പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു

രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കും കർഷകരുടെ ക്ഷേമത്തിനുമായി പിഎം ധൻ ധാന്യ കൃഷി യോജന, ദൽഹൻ ആത്മനിർഭരത ദൗത്യം എന്നീ രണ്ട് പുതിയ പദ്ധതികൾക്കു തുടക്കംകുറിച്ചു: പ്രധാനമന്ത്രി

കർഷകരുടെ താൽപ്പര്യാർത്ഥം വിത്തുകൾമുതൽ വിപണിവരെയുള്ള പരിഷ്കാരങ്ങൾ ഞങ്ങൾ നടപ്പാക്കി: പ്രധാനമന്ത്രി

പിഎം ധൻ ധാന്യ പദ്ധതിക്കായി 100 ജില്ലകൾ തെരഞ്ഞെടുത്തത് മൂന്നു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി: പ്രധാനമന്ത്രി

ദൽഹൻ ആത്മനിർഭരത ദൗത്യം പയർവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ദൗത്യം മാത്രമല്ല; നമ്മുടെ ഭാവിതലമുറകളെ ശാക്തീകരിക്കുന്നതിനുള്ള യജ്ഞം കൂടിയാണ്: പ്രധാനമന്ത്രി

കഴിഞ്ഞ 11 വർഷമായി, കർഷകരെ ശാക്തീകരിക്കുന്നതിനും കൃഷിയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമാണ് ഗവണ്മെന്റ് പതിവായി ശ്രമിക്കുന്നത്: പ്രധാനമന്ത്രി

മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നിവ ചെറുകിട കർഷകരെയും ഭൂരഹിത കുടുംബങ്ങളെയും ശാക്തീകരിച്ചു: പ്രധാനമന്ത്രി

ഇന്ന്, ഗ്രാമങ്ങളിൽ, നമോ ഡ്രോൺ ദീദികൾ വളങ്ങളും കീടനാശിനികളും തളിക്കുന്നതിനുള്ള ആധുനിക രീതികൾക്ക് നേതൃത്വം നൽകുന്നു: പ്രധാനമന്ത്രി

ഒരു വശത്ത്, നാം സ്വയംപര്യാപ്തരാകുകയും മറുവശത്ത് ആഗോള വിപണിക്കായി ഉൽപ്പാദനം നടത്തുകയും വേണം: പ്രധാനമന്ത്രി

Posted On: 11 OCT 2025 3:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിൽ പങ്കെടുത്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പയർവർഗ്ഗ മേഖലയിൽ 11,440 കോടി രൂപയുടെ ആത്മനിർഭരത ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്കും ​അ‌ദ്ദേഹം തറക്കല്ലിട്ടു.

 

***

SK

"ഇന്ത്യയുടെ ജനാധിപത്യ ഘടനയെയും ഗ്രാമവികസനത്തെയും പുനർനിർവചിച്ച ഭാരതമാതാവിന്റെ പ്രശസ്തരായ രണ്ടു പുത്രന്മാരുടെ ജന്മവാർഷിക ദിനമാണിന്ന്" - പ്രധാനമന്ത്രി പറഞ്ഞു. "ജയപ്രകാശ് നാരായണൻ ജിയും നാനാജി ദേശ്മുഖ് ജിയും ഗ്രാമീണ ഇന്ത്യയു​ടെ ശബ്ദങ്ങളായിരുന്നു. കർഷകരുടെയും നിരാലംബരുടെയും ശാക്തീകരണത്തിനായി അ‌വർ ജീവിതം ഉഴിഞ്ഞുവച്ചു." - പ്രധാനമന്ത്രി പറഞ്ഞു.

ഈ സുപ്രധാന സന്ദർഭം അടയാളപ്പെടുത്തി, പിഎം ധൻ-ധാന്യ കൃഷി യോജനയും ദൽഹൻ ആത്മനിർഭരത ദൗത്യവും (പയർവർഗങ്ങൾക്കായുള്ള സ്വയംപര്യാപ്ത ദൗത്യം) രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സ്വയംപര്യാപ്തതയുടെയും ഗ്രാമീണ ശാക്തീകരണത്തിൻ്റെയും കാർഷിക നവീകരണത്തിൻ്റെയും  പുതിയ യുഗത്തിന് തുടക്കമിടാൻ രൂപകൽപ്പന ചെയ്തതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. "കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും രാജ്യത്തിന് ഭക്ഷ്യ-പോഷക സുരക്ഷ കൈവരിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഈ സംരംഭങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് 35,000 കോടി രൂപയിലധികം നിക്ഷേപിക്കുന്നത്" - ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ വികസന യാത്രയിൽ കൃഷിയും കൃഷിയും എപ്പോഴും വഹിച്ചിട്ടുള്ള മുഖ്യപങ്കിനു പ്രധാനമന്ത്രി ഊന്നൽ നൽകി. മുൻ ഗവൺമെന്റുകളുടെ കാലത്ത് കാർഷിക മേഖല നേരിട്ട ദീർഘകാല അവഗണനയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത അ‌ദ്ദേഹം ആവർത്തിച്ചുറപ്പിച്ചു. അതിവേഗം വികസിക്കുന്ന 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് കരുത്തുറ്റതും പരിഷ്കരിച്ചതുമായ കാർഷിക സംവിധാനം ആവശ്യമാണെന്നും, 2014 ന് ശേഷം തന്റെ ഗവണ്മെന്റിനു കീഴിലാണ് ഈ പരിവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കഴിഞ്ഞ കാലത്തിന്റെ ഉദാസീനതയിൽനിന്നു നാം പുറത്തുവന്നു. വിത്തുമുതൽ വിപണിവരെ, നമ്മുടെ കർഷകരുടെ താൽപ്പര്യാർത്ഥം സമഗ്രമായ പരിഷ്കാരങ്ങൾ ഞങ്ങൾ കൊണ്ടുവന്നു.  ഈ പരിഷ്കാരങ്ങൾ വെറും നയപരമായ മാറ്റങ്ങളല്ല; മറിച്ച്,  ഇന്ത്യൻ കൃഷിയെ ആധുനികവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമാക്കാൻ ലക്ഷ്യമിട്ടുള്ള ഘടനാപരമായ ഇടപെടലുകളായിരുന്നു” - ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഇന്ത്യയുടെ കാർഷിക കയറ്റുമതി ഏകദേശം ഇരട്ടിയായെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യ ഉൽപ്പാദനം ഏകദേശം 90 ദശലക്ഷം മെട്രിക് ടൺ വർദ്ധിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉൽപ്പാദനം 64 ദശലക്ഷം മെട്രിക് ടണ്ണിലധികം വളർന്നു. പാൽ ഉൽപ്പാദനത്തിൽ ഇന്ത്യ ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മത്സ്യോൽപ്പാദക രാജ്യവുമാണ് ഇന്ത്യ. 2014 നെ അപേക്ഷിച്ച് തേൻ ഉൽപ്പാദനം ഇരട്ടിയായി. അതേ കാലയളവിൽ മുട്ട ഉൽപ്പാദനവും ഇരട്ടിയായി.

ഈ കാലയളവിൽ രാജ്യത്ത് ആറ് പ്രധാന വളം പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കർഷകർക്ക് 25 കോടിയിലധികം സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. 100 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ കണിക ജലസേചന സൗകര്യങ്ങൾ എത്തിച്ചേർന്നു. പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം, കർഷകർക്ക് 2 ലക്ഷം കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിമുകൾ വിതരണം ചെയ്തു.

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, കർഷക സഹകരണവും വിപണിപ്രവേശനവും വർദ്ധിപ്പിക്കുന്നതിനായി 10,000-ത്തിലധികം കർഷക ഉൽ‌പ്പാദക സംഘടനകൾക്കു (FPO) രൂപംനൽകി.

കർഷകർ, മത്സ്യത്തൊഴിലാളികൾ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ എന്നിവരുമായി ഇടപഴകാൻ താൻ സമയം ചെലവഴിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ അനുഭവങ്ങളും ഉൾക്കാഴ്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടുകയും, അത്തരം ഇടപെടലുകൾ ഇന്ത്യൻ കാർഷിക മേഖലയിൽ സംഭവിക്കുന്ന യഥാർത്ഥ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

പരിമിതമായ നേട്ടങ്ങളിൽ തൃപ്തരാകാൻ ഇന്നത്തെ രാഷ്ട്രത്തിൻ്റെ മനോഭാവം തയ്യാറല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ, എല്ലാ മേഖലയിലും തുടർച്ചയായ പുരോഗതിയും മെച്ചപ്പെടുത്തലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന ആരംഭിച്ചത്.

വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതിയുടെ വിജയത്തിൽ നിന്നാണ് ഈ പുതിയ കാർഷിക സംരംഭം പ്രചോദനം ഉൾക്കൊണ്ടതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുൻ ഗവണ്മെന്റുകൾ രാജ്യത്തെ നൂറിലധികം ജില്ലകളെ "പിന്നാക്ക" ജില്ലകളായി പ്രഖ്യാപിക്കുകയും പിന്നീട് അവയെ വലിയതോതിൽ അവഗണിക്കുകയും ചെയ്തതെങ്ങനെയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനു വിപരീതമായി, തന്റെ ഗവണ്മെന്റ് ഈ ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു, അവയെ "വികസനം കാംക്ഷിക്കുന്ന ജില്ലകൾ" എന്ന് പുനർനാമകരണം ചെയ്തു.

ഈ ജില്ലകളിലെ പരിവർത്തനത്തിനായി ഏകീകരണം,  സഹകരണം, മത്സരം എന്നിവയുടെ തന്ത്രം അദ്ദേഹം വിശദീകരിച്ചു. "കൂട്ടായ പ്രയത്നം' എന്ന ആശയത്തിന് കീഴിൽ എല്ലാ ശ്രമങ്ങളും ഏകീകരിക്കപ്പെട്ടു. അ‌തിവേഗ വികസനം സാധ്യമാക്കുന്നതിന് ജില്ലകൾക്കിടയിൽ ആരോഗ്യകരമായ മത്സരത്തിന്റെ മാതൃക പ്രോത്സാഹിപ്പിക്കപ്പെട്ടു,"  - ശ്രീ മോദി പറഞ്ഞു.

ഈ 100+ ജില്ലകളിലെ ഏകദേശം 20 ശതമാനം ഗ്രാമങ്ങളും സ്വാതന്ത്ര്യാനന്തരം ഒരിക്കലും റോഡ് കണ്ടിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇന്ന്, വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതിയുടെ ശ്രദ്ധാപൂർവ്വമായ നിർവഹണത്താൽ, ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗവും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്ന റോഡുകളുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു" - ശ്രീ മോദി കൂട്ടിച്ചേർത്തു. ആരോഗ്യ പരിപാലന രംഗത്തെ പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു. പരിപാടിയുടെ തുടക്കത്തിൽ, ഈ ജില്ലകളിലെ 17 ശതമാനം കുട്ടികൾ അടിസ്ഥാന പ്രതിരോധ കുത്തിവയ്പ്പിന്റെ പരിരക്ഷയ്ക്കു പുറത്തായിരുന്നു. ഇപ്പോൾ, ഈ കുട്ടികളിൽ ഭൂരിഭാഗവും പൂർണ്ണ രോഗപ്രതിരോധ പരിരക്ഷയ്ക്കു കീഴിലാണ്. "ഈ ജില്ലകളിലെ 15 ശതമാനത്തിലധികം സ്കൂളുകളിൽ വൈദ്യുതി ഇല്ലായിരുന്നു. ഇന്ന്, അത്തരം മിക്കവാറും എല്ലാ സ്കൂളുകളിലും വൈദ്യുതി കണക്ഷൻ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് കൂടുതൽ അനുകൂലമായ പഠന അന്തരീക്ഷം ഉറപ്പാക്കുന്നു" - ശ്രീ മോദി ചൂണ്ടിക്കാട്ടി.

വകുപ്പുകൾ തമ്മിലുള്ള ഏകോപിച്ചുള്ള ശ്രമങ്ങളിലൂടെയും പൗരന്മാരുടെ സജീവ പങ്കാളിത്തത്തിലൂടെയും സ്പഷ്ടമായ ഫലങ്ങൾ നൽകിയ, ഏകീകരണം, സഹകരണം, മത്സരം എന്നിവയിൽ അധിഷ്ഠിതമായ ഒരു വികസന മാതൃകയുടെ നേരിട്ടുള്ള ഫലമാണ് ഈ നേട്ടങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ മാതൃകയുടെ വിജയത്തിൽ നിന്നാണ് പിഎം ധൻ-ധാന്യ കൃഷി യോജനയ്ക്ക് നേരിട്ടുള്ള പ്രചോദനം ലഭിച്ചതെന്ന് ശ്രീ മോദി പറഞ്ഞു. “ഈ 100 ജില്ലകളുടെ തെരഞ്ഞെടുപ്പ് ചിന്താപൂർവ്വമായ പരിഗണനയോടെയും മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുമാണ്.  ഒന്നാമതായി, ഒരു യൂണിറ്റ് ഭൂമിയിലെ കാർഷിക ഉൽപ്പാദന നിലവാരം. രണ്ടാമതായി, ഒരു വർഷത്തിനുള്ളിൽ ഒരേ ഭൂമിയിൽ എത്ര തവണ വിളകൾ കൃഷി ചെയ്യുന്നു എന്നത്. മൂന്നാമതായി, കർഷകർക്കുള്ള സ്ഥാപനപരമായ വായ്പകളുടെയോ നിക്ഷേപ സൗകര്യങ്ങളുടെയോ ലഭ്യതയും വ്യാപ്തിയും” - ശ്രീ മോദി പറഞ്ഞു.

"രണ്ട് പാർട്ടികൾ പരസ്പരം പൂർണ്ണമായി എതിർക്കുന്നുവെന്ന് പറയുന്ന രീതിയായ "36ന്റെ അ‌കലം" എന്ന പ്രയോഗം നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ ഗവൺമെന്റ് എന്ന നിലയിൽ, ഞങ്ങൾ അത്തരം ധാരണകളെ വെല്ലുവിളിക്കുകയും അവയെ മാറ്റിമറിക്കുകയും ചെയ്യുന്നു" - ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കീഴിൽ, വ്യത്യസ്തമായ 36 ഗവണ്മെന്റ് പദ്ധതികൾ ഏകീകൃതവും ഏകോപിതവുമായ രീതിയിൽ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രകൃതിദത്തകൃഷി ദൗത്യമോ,  കാര്യക്ഷമമായ ജലസേചനത്തിനായുള്ള 'ഓരോ തുള്ളിയിലും കൂടുതൽ വിള' യജ്ഞമോ, എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള എണ്ണക്കുരു ദൗത്യമോ ഏതുമാകട്ടെ; അത്തരം നിരവധി സംരംഭങ്ങൾ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്നു. അ‌തോടൊപ്പം, കന്നുകാലി വികസനത്തിനും പ്രത്യേക ശ്രദ്ധ നൽകും - അ‌ദ്ദേഹം പറഞ്ഞു. "പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കീഴിൽ, അടിസ്ഥാനതലത്തിൽ തുടർച്ചയായ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തിൽ കന്നുകാലി ആരോഗ്യ യജ്ഞങ്ങളും ആരംഭിക്കും" - ശ്രീ മോദി പറഞ്ഞു.

വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതി പോലെ, പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയും കർഷകർക്ക് മാത്രമല്ല, പ്രാദേശിക ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും (പ്രത്യേകിച്ച് ഓരോ ജില്ലയിലെയും ജില്ലാ മജിസ്‌ട്രേറ്റിനോ കളക്ടറിനോ) പ്രധാന ഉത്തരവാദിത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഓരോ ജില്ലയുടെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ആസൂത്രണം ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതിയുടെ രൂപകൽപ്പന. “അതിനാൽ, പ്രാദേശിക മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ജില്ലാതല കർമ്മപദ്ധതികൾ തയ്യാറാക്കാൻ കർഷകരോടും പ്രാദേശിക നേതാക്കളോടും ഞാൻ ഹൃദയപൂർവം ” - ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ദൽഹൻ ആത്മനിർഭരത ദൗത്യം പയർവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല, രാജ്യത്തിന്റെ ഭാവിതലമുറകളെ ശക്തിപ്പെടുത്തുന്നതിനുമാണു ലക്ഷ്യമിടുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഗോതമ്പ്, അരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ കർഷകർ അടുത്തിടെ റെക്കോർഡ് നേട്ടം കൈവരിച്ചതായും, ഇത് ഇന്ത്യയെ ലോകത്തിലെ മുൻനിര ഉൽപ്പാദക രാഷ്ട്രങ്ങളിൽ ​ഒന്നായി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “എങ്കിലും, നിലനിൽപ്പിനായി അരിയിലും ധാന്യപ്പൊടിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോര. ഈ പ്രധാന ഭക്ഷ്യവസ്തുക്കൾക്ക് വിശപ്പകറ്റാൻ കഴിയുമെങ്കിലും, ശരിയായ പോഷകാഹാരത്തിന് കൂടുതൽ വൈവിധ്യമാർന്ന ഭക്ഷണക്രമം ആവശ്യമാണ്. പ്രത്യേകിച്ചും, വലിയൊരു വിഭാഗം സസ്യഭുക്കുകളുള്ള ഇന്ത്യയിൽ, ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു. സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമായി പയർവർഗ്ഗങ്ങൾ തുടരുന്നു.” - ശ്രീ മോദി അഭിപ്രായപ്പെട്ടു.

"രാജ്യത്തെ പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാനും, അതുവഴി പോഷകാഹാര സുരക്ഷയും സ്വയംപര്യാപ്തതയും വർധിപ്പിക്കാനും ദൽഹൻ ആത്മനിർഭരത ദൗത്യം ശ്രമിക്കുന്നു. 11,000 കോടി രൂപയിലധികം നിക്ഷേപമുള്ള ഈ ദൽഹൻ ആത്മനിർഭരത ദൗത്യംമിഷൻ കർഷകർക്ക് ഗണ്യമായ പിന്തുണ നൽകും." - അദ്ദേഹം പറഞ്ഞു. പയർവർഗ്ഗ കൃഷിയുടെ വിസ്തൃതി 35 ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശ്രീ മോദി വ്യക്തമാക്കി. ഈ ദൗത്യത്തിന് കീഴിൽ, തുവര, ഉഴുന്ന്, മസൂർ പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും പയർവർഗ്ഗങ്ങൾ സംഭരിക്കുന്നതിന് ശരിയായ സംവിധാനം ഉറപ്പാക്കുകയും ചെയ്യും. ഇത് രാജ്യത്തുടനീളമുള്ള ഏകദേശം രണ്ട് കോടി പയർവർഗ്ഗ കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും.

ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗത്തിൽ വിവരിച്ചതുപോലെ, വികസിത ഇന്ത്യയുടെ നാല് അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നായി കർഷകരെ വിശേഷിപ്പിച്ച്,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി, കർഷകരെ ശാക്തീകരിക്കുന്നതിനും കൃഷിയിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഗവണ്മെന്റ് സ്ഥിരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ കാർഷിക ബജറ്റിൽ ഉണ്ടായ ഏകദേശം ആറിരട്ടി വർധനയിൽ ഈ മുൻഗണന വ്യക്തമായി കാണാം..

ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ ചെറുകിട-നാമമാത്ര കർഷകർക്കാണ് ഈ വർധിപ്പിച്ച ബജറ്റ്  പ്രാഥമികമായി ഗുണം ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണമായി, കർഷകരെ പിന്തുണയ്ക്കുന്നതിനും അവരുടെ ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനുമായി ഇന്ത്യ ഗണ്യമായ വളം സബ്‌സിഡി നൽകുന്നുണ്ടെന്ന് അദ്ദേഹം രാജ്യത്തെ ഓർമിപ്പിച്ചു. കൃഷി എല്ലാവർക്കും സുസ്ഥിരവും, ഉത്പാദനക്ഷമവും, ലാഭകരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ നയം. 

പരമ്പരാഗത കൃഷിക്ക് അപ്പുറമുള്ള അവസരങ്ങൾ വികസിപ്പിച്ച്, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഗവണ്മെന്റിൻ്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.  മൃഗസംരക്ഷണം, മത്സ്യബന്ധനം, തേനീച്ച വളർത്തൽ തുടങ്ങിയ മേഖലകൾക്ക് അധിക വരുമാന മാർഗ്ഗങ്ങൾ നൽകുന്നതിനായി സജീവ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രത്യേകിച്ച് ചെറുകിട, ഭൂരഹിത കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും അ‌ദ്ദേഹം പ്രസ്താവിച്ചു.

തേൻ ഉൽപ്പാദന മേഖലയെ വിജയഗാഥയായി ഉയർത്തിക്കാട്ടി, കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഇന്ത്യയുടെ തേൻ ഉൽപ്പാദനം ഇരട്ടിയായി വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആറ്-ഏഴ് വർഷം മുമ്പ് ഏകദേശം 450 കോടി രൂപയായിരുന്ന തേൻ കയറ്റുമതി, ഇപ്പോൾ 1500 കോടി രൂപയിലധികമായി ഉയർന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കയറ്റുമതിയിലെ ഈ നാടകീയ വർധന, കർഷകരിലേക്ക് നേരിട്ട് മൂന്നിരട്ടി അധിക വരുമാനം ഒഴുകിയെത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് കാർഷിക വൈവിധ്യവൽക്കരണത്തിന്റെയും മൂല്യവർധനയുടെയും സ്പഷ്ടമായ നേട്ടങ്ങൾ പ്രകടമാക്കുന്നു.

നവീകരണം, നിക്ഷേപം, വിപണി പ്രവേശനം എന്നിവയിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിലാണ് ഗവണ്മെന്റിന്റെ ശ്രദ്ധയെന്നും, അവരെ സ്വയംപര്യാപ്ത-വികസിത ഇന്ത്യയുടെ പ്രധാന ചാലകശക്തിയാക്കി മാറ്റുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

ഇന്ത്യൻ കാർഷിക മേഖലയിലും ഗ്രാമീണ അഭിവൃദ്ധിയിലും വനിതകളുടെ വർദ്ധിച്ചുവരുന്ന പങ്ക് മഹത്തരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കൃഷിയിലായാലും, മൃഗസംരക്ഷണത്തിലായാലും, പ്രകൃതിദത്ത കൃഷിയിലായാലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്നവരായി വനിതകൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് കോടി 'ലഖ്പതി ദീദിമാരെ' സൃഷ്ടിക്കാനുള്ള ഗവൺമെൻ്റിൻ്റെ നിലവിലുള്ള പ്രചാരണം കാർഷിക മേഖലയെ നേരിട്ട് പിന്തുണയ്ക്കുന്ന ശക്തമായ ഉദ്യമമാണെന്ന് അദ്ദേഹം പറഞ്ഞു.. "വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനായി ആധുനിക ഡ്രോൺ സാങ്കേതികവിദ്യ ഇപ്പോൾ ഉപയോഗിക്കുന്ന രാജ്യത്തെ ഗ്രാമങ്ങളിലെ നമോ ഡ്രോൺ ദീദിമാരുടെ ഉയർച്ച ഇതിന് ഒരു ഉദാഹരണമാണ്. ഈ നൂതനത്വം കാർഷിക കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, ഗ്രാമീണ സ്ത്രീകൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്", ശ്രീ മോദി എടുത്തു പറഞ്ഞു.

പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ വനിതകളുടെ നിർണായക പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. "ഈ സുസ്ഥിര സമീപനത്തെ പിന്തുണയ്ക്കുന്നതിനായി 17,000-ത്തിലധികം പ്രത്യേക ക്ലസ്റ്ററുകൾ സ്ഥാപിച്ചു. കൂടാതെ, 70,000-ത്തോളം പരിശീലനം ലഭിച്ച 'കൃഷി സഖികൾ' പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദപരവുമായ കാർഷിക രീതികൾ അവലംബിക്കുന്നതിന് കർഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്," ശ്രീ മോദി കൂട്ടിച്ചേർത്തു.

കാർഷിക മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നത് സാമൂഹ്യ നീതിയുടെ മാത്രം വിഷയമല്ല, മറിച്ച് ആധുനികവും, ആത്മനിർഭരവും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഗ്രാമീണ ഇന്ത്യ കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്നും അദ്ദേഹം ആവർത്തിച്ചു.

അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരങ്ങൾ കാർഷിക ഉപകരണങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില കുറയ്ക്കുന്നതിലൂടെ ഇന്ത്യയിലെ കർഷകർക്കും ഗ്രാമീണ കുടുംബങ്ങൾക്കും നേരിട്ട് സാമ്പത്തികപരമായ ആശ്വാസം നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി നിലവിൽ വന്ന പരിഷ്കരിച്ച ജിഎസ്ടി സമ്പ്രദായം അനുസരിച്ച് ട്രാക്ടറിന് ഇപ്പോൾ 40,000 രൂപയുടെ കുറവ് ഉണ്ടായത് ഈ ഉത്സവ സീസണിൽ കർഷകർക്ക് ഗണ്യമായ ലാഭം നൽകുന്നു. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ, സ്പ്രിങ്ക്ളർ ഉപകരണങ്ങൾ, വിളവെടുപ്പ് ഉപകരണങ്ങൾ എന്നിവയുടെ വില കുറച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. പ്രകൃതിദത്ത കൃഷിയിൽ ഉപയോഗിക്കുന്ന ജൈവവളങ്ങളുടെയും ജൈവ കീടനാശിനികളുടെയും വില കുറഞ്ഞത് സുസ്ഥിര കൃഷിക്ക് കൂടുതൽ ഉത്തേജനം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പരിഷ്കാരങ്ങൾ ഗ്രാമീണ കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളിലും കാർഷിക ഉപകരണങ്ങളിലും ഇരട്ടി ലാഭമാണ് ഉണ്ടാക്കിയതെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.

ഭക്ഷ്യോത്പാദന രംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിൽ ഇന്ത്യൻ കർഷകർ നൽകിയ ചരിത്രപരമായ സംഭാവനകൾ ആവർത്തിച്ച പ്രധാനമന്ത്രി, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കർഷകർ മുൻനിരയിൽ എത്തണമെന്ന് ആഹ്വാനം ചെയ്തു. ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയുടെ കാർഷിക കയറ്റുമതി വർദ്ധിപ്പിക്കാനും ഉതകുന്ന വിളകൾ കൃഷി ചെയ്ത് സ്വയംപര്യാപ്തതയ്ക്ക് വേണ്ടി മാത്രമല്ല, ആഗോള വിപണിയെ ലക്ഷ്യമാക്കിയും പ്രവർത്തിക്കണമെന്ന് ശ്രീ മോദി കർഷകരോട് അഭ്യർത്ഥിച്ചു കൊണ്ടും  പിഎം ധൻ-ധാന്യ കൃഷി യോജനയും ദൽഹൻ ആത്മനിർഭരതാ ദൗത്യവും ഈ യാത്രയിൽ നിർണായക പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുമാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്. രാജ്യത്തെ എല്ലാ  കർഷകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും  അദ്ദേഹം നേരുകയും ചെയ്തു.

പശ്ചാത്തലം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 11-ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രത്യേക കാർഷിക പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി കർഷകരുമായി സംവദിക്കുകയും തുടർന്ന് പൊതു  സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിൽ പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധത ഈ പരിപാടി അടിവരയിടുന്നു. ആധുനിക കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, കർഷകരെ പിന്തുണയ്ക്കുക, കർഷക കേന്ദ്രീകൃത സംരംഭങ്ങളിലെ സുപ്രധാന നാഴികക്കല്ലുകൾ ആഘോഷിക്കുക എന്നിവയിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,

35,440 കോടി രൂപ അടങ്കൽ തുകയിൽ രണ്ട് പ്രധാന കാർഷിക പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 24,000 കോടി യോളം രൂപയുടെ പിഎം ധൻ ധാന്യ കൃഷി യോജനയ്ക്കും  അദ്ദേഹം തുടക്കം കുറിച്ചു. കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണവും സുസ്ഥിര കാർഷിക സമ്പ്രദായങ്ങളും സ്വീകരിക്കുന്നത് വ്യാപകമാക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിന് ശേഷമുള്ള സംഭരണം വർദ്ധിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തിരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളിൽ ദീർഘകാല, ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

11,440 കോടി രൂപ അടങ്കൽ തുകയിൽ പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യത്തിനും (Mission for Aatmanirbharta in Pulses) പ്രധാനമന്ത്രി തുടക്കം കുറിച്ചു. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക, പയർവർഗ്ഗ കൃഷിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക, സംഭരണം, സംസ്കരണം തുടങ്ങിയ മൂല്യ ശൃംഖലകൾ ശക്തിപ്പെടുത്തുക, വിളനാശം കുറയ്ക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ  പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. കൂടാതെ 815 കോടി രൂപയുടെ അധിക പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.

ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ കൃത്രിമ ബീജസങ്കലന പരിശീലന കേന്ദ്രം  അംറേലി, ബനാസ് എന്നിവിടങ്ങളിലെ മികവിൻ്റെ കേന്ദ്രങ്ങൾ രാഷ്ട്രീയ ഗോകുൽ മിഷൻ പ്രകാരം അസമിൽ ഐവിഎഫ് ലാബ് സ്ഥാപിക്കൽ; മെഹ്‌സാന, ഇൻഡോർ, ഭിൽവാര എന്നിവിടങ്ങളിലെ പാൽപ്പൊടി പ്ലാന്റുകൾ; അസമിലെ തേജ്പൂരിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിലുള്ള ഫിഷ് ഫീഡ് പ്ലാന്റ്; അഗ്രോ-പ്രോസസ്സിംഗ് ക്ലസ്റ്ററുകൾ, സംയോജിത ശീതശൃംഖല,  മൂല്യവർദ്ധന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണയിൽ സംയോജിത ശീതശൃംഖലയും മൂല്യവർദ്ധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും; ഉത്തരാഖണ്ഡിലെ ട്രൗട്ട് ഫിഷറീസ്; നാഗാലാൻഡിലെ സംയോജിത അക്വാ പാർക്ക്,  പുതുച്ചേരിയിലെ കാരയ്ക്കലിൽ സ്മാർട്ട് ആൻഡ് ഇന്റഗ്രേറ്റഡ് ഫിഷിംഗ് ഹാർബർ; ഒഡീഷയിലെ ഹിരാക്കുഡിൽ അത്യാധുനിക സംയോജിത അക്വാപാർക്ക് എന്നിവ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതികളിൽ ഉൾപ്പെടുന്നു.

പരിപാടിയിൽ, പ്രകൃതിദത്ത കൃഷിക്കായുള്ള ദേശീയ ദൗത്യത്തിന് കീഴിൽ വരുന്ന  കർഷകർക്കും, മൈത്രി ടെക്നീഷ്യൻമാർക്കും, പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായും കോമൺ സർവീസ് സെന്ററുകളായും പരിവർത്തനം ചെയ്ത പ്രാഥമിക കാർഷിക സഹകരണ വായ്പാ സംഘങ്ങൾക്കും  പ്രധാനമന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഗവൺമെൻ്റ്‌ സംരംഭങ്ങൾക്ക് കീഴിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളും ഈ പരിപാടി അടയാളപ്പെടുത്തുന്നു. അതിൽ  50 ലക്ഷം കർഷകർ അംഗങ്ങളായുള്ള  10,000 എഫ് പി ഒകളും ഉൾപ്പെടുന്നു. ഇതിൽ 1,100 എഫ്പിഒകൾ 2024-25-ൽ ഒരു ലക്ഷം  കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തി. പ്രകൃതിദത്ത കൃഷിക്കായുള്ള ദേശീയ ദൗത്യത്തിന് കീഴിൽ 50,000 കർഷകർക്ക് സർട്ടിഫിക്കേഷൻ; 38,000 മൈത്രികൾക്ക് (ഗ്രാമീണ ഇന്ത്യയിലെ മൾട്ടി പർപ്പസ് എഐ ടെക്നീഷ്യൻമാർ) സർട്ടിഫിക്കേഷൻ; 10,000-ത്തിലധികം ബഹുമുഖ, ഇ-പിഎസിഎസുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിനുള്ള അംഗീകാരവും പ്രവർത്തനക്ഷമമാക്കലും; കൂടാതെ പിഎസിഎസ്, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളുടെ മറ്റ് നേട്ടങ്ങളും ഇതിൻ്റെ ഭാഗമാണ്. 10,000-ത്തിലധികം പിഎസിഎസുകൾ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായും കോമൺ സർവീസ് സെന്ററുകളായും പ്രവർത്തിക്കുന്നതിനായി തങ്ങളുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.

പരിപാടിയിൽ, കാർഷികം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയിൽ മൂല്യ ശൃംഖല അടിസ്ഥാനമാക്കിയുള്ള സമീപനം  ലക്ഷ്യമിട്ടുള്ള വിവിധ ഗവൺമെൻ്റ് പദ്ധതികളിൽ നിന്ന് പ്രയോജനം നേടിയ പയർവർഗ്ഗ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുമായി പ്രധാനമന്ത്രി സംവദിച്ചു. ഈ കർഷകർ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിലെ  അംഗത്വത്തിലൂടെയും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ പിന്തുണയിലൂടെയും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

 

अपने किसान, पशुपालक और मछुआरा भाई-बहनों के कल्याण के लिए हम दिन-रात मेहनत कर रहे हैं। इसी दिशा में आज दिल्ली से हजारों करोड़ रुपये की परियोजनाओं का उद्घाटन-शिलान्यास मेरे लिए गर्व का क्षण है।
https://t.co/NZUWauzwYa

— Narendra Modi (@narendramodi) October 11, 2025

देश की आत्मनिर्भरता के लिए, किसानों के कल्याण के लिए... दो नई योजनाओं की शुरुआत हो रही है।

1) पीएम धन धान्य कृषि योजना

2) दलहन आत्मनिर्भरता मिशन pic.twitter.com/VCUyEuMEnh

— PMO India (@PMOIndia) October 11, 2025

हमने किसानों के हित में...बीज से लेकर बाज़ार तक reform किए, सुधार किए: PM @narendramodi pic.twitter.com/HDmdIoehKG

— PMO India (@PMOIndia) October 11, 2025

तीन parameters पर पीएम धन-धान्य योजना के लिए 100 जिलों का चयन... pic.twitter.com/RzgHSruRjZ

— PMO India (@PMOIndia) October 11, 2025

दलहन आत्मनिर्भरता मिशन... ये सिर्फ दाल उत्पादन बढ़ाने का मिशन नहीं है बल्कि हमारी भावी पीढ़ी को सशक्त बनाने का भी अभियान है। pic.twitter.com/WNG61HlSBh

— PMO India (@PMOIndia) October 11, 2025

बीते 11 वर्षों से सरकार का निरंतर प्रयास रहा है कि किसान सशक्त हो, खेती पर ज्यादा निवेश हो। pic.twitter.com/jOrq3woN06

— PMO India (@PMOIndia) October 11, 2025

पशुपालन...मछली पालन...मधुमक्खी पालन से छोटे किसानों को, भूमिहीन परिवारों को ताकत मिली है। pic.twitter.com/hlEiLcHH1J

— PMO India (@PMOIndia) October 11, 2025

आज गांवों में नमो ड्रोन दीदियां...खाद और कीटनाशक छिड़काव के आधुनिक तरीकों का नेतृत्व कर रही हैं। pic.twitter.com/VCimayyMNT

— PMO India (@PMOIndia) October 11, 2025

एक तरफ हमें आत्मनिर्भर होना है।

दूसरी तरफ हमें, वैश्विक बाज़ार के लिए भी उत्पादन करना है। pic.twitter.com/CPZAY7d6oC

— PMO India (@PMOIndia) October 11, 2025

 


(Release ID: 2177874) Visitor Counter : 11