വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സംയോജിത പുറംകടല്‍ ആസൂത്രണം ശക്തിപ്പെടുത്താനും ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 'പിഎം ഗതിശക്തി – ഓഫ്‌ഷോർ' പദ്ധതിക്ക് തുടക്കം

Posted On: 13 OCT 2025 5:35PM by PIB Thiruvananthpuram
പിഎം ഗതിശക്തി ദേശീയ സമഗ്രാസൂത്രണത്തിന്‍റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വ്യവസായ - ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ ലോജിസ്റ്റിക്സ് വിഭാഗം "പിഎം ഗതിശക്തി – ഓഫ്‌ഷോർ" പദ്ധതിക്ക് തുടക്കം കുറിച്ചു.  ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ  അധ്യക്ഷനായി.

പിഎം ഗതിശക്തി പദ്ധതിക്ക് കീഴിലെ  നവ സംരംഭമായ പിഎം ഗതിശക്തി – ഓഫ്‌ഷോർ  സമുദ്രവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ സംയോജിത ആസൂത്രണത്തിനും നിര്‍വഹണത്തിനുമായി രൂപകല്പന ചെയ്ത  ഡിജിറ്റൽ സംവിധാനമാണ്. വിവിധ സർക്കാർ മന്ത്രാലയങ്ങളിലെയും  വകുപ്പുകളിലെയും  നിർണായക വിവരശേഖരങ്ങള്‍ ഏകീകരിക്കുന്ന  സംയോജിത ജിയോസ്പേഷ്യൽ ഇൻ്റർഫേസ് ഇതില്‍ ലഭ്യമാകുന്നു. തീരത്തുനിന്ന് അകലെ സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങൾ, സമുദ്ര വിഭവ പര്യവേക്ഷണം, തീരദേശ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികൾക്ക് വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാൻ ഈ സംവിധാനം സഹായിക്കും. ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും ഹരിതോർജത്തിലേക്കും സുസ്ഥിര തീരദേശ വളർച്ചയിലേക്കും രാജ്യം നടത്തുന്ന മുന്നേറ്റത്തെ  പിന്തുണയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.

പ്രധാന മന്ത്രാലയങ്ങളിലെയും  വകുപ്പുകളിലെയും  വിവരശേഖരങ്ങള്‍ സംയോജിപ്പിച്ച് സമഗ്ര സർക്കാര്‍ സമീപനത്തിലൂന്നിയാണ് ഈ സംവിധാനം നിലകൊള്ളുന്നത്. നവ-പുനരുപയോഗ ഊർജ മന്ത്രാലയം, പരിസ്ഥിതി -  വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം, തുറമുഖം - കപ്പല്‍ഗതാഗത - ജലപാത മന്ത്രാലയം, ഫിഷറീസ് വകുപ്പ്, ഖനി മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, ടെലികമ്യൂണിക്കേഷൻസ് വകുപ്പ് എന്നിവ ഇതിന്‍റെ ഭാഗമാണ്.  തടസരഹിതമായ  ഈ മന്ത്രാലയതല സംയോജനം ഇന്ത്യയുടെ വിശാല പുറംകടല്‍ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗിക്കാനും സമഗ്രാസൂത്രണത്തിനും വഴിയൊരുക്കുന്നു.

ഊർജവും വിഭവങ്ങളും, പരിസ്ഥിതിയും ആവാസവ്യവസ്ഥയും, അടിസ്ഥാന സൗകര്യങ്ങളും ചരക്കുനീക്കവും, സമുദ്ര വിവരങ്ങളും അപകടസാധ്യത വിവരങ്ങളും എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച വിപുലമായ ജിയോസ്പേഷ്യൽ വിവരശേഖരം ഈ പോർട്ടലിലുണ്ട്. പുറംകടല്‍ കാറ്റ്, സൗരോര്‍ജം, വേലിയേറ്റം, തിര, സമുദ്ര താപോർജ സാധ്യതകൾ എന്നിവയുടെ വിശദമായ വിവരശേഖരങ്ങളും ഇതിലുൾപ്പെടുന്നു. കൂടാതെ എണ്ണ-വാതക പാടങ്ങളും പൈപ്പ് ലൈനുകളും, ബാത്തിമെട്രി (കടല്‍ അടിത്തട്ടിന്‍റെ ആഴം), എക്കല്‍ത്തടങ്ങള്‍, തീരദേശ നിയന്ത്രണ മേഖലകൾ, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, സമുദ്ര സസ്തനികളുടെ ആവാസ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യബന്ധന കേന്ദ്രങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഉപരിതല പ്രവാഹങ്ങൾ, തിരമാലകളുടെ ഉയരം, ഭൂകമ്പ സാധ്യത മേഖലകൾ തുടങ്ങി സമുദ്രശാസ്ത്ര - അപകടസൂചക വിവരങ്ങളും ഇതിനൊപ്പം ലഭിക്കുന്നു. സുസ്ഥിരവും സാങ്കേതികവുമായ തീരുമാനങ്ങളെടുക്കാന്‍ ഈ വിവരങ്ങള്‍  ആസൂത്രകര്‍ക്കും റെഗുലേറ്റർമാർക്കും  നിക്ഷേപകർക്കും നിർണായക ഉൾക്കാഴ്ചകൾ നൽകുന്നു.

പുറംകടല്‍ വികസനത്തിലുള്‍പ്പെട്ട വിവിധ സ്ഥാപനങ്ങൾക്ക് ഈ സംവിധാനം വലിയ നേട്ടങ്ങളാണ് നല്‍കുന്നത്. തീരദേശ മേഖലകളിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ ആവര്‍ത്തനവും നിയന്ത്രണപരമായ തടസങ്ങളും ആസൂത്രണ ഘട്ടത്തിൽ  തിരിച്ചറിയാന്‍  സഹായിക്കുന്നതിലൂടെ  പദ്ധതിയിലെ കാലതാമസവും അപകടസാധ്യതകളും ഇത് ലഘൂകരിക്കുന്നു.  പുറംകടല്‍ മേഖലാ പദ്ധതിനിര്‍വഹണത്തിനും വിഭവ വിതരണത്തിനും സമഗ്രവും വിവരകേന്ദ്രീകൃതവുമായ സമീപനം ഉറപ്പാക്കുന്ന ഈ പ്ലാറ്റ്ഫോം പരിസ്ഥിതി വിലയിരുത്തലും അനുമതി നടപടികളും ലളിതവല്‍ക്കരിക്കുകയും സ്ഥിരീകരിച്ച സർക്കാർ സ്രോതസ്സുകളിലെ  ആധികാരിക ജിയോസ്പേഷ്യൽ വിവരങ്ങളുടെ കേന്ദ്രീകൃത ശേഖരമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, പുറംകടല്‍ വൈദ്യുതി പ്രസരണ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുമ്പോൾ വൈദ്യുതി മന്ത്രാലയം, പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം, പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ടെലികമ്യൂണിക്കേഷൻസ് വകുപ്പ് തുടങ്ങി നിരവധി മന്ത്രാലയങ്ങളിലെ വിവരങ്ങള്‍  ഈ പ്ലാറ്റ്‌ഫോം സംയോജിപ്പിക്കുന്നു. ഇന്ത്യൻ  ഭൂപ്രദേശത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഹൈ-വോൾട്ടേജ് ഡയറക്ട് കറന്‍റ്  സമുദ്രാന്തര ലിങ്കിൻ്റെ കാര്യത്തിൽ കുറഞ്ഞ ചെലവിൽ കേബിൾ സ്ഥാപിക്കാന്‍ അനുയോജ്യമായ കടലിൻ്റെ അടിത്തട്ടിലെ ആഴം കണ്ടെത്താൻ ബാത്തിമെട്രി ഡാറ്റ വിശകലനം ചെയ്യാനാവും. അതേസമയം പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, ആമ മുട്ടയിടുന്ന മേഖലകൾ തുടങ്ങിയ പാരിസ്ഥിതിക തലങ്ങളിലെ വിവരങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്രദേശങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. സമാനമായി ഹൈഡ്രോകാർബൺ പര്യവേക്ഷണ ബ്ലോക്കുകൾ, ഒപ്റ്റിക്കൽ ഫൈബർ പാതകള്‍, സമുദ്ര ഗതാഗത ഇടനാഴികൾ എന്നിവയുടെ വിവരങ്ങള്‍  സാങ്കേതികമായി സാധ്യമായതും പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നതുമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ വഴികാട്ടുന്നു.
 
*****

(Release ID: 2178692) Visitor Counter : 6