ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും ഊർജ്ജത്തിന് ഉദാഹരണമാണ് ഇന്ത്യയുടെ യാത്ര : ലോകസഭ സ്പീക്കർ

Posted On: 11 OCT 2025 6:23PM by PIB Thiruvananthpuram

ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും ജീവസ്സുറ്റ  ഉദാഹരണമാണ് ഇന്ത്യയെന്ന് ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള പറഞ്ഞു. കഴിഞ്ഞ 75 വർഷങ്ങളായി ഈ മൂല്യങ്ങൾക്ക് മാർഗദീപമായി പ്രവർത്തിക്കുന്നത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഇന്ത്യയുടെ ആത്മാവും, സമത്വം ഇന്ത്യയുടെ പ്രതിജ്ഞയും, നീതി ഇന്ത്യയുടെ പ്രതിച്ഛായയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. "കോമൺ‌വെൽത്ത് - ഒരു ആഗോള പങ്കാളി" എന്ന വിഷയത്തിൽ 68-ാമത് കോമൺ‌വെൽത്ത് പാർലമെന്ററി സമ്മേളനത്തിന്റെ പൊതുസഭയിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യവേയാണ്  ശ്രീ ബിർള ഈ അഭിപ്രായങ്ങൾ പങ്കുവച്ചത്. 2026 ജനുവരി 7 മുതൽ 9 വരെ ന്യൂഡൽഹിയിൽ നടക്കുന്ന കോമൺ‌വെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും അടുത്ത സമ്മേളനത്തിൽ (CSPOC) പങ്കെടുക്കാൻ ശ്രീ ബിർല കോമൺ‌വെൽത്ത് പാർലമെന്റിന്റെ പ്രിസൈഡിംഗ് ഓഫീസർമാരെ ക്ഷണിച്ചു.

 

കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം , അസമത്വം തുടങ്ങിയ ആഗോള പ്രതിസന്ധികൾ അതിർത്തികൾ കടന്ന് വ്യാപിക്കുകയാണെന്നും, അവയെ നേരിടാൻ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്നും  ലോക്സഭാ സ്പീക്കർ ശ്രീ ഒം ബിർല ചൂണ്ടിക്കാട്ടി.ഈ പ്രശ്നങ്ങൾക്ക് ഒറ്റയ്ക്ക് പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നും, രാജ്യങ്ങൾ യോചിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയിൽ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് നിസ്തുലമാണെന്ന്  അഭിപ്രായപ്പെട്ട  ശ്രീ ബിർള  , ഭക്ഷ്യ-ആരോഗ്യ സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഒരുകാലത്ത് ഇന്ത്യ ഭക്ഷണത്തിനായി മറ്റുരാജ്യങ്ങളെ  ആശ്രയിച്ചിരുന്നുവെന്നും,  ആ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിന്ന് ആഗോള ശക്തിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ യാത്ര  ശ്രദ്ധേയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ ഗണ്യമായ സംഭാവനകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം,150-ലധികം രാജ്യങ്ങൾക്ക് മരുന്നുകളും വാക്സിനുകളും ഇന്ത്യ വിതരണം ചെയ്തതായി  പറഞ്ഞു. ആരോഗ്യം ഒരു ആനുകൂല്യം അല്ല, അവകാശമാണെന്ന  വിശ്വാസത്തെ ഇതിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്നും  അദ്ദേഹം വ്യക്തമാക്കി.

 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയ്ക്കുടമയുമായ  ഇന്ത്യയുടെ പദവിയെ  ശ്രീ ബിർള എടുത്തുപറഞ്ഞു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ മുൻകൂട്ടി കൈവരിക്കുന്ന ആദ്യത്തെ പ്രധാന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സോളാർ അലയൻസ്, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം തുടങ്ങിയ പദ്ധതികളിലൂടെ , ഭൂമിയോടുള്ള  ആഗോള ഉത്തരവാദിത്തത്തെ  ഇന്ത്യ അരക്കിട്ടുറപ്പിച്ചുവെന്നും  ശ്രീ ബിർള പറഞ്ഞു .

ഗ്രാമപഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റി കോർപറേഷൻ തുടങ്ങി നഗര തദ്ദേശസ്‌ഥാപനങ്ങളിലും  സ്ത്രീകൾക്ക് സംവരണം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉദ്ധരിച്ചുകൊണ്ട്, വനിതാശാക്തീകരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശ്രീ ബിർള ഊന്നിപ്പറഞ്ഞു. ഗ്രാമപ്പഞ്ചായത് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 3.1 ദശലക്ഷം പ്രതിനിധികളിൽ 1.4 ദശലക്ഷത്തിലധികം പേർ സ്ത്രീകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്ന നാരി ശക്തി വന്ദൻ നിയമത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ഇത് ഇന്ത്യൻ ജനാധിപത്യ സ്ഥാപനങ്ങളിൽ യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതിനെ  അടിവരയിടുന്നു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ, യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകി,  ശാക്തീകരിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജനാധിപത്യത്തിന്റെ സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിൽ  സാങ്കേതികവിദ്യയ്ക്ക്, പ്രത്യേകിച്ച് നിർമ്മിതബുദ്ധിയ്ക്കും  ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും നിർണായക പങ്കുണ്ടെന്ന്  ശ്രീ ബിർള ഊന്നിപ്പറഞ്ഞു. മനുഷ്യരാശിക്കായി സേവനം ചെയ്യേണ്ടതാണ് സാങ്കേതികവിദ്യയെന്നും  എന്നാൽ  നാം  അതിന്റെ അടിമയാകരുതെന്നും  അദ്ദേഹം ആവർത്തിച്ചു . ദോഷവശങ്ങളെ  തടയുന്നതിനൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്  സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അതോടൊപ്പം  അതിന്റെ പ്രതികൂല സ്വാധീനം കുറച്ചുകൊണ്ട്  ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു.


ഇന്ത്യയുടെ പുരാതന ജനാധിപത്യ പൈതൃകത്തെ പരാമർശിക്കവെ , ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുരാതന നാഗരികത, സംസ്കാരം, ഗ്രാമ പഞ്ചായത്ത് സംവിധാനം എന്നിവയിൽ അധിഷ്ഠിതമാണെന്ന് ശ്രീ ബിർള പറഞ്ഞു. സംവാദം, സമവായം, കൂട്ടായ തീരുമാനം  എന്നിവയുടെ പാരമ്പര്യമാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയാക്കി മാറ്റിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ഇന്ത്യയുടെ പരമ്പരാഗത ജ്ഞാനവും ലോകം മുഴുവൻ ഒരു കുടുംബമാണെന്ന് ഊന്നിപ്പറയുന്ന 'വസുധൈവ കുടുംബകം' എന്ന പുരാതന മന്ത്രവും രാഷ്ട്രത്തെ നയിക്കുന്ന ചാലകശക്തികളാണെന്നും ശ്രീ ബിർള പറഞ്ഞു .

കോമൺ‌വെൽത്ത് രാജ്യങ്ങളുടെ സാംസ്‌കാരിക വൈവിധ്യം  എടുത്തുപറഞ്ഞ ശ്രീ ബിർള, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും, വ്യത്യസ്ത പാരമ്പര്യങ്ങൾ പിന്തുടരുന്നവരും, ഭൂമിശാസ്ത്രപരമായി വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരും ആണെങ്കിലും, ഈ  രാജ്യങ്ങളിലെ  പൗരന്മാർ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യത്വം എന്നീ  മൂല്യങ്ങളാൽ ബന്ധിതരാണെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള യാത്രയിൽ ഇന്ത്യ സജീവ പങ്കാളിയായി തുടരുമെന്നും അടിവരയിട്ടു.

****


(Release ID: 2178215) Visitor Counter : 5