റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസകളിൽ ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഉപയോക്തൃ ഫീസ് ശേഖരണ നിയമം വരുന്നു
2025ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) (മൂന്നാം ഭേദഗതി) നിയമങ്ങൾ, 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും
Posted On:
04 OCT 2025 2:56PM by PIB Thiruvananthpuram
ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി ദേശീയ പാതകളിലെ ഉപയോക്തൃ ഫീസ് പ്ലാസകളിൽ പണമിടപാടുകൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. പുതിയ നിയമപ്രകാരം സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫീസ് പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഫീസ് പണമായി അടച്ചാൽ ബാധകമായ ഉപയോക്തൃ ഫീസിൻ്റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാൽ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹന വിഭാഗത്തിനുള്ള ബാധകമായ ഉപയോക്തൃ ഫീസിൻ്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കൂ. ഉദാഹരണത്തിന് ഒരു വാഹനത്തിന് സാധുവായ ഫാസ്റ്റ് ടാഗ് വഴി 100 രൂപ ഉപയോക്തൃ ഫീസ് നൽകേണ്ടതുണ്ടെങ്കിൽ പണമായി അടച്ചാൽ 200 രൂപയും UPI വഴി അടച്ചാൽ 125 രൂപയും ആയിരിക്കും ഫീസ്. ഫീസ് ശേഖരണ പ്രക്രിയ ശക്തിപ്പെടുത്തുക, ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കുക, ദേശീയപാതയിലൂടെയുള്ള ഉപയോക്താക്കളുടെ യാത്രാ സുഗമമാക്കുക എന്നിവയാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. 2025 നവംബർ 15 മുതൽ ഈ വിജ്ഞാപനം പ്രാബല്യത്തിൽ വരും.
2008 ലെ ദേശീയ പാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളിലെ ഏറ്റവും പുതിയ ഭേദഗതി, കാര്യക്ഷമമായ ടോൾ പിരിവിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പുതുക്കിയ നിയമങ്ങൾ ഡിജിറ്റൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്രവർത്തനങ്ങളിൽ സുതാര്യത വർദ്ധിപ്പിക്കുകയും ദേശീയ പാതകളിലെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
******************
(Release ID: 2174796)
Visitor Counter : 20