തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ മലേഷ്യയിലെ ഇന്ത്യൻ പ്രവാസി തൊഴിലാളി സമൂഹവുമായി സംവദിച്ചു.

Posted On: 03 OCT 2025 4:31PM by PIB Thiruvananthpuram

കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് മലേഷ്യയിലെ ഇന്ത്യൻ  പ്രവാസി തൊഴിലാളി സമൂഹവുമായി സംവദിച്ചു. ഇന്ത്യയുടെ വികസന യാത്ര ശക്തിപ്പെടുത്തുന്നതിൽ അവരുടെ ഗണ്യമായ സംഭാവനയെ അദ്ദേഹം അടിവരയിട്ടു, വിക്സിത് ഭാരത് @ 2047 എന്ന ലക്‌ഷ്യം  സാക്ഷാത്കരിക്കുന്നതിൽ വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ പങ്ക്  നിർണായകമെന്ന്  അദ്ദേഹം പറഞ്ഞു .


ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ത്യൻ പ്രവാസി സമൂഹം മലേഷ്യയിലാണ് ഉള്ളതെന്നും 29 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ ഇവിടെ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇന്ത്യൻ സമൂഹം, മലേഷ്യയുടെ പുരോഗതിക്കും ഇന്ത്യ–മലേഷ്യ ബന്ധത്തിനും നിസ്തുല സംഭാവന നൽകിയതായി മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ മന്ത്രി, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ 150-ലധികം ഇന്ത്യൻ കമ്പനികൾ മലേഷ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം , ആരോഗ്യ സംരക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, എണ്ണ, വാതകം, വൈദ്യുതി, ടൂറിസം തുടങ്ങിയ  മേഖലകളിലായി എഴുപതോളം  മലേഷ്യൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീ  മാണ്ഡവ്യ ചൂണ്ടിക്കാട്ടി.


വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ഡോ. മാണ്ഡവ്യ ആവർത്തിച്ച് വ്യക്തമാക്കി. 2024 ഓഗസ്റ്റിൽ മലേഷ്യയുമായി ഒപ്പുവച്ച തൊഴിലാളികളുടെ നിയമനം, തൊഴിൽ, സ്വദേശത്തേക്ക് തിരികെ അയയ്ക്കൽ എന്നിവ സംബന്ധിച്ച  ധാരണാപത്രം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന  നാഴികക്കല്ലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകട മരണം, വൈകല്യം, മെഡിക്കൽ അടിയന്തരാവസ്ഥകൾ, സ്വദേശത്തേക്ക് തിരികെ അയയ്ക്കൽ  എന്നിവയുൾപ്പെടെ വിദേശ ഇന്ത്യൻ തൊഴിലാളികൾക്ക് സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പ്രവാസി ഭാരതീയ ഭീമ യോജനയുടെ നേട്ടം  പ്രയോജനപ്പെടുത്താൻ   അദ്ദേഹം തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

 

****


(Release ID: 2174594) Visitor Counter : 6