രാജ്യരക്ഷാ മന്ത്രാലയം
രാജ്യരക്ഷാ മന്ത്രി ‘രാജ്യത്തെ പ്രതിരോധ നിർമ്മാണത്തിലെ അവസരങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും
Posted On:
06 OCT 2025 12:01PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2025 ഒക്ടോബർ 7-ന് ‘രാജ്യത്തെ പ്രതിരോധ നിർമ്മാണത്തിലെ അവസരങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല സമ്മേളനം രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉൽപാദന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനം, പ്രതിരോധ മന്ത്രാലയവും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രീകൃത വേദിയാകും. പ്രതിരോധ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ദേശീയ ലക്ഷ്യവുമായി പ്രാദേശിക വ്യാവസായിക നയങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തെയും സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കുള്ള അനുമതി നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ ‘ഡിഫെൻസ് എക്‌സിം പോർട്ടൽ’, ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ ശേഷിയും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ ഡിജിറ്റൽ കലവറയായ ശ്രിജൻ ദീപ് (പ്രതിരോധ സ്ഥാപനങ്ങളും സംരംഭക പ്ലാറ്റ്‌ഫോമും) പോർട്ടൽ എന്നിവ ചടങ്ങിൽ രാജ്യരക്ഷാ മന്ത്രി ഉദ്ഘാടനം ചെയ്യും. 'സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബഹിരാകാശ, പ്രതിരോധ മേഖല നയ സംഗ്രഹം', 'നൂതനാശയത്തിന്റെ പൊതു ചക്രവാളങ്ങൾ' എന്ന ഐഡെക്‌സ് കോഫി ടേബിൾ പുസ്തകം എന്നീ പ്രസിദ്ധീകരണങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.
ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ ആവാസവ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യവസായ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് അവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. തദ്ദേശീയവൽക്കരണം, പ്രതിരോധ കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയതലത്തിലെ പ്രവർത്തനങ്ങളെയും ഈ പരിപാടി ഉയർത്തിക്കാട്ടും.
*****
(Release ID: 2175311)
Visitor Counter : 7