വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി "പുകയില മുക്ത യുവജന കാമ്പെയ്ൻ 3.0" ആരംഭിക്കാൻ ഒരുങ്ങി ഭാരത സർക്കാർ

പുകയില മുക്ത തലമുറ എന്ന ആശയത്തിലേക്കുള്ള ശക്തമായ ചുവടുവയ്പ്പ് എന്നതാണ് ദേശീയ പ്രചാരണം ലക്ഷ്യമിടുന്നത്

Posted On: 08 OCT 2025 4:26PM by PIB Thiruvananthpuram

ഇന്ത്യയിലുടനീളമുള്ള യുവ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുകയില മുക്ത പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി ചേർന്ന് 2025 ഒക്ടോബർ 9-ന് "പുകയില മുക്ത യുവജന പ്രചാരണം 3.0 (TFYC 3.0)" ആരംഭിക്കും. പുകയില മുക്ത തലമുറ എന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ദേശീയ പ്രചാരണം.

പുകയില ഉപയോഗം  പൊതുജനാരോഗ്യത്തിന്  ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ഇന്ത്യയിൽ പ്രതിവർഷം 13 ലക്ഷത്തിലധികം പേരുടെ മരണത്തിന് ഇത് ഹേതുവാകുന്നു. 13–15 വയസ്സ് പ്രായമുള്ള വിദ്യാർത്ഥികളിൽ 8.4% പേർ നിലവിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആരംഭിക്കുന്നതിന്റെ ശരാശരി  പ്രായം 10 വയസ്സ് മാത്രമാണെന്നും ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ (GYTS-2019) റിപ്പോർട്ട് ചെയ്തു. യുവാക്കൾ  പുകയില ഉപയോഗത്തിൽ പെട്ടുപോകാനുള്ള സാധ്യത  തിരിച്ചറിഞ്ഞുകൊണ്ട്, സുസ്ഥിരമായ അവബോധം, പ്രതിരോധം, നിർവ്വഹണ നടപടികൾ എന്നിവയിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ ഒരു സമീപനം സ്വീകരിച്ചിട്ടുണ്ട്.

പുകയില ഉപയോഗം തടയുന്നതിന് കുട്ടികളെയും യുവാക്കളെയും ബോധവൽക്കരിക്കാനും ശാക്തീകരിക്കാനും, പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കാനും, സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശക്തമായ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കാനും 60 ദിവസത്തെ ഈ  ദേശീയ കാമ്പയിൻ (TFYC 3.0) ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പുകയില മുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (ToFEI) നടപ്പിലാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കാനും പുകയിലയുടെയും മറ്റ് തരത്തിലുള്ള ലഹരിവസ്തുക്കളുടെയും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും TFYC 3.0 പ്രേരിപ്പിക്കുന്നു.

 

പ്രധാന പ്രവർത്തനങ്ങളിൽ  ഉൾപ്പെടുന്നവ :


* വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില മുക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനാ നടപടികൾ.


* പുകയിലയുടെയും മറ്റ് തരത്തിലുള്ള ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂൾ മേധാവികൾ, എൻഎസ്എസ്/  എൻസിസി വോളണ്ടിയർമാർ, അധ്യാപകർ എന്നിവർക്കായി നൈപുണ്യ വികസന ശിൽപശാലകൾ.


* പുകയിലയും മറ്റ്  ലഹരിവസ്തുക്കളു൦  ഉപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും പിന്തുണാ സംവിധാനങ്ങളും.


* സ്കൂളുകൾ/ കോളേജുകൾ/ സർവകലാശാലകൾ/ തൊഴിൽ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 യാർഡ് സ്ഥലം പുകയില വിമുക്ത മേഖലകളായി  അടയാളപ്പെടുത്തുന്നതിന് സാമൂഹിക  പ്രചാരണങ്ങൾ  ആരംഭിക്കുക.


* നൂതനമായ അവബോധ പ്രചാരണങ്ങൾക്കായുള്ള മത്സരങ്ങളും ToFEI-മാനദണ്ഡങ്ങൾ പാലിക്കുന്ന  സ്‌കൂളുകൾ/ /സർവകലാശാലകൾ/ തൊഴിൽ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള  അംഗീകാരവും.

* MyGoV  പ്ലാറ്റ്‌ഫോമിൽ വിദ്യാഭ്യാസ വീഡിയോകളുടെ പ്രചാരണവും ലോക പുകയില വിരുദ്ധ ദിന ക്വിസ്, 'പുകയില വിരുദ്ധ തലമുറയിലേക്ക്: സ്‌കൂൾ ചലഞ്ച്: ' തുടങ്ങിയ സംരംഭങ്ങളിൽ പങ്കാളിത്തവും.

യുവാക്കൾക്കിടയിൽ പുകയില രഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് സർക്കാരിന്റെ 'വിക്സിത ഭാരത്@2047' എന്ന ദർശനവുമായി ചേർന്നുപോകുന്നു. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ആരോഗ്യമുള്ളതും, നല്ല അറിവുള്ളതും, ശാക്തീകരിക്കപ്പെട്ടതുമായ  യുവജനത  അത്യാവശ്യമാണ്. ഇന്ത്യയുടെ കൂട്ടായ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കുമുള്ള യാത്രയെ നയിക്കാൻ ശേഷിയുള്ള, അക്കാദമിക കഴിവുകൾക്ക് പുറമേ,  മാനസികമായും ശാരീരികമായും ശക്തരായ യുവാക്കളെ വളർത്തിയെടുക്കാനും ഈ പ്രചാരണത്തിലൂടെ സർക്കാർ ആഗ്രഹിക്കുന്നു.

****


(Release ID: 2176452) Visitor Counter : 7
Read this release in: English , Urdu , Hindi , Kannada