ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2025 ലെ ലോക മാനസികാരോഗ്യ ദിനത്തിൽ ടെലി മാനസ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ പി നഡ്ഡ തുടക്കം കുറിച്ചു.
Posted On:
10 OCT 2025 4:54PM by PIB Thiruvananthpuram
2025 ലെ ലോക മാനസികാരോഗ്യ ദിനത്തിൽ ദേശീയ ടെലി മാനസികാരോഗ്യ പരിപാടി(ടെലി മാനസ്)യുടെ ഭാഗമായി നിരവധി പുതിയ സംരംഭങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ ഇന്ന് തുടക്കം കുറിച്ചു.
ടെലി മാനസ് ആപ്പ് മെച്ചപ്പെടുത്തലുകൾ (വിവിധ ഭാഷകളിലുള്ള ഉപയോക്തൃ ഇൻ്റർഫേസ്, ചാറ്റ്ബോട്ട്, ആക്സസിബിലിറ്റി, എമർജൻസി മൊഡ്യൂൾ) പുതിയ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമേ അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഒഡിയ, പഞ്ചാബി എന്നീ 10 പ്രാദേശിക ഭാഷകളിലും ടെലി മാനസ് ആപ്പ് ഇപ്പോൾ ലഭ്യമാകും. പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ഭാഷകളിൽ മാനസികാരോഗ്യ പിന്തുണ നല്കുന്നതിനാണ് ഈ നടപടി. കൂടാതെ, വൈകല്യമുള്ളവരും ദുർബല വിഭാഗങ്ങളും ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കാഴ്ച വൈകല്യമുള്ള ഉപയോക്താക്കൾക്കുവേണ്ടി ഇൻ്റർഫേസ് കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് ആപ്ലിക്കേഷനിൽ ഇപ്പോൾ പ്രവേശനക്ഷമത സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും സഹായവും തേടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ചാറ്റ്ബോട്ട് ഫീച്ചറും(അസ്മി) പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ,അടിയന്തിര സാഹചര്യങ്ങളിൽ സമയബന്ധിതമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും ഉറപ്പാക്കുന്നതിനുള്ള അടിയന്തര പ്രതികരണ ഉള്ളടക്കവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

“മാനസികാരോഗ്യ സേവനങ്ങളിലേക്ക് തുല്യവും താങ്ങാനാവുന്നതും സമഗ്രവുമായ പ്രവേശനം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ടെലി മാനസ് ആപ്ലിക്കേഷനിൽ പുതിയ സവിശേഷതകൾ അവതരിപ്പിച്ചതോടെ മാനസികാരോഗ്യ അടിയന്തരാവസ്ഥകളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും ഡിജിറ്റൽ നവീകരണങ്ങളുടെ വ്യാപ്തി രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ തയ്യാറെടുപ്പ് കൂടുതൽ ശക്തിപ്പെടുത്തുകയാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സാധാരണവൽക്കരിക്കുന്നതിലേക്ക് ഒരു പടി കൂടി മുന്നോട്ട് പോകുന്നത് ഇന്ത്യയിലെ പൊതുജനാരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകമായി മാനസികാരോഗ്യത്തെ ഉയർത്തിക്കാട്ടുന്നതിനും നിർണായകമാണ്.”ചടങ്ങിൽ സംസാരിച്ച ശ്രീ നഡ്ഡ പറഞ്ഞു.
മാനസികാരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദീപിക പദുക്കോണിനെ മാനസികാരോഗ്യ അംബാസഡറായി നിയമിച്ചതായും ശ്രീ നഡ്ഡ പ്രഖ്യാപിച്ചു.“ദീപിക പദുക്കോണുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളേക്കുറിച്ചുള്ള അവബോധം വ്യാപകമായി പ്രചരിപ്പിക്കാനും, അതുമായി ബന്ധപ്പെട്ട അപഹാസ്യബോധം കുറയ്ക്കുന്നതിനുള്ള ചർച്ചകൾ സാധാരണവൽക്കരിക്കാനും, പൊതുജനാരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകമായി മാനസികാരോഗ്യത്തെ ഉയർത്തിക്കാട്ടാനും സഹായിക്കും”, അദ്ദേഹം പറഞ്ഞു.
"പരിപാടി ആരംഭിച്ചതിന് ശേഷം ഇതുവരെ ഏകദേശം 28 ലക്ഷം കോളുകൾ ടെലി മാനസ് കൈകാര്യം ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച കൗൺസിലർമാർ 20 ലധികം വ്യത്യസ്ത ഭാഷകളിൽ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും ഏകദേശം 4,000 പേർ പിന്തുണയ്‌ക്കായി സമീപിക്കുന്നുണ്ട്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ സേവനത്തിൻ്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നു. സഹായം തേടുന്ന പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം ഏകദേശം തുല്യമാണ് എന്നത് എല്ലാ വിഭാഗങ്ങൾക്കിടയിലും അവബോധം വളരുകയാണെന്ന് തെളിയിക്കുന്നു,"എന്ന് കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു.

ഗുരുതരമായ കേസുകൾ ഉൾപ്പെടെ നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ടെലി മാനസ് നിർണായക പങ്ക് വഹിക്കുന്നത് തുടരുകയും നിരവധി വ്യക്തികൾക്ക് നല്ല ഫലങ്ങൾ നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതും ആക്സസ് ചെയ്യാവുന്നതുമായ മാനസികാരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാർ ഇതിലൂടെ വീണ്ടും ഉറപ്പിക്കുന്നു. സാങ്കേതികവിദ്യ, ശേഷി വർദ്ധിപ്പിക്കൽ, ബോധവൽക്കരണ സംരംഭങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിലൂടെ, മാനസികാരോഗ്യ ചികിത്സാ വിടവ് നികത്തുന്നതിനും ഒരു പൗരനും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഇന്ത്യ തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കുന്നു.
****
(Release ID: 2177539)
Visitor Counter : 5