രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ-ഓസ്‌ട്രേലിയ പ്രഥമ പ്രതിരോധ വ്യവസായ വ്യാപാര വട്ടമേശ സമ്മേളനത്തെ സിഡ്‌നിയിൽ അഭിസംബോധന ചെയ്ത് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ്
പോസ്റ്റഡ് ഓണ്‍:
10 OCT 2025 10:15AM by PIB Thiruvananthpuram
2025 ഒക്ടോബർ 10-ന് സിഡ്‌നിയിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ പ്രഥമ പ്രതിരോധ വ്യവസായ വ്യാപാര വട്ടമേശ സമ്മേളനത്തെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് അഭിസംബോധന ചെയ്തു. തന്ത്രപരവും വ്യാവസായികവും സാങ്കേതികവുമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ വളരുന്ന സഹകരണത്തെക്കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. 2020-ൽ രൂപീകരിച്ച ഇന്ത്യ - ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലെ കേവലം പങ്കാളിത്ത രാജ്യങ്ങള്‍ എന്നതിലുപരി സുരക്ഷിതവും സമൃദ്ധവുമായ ഇൻഡോ-പസഫിക് മേഖലയുടെ സഹ-നിര്‍മാതാക്കളായി ഇരുരാജ്യങ്ങളുടെയും പ്രതിരോധ ബന്ധത്തെ ഉയർത്താനാവുന്ന നിർണായക ഘട്ടമാണിതെന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു. ഈ വട്ടമേശസമ്മേളനം കേവലം ചർച്ച മാത്രമല്ലെന്നും വ്യാപാരം, വ്യവസായം, നൂതനാശയങ്ങൾ എന്നിവയിൽ ഇന്ത്യയെയും ഓസ്‌ട്രേലിയയെയും സ്വാഭാവിക പങ്കാളികളാക്കാനുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 നവംബറിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി, 2024 ഒക്ടോബറിലെ 2+2 മന്ത്രിതല ചർച്ച, 2025 ജൂണിൽ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഇന്ത്യാ സന്ദർശനം, നിലവിലെ ഓസ്‌ട്രേലിയൻ സന്ദർശനം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയ ഉന്നതതല ഇടപെടലുകളുടെ പരമ്പര ശ്രീ രാജ് നാഥ് സിംഗ് അനുസ്മരിച്ചു. പൊതു ജനാധിപത്യ മൂല്യങ്ങളിലും സ്ഥാപനപരമായ സമാനതകളിലുമാണ് ഉഭയകക്ഷി ബന്ധത്തിൻ്റെ അടിത്തറ നിലനിൽക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ ഭാഗമാണെന്നും ഇരുരാജ്യങ്ങളുടെയും പൊതുചരിത്രം ജനാധിപത്യത്തിലും വൈവിധ്യത്തിലും സ്വാതന്ത്ര്യത്തിലും സമാന ഭരണഘടനകളിലും അധിഷ്ഠിതമാണെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു.
സര്‍ക്കാരുകള്‍ക്കിടയിലെ ദീർഘവീക്ഷണ സഹകരണം, ജനങ്ങള്‍ക്കിടയിലെ ബന്ധം, വ്യാപാര താല്പര്യങ്ങളുടെ സമന്വയം എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളിലാണ് ശക്തമായ ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നതെന്ന് രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭരണപരമായ ചട്ടക്കൂടുകൾ ശക്തമാണ്. അത് കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്. ഓസ്‌ട്രേലിയയിൽ വലിയൊരു ഇന്ത്യൻ പ്രവാസി സമൂഹമുണ്ട്. അതിന് അനുപൂരകമായി ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സാന്നിധ്യവും വർധിക്കുന്നു. അതേസമയം, സംയുക്ത ഗവേഷണ-വികസനവും നൂതനാശയങ്ങളും സഹനിർമാണവും അടിസ്ഥാനമാക്കി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിരോധ വ്യവസായ പങ്കാളിത്തത്തിന് ഇനിയുമേറെ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടനാപരമായ പരിഷ്കരണങ്ങളിലൂടെ ഉല്പാദന മേഖലയിലടക്കം പരിവർത്തനാത്മക യാത്രയിലാണ് ഇന്ത്യയെന്ന് സമീപകാല സാമ്പത്തിക - വ്യാവസായിക നേട്ടങ്ങളുടെ വിശദാംശങ്ങൾ എടുത്തുപറഞ്ഞ ശ്രീ രാജ് നാഥ് സിംഗ് വിശദീകരിച്ചു. രാജ്യം ഇന്ന് ആഗോളതലത്തിൽ നാലാമത് വലിയ സമ്പദ്‌വ്യവസ്ഥയും ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തിൻ്റെ പ്രതിരോധ ഉല്പാദനം 1.51 ലക്ഷം കോടി രൂപയിലെത്തി (ഏകദേശം 18 ബില്യൺ യുഎസ് ഡോളർ). ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 18% വർധനയോടെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. നിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യൻ കമ്പനികള്‍ കയറ്റുമതി നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയിലെത്തിയെന്നും (2.76 ബില്യൺ യുഎസ് ഡോളർ) അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര - വ്യവസായ രംഗത്തും ഇന്ത്യയെയും ഓസ്‌ട്രേലിയയെയും സ്വാഭാവിക പങ്കാളികളാക്കുന്നതിന് സുപ്രധാന മാർഗമായാണ് വട്ടമേശ സമ്മേളന വേദിയെ കാണുന്നതെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതൽ വ്യാവസായിക സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. ഈ പങ്കാളിത്തം വിജയിക്കാനും പരസ്പരം പ്രയോജനകരമാകാനും ശക്തമായ സാമ്പത്തിക കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വാണ്ടം സംവിധാനങ്ങൾ, സ്വയംപ്രവര്‍ത്തിക്കുന്ന ജല അന്തര്‍വാഹിനികള്‍, നൂതന സമുദ്ര നിരീക്ഷണം തുടങ്ങി പ്രത്യേക സാങ്കേതികവിദ്യകളിൽ ഓസ്‌ട്രേലിയ മികവ് പ്രകടിപ്പിക്കുന്നതായി രാജ്യരക്ഷാ മന്ത്രി പറഞ്ഞു. അതേസമയം കപ്പൽ നിർമാണം, മിസൈൽ സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ ഉല്പാദന - സോഫ്റ്റ്‌വെയർ ശേഷികളും തദ്ദേശീയ ശക്തിയുമുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ വ്യവസായ സഹകരണത്തിലെ ഇനിയും ഉപയോഗപ്പെടുത്താത്ത സാധ്യതകളെ പുറത്തുകൊണ്ടുവരാൻ വട്ടമേശസമ്മേളനം വലിയ ഉത്തേജകമായി മാറുമെന്നും ശ്രീ രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.
മെയ്ക്ക് ഇൻ ഇന്ത്യ, ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതികൾ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ സംരംഭങ്ങൾ നൂതനാശയങ്ങൾക്കും നിക്ഷേപത്തിനും അനുകൂല സാഹചര്യം സൃഷ്ടിച്ചതായി രാജ്യരക്ഷാ മന്ത്രി അടിവരയിട്ടു. ആധുനിക സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധരംഗത്തെ നിക്ഷേപങ്ങളിലെ സര്‍ക്കാര്‍ മേല്‍നോട്ടം ആവശ്യമില്ലാത്ത വിഭാഗത്തില്‍ 74% വരെയും സര്‍ക്കാര്‍ അനുമതിയോടെയുള്ള വിഭാഗത്തില്‍ അതിനപ്പുറവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാന്‍ നയം ഉദാരവൽക്കരിച്ചതായി അദ്ദേഹം പറഞ്ഞു. നയപരമായ ഇടപെടലുകള്‍ നടത്തിയും നിയമങ്ങൾ ലളിതവല്‍ക്കരിച്ചും പ്രതിരോധ ഉല്പാദന മേഖലയിലെ സാഹചര്യം തുടർച്ചയായി ഉദാരവൽക്കരിക്കുന്നതായും ശ്രീ രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ മേഖലയിലെ പ്രതിരോധ ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ വേഗം കൂട്ടാന്‍ ഡിആർഡിഒ വഴി സൗജന്യ സാങ്കേതിക കൈമാറ്റത്തിന് വഴികൾ തുറന്നതായി ഗവേഷണത്തെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കന്‍ കൈക്കൊണ്ട നടപടികൾ വിശദീകരിക്കവെ ശ്രീ രാജ് നാഥ് സിംഗ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാന്‍ ആകർഷക പദ്ധതികളുണ്ടെന്നും അവ മികച്ച ഫലങ്ങൾ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടോവ്ഡ് അറേ സെൻസറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഡിആർഡിഒയും ഓസ്‌ട്രേലിയയുടെ ഡിഫൻസ് സയൻസ് & ടെക്നോളജി ഗ്രൂപ്പും ഇതിനകം സഹകരിക്കുന്നുണ്ടെന്നും ക്വാണ്ടം ടെക്നോളജി, എഐ, സൈബർ സുരക്ഷ, വിവരയുദ്ധം, നൂതന ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും രാജ്യരക്ഷാമന്ത്രി അറിയിച്ചു.
പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ, സ്വയം പ്രവര്‍ത്തിക്കുന്ന ജല അന്തര്‍വാഹിനികള്‍, വ്യോമ സിമുലേറ്ററുകൾ, നൂതന സാമഗ്രികൾ എന്നിവയുൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കാനും നിർമിക്കാനും ഓസ്‌ട്രേലിയൻ കമ്പനികളെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്ന സംയുക്ത പ്രവര്‍ത്തന വേദികള്‍ സജ്ജമാക്കുന്നതില്‍ സഹായിക്കാൻ ഈ സംരംഭങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ കപ്പൽ നിർമാണ ശേഷി, വൈവിധ്യമാർന്ന നിർമാണ അടിത്തറ, സ്വകാര്യ രംഗത്തെ നൂതന സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും വളരുന്ന മേഖല എന്നിവ സഹിതം വിശ്വസ്ത പങ്കാളിയാകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രത്യേക പങ്കാളിത്ത മേഖലകൾ പരാമര്‍ശിച്ച ശ്രീ രാജ്‌നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ കപ്പൽശാലകൾക്ക് നിരവധി നാവിക പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിലും പരിപാലിക്കുന്നതിലും തെളിയിക്കപ്പെട്ട റെക്കോഡുകളുണ്ട്. ഓസ്‌ട്രേലിയൻ റോയൽ നേവിയ്ക്കും ഓസ്‌ട്രേലിയയുടെ പസഫിക് സമുദ്രസുരക്ഷാ പരിപാടിയ്ക്ക് കീഴിലെ കപ്പലുകൾക്കും വിശദമായ അറ്റകുറ്റപ്പണി, സേവനകാലയളവിലെ നവീകരണം, പരിപാലന സേവനങ്ങള്‍ എന്നിവ നല്‍കാന്‍ ഇന്ത്യൻ കപ്പല്‍ശാലകള്‍ക്ക് സാധിക്കുമെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു.
ഇൻഡോ-എംഐഎം പ്രൈവറ്റ് ലിമിറ്റഡ് താൽസ് ഓസ്‌ട്രേലിയയുമായും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഡബ്ല്യു & ഇ പ്ലാറ്റ് പ്രൈവറ്റ് ലിമിറ്റഡുമായും മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് അക്വാസ്‌പോർട്ടുമായും നടത്തുന്ന സജീവ വ്യാവസായിക പങ്കാളിത്തങ്ങളുടെ ഉദാഹരണം രാജ്യരക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും വ്യാവസായിക മേഖലകൾ പരസ്പരപൂരകമാകുന്നതെങ്ങനെയെന്നും ഇരു സര്‍ക്കാരുകളുടെയും തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് പിന്നിലെ ചാലകശക്തിയായി വ്യാപാരസംരംഭങ്ങള്‍ക്ക് എങ്ങനെ മാറാനാവുമെന്നും ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. സമീപഭാവിയിൽ ഈ പട്ടിക ഇനിയും വിപുലീകരിക്കപ്പെടുമെന്നും നിലവിലെ സാധ്യതകളിൽ നിന്ന് ഇരുരാജ്യങ്ങൾക്കും പൂർണ പ്രയോജനം നേടാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിരോധ സാമഗ്രികളുടെയും സേവനങ്ങളുടെയും പരസ്പര വ്യവസ്ഥ സംബന്ധിച്ച ധാരണാപത്രത്തിന് ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച നിർദേശത്തെ ശ്രീ രാജ് നാഥ് സിംഗ് സ്വാഗതം ചെയ്തു. ഇന്ത്യ ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നുവെന്നും സാങ്കേതികവിദ്യ പങ്കിടൽ കൂടുതൽ എളുപ്പമാക്കുന്നതിന് നിയന്ത്രണപരമായ ചില തടസങ്ങൾ നീക്കി ഇന്ത്യയെ മുന്‍നിര പങ്കാളിയായി ഓസ്‌ട്രേലിയ തിരിച്ചറിഞ്ഞുവെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിശ്വാസത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും തെളിവാണിതെന്നും ശ്രീ രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു.
( റിലീസ് ഐ.ഡി: 2177282)
സന്ദര്‍ശക കൗണ്ടര്‍ : 39