ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

18 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളോടെ 'സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാന്' സമാപനം

രാജ്യവ്യാപകമായി 10 കോടിയോളം പൗരന്മാരുടെ വൻപങ്കാളിത്തം രേഖപ്പെടുത്തി; 6.5 കോടിയിലധികം സ്ത്രീകൾക്ക് പ്രയോജനകരമായി

Posted On: 03 OCT 2025 7:55PM by PIB Thiruvananthpuram

2025 സെപ്റ്റംബർ 17 മുതൽ 2025 ഒക്ടോബർ 2 വരെ സംഘടിപ്പിച്ച 'സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാൻ' ('ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ കുടുംബം' പ്രചരണ പരിപാടി) ഇന്ത്യയിലുടനീളം വ്യാപക ജനപങ്കാളിത്തത്തോടെ സമാപിച്ചു. സമഗ്ര ആരോഗ്യ സേവനങ്ങളിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രയോജനം ലഭ്യമായി.



2025 ഒക്ടോബർ രണ്ട് അവസാനത്തോടെ, രോഗപരിശോധനയും പ്രത്യേക വിദഗ്ധ ക്യാമ്പുകളും ഉൾപ്പെടെ ഈ പദ്ധതി പ്രകാരം 18 ലക്ഷത്തിലധികം (18,08,071) ആരോഗ്യ ക്യാമ്പുകൾ നടന്നു. രാജ്യവ്യാപകമായി ഏകദേശം 10 കോടി പൗരന്മാർ (9,85,63,619) ഇതിൽ പങ്കെടുക്കുകയും 6.5 കോടിയിലധികം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു.



അഭിയാൻ്റെ പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:

* രക്തസമ്മർദ്ദവും പ്രമേഹ പരിശോധനയും: 1.78 കോടിയിലധികം പൗരന്മാരുടെ രക്തസമ്മർദ്ദവും 1.72 കോടി ആളുകളുടെ പ്രമേഹനിലയും പരിശോധിച്ചു.

*  അർബുദ പരിശോധന: 37 ലക്ഷത്തിലധികം സ്ത്രീകളെ സ്തനാർബുദത്തിൻ്റെയും 19 ലക്ഷത്തിലധികം സ്ത്രീകളെ ഗർഭാശയമുഖാർബുദത്തിൻ്റെയും നിർണയത്തിനായി പരിശോധിച്ചു. 69 ലക്ഷത്തിലധികം ആളുകളെ വായിലെ അർബുദം തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കി.

*  മാതൃ-ശിശു ആരോഗ്യം: 62.60 ലക്ഷത്തിലധികം ഗർഭകാല പരിശോധനകൾ നടത്തി, 1.43 കോടിയിലധികം കുട്ടികൾക്ക് ജീവൻ രക്ഷാ വാക്‌സിനുകൾ ലഭ്യമാക്കി.

*  വിളർച്ചയും പോഷകാഹാരവും: 1.51 കോടിയിലധികം പേരിൽ വിളർച്ചാ (അനീമിയ) പരിശോധന നടത്തി. പോഷകാഹാര ബോധവത്കരണ സെഷനുകൾ 1.16 കോടിയിലധികം ആളുകളിലേക്ക് എത്തിച്ചേർന്നു.

*  ക്ഷയവും അരിവാൾകോശ രോഗവും നിർണയിക്കൽ: 85 ലക്ഷത്തിലധികം പൗരന്മാരെ ക്ഷയരോഗവും 10.23 ലക്ഷം പേരെ അരിവാൾകോശ രോഗവും തിരിച്ചറിയുന്നതിനായി പരിശോധിച്ചു. 10.69 ലക്ഷം നി-ക്ഷയ് മിത്രങ്ങളെ രജിസ്റ്റർ ചെയ്തു.

*  രക്തദാനവും പിഎം-ജെഎവൈയും: 4.30 ലക്ഷത്തിലധികം രക്തദാതാക്കളെ രജിസ്റ്റർ ചെയ്തു, കൂടാതെ 10.69 ലക്ഷത്തിലധികം ആയുഷ്മാൻ/പിഎം-ജെഎവൈ കാർഡുകളും വിതരണം ചെയ്തു.



എൻഎച്ച്എം ആരോഗ്യ ക്യാമ്പുകളുടെ വിപുലമായ ശൃംഖലയ്ക്ക് പുറമേ, എയിംസ്, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ (ഐ.എൻ.ഐകൾ), തൃതീയ പരിചരണ ആശുപത്രികൾ, ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ, മെഡിക്കൽ കോളേജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും ഈ ദേശീയ യജ്ഞത്തിൻ്റെ നിർവഹണത്തിൽ മുൻനിരയിലാണ്. ഗുണഭോക്താക്കൾക്ക് വിപുലമായ രോഗപരിശോധന, രോഗ നിർണയം, കൗൺസിലിങ്, ചികിത്സാ സേവനങ്ങൾ എന്നിവ നൽകിക്കൊണ്ട് ആയിരക്കണക്കിന് പ്രത്യേക വിദഗ്ധ ക്യാമ്പുകൾക്ക് ഈ സ്ഥാപനങ്ങൾ ആതിഥേയത്വം വഹിച്ചിട്ടുണ്ട്, അതുവഴി സംസ്ഥാന സർക്കാരുകളുടെയും സാമൂഹിക തലത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെയും ശ്രമങ്ങളെ ഇത് പരിപൂർണമാക്കുന്നു.

ഇന്ത്യയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടപ്പാക്കിയ എക്കാലത്തെയും വലിയ ആരോഗ്യ പ്രവർത്തനമാണ് 'സ്വസ്ഥ്  നാരി സശക്ത് പരിവാർ അഭിയാൻ'. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയവും സംയുക്തമായി നയിക്കുന്ന ഈ സംരംഭത്തിൽ ലക്ഷക്കണക്കിന് ആരോഗ്യ ക്യാമ്പുകളാണ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചത്. സമൂഹ തലത്തിൽ സ്ത്രീ കേന്ദ്രീകൃത പ്രതിരോധ, പ്രോത്സാഹന, രോഗശാന്തി ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായാണ് രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ (സിഎച്ച്‌സികൾ), ജില്ലാ ആശുപത്രികൾ, ഇതര സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ക്യാമ്പുകൾ നടത്തിയത്.

അമിതവണ്ണം തടയൽ, മെച്ചപ്പെട്ട പോഷകാഹാരം, സ്വമേധയാ ഉള്ള രക്തദാനം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് സമൂഹങ്ങളെ സജ്ജമാക്കാൻ ഈ പ്രചാരണപരിപാടി സഹായകരമായി.

**************

 


(Release ID: 2174704) Visitor Counter : 4