പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
എട്ടാമത് അന്താരാഷ്ട്ര സൗരോർജ്ജ സഖ്യസഭയ്ക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രിയും അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം അധ്യക്ഷനുമായ ശ്രീ പ്രഹ്ളാദ് ജോഷി
प्रविष्टि तिथि:
08 OCT 2025 8:15PM by PIB Thiruvananthpuram
2025 ഒക്ടോബർ 27 മുതൽ 30 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേരുന്ന അന്താരാഷ്ട്ര സൗരോർജ്ജ സഖ്യ (International Solar Alliance - ISA) സഭയുടെ എട്ടാമത് സമ്മേളനം ‘ഒരു സൂര്യൻ, ഒരു ലക്ഷ്യം, സൗരോർജത്തോട് പങ്കാളിത്ത പ്രതിബദ്ധത’ എന്ന ആശയത്തിലേക്ക് ലോകത്തെ ഒരുമിപ്പിക്കും. പാരീസിലെ COP21-ൽ ഇന്ത്യയും ഫ്രാൻസും ചേർന്ന് തുടക്കം കുറിച്ച ISA ദക്ഷിണാര്‍ധഗോളത്തിലെ ഏറ്റവും വലിയ ഉടമ്പടി അധിഷ്ഠിത അന്തർ-സർക്കാർ സംഘടനയാണ്. 124 അംഗരാജ്യങ്ങളും പ്രതിനിധി രാജ്യങ്ങളും ഈ സംഘടനയുടെ ഭാഗമാണ്. ബ്രസീലിലെ COP30-ന് ആഴ്ചകൾക്ക് മുൻപ് ചേരുന്ന ഉന്നതതല മന്ത്രിതല സമ്മേളനത്തില്‍ സൗരോർജ്ജ വിപുലീകരണം, സാമ്പത്തിക സഹായം ഉറപ്പാക്കല്‍, സാങ്കേതികവിദ്യയും നയങ്ങളും സംബന്ധിച്ച് രൂപരേഖ തയ്യാറാക്കല്‍, എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ ഊർജ പരിവര്‍ത്തനത്തിന് ആക്കംകൂട്ടാന്‍ നൈപുണ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കല്‍ എന്നിവ സംബന്ധിച്ച് മുൻഗണനാ വിഷയങ്ങൾ രൂപീകരിക്കും.
ഫോസിൽ ഇതര സ്രോതസ്സുകളില്‍നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആകെ സ്ഥാപിത ശേഷിയിൽ 50% പിന്നിട്ട ഇന്ത്യ വ്യക്തമായ കാഴ്ചപ്പാടും സുസ്ഥിര നയങ്ങളും കൈമുതലാക്കി പുനരുപയോഗ ഊർജ ലക്ഷ്യങ്ങൾ നിശ്ചിത സമയക്രമത്തിന് അഞ്ച് വർഷം മുൻപു തന്നെ കൈവരിച്ചതായി നവ പുനരുപയോഗ ഊർജ മന്ത്രിയും ISA സഭാധ്യക്ഷനുമായ ശ്രീ പ്രഹ്ളാദ് ജോഷി പരിപാടിയില്‍ പറഞ്ഞു. നിലവിൽ ഏകദേശം 125 ജിഗാവാട്ട് സൗരോർജ ശേഷിയുമായി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സൗരോർജ്ജ ഉല്പാദകരാണ്. ദേശീയ ലക്ഷ്യം പ്രാദേശിക തലത്തിൽ എങ്ങനെ അർത്ഥപൂര്‍ണമായ പരിവര്‍ത്തനമായി മാറുമെന്ന് ഈ പുരോഗതി വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിജയഗാഥ കേവലം കണക്കുകൾക്കപ്പുറം ജനങ്ങളുടെ പരിവര്‍ത്തനമാണെന്നതാണ് ഇതിന് കാരണം. വികേന്ദ്രീകൃത സൗരോർജ്ജം ജീവിതങ്ങളെ മാറ്റിമറിക്കുന്നതും ഗ്രാമീണ വീടകങ്ങളില്‍ വെളിച്ചം കൊണ്ടുവരുന്നതും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഊർജം നൽകുന്നതും രാജ്യത്തെ കർഷകർക്ക് പുതിയ ഉപകരണങ്ങൾ നൽകുന്നതും എങ്ങനെയെന്നതിന് നാം സാക്ഷ്യം വഹിച്ചു. പിഎം സൂര്യ ഘർ - മുഫ്ത് ബിജിലി യോജന വഴി 20 ലക്ഷത്തിലധികം വീടുകളാണ് സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഎം-കുസും പദ്ധതിയിലൂടെ ഈ മാറ്റം രാജ്യത്തിൻറെ ഹൃദയഭാഗത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 ജിഗാവാട്ട് ചെറുകിട സൗരോർജ നിലയങ്ങള്‍ സ്ഥാപിക്കുക, 14 ലക്ഷം ഓഫ്-ഗ്രിഡ് സൗരോര്‍ജ പമ്പുകൾക്ക് പിന്തുണ നൽകുക, ഗ്രിഡുമായി ബന്ധിപ്പിച്ച 35 ലക്ഷം കാർഷിക പമ്പുകൾ സൗരോര്‍ജത്തിലേക്ക് മാറ്റുക എന്നിവയാണ് പദ്ധതിയുടെ മൂന്ന് ഘടകങ്ങൾ. സംശുദ്ധ ഊർജം എല്ലാവരിലേക്കും എത്തുന്നുവെന്ന് ഈ ശ്രമങ്ങൾ ഉറപ്പാക്കുന്നു. വിപുലമായ ഈ പ്രവർത്തനങ്ങളും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവുമാണ് ഇന്ത്യയുടെ ഊർജ പരിവർത്തനം നിർവചിക്കുന്നതെന്നും ശ്രീ പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.
കാറ്റലറ്റിക് ഫിനാൻസ് ഹബ്ബ്, ആഗോള ശേഷി കേന്ദ്രവും ഡിജിറ്റൽവൽക്കരണവും, പ്രാദേശിക-രാജ്യതല ഇടപെടൽ, സാങ്കേതിക രൂപരേഖയും നയവും എന്നീ തന്ത്രപരമായ നാല് വിഷയങ്ങളിൽ ISA -യുടെ എട്ടാമത് സഭാസമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. ആഫ്രിക്കൻ സൗരോര്‍ജ സംവിധാനത്തിലൂടെ സാമ്പത്തിക സഹായങ്ങൾ മുന്നോട്ടുകൊണ്ടുപോവുക, ധനസഹായം, സാങ്കേതികവിദ്യ, ശേഷി വർധന, പങ്കാളിത്തം എന്നിവയിലൂടെ ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങളിൽ സൗരോർജ വിന്യാസം വേഗത്തിലാക്കാൻ പിന്തുണയ്ക്കുന്ന പ്രത്യേക സംരംഭമായ ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങളുടെ പ്ലാറ്റ്‌ഫോം (എസ്ഐഡിഎസ്) വഴി രാജ്യ പങ്കാളിത്തം ശക്തിപ്പെടുത്തുക, ഫ്ലോട്ടിങ് സോളാർ, എഐ, ഡിജിറ്റൽവൽക്കരണം, ഒരു സൂര്യൻ, ഒരു ലോകം ഒരു സൗരോർജ്ജ ഗ്രിഡ് (One Sun, One World, One Grid - OSOWOG), കാര്‍ഷികരംഗത്തെ സൗരോർജ്ജം എന്നിവയിലൂടെ നൂതനാശയങ്ങള്‍ വിപുലീകരിക്കുക എന്നിങ്ങനെ പ്രവർത്തനപരമായ മുൻഗണനാ വിഷയങ്ങൾ മന്ത്രിതല, സാങ്കേതിക സെഷനുകളിൽ ചർച്ച ചെയ്യും. അഭിലാഷങ്ങളില്‍നിന്ന് പ്രവർത്തന തലത്തിലേക്ക് ISA മാറുന്നതിനെ ഇത് അടിവരയിടുന്നു.
ആഗോള പുരോഗതിയും സൗരോർജ്ജ വിന്യാസ വഴികളും വിശദീകരിക്കുന്ന ഈസ് ഓഫ് ഡൂയിംഗ് സോളാർ 2025, സോളാർ ട്രെൻഡ്സ് 2025 എന്നീ ഐഎസ്‌എയുടെ പ്രധാന റിപ്പോർട്ടുകൾ സമ്മേളനത്തിൽ പുറത്തിറക്കും.
സമ്മേളനത്തിന് മുന്നോടിയായി നാല് മേഖലകളില്‍ ISA പ്രാദേശിക സമിതി യോഗങ്ങൾ ചേർന്നു. യൂറോപ്പിലെയും മറ്റിടങ്ങളിലെയും യോഗം ജൂൺ 10 മുതല്‍ 12 വരെ ബ്രസ്സൽസിലും ഏഷ്യ-പസഫിക് മേഖലയുടേത് ജൂലൈ 15 മുതല്‍ 17 വരെ കൊളംബോയിലും ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളുടെ യോഗം ഓഗസ്റ്റ് 4 മുതല്‍ 6 വരെ സാന്റിയാഗോയിലും ആഫ്രിക്കന്‍ മേഖലാതല യോഗം സെപ്റ്റംബർ 2 മുതല്‍ 4 വരെ അക്രയിലുമാണ് ചേര്‍ന്നത്. 100-ലേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഈ യോഗങ്ങൾ നിലവിലെ പുരോഗതി വിലയിരുത്തുകയും വെല്ലുവിളികൾ പരിഹരിക്കുകയും പ്രാദേശിക സംരംഭങ്ങളെ ഐഎസ്‌എയുടെ ആഗോള മുൻഗണനകളുമായി സംയോജിപ്പിക്കുകയും ചെയ്തു. സാമ്പത്തിക സഹായങ്ങൾ, നൂതനാശയ പങ്കാളിത്തം, ഊർജ ലഭ്യതാധിഷ്ഠിത സൗരോർജവൽക്കരണം എന്നിവയെക്കുറിച്ച് യോഗങ്ങളില്‍ മുന്നോട്ടുവെച്ച ശിപാർശകൾ സമ്മേളനത്തിന്റെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സഹായകമാകും.
അന്താരാഷ്ട്ര സൗരോർജ സഖ്യത്തെക്കുറിച്ച്
2015-ൽ പാരീസിൽ ചേര്‍ന്ന COP21-ൽ ഇന്ത്യയും ഫ്രാൻസും ചേർന്ന് തുടക്കം കുറിച്ച ആഗോള സംരംഭമാണ് അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം. 124 അംഗരാജ്യങ്ങളും പ്രതിനിധി രാജ്യങ്ങളും ഈ സഖ്യത്തിലുണ്ട്. ലോകമെങ്ങും ഊർജ ലഭ്യതയും സുരക്ഷയും മെച്ചപ്പെടുത്താന്‍ സര്‍ക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ സഖ്യം സംശുദ്ധ ഊർജ ഭാവിയിലേക്ക് സുസ്ഥിര പരിവർത്തനമെന്ന ലക്ഷ്യത്തോടെ സൗരോർജത്തെ പ്രോത്സാഹിപ്പിക്കുന്നു. 2030-ഓടെ സൗരോർജ രംഗത്തെ നിക്ഷേപങ്ങൾ ഉറപ്പാക്കി സാങ്കേതികവിദ്യയുടെയും ധനസഹായത്തിന്റെയും ചെലവ് കുറയ്ക്കുകയാണ് ഐഎസ്‌എയുടെ ലക്ഷ്യം. കൃഷി, ആരോഗ്യം, ഗതാഗതം, വൈദ്യുതോല്പാദനം എന്നീ മേഖലകളിൽ സൗരോർജത്തിന്റെ ഉപയോഗത്തെ സഖ്യം പ്രോത്സാഹിപ്പിക്കുന്നു. നയങ്ങളും നിയമങ്ങളും നടപ്പാക്കിയും മികച്ച പ്രവർത്തന രീതികൾ പങ്കുവെച്ചും പൊതു മാനദണ്ഡങ്ങൾ അംഗീകരിച്ചും നിക്ഷേപങ്ങൾ സമാഹരിച്ചും ഐഎസ്‌എ അംഗരാജ്യങ്ങൾ ഈ മാറ്റത്തിന് നേതൃത്വം നൽകുന്നു.
*****
(रिलीज़ आईडी: 2176615)
आगंतुक पटल : 18