വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനും തമ്മിലെ വ്യാപാര - സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ

പോസ്റ്റഡ് ഓണ്‍: 01 OCT 2025 9:55PM by PIB Thiruvananthpuram

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (EFTA) രാജ്യങ്ങളും (ഐസ്‌ലാൻഡ്, ലീച്ചെൻസ്‌റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ്) തമ്മിലെ സുപ്രധാന വ്യാപാര - സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) 2025 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ വന്നത് ഇരു കൂട്ടർക്കുമിടയിലെ വ്യാപാര, സാമ്പത്തിക ബന്ധങ്ങളിലെ  സുപ്രധാന നാഴികക്കല്ലായി മാറി.  ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ  മൂന്നാമത് വലിയ ആഗോള സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.  ചരക്കു സേവന വ്യാപാരത്തിൽ ആഗോള മുൻനിര രാജ്യങ്ങള്‍ക്കൊപ്പമാണ് EFTA രാജ്യങ്ങൾ. ഇന്ത്യയും EFTA രാജ്യങ്ങളും ഒരുമിച്ച് ഏകദേശം  5.4 ട്രില്യൺ ഡോളറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) പ്രതിനിധീകരിക്കുന്നത് ഈ സംയോജനത്തിന്റെ ആഴം പ്രകടമാക്കുന്നു.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ന്യൂഡൽഹിയിൽ ആതിഥേയത്വം വഹിച്ച ഉന്നതതല പരിപാടിയായ ‘സമൃദ്ധി ഉച്ചകോടി’യിലാണ്  കരാർ പ്രാബല്യത്തിൽ വന്നത്. കരാറിലുള്‍പ്പെട്ട എല്ലാ രാജ്യങ്ങളിലെയും  നിരവധി വ്യാപാര പ്രതിനിധികളെ  ഒരുമിച്ചു കൊണ്ടുവന്ന പരിപാടി  പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും നിലവിലെ പങ്കാളിത്തം ശക്തിപ്പെടുത്താനും  അവസരമൊരുക്കി.  കൃത്യതയാർന്ന ഉല്പാദനം, സംശുദ്ധ സാങ്കേതികവിദ്യകൾ എന്നിവയിലെ സഹ-ഉല്പാദനത്തെ സഹായിക്കുന്ന വ്യാപാര ബന്ധങ്ങൾ സുഗമമായ ഗതാഗതവും  യോഗ്യതകളുടെ അംഗീകാരവുമുറപ്പാക്കി സേവന മേഖലയെ വിപുലീകരിക്കും.   

പതിനഞ്ച് വർഷത്തിനകം രാജ്യത്ത് 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപം സമാഹരിക്കുകയെന്ന പൊതു ലക്ഷ്യത്തെയും നിക്ഷേപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സംവിധാനത്തിലൂടെ  ഇതിന്റെ പുരോഗതി നിരീക്ഷിച്ച് 10 ലക്ഷം പ്രത്യക്ഷ തൊഴിലുകള്‍ സൃഷ്ടിക്കുന്നത് പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തെയും പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ സ്വാഗതം ചെയ്തു.

വ്യാപാര - സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നത് EFTA രാജ്യങ്ങളും ഇന്ത്യയും തമ്മിലെ ബന്ധം കൂടുതൽ ആഴത്തിലാക്കാനും  വ്യാപാരം, നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കാനും  സഹായിക്കുന്ന വ്യക്തമായ ചുവടുവെയ്പ്പാണ്. സമഗ്ര വ്യാപാരം വികസിപ്പിക്കുന്നതിനൊപ്പം മാനദണ്ഡങ്ങളിലെ സഹകരണം, നിയന്ത്രണപരമായ ചർച്ചകൾ എന്നിവയുടെ പിന്തുണയോടെ ചരക്കുകളുടെയും സേവനങ്ങളുടെയും  നിക്ഷേപത്തിന്റെയും  മൂല്യ ശൃംഖലാ സംയോജനം ശക്തിപ്പെടുത്തി  സന്തുലിതവും സുസ്ഥിരവുമായ ഫലങ്ങൾ കൈവരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കും.

കൂടുതൽ പ്രതിരോധശേഷിയാര്‍ന്നതും മികച്ച രീതിയിൽ സംയോജിപ്പിച്ചതുമായ വിതരണ ശൃംഖലകൾ, വർധിച്ച വ്യാപാര - നിക്ഷേപ പ്രവാഹങ്ങൾ, പുതിയ തൊഴിലവസരങ്ങൾ, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയടക്കം സുപ്രധാന ദീർഘകാല നേട്ടങ്ങൾ ഈ കരാർ ഉറപ്പാക്കും.  വിപണി പ്രവേശം മെച്ചപ്പെടുത്തുന്ന കരാര്‍ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നത്  ഇന്ത്യൻ, ഇഎഫ്‌ടിഎ വ്യാപാര സംരംഭങ്ങള്‍ക്ക് വളര്‍ന്നുവരുന്ന  വിപണികളിലേക്ക്  പ്രവർത്തന വിപുലീകരണം സുഗമമാക്കും.  

കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾക്കിടയിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനും സുഗമമാക്കാനും  ലക്ഷ്യമിടുന്ന കരാർ  ഇന്ത്യൻ, ഇഎഫ്‌ടിഎ വ്യാപാരസംരംഭങ്ങള്‍ക്ക് നൂതനാശയങ്ങൾ കൊണ്ടുവരാനും വികസിപ്പിക്കാനും വളരാനും  സാഹചര്യമൊരുക്കും.  ചരക്കു വ്യാപാരം കാലക്രമേണ സ്ഥിരമായി വർധിക്കുകയും കഴിഞ്ഞ ദശകം  സേവന വ്യാപാരം ഏകദേശം ഇരട്ടിയാവുകയും ചെയ്തതായി കരാറിൽ പങ്കാളികളായ രാജ്യങ്ങൾ തിരിച്ചറിയുന്നു.  ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മൊത്തവ്യാപാരം ഗണ്യമായി വർധിപ്പിക്കാൻ ശ്രമങ്ങള്‍ തുടരും.  

ഇന്ത്യ-ഇഎഫ്‌ടിഎ TEPA കരാർ 2024 മാർച്ച് 10-ന് ന്യൂഡൽഹിയിലാണ്  ഒപ്പുവെച്ചത്. ശക്തവും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കാനും വിശ്വസ്ത പങ്കാളികളെന്ന നിലയിൽ പരസ്പര ബന്ധം വിപുലീകരിക്കാനും രാജ്യങ്ങള്‍ കൈക്കൊള്ളുന്ന  താല്പര്യത്തിലൂന്നിയാണ് ഈ പങ്കാളിത്തം.

*****


( റിലീസ് ഐ.ഡി: 2174029) സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Telugu