ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഉന്നത നിലവാരമുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പ്രവേശനം ജനാധിപത്യവൽക്കരിക്കാൻ രൂപകൽപ്പന ചെയ്ത NIELIT ഡിജിറ്റൽ സർവകലാശാല കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും
Posted On:
01 OCT 2025 2:35PM by PIB Thiruvananthpuram
ഉന്നത നിലവാരമുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പ്രവേശനം ജനാധിപത്യവൽക്കരിക്കാൻ രൂപകൽപ്പന ചെയ്ത NIELIT ഡിജിറ്റൽ സർവകലാശാല (NDU) പ്ലാറ്റ്‌ഫോം നാളെ ന്യൂഡൽഹിയിൽ റെയില്‍വേ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും.
AI (നിർമ്മിത ബുദ്ധി), സൈബർ സുരക്ഷ, ഡാറ്റാ സയൻസ്, സെമികണ്ടക്‌ടറുകൾ, അനുബന്ധ മേഖലകൾ തുടങ്ങിയ പ്രത്യേക സാങ്കേതികവിദ്യകളിൽ വ്യവസായ കേന്ദ്രീകൃതമായ പ്രോഗ്രാമുകൾ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യും. യുവാക്കളിൽ ഭാവിക്ക് പ്രയോജനപ്രദമായ കഴിവുകൾ വളർത്തുന്നതിനുള്ള ഫ്ലെക്സിബിൾ ഡിജിറ്റൽ പഠന രീതികളും വെർച്വൽ ലാബുകളും ഇതിൻ്റെ ഭാഗമായിരിക്കും.
മുസഫർപൂർ (ബീഹാർ), ബാലസോർ (ഒഡീഷ), തിരുപ്പതി (ആന്ധ്രാപ്രദേശ്), ദാമൻ (ദാദ്ര & നഗർ ഹവേലി & ദാമൻ & ദിയു), ലുങ്‌ലേയ് (മിസോറാം) എന്നിവിടങ്ങളിലെ അഞ്ച് പുതിയ NIELIT കേന്ദ്രങ്ങൾ കേന്ദ്രമന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്യും. ഈ പുതിയ NIELIT കേന്ദ്രങ്ങൾ യാഥാർഥ്യമാകുന്നതിലൂടെ സാങ്കേതിക മേഖലയിലെ രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ NIELIT യുടെ പ്രധാന്യം വർദ്ധിക്കും.
വിദ്യാഭ്യാസ മേഖലയിലെയും വ്യവസായത്തിലെയും പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്ന "വിദ്യാഭ്യാസത്തിൻ്റെ ഡിജിറ്റലൈസേഷനിൽ AI-യുടെ പങ്ക്" എന്ന വിഷയത്തിലുള്ള ഒരു പാനൽ ചർച്ചയും NIELIT-ഉം Kyndryl-ഉം സംയുക്തമായി നടത്തിയ DevSecOps കോഴ്സിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
കൂടാതെ, വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യവസായ പങ്കാളികളുമായി ധാരണാപത്രങ്ങൾ (MoUs) കൈമാറുകയും ചെയ്യും.
ഇന്ത്യയിലുടനീളമുള്ള NIELIT വിദ്യാർത്ഥികൾ, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ 1,500-ൽ അധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിവിധ മേഖലകളിലെ നൈപുണ്യ വികസനത്തിലും പഠന മാതൃകകളിലുമുള്ള NIELIT-ൻ്റെ ശക്തി പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും ഇതിൻ്റെ ഭാഗമാണ്.
NIELIT നെക്കുറിച്ച്
കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിൻ്റെ (MeitY) കീഴിലുള്ള സ്വയംഭരണ ശാസ്ത്ര സൊസൈറ്റിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (NIELIT). നൈപുണ്യ വികസനത്തിലും ഡിജിറ്റൽ ശാക്തീകരണത്തിലും NIELIT ക്ക് പ്രഥമ സ്ഥാനമുണ്ട്.
***************************
(Release ID: 2173779)
Visitor Counter : 7