വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യു.കെ വ്യാപാര മന്ത്രിമാർ മുംബൈയിൽ ഉഭയകക്ഷി യോഗം ചേർന്നു
प्रविष्टि तिथि:
08 OCT 2025 6:57PM by PIB Thiruvananthpuram
ഇന്ത്യ-യു.കെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള ഒരു പുതുക്കിയ ഗതി രൂപപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലും യു.കെ വ്യവസായ-വ്യാപാര സ്റ്റേറ്റ് സെക്രട്ടറി Rt. Hon. പീറ്റർ കൈലും ഇന്ന് മുംബൈയിൽ ഒരു ഉഭയകക്ഷി യോഗം നടത്തി.
ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സി.ഇ.ടി.എ) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ യോഗം അടയാളപ്പെടുത്തിയത്. ഇതിന്റെ നടത്തിപ്പിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിനായി സംയുക്ത സാമ്പത്തിക, വ്യാപാര സമിതി (ജെറ്റ്കോ) പുനഃസ്ഥാപിക്കാൻ ഇരു മന്ത്രിമാരും സമ്മതിച്ചു.
ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങളുടേയും ഉപഭോക്താക്കളുടേയും പൂർണ്ണ ശേഷി തിരിച്ചറിയുന്നതിനായി കരാറിന്റെ പൂർണ്ണമായ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, അതിന്റെ വേഗത്തിലുള്ളതും, ഏകോപിതവും, ഫലാധിഷ്ഠിതവുമായ നിർവഹണം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും അടിവരയിട്ടു.
നൂതന ഉത്പാദനം, ഡിജിറ്റൽ വ്യാപാരം, ശുദ്ധമായ ഊർജ്ജം, സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള പരസ്പര പൂരകങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള തങ്ങളുടെ ആഗ്രഹം മന്ത്രിമാർ ആവർത്തിച്ച് ഉറപ്പിച്ചു.
സി.ഇ.ടി.എയുടെ പരിവർത്തനാത്മക സാധ്യതകൾ ഊന്നിപ്പറഞ്ഞ മന്ത്രിമാർ, നിയന്ത്രണ സഹകരണത്തിലൂടെയും താരിഫ് ഇതര തടസ്സങ്ങൾ പരിഹരിക്കുന്നതിലൂടെയും വിതരണ ശൃംഖല സംയോജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അതിന്റെ നേട്ടങ്ങൾ പരമാവധിയാക്കാനുള്ള വഴികളും ചർച്ച ചെയ്തു.
കേന്ദ്ര വാണിജ്യ സെക്രട്ടറിയും ഡയറക്ടർ ജനറലും തമ്മിൽ നടന്ന ഏറെ ഫലപ്രദമായ കൂടിക്കാഴ്ച, മന്ത്രിതല യോഗത്തിന് വഴിയൊരുക്കുകയും ഇത് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആകർഷകവും പുരോഗമനപരവുമായ ചർച്ചകൾക്ക് ശക്തമായ അടിത്തറ പാകുകയും ചെയ്തു.
ഉഭയകക്ഷി യോഗത്തിന് മുന്നോടിയായി, വികസിത ഉത്പാദനം, ഉപഭോക്തൃ വസ്തുക്കൾ, ഭക്ഷ്യ പാനീയങ്ങൾ, ശാസ്ത്ര-സാങ്കേതികത, നൂതനാശയങ്ങൾ, നിർമ്മാണപ്രവൃത്തി, അടിസ്ഥാന സൗകര്യങ്ങൾ, ശുദ്ധമായ ഊർജ്ജം, ഐ.ടി/ ഐ.ടി.ഇ.എസ്, വിദ്യാഭ്യാസം, എൻജിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള സാമ്പത്തികവും തൊഴിൽപരവും വ്യവസായപരവുമായ സേവനങ്ങൾ എന്നിവയുൾപ്പെട്ട മുൻഗണനാ മേഖലകളിലായി നിരവധി മേഖലാതല വട്ടമേശ യോഗങ്ങൾ നടന്നു. ഇന്ത്യയിലെയും യു.കെയിലെയും വ്യവസായമേഖലയിലെ പ്രമുഖ ശബ്ദങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന ഈ ചർച്ചകൾ, പദ്ധതി നിർവഹണത്തെ നയിക്കുന്നതിന് ഉൾക്കാഴ്ചയുള്ള മൂല്യമേറിയ നിർദേശങ്ങൾ നൽകുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള പുതിയ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന ഇന്ത്യ-യു.കെ സി.ഇ.ഒ സമ്മേളനവും നടന്നു. ഇന്ത്യയിൽ നിന്നും യു.കെയിൽ നിന്നുമുള്ള പ്രമുഖ വ്യവസായ പ്രതിനിധികൾ സഹ-അധ്യക്ഷത വഹിച്ച ഫോറം, ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും മേഖലകളിലുടനീളം പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മുഖ്യവേദിയായി വർത്തിച്ചു.
ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറാൽ ശാക്തീകരിക്കപ്പെട്ട്, ആധുനികവും പരസ്പര പ്രയോജനകരവും സുസ്ഥിരവുമായ സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെയും യുകെയുടെയും പങ്കിട്ട പ്രതിബദ്ധത ചർച്ചകൾ വീണ്ടും ഉറപ്പിച്ചു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സ്ഥിരതയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആഗോള വ്യാപാര, സാമ്പത്തിക വീക്ഷണങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു മന്ത്രിമാരും കൈമാറി.
ആഗോള സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന വളർച്ചാ ചാലകശക്തിയായി ഇന്ത്യ ഉയർന്നുവരുന്നതായി ശ്രീ ഗോയൽ എടുത്തുപറഞ്ഞു. അതേസമയം ഇന്ത്യയുമായി ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മികച്ച കരാറാണ് യു.കെയുടേതെന്ന് സെക്രട്ടറി കൈൽ അടിവരയിട്ടു പറഞ്ഞു. ബ്രിട്ടീഷ് ബിസിനസുകളെ ഇന്ത്യക്ക് മുന്നിലെത്തിച്ച് വിശാലമായ വിപണിയിലേക്ക് പ്രവേശിക്കാനും രാജ്യത്ത് വളർച്ച, തൊഴിലവസരങ്ങൾ, സമൃദ്ധി എന്നിവ കൈവരിക്കാനും ഇത് സഹായകമാകുമെന്നും വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും മുതിർന്ന വ്യവസായ പ്രതിനിധികൾ പങ്കെടുത്ത ബിസിനസ് പ്ലീനറിയോടെയാണ് യോഗം അവസാനിച്ചത്. വളർച്ച, നിക്ഷേപം, നവീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറന്നിടുന്നതിലൂടെ, ആധുനികവും, സമഗ്രവും, പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ഇരു പക്ഷവും ആവർത്തിച്ചു.
SKY
****
(रिलीज़ आईडी: 2176755)
आगंतुक पटल : 15