തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബീഹാർ തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI,ELECTION COMMISSION OF INDIA) പുറപ്പെടുവിച്ചു.
Posted On:
08 OCT 2025 11:57AM by PIB Thiruvananthpuram
1. 2025 ഒക്ടോബർ 6 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള സമയക്രമം പ്രഖ്യാപിച്ചു.
2. ഈ പ്രഖ്യാപനത്തോടെ, സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം (MCC,Model Code of Conduct) ഉടൻ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് ബിഹാർ ചീഫ് സെക്രട്ടറിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും ഇസിഐ നിർദ്ദേശങ്ങൾ നൽകി. ബിഹാറിനായുള്ള പ്രഖ്യാപനങ്ങൾ/നയ തീരുമാനങ്ങൾ എന്നിവയുടെ കാര്യത്തിൽ എംസിസി കേന്ദ്ര സർക്കാരിനും ബാധകമായിരിക്കും.
3. സർക്കാർ, പൊതു, സ്വകാര്യ സ്വത്തുക്കൾ പോസ്റ്ററുകളോ, ചുവരെഴുത്തുകളോ മറ്റോ കൊണ്ട് വികൃതമാക്കുക, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി, സ്ഥാനാർത്ഥി അല്ലെങ്കിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തി ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസ്ഥലമോ ദുരുപയോഗം ചെയ്യുക, പൊതു ഖജനാവിന്റെ ചെലവിൽ പരസ്യം നൽകുക തുടങ്ങിയവ
തടയുക എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
4. സ്വകാര്യ വസതികൾക്ക് പുറത്ത് പ്രകടനങ്ങളോ പിക്കറ്റിംഗുകളോ നടത്താതെ, പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. ഉടമയുടെ സമ്മതമില്ലാതെ ഭൂമി, കെട്ടിടങ്ങൾ, മതിലുകൾ എന്നിവ പതാകകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവയ്ക്കായി ഉപയോഗിക്കാൻ പാടില്ല.
5. 1 9 5 0 എന്ന കോൾ സെന്റർ നമ്പർ ഉൾപ്പെടെയുള്ള ഒരു പരാതി നിരീക്ഷണ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്, അതിൽ പൊതുജനങ്ങൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ബന്ധപ്പെട്ട DEO/RO-ക്ക് പരാതി നൽകാം. ഈ സംവിധാനം ഇപ്പോൾ 24X7 എന്ന രീതിയിൽ പ്രവർത്തിക്കുന്നു.
6. ECINET-ലെ C-Vigil ആപ്പ് ഉപയോഗിച്ച് പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും MCC നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം 824 ഫ്ലൈയിംഗ് സ്ക്വാഡുകൾ വിന്യസിച്ചിട്ടുണ്ട്.
7. രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾക്കും ജാഥകൾക്കും മറ്റുമായുള്ള ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും സാധ്യമാക്കുന്നതിനും, നിരോധന ഉത്തരവുകൾ പാലിക്കുന്നതിനും, ഉച്ചഭാഷിണികൾക്കോ മറ്റ് സൗകര്യങ്ങൾക്കോ ആവശ്യമായ അനുമതികൾ നേടുന്നതിനും, പ്രസ്തുത പരിപാടികൾ സംബന്ധിച്ച വിവരം മുൻകൂട്ടി പോലീസ് അധികാരികളെ അറിയിക്കേണ്ടതുണ്ട്.
8. മന്ത്രിമാർ ഔദ്യോഗിക ചുമതലകൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സംയോജിപ്പിക്കുകയോ സർക്കാർ സംവിധാനങ്ങൾ, ഗതാഗതം അല്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രചാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യരുത്.
9. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ നിരോധിച്ചതായും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
10. എംസിസി നടപ്പിലാക്കുന്നതിലും എല്ലാ കക്ഷികളോടും തുല്യ പരിഗണന ഉറപ്പാക്കുന്നതിലും ഔദ്യോഗിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അവർ യോഗങ്ങൾ, ഘോഷയാത്രകൾ, പോളിംഗ് ക്രമീകരണങ്ങൾ എന്നിവ ന്യായമായി നിയന്ത്രിക്കുകയും ക്രമസമാധാനം സംരക്ഷിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്തുകയും വേണം.
11. മൈതാനങ്ങൾ, ഹെലിപാഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ എല്ലാ കക്ഷികൾക്കും ഒരേ വ്യവസ്ഥകളിൽ ഒരുപോലെ ലഭ്യമാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ECINET-ൽ SUVIDHA മൊഡ്യൂൾ സജീവമാക്കിയിട്ടുണ്ട്, അവിടെ രാഷ്ട്രീയ പാർട്ടികൾക്ക് അത്തരം പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിനായി അപേക്ഷിക്കാം. അവ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ അനുവദിക്കണം.
***
NK
(Release ID: 2176274)
Visitor Counter : 14