തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

കോടതി വ്യവഹാരങ്ങൾ പരിഹരിക്കുന്നതിനും പ്രോസിക്യൂഷൻ കേസുകൾ പിൻവലിക്കുന്നതിനുമുള്ള പുതിയ പൊതുമാപ്പ് പദ്ധതിയുടെ (ആംനസ്റ്റി സ്കീം 2025) വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ESIC പുറപ്പെടുവിച്ചു.

Posted On: 01 OCT 2025 9:36PM by PIB Thiruvananthpuram
കോടതി വ്യവഹാരങ്ങൾ പരിഹരിക്കുന്നതിനും പ്രോസിക്യൂഷൻ കേസുകൾ പിൻവലിക്കുന്നതിനുമുള്ള   പുതിയ പൊതുമാപ്പ് പദ്ധതിയുടെ (ആംനസ്റ്റി സ്കീം 2025) വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) പുറപ്പെടുവിച്ചു.

കോടതി വ്യവഹാരങ്ങൾ  കുറയ്ക്കുന്നതിനും ESI നിയമപ്രകാരമുള്ള അനുവർത്തനം  പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ്സ് സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒറ്റത്തവണ തർക്ക പരിഹാര ഉദ്യമമാണ് ആംനസ്റ്റി സ്കീം 2025. കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഷിംലയിൽ ചേർന്ന ESIC യുടെ 196-ാമത് യോഗത്തിലാണ് പദ്ധതിയ്ക്ക്  അംഗീകാരം നൽകിയത്.

ഘടനാപരവും സുതാര്യവുമായ രീതിയിൽ കോടതികൾക്ക് പുറത്ത് തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലുടമകൾക്കും ഇൻഷ്വർ ചെയ്ത വ്യക്തികൾക്കും പദ്ധതി അവസരം നൽകുന്നു. 2025 ഒക്ടോബർ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും.

അടച്ചുപൂട്ടിയതും നിലവിൽ പ്രവർത്തിക്കുന്നതുമായ യൂണിറ്റുകളുടെ പരിരക്ഷാ തർക്കങ്ങളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്ക് പദ്ധതി ബാധകമാണ്. അഞ്ച് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന യൂണിറ്റുകളുടെ അഞ്ച് വർഷത്തിലേറെയായി നിലനിൽക്കുന്ന കേസുകൾ വിലയിരുത്തൽ ഇല്ലാത്ത സാഹചര്യത്തിൽ പിൻവലിക്കും. അഞ്ച് വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയ യൂണിറ്റുകൾ രേഖകൾ ഹാജരാക്കണം, സ്വീകാര്യമായ കുടിശ്ശികകൾ പലിശ സഹിതം നൽകണം, പിഴശിക്ഷയ്ക്ക് ബാധ്യസ്ഥരാകില്ല. പ്രവർത്തിക്കുന്ന യൂണിറ്റുകൾ സ്വന്തം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകൾ ഹാജരാക്കിയാൽ  തർക്കങ്ങൾ പരിഹരിക്കാനും കഴിയും, നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ, ESIC പോർട്ടലിൽ ഫോം-01 മുഖേന തൊഴിലുടമകൾ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകൾ ഒഴിവാക്കിയിരിക്കുന്നു.

വിഹിതത്തർക്കങ്ങൾ മൂലം, സെക്ഷൻ 45A, 45AA, 75, 82, അല്ലെങ്കിൽ അനുച്ഛേദം 226 എന്നിവ പ്രകാരം ചോദ്യം ചെയ്യപ്പെട്ട കേസുകൾ (സാരമായ നിയമ പ്രശ്നങ്ങളില്ലാതെ) ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. തൊഴിലുടമകൾ കോടതി അനുമതി നേടുകയും നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കുകയും വിഹിതങ്ങൾക്ക് (തൊഴിലുടമയുടെയും ജീവനക്കാരുടെയും വിഹിതം) രേഖ പ്രകാരമുള്ള പലിശ നൽകുകയും വേണം. രേഖകൾ നഷ്ടപ്പെട്ടാൽ, സ്ഥിരീകരണത്തിനായി EPFO അല്ലെങ്കിൽ ആദായനികുതി അധികാരികൾ നൽകുന്ന രേഖകളെ ആശ്രയിക്കാവുന്നതാണ്. അത്തരം രേഖകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, വിലയിരുത്തിയ വിഹിതത്തിന്റെ (Assessed contribution)കുറഞ്ഞത് 30% തൊഴിലുടമ നൽകേണ്ടതുണ്ട്. കൂടാതെ, കുടിശ്ശികകളുടെ പലിശ പുതുക്കിയ നിരക്കിൽ നൽകേണ്ടിവരും. നഷ്ടപരിഹാരം ഈടാക്കില്ല, പക്ഷേ ഭാവിയിൽ പാലിക്കുമെന്ന ഉറപ്പ് തൊഴിലുടമകൾ നൽകണം.

നഷ്ടപരിഹാര തർക്കങ്ങൾക്ക്, വിഹിതവും പലിശയും ഇതിനോടകം അടച്ചിട്ടുണ്ടെങ്കിൽ, നിശ്ചയിച്ച നഷ്ടപരിഹാരത്തിന്റെ 10% അടച്ചാൽ കേസുകൾ പിൻവലിക്കും. ഉയർന്ന കോടതികളിൽ ESIC അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ, കീഴ്‌ക്കോടതികൾ നിശ്ചയിച്ച നഷ്ടപരിഹാരങ്ങൾ സ്വീകരിക്കുകയും കേസുകൾ പിൻവലിക്കുകയും ചെയ്യും.

അധിക തുക തിരികെ നൽകുകയും പലിശ ഈടാക്കിയിട്ടെല്ലെന്ന് എഴുതി നൽകുകയും ചെയ്താൽ, തെറ്റായ പ്രതിജ്ഞാപത്രം നൽകി ഇൻഷ്വർ ചെയ്ത വ്യക്തികൾക്കെതിരെ സെക്ഷൻ 84 പ്രകാരമുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കപ്പെടും. അഞ്ച് വർഷത്തിലധികമായി നിലനിൽക്കുന്നതും ഇൻഷ്വർ ചെയ്ത വ്യക്തികളെ കണ്ടെത്താൻ കഴിയാത്തതുമായ കേസുകളും പിൻവലിക്കാം, എന്നാൽ ഗൂഢാലോചന അല്ലെങ്കിൽ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെട്ട കേസുകൾ ഒഴിവാക്കപ്പെടും.

EPFO/IT ഫയലിംഗുകൾ പോലുള്ള രേഖകളോ ബദൽ രേഖകളോ അടിസ്ഥാനമാക്കി വിഹിതവും പലിശയും അടച്ചാൽ തൊഴിലുടമകൾക്കെതിരെ സെക്ഷൻ 85, 85A പ്രകാരമുള്ള പ്രോസിക്യൂഷൻ കേസുകൾ പിൻവലിക്കാം. രേഖകളൊന്നുമില്ലെങ്കിൽ, പ്രഖ്യാപിത വേതനം, SSO സർവേ റിപ്പോർട്ടുകൾ, മിനിമം വേതനം എന്നിവ അടിസ്ഥാനമാക്കി കുടിശ്ശികകൾ വിലയിരുത്തും. നഷ്ടപരിഹാരം ചുമത്തില്ല. സെക്ഷൻ 85(a), 85(g) എന്നിവ പ്രകാരം 15 വർഷത്തിലേറെയായി നിലനിൽക്കുന്ന 25,000 രൂപ വരെ കുടിശ്ശികയുള്ള പഴയ കേസുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. അടച്ചുപൂട്ടിയ യൂണിറ്റുകളുമായി ബന്ധപ്പെട്ട അത്തരം കേസുകൾ പിൻവലിക്കാം. പ്രവർത്തിക്കുന്ന യൂണിറ്റുകൾ, അനുവർത്തനം അപ്‌ഡേറ്റ് ചെയ്യുകയും കുറഞ്ഞത് 30% കുടിശ്ശിക പലിശയോടെ നൽകുകയും വേണം. ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നതോടെ റിട്ടേണുകൾ സമർപ്പിക്കാത്തതിന് സെക്ഷൻ 85(ഇ) പ്രകാരമുള്ള കേസുകൾ പിൻവലിക്കാവുന്നതാണ്. കാരണം അവ പാലിക്കപ്പെടുന്നതോടെ 85(ഇ) പ്രകാരമുള്ള ആവശ്യകത നിലനിൽക്കില്ല.  മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം നേരിട്ട ഡിക്ലറേഷൻ ഫോമുകൾ സമർപ്പിക്കാത്ത കേസുകളും നടപടിക്രമങ്ങൾ പൂർത്തിയാകുകയും അപകട കേസുകൾ തീർപ്പാക്കുകയും ചെയ്താൽ പിൻവലിക്കാവുന്നതാണ്.

സുഗമമായ നിർവ്വഹണം ഉറപ്പാക്കുന്നതിന്, ESIC റീജിയണൽ, സബ്-റീജിയണൽ ഓഫീസുകളുടെ അഡീഷണൽ കമ്മീഷണർ കം റീജിയണൽ ഡയറക്ടർമാർ/റീജിയണൽ ഡയറക്ടർമാർ/ഡയറക്ടർ (ഐ/സി)/ജോയിന്റ് ഡയറക്ടർ (ഐ/സി)/ഡെപ്യൂട്ടി ഡയറക്ടർ (ഐ/സി) എന്നിവർക്ക് പദ്ധതി കാലയളവിൽ പിൻവലിക്കലുകളും ഒത്തുതീർപ്പുകളും നിർവ്വഹിക്കാൻ പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. നിയമ, ധനകാര്യ ഉദ്യോഗസ്ഥരും അഭിഭാഷകരും ഉൾപ്പെടുന്ന ഒരു ഫീൽഡ്-ലെവൽ സമിതി അത്തരം കേസുകൾ അവലോകനം ചെയ്യും. അപേക്ഷിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ എല്ലാ കേസുകളും തീർപ്പാക്കണം. കൂടാതെ മുമ്പ് പൊതുമാപ്പ് പദ്ധതികൾ പ്രയോജനപ്പെടുത്തിയവർ പുതിയ സംരംഭത്തിന്റെ പ്രയോജനം നേടാൻ അർഹരാണ്.
 
 
******

(Release ID: 2174234) Visitor Counter : 10
Read this release in: English , Urdu , Hindi , Marathi