യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന്‍റെ 150-ാം ജന്മവാർഷികത്തിൽ ,'സർദാർ @150' ഏകതാ യാത്രയ്ക്ക് തുടക്കം കുറിച്ചു
Posted On:
06 OCT 2025 5:23PM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും കേന്ദ്ര സഹമന്ത്രി ശ്രീമതി രക്ഷാ ഖഡ്‌സെയും ചേർന്ന് ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്‍റെ വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യത്തെ അനുസ്മരിക്കാൻ 'മൈ ഭാരതി'ന്‍റെ ബാനറിൽ രാജ്യവ്യാപക കാമ്പെയ്‌നായ 'സർദാർ@150' ഏകതാ യാത്രയ്ക്ക് തുടക്കം കുറിച്ചു. രാജ്യത്തെ യുവാക്കളിൽ ഐക്യം, ദേശസ്‌നേഹം, പൗരത്വ ബോധം, ഉത്തരവാദിത്തം എന്നിവ ഊട്ടിയുറപ്പിക്കാനും ഇന്ത്യയുടെ ഏകീകരണത്തിന് സർദാർ പട്ടേലിന്‍റെ പാരമ്പര്യത്തെ ആദരിക്കാനും 'ഏക് ഭാരത്,ആത്മനിർഭർ ഭാരത്' എന്നീ ആശയങ്ങൾ ദൈനംദിന ജീവിതത്തിൽ ആവിഷ്കരിക്കാനും ലക്ഷ്യമിട്ടാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ചത് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ ഭാഗിദാരി എന്ന കാഴ്ചപ്പാടിന്‍റെ ചുവടുപിടിച്ച് , മൈ ഭാരത് മുഖേന യുവജനകാര്യ, കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് പദയാത്രകൾ രാജ്യത്തെ യുവാക്കളിൽ ദേശീയബോധം വളർത്തുകയും, ഐക്യബോധം ശക്തിപ്പെടുത്തുകയും,പൗരപ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക സംരംഭങ്ങളാണ്. സർദാർ@150 ഏകതാ യാത്രയും ഈ സമഗ്ര ദർശനത്തിന്‍റെ ഭാഗമായാണ് ആവിഷ്കരിച്ചിട്ടുള്ളത്. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ യുവാക്കളുടെ, പ്രത്യേകിച്ച് അമൃത് തലമുറയുടെ നിർണായക പങ്കിനെ ഈ കാമ്പെയ്ൻ അടിവരയിടുന്നു.കൂടാതെ ഇന്ത്യയുടെ മഹത്തായ നേതാക്കളുടെ കാലാതീത സംഭാവനകളെയും ആദരിക്കപ്പെടുന്നു.

'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന്‍റെ 150-ാം ജന്മവാർഷികമാണ് 2025ല്‍ ആഘോഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ, രാജ്യത്തിന് സർദാർ പട്ടേൽ നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കാൻ 2024 മുതൽ 2026 വരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ , ഡോ. മാണ്ഡവ്യ പറഞ്ഞു; 'സർദാർ @150 ഏകതാ പദയാത്ര വെറുമൊരു അനുസ്മരണമല്ല, മറിച്ച് യുവാക്കളെ രാഷ്ട്രനിർമ്മാണത്തിന്‍റെ ഭാഗമാക്കുന്നതിനും വികസിത- സ്വയംപര്യാപ്ത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ദേശീയ പ്രസ്ഥാനമാണ് '.സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രത്യയശാസ്ത്രവും ചൈതന്യവും ജീവിതത്തിൽ ഉൾക്കൊള്ളാൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.'യുവത്വത്തിനുവേണ്ടി യുവത' സംഘടിപ്പിക്കുന്ന സർദാർ @150 ഏകതാ പദയാത്രയ്ക്ക് എൻഎസ്‌എസിലെയും എം വൈ ഭാരതിലെയും യുവ വളണ്ടിയർമാരുടെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പൂർത്തിയായെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സർദാർ പട്ടേൽ മാതൃകയാക്കിയ നിസ്വാർത്ഥ സേവനം, ഐക്യം,രാഷ്ട്രനിർമ്മാണ ആദർശങ്ങൾ എന്നിവ ഉൾക്കൊണ്ടുകൊണ്ട് എല്ലാ മേഖലകളിലും നേതൃത്വം വഹിക്കാൻ കേന്ദ്രമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. 560-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിച്ചുചേർത്ത് ശക്തവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിൽ സർദാർ പട്ടേലിന്‍റെ പങ്ക് നിസ്തുലമായിരുന്നെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്നത്തെ യുവാക്കൾ ഈ പദയാത്രയിലൂടെ "ഏക ഭാരതം ശ്രേഷ്ഠ ഭാരതം" എന്ന സന്ദേശം മുറുകെപ്പിടിച്ച് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേലിന്‍റെ 150-ാം ജന്മവാർഷിക വേളയിൽ, ഓരോ യുവ ഭാരതീയനും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശക്തവും സ്വാശ്രയവുമായ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചടങ്ങിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, യുവജനകാര്യ ഡയറക്ടർ ശ്രീമതി വന്ദിത പാണ്ഡെ, പ്രചാരണത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക്കുകയും പരമാവധി പങ്കാളിത്തം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതലം മുതൽ ദേശീയതലം വരെ ഓരോ ഘട്ടത്തിലും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു.
ഘട്ടം I: ഡിജിറ്റൽ ഘട്ടം:
2025 ഒക്ടോബർ 6 ന് ആരംഭിച്ച സർദാർ@150 ഏകതാ പദയാത്രയുടെ ഡിജിറ്റൽ ഘട്ടം സോഷ്യൽ മീഡിയ റീൽ മത്സരങ്ങൾ, ഉപന്യാസ രചന, 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്കായി സർദാർ @150 യംഗ് ലീഡേഴ്‌സ് പ്രോഗ്രാം ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളോടെയാണ് ആരംഭിച്ചത് . രാജ്യത്തുടനീളമുള്ള യുവാക്കളെ ഉൾപ്പെടുത്തുന്നതിനും തുടർന്നുള്ള പദയാത്രകൾക്ക് ആക്കം കൂട്ടുന്നതിനും ഈ ഘട്ടം ലക്ഷ്യമിടുന്നു. മാർഗ്ഗനിർദ്ദേശങ്ങളും രജിസ്ട്രേഷൻ വിശദാംശങ്ങളും മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഈ മത്സരങ്ങളിലെ മികച്ച വിജയികളെ ദേശീയ പദയാത്ര ആരംഭിക്കുന്നതിന് മുൻപ്, അതായത് നവംബർ 26 ന് പ്രഖ്യാപിക്കും.
രണ്ടാം ഘട്ടം: ജില്ലാതല പദയാത്രകൾ;
2025 ഒക്ടോബർ 31 മുതൽ നവംബർ 25 വരെ നടക്കുന്ന ജില്ലാതല പദയാത്രകളായിരിക്കും പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം. രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും തുടർച്ചയായി മൂന്ന് ദിവസം ഈ പദയാത്രകൾ സംഘടിപ്പിക്കും. ദിവസവും 8-10 കിലോമീറ്റർ നടത്തം കൂടാതെ സംസ്ഥാനത്തെ മന്ത്രിമാരും ഓരോ പാർലമെന്‍റ് മണ്ഡലത്തിലെയും ലോക്‌സഭ- രാജ്യസഭാ അംഗങ്ങളും നയിക്കുന്ന ഈ പദയാത്രകൾ തെരുവുകളിൽ യഥാർത്ഥ "മിനി ഭാരതത്തെ" പ്രതിഫലിപ്പിക്കും.പ്രാദേശിക സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്പന്നത പ്രദർശിപ്പിക്കുക വഴി,ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന കാഴ്ചപ്പാടിനെ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം .
ഈ പദയാത്രകൾക്ക് മുന്നോടിയായി, ആരോഗ്യ ക്യാമ്പുകൾ, സ്വച്ഛതാ ഡ്രൈവുകൾ, സർദാർ പട്ടേലിന്‍റെ ജീവിതത്തെയും ദർശനത്തെയും കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഐക്യത്തെയും രാഷ്ട്രനിർമ്മാണത്തെയും കുറിച്ചുള്ള യുവജനചർച്ചകൾ, ലഹരി രഹിത ഇന്ത്യയ്‌ക്കായുള്ള സമൂഹ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എം.വൈ. ഭാരത്, എൻ.എസ്.എസ്, എൻ.സി.സി എന്നിവയിൽ നിന്നുള്ള വളണ്ടിയർമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും . വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ , കായികതാരങ്ങൾ, പ്രമുഖ പണ്ഡിതർ എന്നിവരെ ജില്ലാ തലത്തിൽ ഈ സംരംഭത്തിന്‍റെ ഭാഗമാക്കും.
പദയാത്രാ ദിവസങ്ങളിൽ, പങ്കെടുക്കുന്നവർ സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമകൾക്കും ഛായാചിത്രങ്ങൾക്കും മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ആത്മനിർഭർ ഭാരത് പ്രതിജ്ഞയെടുക്കുകയും ചെയ്യും. ഏക് ഭാരത്, ആത്മനിർഭർ ഭാരത് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. തുടർന്ന് പങ്കാളിത്ത സർട്ടിഫിക്കറ്റുകളുടെ വിതരണവും നടക്കും. കൂടാതെ, മോദി സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടുന്ന ബോധവൽക്കരണ സ്റ്റാളുകളും പദയാത്രയുടെ ഭാഗമായി ഒരുക്കും.
മൂന്നാം ഘട്ടം: ദേശീയ തല പദയാത്രകൾ:
ദേശീയതല പദയാത്ര ഭരണഘടനാദിനമായ 2025 നവംബർ 26 ന്, ആരംഭിച്ച് 2025 ഡിസംബർ 6 ന് അവസാനിക്കും. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മസ്ഥലമായ കരംസാദിൽ നിന്ന് ആരംഭിച്ച് കെവാഡിയയിലെ ഏകതാ പ്രതിമയിൽ അവസാനിക്കുന്ന ഈ ചരിത്ര പദയാത്രയ്ക്ക് 152 കിലോമീറ്റർ ദൈർഘ്യമുണ്ട്. കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഈ പദയാത്രയിൽ അണിചേരും.
പരിപാടിയുടെ മുന്നൊരുക്കമെന്നവിധത്തിൽ, മൈ ഭാരത് വളണ്ടിയർമാരുടെയും എൻഎസ്‌എസ് വളണ്ടിയർമാരുടെയും എൻസിസി കേഡറ്റുകളുടെയും യുവ നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ റൂട്ടിലെ എല്ലാ ഗ്രാമങ്ങളിലും സാമൂഹിക വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സർദാർ @150 യംഗ് ലീഡേഴ്‌സ് പ്രോഗ്രാം ക്വിസിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 150 മികച്ച യുവ നേതാക്കളുടെ ഒരു സംഘം, രാഷ്ട്രനിർമ്മാണത്തിൽ യുവ നേതൃത്വത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്‌ക്കൊപ്പം പദയാത്ര നടത്തും. ഓരോ പദയാത്രാ ദിനത്തിന്‍റെയും അവസാനം, സർദാർ ഗാഥാ സെഷനുകൾ സംഘടിപ്പിക്കും.അവിടെ പ്രമുഖ പണ്ഡിതന്മാർ പട്ടേലിന്‍റെ ജീവിതത്തിലെ പ്രചോദനാത്മകമായ സംഭവങ്ങൾ വിവരിച്ചുകൊണ്ട് ഇന്ത്യയെ ഏകീകരിക്കുന്നതിൽ അദ്ദേഹത്തിന്‍റെ നിസ്തുല പങ്കിനെ എടുത്തുകാണിക്കും.
രജിസ്ട്രേഷന്‍റെയും എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ 'സർദാർ @150 - യൂണിറ്റി മാർച്ച്' എന്ന മൈ ഭാരത് പോർട്ടലിൽ ലഭ്യമാണ്. രാജ്യവ്യാപകമായി യുവാക്കൾ ഇതിൽ രജിസ്റ്റർ ചെയ്യാനും ഈ ചരിത്രപരമായ കാമ്പെയ്‌നിൽ സജീവമായി പങ്കെടുക്കാനും മുന്നോട്ടുവരണം. ഇത് അവരുടെ ദൈനംദിന ജീവിതത്തിലും ഉത്തരവാദിത്തങ്ങളിലും ഏക ഭാരതം, ആത്മനിർഭർ ഭാരതം എന്നീ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ സഹായിക്കും.
******************************
(Release ID: 2175610)
Visitor Counter : 5