ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
34 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമുടനീളമുള്ള മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും നയരൂപീകരണ വിദഗ്ധരുമായി ബന്ധിപ്പിച്ച് സമഗ്ര സമ്പർക്കം
Posted On:
04 OCT 2025 1:17PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ് വകുപ്പും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയവും 2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ സംഘടിപ്പിച്ച രാജ്യവ്യാപകമായ വെർച്വൽ സംവാദ സമ്പർക്ക പരമ്പരയിൽ 34 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 15,000-ത്തിലധികം മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും പങ്കെടുത്തു. കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖിയുടെ നേതൃത്വത്തിൽ, പങ്കാളികൾക്ക് അവരുടെ ആശങ്കകളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രത്യക്ഷ മാർഗം ഈ സംരംഭം വാഗ്ദാനം ചെയ്തു.
മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യബന്ധന സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, മത്സ്യബന്ധന കർഷക ഉത്പാദക സംഘടനകൾ, നവസംരംഭങ്ങൾ (സ്റ്റാർട്ടപ്പുകൾ), ഫീഷറീസ് വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകൾ, ഐകാർ സ്ഥാപനങ്ങൾ, ദേശീയ മത്സ്യബന്ധന വികസന ബോർഡ്, സംസ്ഥാന/കേന്ദ്രഭരണപ്രദേശ മത്സ്യബന്ധന വകുപ്പുകൾ എന്നിവ 2025 ഏപ്രിൽ 2 മുതൽ സെപ്റ്റംബർ 30 വരെ ആറ് മാസക്കാലം നീണ്ടുനിന്ന സമഗ്രചർച്ചകൾക്കായി ഈ സെഷനുകളിൽ പങ്കെടുത്തു.
നിലവിലെ വെല്ലുവിളികൾ തിരിച്ചറിയാൻ മാത്രമല്ല, മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയ്ക്കുള്ള ഭാവി നയ ഇടപെടലുകൾ, അടിസ്ഥാന സൗകര്യ ആസൂത്രണം, ലക്ഷ്യബോധമുള്ള പിന്തുണാ ക്ഷേമ നടപടികൾ എന്നിവ രൂപപ്പെടുത്തുന്നതിനുള്ള പ്രതികരണം ശേഖരിക്കാനും ഈ പ്രക്രിയ സഹായകരമായി. തങ്ങൾ നേരിടുന്ന വെല്ലുവിളികൾ പങ്കുവെക്കവെ, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ), പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്-യോജന (പി.എം-എം.കെ.എസ്.എസ്.വൈ), മത്സ്യബന്ധന, മത്സ്യകൃഷി അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഫ്.ഐ.ഡി.എഫ്), ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി (ജി.എ.ഐ.എസ്), നീല വിപ്ലവം, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ സർക്കാർ നൽകിയ പിന്തുണയ്ക്ക് മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും നന്ദി അറിയിച്ചു.
സംവാദ പങ്കാളികളിൽ നിന്നുള്ള പ്രധാന പ്രതികരണങ്ങൾ:
ഗുണനിലവാരമുള്ള മത്സ്യവിത്ത്, ബ്രൂഡ് ബാങ്കുകൾ, താങ്ങാനാവുന്ന വിലയുള്ള തീറ്റ, പ്രാദേശിക തീറ്റ മില്ലുകൾ എന്നിവയുടെ പ്രാധാന്യം മത്സ്യത്തൊഴിലാളികളും മത്സ്യകർഷകരും പരസ്പര സംവാദത്തിനിടെ ഊന്നിപ്പറഞ്ഞു. ഗതാഗതം, കൂടുകളിൽ വളർത്തൽ, മിനി ഹാച്ചറികൾ, ഐസ് ബോക്‌സുകൾ, പോളി ഷീറ്റുകൾ, കോൾഡ് സ്റ്റോറേജ്, സൗരോർജ്ജ സംയോജനമുൾപ്പെടെ മത്സ്യകൃഷിക്കുള്ള പിന്തുണ തുടങ്ങിയ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും പങ്കാളികൾ എടുത്തുപറഞ്ഞു.
കൂടാതെ, വിപണി വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി തത്സമയ മത്സ്യ ഗതാഗതത്തിനായുള്ള ഡ്രോണുകൾ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമുള്ള ഉപഗ്രഹ ആപ്ലിക്കേഷനുകൾ, സാധ്യതയുള്ള മത്സ്യബന്ധന മേഖലാ ഉപദേശങ്ങൾ എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ സ്വീകരിക്കേണ്ടതിനെ പങ്കാളികൾ എടുത്തുപറഞ്ഞു. തങ്ങളുടെ മത്സ്യബന്ധന യാനങ്ങളിൽ സൗജന്യമായി ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുത്തതിനെ, മത്സ്യത്തൊഴിലാളികൾ ആശയവിനിമയത്തിനിടെ അഭിനന്ദിച്ചു. മത്സ്യബന്ധന മേഖലയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റിനെക്കുറിച്ചുള്ള സമകാലികവിവരങ്ങൾ എന്നിവ യഥാസമയം നൽകുന്നതിലും സുരക്ഷിതമായ വഴികളിലേക്ക് അവരെ നയിക്കുന്നതിലും ഈ ട്രാൻസ്പോണ്ടറുകൾ നിർണായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖകൾ അബദ്ധവശാൽ കടക്കുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുന്നതിൽ ട്രാൻസ്പോണ്ടറുകൾ സഹായകരമാണെന്നതും മത്സ്യത്തൊഴിലാളികൾ എടുത്തുപറഞ്ഞു.
മൂല്യ ശൃംഖലകൾ ഊർജ്ജിതമാക്കാനും വില തിരിച്ചറിവ് മെച്ചപ്പെടുത്തുന്നതിനുമായി സമർപ്പിത മത്സ്യ വിപണികൾ, കിയോസ്‌ക്കുകൾ, ആധുനിക മത്സ്യ സംസ്‌കരണ പ്ലാൻ്റുകൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വിപണന രംഗത്ത് പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
സുപ്രധാന പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ) കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, മുത്ത് കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഇതര ഉപജീവനമാർഗങ്ങൾക്കുള്ള പിന്തുണക്കായി കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അവർ നിർദ്ദേശിച്ചു. സാങ്കേതിക പരിജ്ഞാനം, ഫാം മാനേജ്‌മെൻ്റ് രീതികൾ, രോഗ നിയന്ത്രണ നടപടികൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് പതിവായി ശേഷി വർധന, പരിശീലന പരിപാടികൾ എന്നിവയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. കൂടാതെ, ജല ഗുണനിലവാര പരിശോധനാ ലബോറട്ടറികൾക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടുള്ള, ജലാരോഗ്യ നിയന്ത്രണ സംവിധാനത്തിൻ്റെയും രോഗ നിയന്ത്രണത്തിൻ്റെയും പ്രാധാന്യവും അവർ എടുത്തുകാട്ടി.
മൊബൈൽ അധിഷ്ഠിത വീഡിയോ കോൺഫറൻസിങ് മാതൃകയിലുള്ള സംവാദം, വീടുകളിൽ ഇരുന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടാൻ അതിൽ പങ്കടുത്തവരെ സഹായിച്ചു. ഈ കൂടിയാലോചനകളുടെ പ്രാധാന്യം എടുത്തുപറയവെ, പ്രതികരണ സെഷനുകൾ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും നയരൂപകർക്കും ഇടയിൽ ഒരു സുപ്രധാനസേതു തന്നെ സൃഷ്ടിച്ചതായി ഡോ. അഭിലക്ഷ് ലിഖി നിരീക്ഷിച്ചു.
''ലഭ്യമായ ഉൾക്കാഴ്ചകൾ ഞങ്ങളുടെ ഇടപെടലുകളെ നയിക്കുകയും മത്സ്യബന്ധന വകുപ്പിൻ്റെ അഞ്ച് വർഷത്തെ രൂപരേഖയ്ക്കും വികസിത ഭാരതം 2047 ദർശനത്തിനും അനുസൃതമായി മേഖലയിലെ വളർച്ച എല്ലാവരെയും ഉൾച്ചേർക്കുന്നതും സുസ്ഥിരവും കർഷക കേന്ദ്രീകൃതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും'', അദ്ദേഹം പറഞ്ഞു.

*******************
(Release ID: 2174819)
Visitor Counter : 8