ലളിതമാക്കാനും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് പരിഷ്കരിച്ച സംവിധാനം ലക്ഷ്യമിടുന്നത്.
എങ്കിലും പരിഷ്കരിച്ച ഇസിആറിന്റെ പുതിയ സവിശേഷതകളുമായി പൊരുത്തപ്പെടുന്നതിലും റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി തൊഴിലുടമകൾ അപേക്ഷിച്ച പശ്ചാത്തലത്തില്‍ സെപ്റ്റംബർ മാസത്തെ വേതനത്തിന്റെ ഇസിആർ ഫയൽ ചെയ്യേണ്ട തീയതി 2025 ഒക്ടോബർ 22 വരെ നീട്ടാൻ ഇപിഎഫ്ഒ തീരുമാനിച്ചു.
പരിഷ്കരിച്ച ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ഇസിആര്‍) സംവിധാനത്തിലേക്ക് മാറുന്നത് സുഗമമാക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രാജ്യത്തെ തൊഴിലുടമകൾക്കും വ്യവസായ പ്രതിനിധികൾക്കും നിരവധി ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു.
പരിഷ്കരിച്ച ഇസിആർ സംവിധാനത്തിൽ അവതരിപ്പിച്ച പുതിയ സവിശേഷതകളും നടപടിക്രമങ്ങളിലെ മാറ്റങ്ങളും വിശദീകരിക്കാന്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ), പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (പിഎച്ച്ഡിസിസിഐ), എംപ്ലോയർ ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഎഫ്ഐ) എന്നീ പ്രമുഖ വ്യവസായ സംഘടനകളുമായി കേന്ദ്രതലത്തിൽ ഇപിഎഫ്ഒ യോഗങ്ങൾ ചേർന്നു. വിവരങ്ങളിലെ ഉയര്‍ന്ന കൃത്യത, ക്രമാനുസൃത റിട്ടേൺ പരിശോധന, നടപടിക്രമങ്ങള്‍ സുഗമമായി പാലിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെ പുതിയ റിട്ടേൺ ഫയലിംഗ് പ്രക്രിയയുടെ നേട്ടങ്ങളിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രചാരണത്തിന്റെ തുടർച്ചയായി ഇപിഎഫ്ഒയുടെ മേഖലാ, പ്രാദേശിക ഓഫീസുകൾ തൊഴിലുടമകളുമായും സ്ഥാപന പ്രതിനിധികളുമായും സംവേദനാത്മക സെഷനുകളും ശില്പശാലകളും നടത്തുന്നുണ്ട്. സ്ഥാപനങ്ങൾക്ക് നേരിട്ട് പിന്തുണ നൽകാനും പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ സമയബന്ധിതവും കൃത്യവുമായ റിട്ടേൺ ഫയലിംഗ് ഉറപ്പാക്കാനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു.
തൊഴിലുടമകൾക്ക് തടസരഹിത ഡിജിറ്റൽ അനുഭവം ഉറപ്പാക്കാനും പ്രൊവിഡന്റ് ഫണ്ട് ഭരണനിര്‍വഹണത്തില്‍ സുതാര്യതയും നിയമപാലനവും ശക്തിപ്പെടുത്താനും ഇപിഎഫ്ഒ പ്രതിജ്ഞാബദ്ധമാണ്.
SKY
******
(Release ID: 2178739)
Visitor Counter : 33