തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

“ദേശീയ തൊഴിൽ, ഉദ്യോഗ നയം - ശ്രമശക്തി നീതി 2025” ന്റെ കരട് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം പൊതുജനാഭിപ്രായം തേടി

Posted On: 08 OCT 2025 4:34PM by PIB Thiruvananthpuram
“ദേശീയ തൊഴിൽ, ഉദ്യോഗ നയം - ശ്രമശക്തി നീതി 2025” ന്റെ കരട് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം പൊതുജനാഭിപ്രായം തേടി. 2047-ൽ വികസിത ഭാരതം എന്ന ദേശീയ അഭിലാഷവുമായി പൊരുത്തപ്പെടുന്ന നീതിയുക്തവും സർവ്വാശ്ലേഷിയും ഭാവിസജ്ജവുമായ തൊഴിൽ മേഖലയ്ക്കായുള്ള നൂതന കാഴ്ചപ്പാടാണ് കരട് നയം അവതരിപ്പിക്കുന്നത്.

 'ശ്രമ ധർമ്മ' എന്ന ഇന്ത്യയുടെ സാംസ്ക്കാരിക മൂല്യത്തിൽ - തൊഴിലിന്റെ മാന്യതയും ധാർമ്മിക മൂല്യവും - വേരൂന്നിയ ഈ നയം, എല്ലാ തൊഴിലാളികൾക്കും സംരക്ഷണം, ഉത്പാദനക്ഷമത, പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്ന ഒരു സമഗ്രമായ തൊഴിൽ ആവാസവ്യവസ്ഥ വിഭാവനം ചെയ്യുന്നു. സംരംഭങ്ങളെ വളരാനും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും പ്രാപ്തമാക്കുന്നതിനൊപ്പം തൊഴിലാളി ക്ഷേമം ഉറപ്പാക്കും വിധമുള്ള സന്തുലിത ചട്ടക്കൂട് സൃഷ്ടിക്കാനും ഇത് ശ്രമിക്കുന്നു.

തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻകൈയെടുത്ത് സഹായം വാഗ്ദാനം ചെയ്യുന്ന അഭ്യുദയകാംക്ഷി എന്ന നിലയിലാണ് തൊഴിൽ മന്ത്രാലയത്തെ (MoLE) ശ്രമശക്തി നീതി 2025 വിഭാവനം ചെയ്യുന്നത്. വിശ്വസനീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സംവിധാനങ്ങളിലൂടെ തൊഴിലാളികൾ, തൊഴിലുടമകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സമന്വയവും സാധ്യമാക്കുന്നു. നാഷണൽ കരിയർ സർവീസ് (NCS) പ്ലാറ്റ്‌ഫോം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി വർത്തിക്കും. ഇത് സുതാര്യവും സമഗ്രവുമായ തൊഴിൽ അനുയോജ്യത, യോഗ്യതാ പരിശോധന, നൈപുണ്യ വിന്യാസം എന്നിവ സാധ്യമാക്കും. ഓപ്പൺ API-കൾ, ബഹുഭാഷാ സഹായം, AI-അധിഷ്ഠിത നൂതനാശയങ്ങൾ എന്നിവയിലൂടെ, ടയർ-II, ടയർ-III നഗരങ്ങൾ, ഗ്രാമീണ ജില്ലകൾ, MSME ക്ലസ്റ്ററുകൾ എന്നിവയിലുടനീളമുള്ള പ്രതിഭകളെ അവസരങ്ങളുമായി NCS-DPI ബന്ധിപ്പിക്കും. ഇത് തൊഴിൽ സഹായ സൗകര്യത്തെ രാജ്യവ്യാപക പൊതുനന്മയാക്കും.

സാർവത്രിക സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷയും ആരോഗ്യവും, വനിതാ -യുവ ശാക്തീകരണം, ഹരിത, സാങ്കേതികവിദ്യ അധിഷ്ഠിത തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നിവയിലും, നയം ശക്തമായ ഊന്നൽ നൽകുന്നു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, കാലാവസ്ഥാ പരിവർത്തനങ്ങൾ, ആഗോള മൂല്യ ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ളതും തുടർ വൈദഗ്ധ്യമുള്ളതുമായ തൊഴിൽ ശക്തി കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. EPFO, ESIC, e-Shram, NCS തുടങ്ങിയ പ്രധാന ദേശീയ ഡാറ്റാബേസുകളെ ഏകീകൃത ലേബർ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ, ആജീവനാന്ത പരിശീലനം, സാമൂഹിക സംരക്ഷണം, വരുമാന സുരക്ഷ എന്നിവ ഉറപ്പാക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പര പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് നയം വിഭാവനം ചെയ്യുന്നത്.

ബന്ധപ്പെട്ട എല്ലാവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകളെ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം സഹകരണ ഫെഡറലിസം, തെളിവുകൾ ആധാരമാക്കിയുള്ള നയരൂപീകരണം, ഡിജിറ്റൽ സുതാര്യത എന്നിവയ്ക്ക് ഊന്നൽ നൽകുന്നതുമാണ് കരട് നയം. വളർച്ചയുടെ നേട്ടങ്ങൾ വ്യാപകമായും തുല്യമായും പങ്കിടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കേന്ദ്രം, സംസ്ഥാനങ്ങൾ, വ്യവസായ മേഖല, സാമൂഹിക പങ്കാളികൾ എന്നിവർക്കിടയിൽ ഏകോപിതമായ പ്രവർത്തനത്തിനുള്ള ഒരു ദീർഘകാല ചട്ടക്കൂട് ഇത് നൽകുന്നു.

ദേശീയ തൊഴിൽ, ഉദ്യോഗ നയത്തിന്റെ കരട് - ശ്രമശക്തി നീതി 2025 കേന്ദ്ര തൊഴിൽ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്റ് (DGE), നാഷണൽ കരിയർ സർവീസ് (NCS) എന്നിവയുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ബന്ധപ്പെട്ട പങ്കാളികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവരും 2025 ഒക്ടോബർ 27-ന് മുമ്പ് ddg-dget[at]nic[dot]in എന്ന വിലാസത്തിൽ അവരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കരട് നയത്തിന്റെ വിശദാംശങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:

https://labour.gov.in/sites/default/files/draft_-_mole_le_policy_-_v1.0.pdf
 
SKY
 
*****

(Release ID: 2176699) Visitor Counter : 25