ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) ശതാബ്ദി ; ഉപരാഷ്ട്രപതി ആശംസകൾ നേർന്നു, രാഷ്ട്ര നിർമ്മാണത്തിൽ ആർഎസ്എസിന്റെ പങ്കിനെ പ്രശംസിച്ചു
Posted On:
02 OCT 2025 5:49PM by PIB Thiruvananthpuram
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷവേളയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഹാർദ്ദവമായ ആശംസകളും മംഗളങ്ങളും നേർന്നു. ലോകത്തിലെ ഏറ്റവും വലിയ ദേശസ്നേഹ സംഘടന 100 വർഷം പൂർത്തിയാക്കുമ്പോൾ, അതിൻ്റെ ഏറ്റവും മഹത്തായ സംഭാവന മനുഷ്യനെ വാർത്തെടുക്കുന്ന ധാർമ്മികതയാണെന്ന് ഉപരാഷ്ട്രപതി സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. ശക്തവും ഊർജ്ജസ്വലവുമായ സമൂഹത്തിന് അത്യാവശ്യമായ സ്വയം അച്ചടക്കവും ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ ആർഎസ്എസ് വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
1925-ൽ ഡോ.കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ചത് മുതൽ, സ്വഭാവഗുണങ്ങൾ വളർത്താനും സമൂഹത്തെ സ്വമേധയാ സേവിക്കാനും ആർഎസ്എസ് തലമുറകളോളം യുവാക്കൾക്ക് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'സേവാ പരമോ ധർമ്മ:' എന്ന ആപ്തവാക്യത്തെ മുൻനിർത്തി, വെള്ളപ്പൊക്കം, ക്ഷാമം, ഭൂകമ്പം അല്ലെങ്കിൽ മറ്റേതെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആർഎസ്എസ് പ്രവർത്തകർ എപ്പോഴും മുൻനിരയിൽ നിലയുറപ്പിച്ചു. പ്രതിഫലം പ്രതീക്ഷിക്കാതെയും നിർദ്ദേശങ്ങൾക്കായി കാത്തുനിൽക്കാതെയും ആവശ്യമുള്ളവരെ നിസ്വാർത്ഥമായി സേവിച്ചു. ഈ സേവനമനോഭാവം രാഷ്ട്രത്തിന് ലഭിച്ച അതുല്യവും അമൂല്യവുമായ സംഭവനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മതം, ജാതി, ഭാഷ എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാവരെയും ആർഎസ്എസ് ഉൾക്കൊള്ളുന്നുവെന്ന് ഉപരാഷ്ട്രപതി എടുത്തു പറഞ്ഞു, ഇത് നാനാത്വത്തിൽ ഏകത്വം എന്ന മനോഭാവത്തെ ശരിക്കും ഉൾക്കൊള്ളുന്നു. ഈ സമഗ്രമായ സമീപനമാണ് ആർഎസ്എസിനെയും അതിൻ്റെ അനുബന്ധ സംഘടനകളെയും നമ്മുടെ മഹത്തായ രാഷ്ട്രത്തിൻ്റെ സർവതോമുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ദീർഘകാല വിജയം നേടാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതം ലോകത്തിലെ പരമോന്നത രാഷ്ട്രമായി ഉയർന്നു വരുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മഹത്തായ യാത്രയിൽ ആർഎസ്എസിൻ്റെ പങ്ക് സുപ്രധാനമാണ്. അത് കാലത്തെ അതിജീവിച്ച് നിലനിൽക്കുകയും വിജയിക്കുകയും ചെയ്യും. സമൂഹത്തിന് വേണ്ടിയുള്ള ആർഎസ്എസിൻ്റെ തുടർ സേവനത്തിനും ദേശീയ ഐക്യം, സൗഹൃദം, പുരോഗതി എന്നിവയുടെ മഹത്തായ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉപരാഷ്ട്രപതി എല്ലാവിധ ആശംസകളും നേർന്നു.
*******************
(Release ID: 2174307)
Visitor Counter : 6