വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും ഖത്തറും തമ്മിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഖത്തർ സന്ദർശിച്ചു

प्रविष्टि तिथि: 08 OCT 2025 6:17PM by PIB Thiruvananthpuram

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഖത്തറിലെ ദോഹയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ്റെ യോഗത്തിൽ ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രി H.E. ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയോടൊപ്പം അദ്ദേഹം അധ്യക്ഷത വഹിച്ചു.

2025 ഫെബ്രുവരിയിലെ ഖത്തർ അമീറിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ വാണിജ്യ,വ്യാപാര മേഖലയുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തക സംഘത്തെ നവീകരിക്കാൻ തീരുമാനിച്ച ശേഷം നടക്കുന്ന നവീകരിച്ച സംയുക്ത കമ്മീഷൻ്റെ ആദ്യ യോഗമാണ് ഇത്. ഉഭയകക്ഷി സാമ്പത്തിക ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള ഇരുപക്ഷത്തിൻ്റേയും ശക്തമായ പ്രതിബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിച്ചു.


കമ്മീഷൻ യോഗത്തിൽ ഇരു മന്ത്രിമാരും :

* മൊത്തത്തിലുള്ള വ്യാപാരം(2024–25 ൽ 14 ബില്യൺ യു.എസ് ഡോളറിലധികം വിലമതിക്കുന്നു) അവലോകനം ചെയ്യുകയും ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യൻ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള നടപടികൾ തിരിച്ചറിയുകയും ചെയ്തു.

* ഊർജ്ജം,അടിസ്ഥാന സൌകര്യങ്ങൾ, ഉത്പാദനം,ധനകാര്യം, സാങ്കേതികവിദ്യ, ഹരിത വികസനം എന്നീ  
  മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്  2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക  എന്ന സംയുക്ത ലക്ഷ്യം നിശ്ചയിച്ചു.

* ഇന്ത്യ-ഖത്തർ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഔപചാരിക ചർച്ചകൾ  ആരംഭിക്കുന്നതിനുള്ള നിബന്ധനകൾക്ക് (ടേംസ് ഓഫ് റഫറൻസ് -ToR) അതിവേഗം അന്തിമരൂപം നല്കുന്നതിന് ധാരണയായി.

* ഖത്തർ അമീറിൻ്റെ  ഔദ്യോഗിക സന്ദർശന വേളയിൽ, ഖത്തർ ഇന്ത്യയിലേക്കുള്ള 10 ബില്യൺ യു.എസ് ഡോളർ നിക്ഷേപ പ്രഖ്യാപനം നടത്തിയതിനെ ഇരുരാജ്യങ്ങളും അംഗീകരിച്ചു. പരസ്പര പ്രയോജനകരമായ
  നിക്ഷേപങ്ങൾക്ക് പുതിയ വഴികൾ തുറക്കുന്നതിനുള്ള ഇരുപക്ഷത്തിൻ്റേയും പ്രതിബദ്ധതയും പങ്കിട്ടു.

* ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം,  കൃഷി, ടൂറിസം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ
  മുൻഗണനാ മേഖലകളിലെ സഹകരണത്തേക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.


ഇതോടൊപ്പം ഭക്ഷ്യസുരക്ഷ, വ്യാപാര ധനസഹായം, പദ്ധതി പങ്കാളിത്തങ്ങൾ, ഇന്ത്യയിലെ അടിസ്ഥാന സൗകര്യ-വ്യാവസായിക മേഖലകളിലുള്ള  ഖത്തർ സ്ഥാപനങ്ങളുടെ നിക്ഷേപ അവസരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി,ഖത്തറിലെ ഉന്നതതല പ്രതിനിധികളുമായും വ്യവസായ നേതാക്കളുമായും ശ്രീ ഗോയൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.

FICCI,CII,ASSOCHAM,ഖത്തർ ചേംബർ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന വ്യവസായ പ്രതിനിധികൾ പങ്കെടുത്ത ഇന്ത്യ-ഖത്തർ ജോയിൻ്റ്  ബിസിനസ് കൗൺസിലിൻ്റെ (JBC) ആദ്യ യോഗത്തേയും മന്ത്രി അഭിസംബോധന ചെയ്തു. തുടർന്ന് ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ (QBA) അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു.അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായും 2047 ഓടെ വികസിത ഭാരതം എന്ന ദർശനത്തിന് കീഴിൽ നവീകരണം, ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മുന്നേറുന്ന കേന്ദ്രമായും ഇന്ത്യയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു.

ഡിജിറ്റൽ സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലെന്ന നിലയിൽ, ഇന്ത്യൻ പ്രവാസികൾക്കും പ്രാദേശിക ഉപഭോക്താക്കൾക്കും തടസ്സമില്ലാത്ത ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്ന യൂണിഫൈഡ്  പേയ്മെൻ്റ്  ഇൻ്റർഫേസ് (UPI) സേവനങ്ങളുടെ ഉദ്ഘാടനവും ശ്രീ ഗോയൽ ഖത്തറിൽ നിർവ്വഹിച്ചു.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൌൺസിൽ (IBPC), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ദോഹ ചാപ്റ്റർ, ഖത്തറിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം എന്നിവയിലെ അംഗങ്ങളുമായും മന്ത്രി സംവദിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പാലമെന്ന നിലയിൽ വർത്തിക്കുന്ന അവരുടെ സംഭാവനകളെ അദ്ദേഹം   അഭിനന്ദിക്കുകയും ചെയ്തു.

പരസ്പര വിശ്വാസം, ഊർജ്ജ സഹകരണം, സാങ്കേതിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം
എന്നിവയിൽ അധിഷ്ഠിതമായ ഭാവിയിലേക്കുള്ള വൈവിധ്യപൂർണ്ണവും, പ്രതിരോധ ശേഷിയുള്ളതുമായ  സാമ്പത്തിക പങ്കാളിത്തത്തിനായുള്ള ഇന്ത്യയുടേയും ഖത്തറിൻ്റേയും പങ്കിട്ട കാഴ്ചപ്പാട് വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് സന്ദർശനം സമാപിച്ചത്.

 

SKY

 

*****


(रिलीज़ आईडी: 2176753) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi