റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി

प्रविष्टि तिथि: 03 OCT 2025 1:48PM by PIB Thiruvananthpuram


സുതാര്യത വർധിപ്പിക്കാനും ദേശീയപാത ഉപയോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദേശീയപാതകളില്‍ 'ക്വിക്ക് റെസ്പോൺസ് (ക്യുആര്‍) കോഡ്' അടങ്ങിയ പദ്ധതിവിവര  സൂചനാ ബോർഡുകൾ  ദേശീയപാത അതോറിറ്റി  സ്ഥാപിക്കും. ദേശീയപാതയിലെ യാത്രക്കാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അടിയന്തര സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇതുവഴി ലഭ്യമാകും.

ദേശീയപാത നമ്പർ, ഹൈവേയുടെ ദൂരസൂചിക, പദ്ധതിയുടെ ദൈര്‍ഘ്യം, നിർമാണ/പരിപാലന കാലയളവുകൾ എന്നീ വിവരങ്ങള്‍ക്കു പുറമെ ഹൈവേ പട്രോളിങ്, ടോൾ മാനേജർ, പ്രോജക്ട് മാനേജർ, റെസിഡന്റ് എഞ്ചിനീയർ എന്നിവരെ ബന്ധപ്പെടേണ്ട നമ്പറുകളും അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 1033, എൻഎച്ച്എഐ ഫീൽഡ് ഓഫീസ് നമ്പര്‍ എന്നിവയും ലംബമായി സ്ഥാപിക്കുന്ന ഈ ക്യുആർ കോഡ് സൂചനാ ബോര്‍ഡുകളില്‍ നൽകും. കൂടാതെ സമീപത്തെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങള്‍, പൊലീസ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, ടോൾ പ്ലാസ, ട്രക്കുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം, പഞ്ചർ കടകൾ, വാഹനങ്ങളുടെ സർവീസ് സ്റ്റേഷനുകൾ/ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ബോര്‍ഡില്‍ നൽകും.

ദേശീയപാത ഉപയോക്താക്കളുടെ സൗകര്യത്തിനായി  വഴിയോര സൗകര്യങ്ങൾ, വിശ്രമ സ്ഥലങ്ങൾ, ടോൾ പ്ലാസകൾ, ട്രക്ക് നിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍, ദേശീയപാത തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ സ്ഥലങ്ങള്‍,  മറ്റ് സൂചനാബോര്‍ഡുകള്‍ എന്നിവയുടെ സമീപത്ത് എളുപ്പം കാണുന്ന തരത്തിലാണ് ക്യൂആര്‍ കോഡുകളടങ്ങിയ സൂചനബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.  

ദേശീയപാതകളെക്കുറിച്ച്  പ്രത്യേക വിവരങ്ങൾ നൽകുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും പുറമെ അടിയന്തര സഹായ വിവരങ്ങളും പ്രാദേശിക വിവരങ്ങളും എളുപ്പം ലഭ്യമാക്കി  റോഡ് സുരക്ഷ വർധിപ്പിക്കാനും  ക്യുആർ കോഡ് സൂചനാ ബോർഡുകൾ  സഹായിക്കും. ഒപ്പം രാജ്യത്തെ ദേശീയപാതകളെക്കുറിച്ച് ഉപയോക്താക്കളുടെ അനുഭവവും അവബോധവും മെച്ചപ്പെടുത്തുന്നതിൽ ഇവ വലിയ പങ്കുവഹിക്കും.
 
SKY
 
*****

(रिलीज़ आईडी: 2174447) आगंतुक पटल : 41
इस विज्ञप्ति को इन भाषाओं में पढ़ें: English , Bengali-TR , Urdu , हिन्दी , Assamese , Tamil