PIB Headquarters
azadi ka amrit mahotsav

കർഷക ശാക്തീകരണം നൈപുണ്യ വികസനത്തിലൂടെയും പരിശീലനത്തിലൂടെയും

കാര്യശേഷി കൂട്ടുന്നു, വളർച്ചക്ക് പ്രാപ്തമാക്കുന്നു

Posted On: 30 SEP 2025 11:19AM by PIB Thiruvananthpuram

ആമുഖം

ഇന്ത്യയുടെ കാർഷിക തന്ത്രത്തിൻ്റെ നെടുംതൂണായി മാറിയിരിക്കുകയാണ് കർഷക ശാക്തീകരണം. ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്ന രാജ്യത്തെ  ഏകദേശം മൂന്നിൽ രണ്ടു ഭാഗം ജനങ്ങളില്‍ പകുതിയോളം പേര്‍ ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്നതിനാൽ കർഷകരുടെ നൈപുണ്യവും ശേഷിയും വർധിപ്പിക്കേണ്ടത് സമഗ്രവും സുസ്ഥിരവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കർഷകർ ഇന്ന് നേരിടുന്ന വെല്ലുവിളികൾ വായ്പയുടെയോ കാർഷിക സാമഗ്രികളുടെയോ ലഭ്യതയിൽ മാത്രം ഒതുങ്ങുന്നതല്ല. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടല്‍,  മണ്ണിൻ്റെ ആരോഗ്യപരിപാലനം, യന്ത്രവൽക്കരണം സ്വീകരിക്കല്‍, മെച്ചപ്പെട്ട വിപണി അവസരങ്ങൾ ഉറപ്പാക്കല്‍ എന്നിവയെല്ലാം ഈ വെല്ലുവിളികളില്‍ ഉൾപ്പെടുന്നു.

 


ഇത് തിരിച്ചറിഞ്ഞ ഇന്ത്യാ ഗവൺമെൻ്റ് നൈപുണ്യ വികസനത്തിനും പരിശീലനത്തിനും ഗ്രാമീണ വികസന അജണ്ടയിൽ സുപ്രധാന സ്ഥാനം നൽകിയിട്ടുണ്ട്. പ്രായോഗിക ജ്ഞാനം, തൊഴിൽപരമായ നൈപുണ്യം, ആധുനിക സാങ്കേതികവിദ്യകളിലെ പരിചയം എന്നിവ ഉപയോഗിച്ച് കർഷകരെ സജ്ജരാക്കാന്‍ നിരവധി പദ്ധതികള്‍ക്ക് കഴിഞ്ഞ പതിറ്റാണ്ടിനിടെ തുടക്കം കുറിച്ചു. കർഷകര്‍ കേവലം കൃഷിക്കാരെന്നതിലുപരി നൂതനാശയക്കാരും സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരും കാർഷിക മൂല്യ ശൃംഖലയിൽ സജീവമായി പങ്കാളികളാകുന്നവരുമാണെന്ന് ഉറപ്പാക്കാന്‍ ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.
 


കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), കാർഷിക സാങ്കേതികവിദ്യാ നിര്‍വഹണ ഏജൻസി (ആത്മ), ഗ്രാമീണ യുവാക്കളുടെ നൈപുണ്യ പരിശീലനം (എസ്ടിആര്‍വൈ), കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം (എസ്എംഎഎം), പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതികളും ശക്തമായ പരിശീലന വേദികളൊരുക്കി.  കൂടാതെ, തോട്ടക്കൃഷി, കന്നുകാലി വളർത്തൽ, മണ്ണ് പരിപാലനം, ഭക്ഷ്യ സംസ്കരണം എന്നിവയിലെ മേഖലാധിഷ്ടിത ഇടപെടലുകൾ അവയുടെ ചട്ടക്കൂടിലേക്ക് നിപുണത സംയോജിപ്പിക്കുന്നു. ഉല്പാദനക്ഷമത വർധിപ്പിക്കാനും വരുമാനം ഉയർത്താനും സുസ്ഥിര കാർഷിക മേഖല കെട്ടിപ്പടുക്കാനും നൈപുണ്യ വികസനത്തിലൂടെയുള്ള കർഷക ശാക്തീകരണം അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാടിനെ ഈ കൂട്ടായ ശ്രമങ്ങൾ അടിവരയിടുന്നു.‌
 

കർഷക പരിശീലനത്തിന് സ്ഥാപനപരമായ വേദികൾ  

നൈപുണ്യ വികസനം കർഷകരിലേക്ക് നേരിട്ടെത്തിക്കാന്‍ സൃഷ്ടിച്ച ശക്തമായ സ്ഥാപന ചട്ടക്കൂടില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു.  ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) സ്ഥാപിച്ച കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ജില്ലാ തലത്തിലെ മുൻനിര വിപുലീകരണ കേന്ദ്രങ്ങളായി പ്രവർത്തിച്ച് പ്രാദേശിക കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസൃതമായ പ്രായോഗിക പരിശീലനം, പ്രദർശനങ്ങൾ, തൊഴിലധിഷ്ഠിത കോഴ്‌സുകൾ എന്നിവയിലൂടെ ഗവേഷണവും പ്രായോഗികതയും തമ്മിലെ വിടവ് നികത്തുന്നു. 2021-നും 2024-നും ഇടയിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 58.02 ലക്ഷം കർഷകർക്ക് പരിശീലനം നൽകി. ഓരോ വർഷവും പരിശീലനത്തിൻ്റെ വ്യാപ്തി വർധിച്ചുവരുന്നു—2021–22-ൽ 16.91 ലക്ഷവും 2022–23-ൽ 19.53 ലക്ഷവും 2023–24-ൽ 21.56 ലക്ഷവും കര്‍ഷകര്‍ക്കാണ് പരിശീലനം നൽകിയത്. 2024–25-ൽ മാത്രം 2025 ഫെബ്രുവരി വരെ 18.56 ലക്ഷം കർഷകർക്ക് പരിശീലനം നൽകി.

വിള പരിപാലനം, മണ്ണിൻ്റെ ആരോഗ്യം, കന്നുകാലി വളർത്തൽ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രായോഗിക നൈപുണ്യത്തിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ സ്ഥിരതയും വ്യാപ്തിയും ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. ശാസ്ത്രീയ രീതികൾ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സാഹചര്യങ്ങളിലൂന്നിയ പരിശീലനം നൽകുന്നതിലൂടെ കർഷകരുടെ ശേഷി വർധനയ്ക്ക് ഏറ്റവും ഫലപ്രദമായ വേദികളിലൊന്നായി കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മാറി. ശാസ്ത്രീയ അറിവ് കൃഷിയിടങ്ങളിലെ പുരോഗതിയ്ക്കും ദീർഘകാല സുസ്ഥിരതയ്ക്കും വഴിയൊരുക്കുമെന്ന് ഈ പരിശീലനങ്ങള്‍ ഉറപ്പാക്കുന്നു.

കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പൂരകമായി സംസ്ഥാനങ്ങളുടെ വിപുലീകരണ സംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് കാർഷിക സാങ്കേതികവിദ്യ നിര്‍വഹണ ഏജൻസി (ആത്മ) പിന്തുണ നല്‍കുന്നു. 'വിപുലീകരണ പരിഷ്കരണങ്ങൾക്കായി നടപ്പാക്കുന്ന സംസ്ഥാന വിപുലീകരണ പരിപാടികൾക്ക് പിന്തുണ' എന്ന പേരിൽ അറിയപ്പെടുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി കാർഷിക വിപുലീകരണ ഉപദൗത്യത്തിൻ്റെ (എസ്എംഎഇ) ഘടകമായി കേന്ദ്ര കാര്‍ഷിക - കർഷക ക്ഷേമ മന്ത്രാലയമാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. രാജ്യത്ത് വികേന്ദ്രീകൃതവും കർഷക സൗഹൃദപരവുമായ വിപുലീകരണ സംവിധാനം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി കർഷക പരിശീലനം, പ്രദർശനങ്ങൾ, പഠന യാത്രകൾ, കര്‍ഷക മേളകൾ തുടങ്ങി വിവിധ ഇടപെടലുകളിലൂടെ കർഷകർക്കും കർഷക വനിതകൾക്കും യുവാക്കൾക്കും കാർഷിക മേഖലയിലെയും അനുബന്ധ മേഖലകളിലെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച കൃഷി രീതികളും ലഭ്യമാക്കുന്നു. അതുവഴി വിപുലീകരണ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സർക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ്.

2021-22-ൽ ഏകദേശം 32.38 ലക്ഷം കർഷകർക്കാണ് ഈ പദ്ധതിയിലൂടെ പരിശീലനം നൽകിയത്. 2022-23-ൽ ഇത് 40.11 ലക്ഷമായി ഉയരുകയും 2023-24-ൽ 36.60 ലക്ഷത്തിലെത്തുകയും ചെയ്തു.  2024-25-ലെ കണക്കുകൾ ക്രോഡീകരിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ജനുവരി 30 വരെ ഏകദേശം 18.30 ലക്ഷം കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ചുരുക്കത്തില്‍ 2021 മുതൽ 2025 വരെ ഈ പദ്ധതി ഏകദേശം 1.27 കോടി കർഷകരിലെത്തി.  

ഗ്രാമീണ യുവതയുടെ നൈപുണ്യ വികസനവും യന്ത്രവൽക്കരണ പ്രോത്സാഹനവും

കാർഷിക മേഖലയിലെ പുതിയ അവസരങ്ങളിലേക്ക് യുവതലമുറയിലെ കർഷകരെ സജ്ജരാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നൽകിവരുന്നു. ഗ്രാമീണ യുവജനങ്ങളുടെ നൈപുണ്യ പരിശീലന പദ്ധതി (എസ്ടിആര്‍വൈ) കൃഷിയിലും അനുബന്ധ മേഖലകളിലും ഗ്രാമീണ യുവജനങ്ങള്‍ക്കും കർഷകർക്കും ഏഴ് ദിവസത്തെ ഹ്രസ്വകാല നൈപുണ്യാധിഷ്ഠിത പരിശീലനം നൽകാനായി രൂപകല്പന ചെയ്തതാണ്. അവരുടെ അറിവ് വർധിപ്പിക്കുക, വേതനാധിഷ്ഠിത ജോലികളും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുക, ഗ്രാമങ്ങളിൽ വിദഗ്ധ തൊഴിലാളികളുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ ആത്മ കഫറ്റീരിയ സംരംഭത്തിന് കീഴില്‍ ഈ പദ്ധതി സംയോജിപ്പിച്ചത് സംസ്ഥാനതല വിപുലീകരണ ശ്രമങ്ങളുമായി കൂടുതൽ ചേര്‍ന്ന് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

തോട്ടകൃഷി, ക്ഷീരവികസനം, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ എസ്ടിആര്‍വൈ പ്രായോഗിക തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളടക്കം 18-നുമേല്‍ പ്രായക്കാരായ ഗ്രാമീണ യുവതയെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ പദ്ധതിയുടെ വ്യാപ്തി ക്രമാനുഗതമായി വർധിച്ചു. 2021-22-ൽ 10,456 ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകിയത് 2022-23-ൽ 11,634 ആയും 2023-24-ൽ 20,940 ആയും ഉയർന്നു. ഇതോടെ 2021-നും 2024-നും ഇടയിൽ പരിശീലനം നേടിയവരുടെ ആകെ എണ്ണം 43,000 പിന്നിട്ടു. 2024 ഡിസംബർ 31 വരെ 8,761 യുവജനങ്ങള്‍ക്ക് അധികമായി പരിശീലനം നൽകി ഈ വർഷവും മുന്നേറ്റം തുടരുകയാണ്. പരിശീലനത്തിൻ്റെ ഭാഗമാകുന്നവരെ പ്രായോഗിക നൈപുണ്യങ്ങളിലൂടെ  സജ്ജരാക്കി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ശേഷിയാര്‍ജിച്ച വിദഗ്ധരും സ്വയംപര്യാപ്തരുമായ പുതുതലമുറ കർഷകരെ ഈ പദ്ധതി വളർത്തിയെടുക്കുന്നു.

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ (ആര്‍കെവിവൈ) ഘടകമായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം (എസ്എംഎഎം), ചെറുകിട നാമമാത്ര കർഷകർക്കിടയിലും കാർഷിക മേഖലയുടെ സേവനലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും കാര്‍ഷിക യന്ത്രവൽക്കരണത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാൻ ശ്രമിക്കുന്നു. കുറഞ്ഞ ഭൂവുടമസ്ഥതയുടെയും ഉയർന്ന ഉടമസ്ഥാവകാശച്ചെലവിൻ്റെയും വെല്ലുവിളികൾ പരിഹരിക്കുന്നതിന് പ്രത്യേകം വാടക സേവനങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രദർശനങ്ങളും ശേഷി വർധന പ്രവര്‍ത്തനങ്ങളും ആശയവിനിമയ പരിപാടികളും നടത്തി അവബോധം സൃഷ്ടിക്കുക, രാജ്യത്തുടനീളം നിർദിഷ്ട കേന്ദ്രങ്ങളിൽ പ്രകടന പരിശോധനയിലൂടെയും സാക്ഷ്യപ്പടുത്തലിലൂടെയും ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ.

ഔദ്യോഗിക കണക്കുകൾ പ്രകാരം 2021 മുതൽ 2025 വരെ നാലുവർഷ കാലയളവിൽ കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം (എസ്എംഎഎം) വഴി ആകെ 57,139 കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

 മണ്ണ്, വിഭവങ്ങൾ, മൂല്യ ശൃംഖലകൾ എന്നിവയിൽ അറിവ് വിപുലീകരിക്കല്‍

വിള ആസൂത്രണം, വളപ്രയോഗം എന്നിവ മനസ്സിലാക്കി തീരുമാനങ്ങളെടുക്കാൻ കർഷകരെ സഹായിക്കുന്നതിൽ മണ്ണ് ആരോഗ്യ കാർഡ് പദ്ധതി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2025 ജൂലൈ 24 വരെ രാജ്യത്ത് 25.17 കോടിയിലധികം മണ്ണ് ആരോഗ്യ കാർഡുകൾ വിതരണം ചെയ്യുകയും 93,000-ത്തിലധികം കര്‍ഷക പരിശീലനങ്ങളും 6.8 ലക്ഷം പ്രദർശനങ്ങളും ആയിരക്കണക്കിന് ബോധവൽക്കരണ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ഈ സംരംഭങ്ങൾ കർഷകർക്കിടയിൽ സന്തുലിത പോഷക പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുകയും മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി കാർഷിക ഉല്പാദനക്ഷമത സുസ്ഥിരമായി വർധിപ്പിക്കുകയും ചെയ്തു.

കർഷക ഉല്പാദക സംഘടനകളുടെ (എഫ്പിഒ) രൂപീകരണവും പ്രോത്സാഹനവും കർഷകരുടെ ശേഷി വർധനയ്ക്ക് കൂട്ടായ്മയുടെ തലത്തിൽ പുതിയ വേദികൾ സൃഷ്ടിച്ചു. 10,000 എഫ്പിഒ-കൾ രജിസ്റ്റർ ചെയ്തതിലൂടെ കാർഷിക വ്യാപാരനിര്‍വഹണത്തിലും വിപണി ബന്ധങ്ങളിലും e-NAM, GeM തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗത്തിലും കര്‍ഷകര്‍ക്ക് ഡിജിറ്റൽ ഉള്ളടക്കങ്ങളിലൂടെയും വെബിനാറുകളിലൂടെയും പതിവായി പരിശീലനം ലഭിക്കുന്നു.

സുപ്രധാന ദേശീയ പദ്ധതികളിലും സർക്കാർ നൈപുണ്യ വികസനം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ 4.0) (2022–26) കൃഷിയെ മുൻഗണനാ മേഖലയായി സംയോജിപ്പിച്ചതോടെ ഇന്ത്യയുടെ പ്രധാന നൈപുണ്യ ചട്ടക്കൂടിനകത്ത് കൃഷിയും അനുബന്ധ മേഖലകളും ഉൾക്കൊള്ളുന്നു. അംഗീകൃത പരിശീലന കേന്ദ്രങ്ങൾ, നൈപുണ്യകേന്ദ്രങ്ങള്‍, പിഎം കൗശൽ കേന്ദ്രങ്ങൾ എന്നിവയിലൂടെ കർഷകർക്കും ഗ്രാമീണ യുവാക്കൾക്കും ഹ്രസ്വകാല കോഴ്‌സുകൾ (300–600 മണിക്കൂർ), നേരത്തെ സ്വായത്തമാക്കിയ അറിവ് തിരിച്ചറിയൽ, പ്രത്യേക പദ്ധതികൾ എന്നിവയിൽ പരിശീലനം നൽകുന്നു.

2015-ൽ പിഎംകെവിവൈ പദ്ധതി ആരംഭിച്ചത് മുതൽ 2025 ജൂൺ 30 വരെ 1.64 കോടിയിലധികം പേർക്ക് പരിശീലനം നൽകുകയും 1.29 കോടിയിലധികം പേർക്ക് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.  

പ്രധാനമന്ത്രി കൗശൽ വികാസ് യോജന പോലെ സംയോജിത തോട്ടകൃഷി വികസന ദൗത്യം (എംഐഡിഎച്ച്), രാഷ്ട്രീയ ഗോകുൽ മിഷൻ (ആര്‍ജിഎം), പ്രധാനമന്ത്രി കിസാൻ സമ്പദ യോജന (പിഎംകെഎസ്‍വൈ) തുടങ്ങിയ മേഖലാടിസ്ഥാന പദ്ധതികളില്‍ തോട്ടകൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലെ ശേഷി വര്‍ധനയ്ക്ക് പ്രത്യേക ഘടകങ്ങളുണ്ട്.

സംയോജിത തോട്ടകൃഷി വികസന ദൗത്യം (എംഐഡിഎച്ച്)

പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങ്, കൂൺ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, സുഗന്ധമുള്ള സസ്യങ്ങൾ, തെങ്ങ്, കശുവണ്ടി, കൊക്കോ, മുള എന്നിവയടക്കം തോട്ടകൃഷി മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സംയോജിത തോട്ടകൃഷി വികസന ദൗത്യം (എംഐഡിഎച്ച്).

മാനവവിഭവ വികസന (എച്ച്ആര്‍ഡി) പരിപാടിയ്ക്ക് കീഴിൽ 2014-15 മുതൽ 2023-24 വരെ തോട്ടകൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ 9.73 ലക്ഷം കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

 രാഷ്ട്രീയ ഗോകുൽ മിഷൻ (ആര്‍ജിഎം)

തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമായി 2014 ഡിസംബർ മുതൽ രാഷ്ട്രീയ ഗോകുൽ മിഷൻ (ആര്‍ജിഎം) നടപ്പാക്കി വരുന്നു. 2021-26 കാലയളവിലേക്ക് 2,400 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ രാഷ്ട്രീയ പശുധൻ വികാസ് യോജന എന്ന വിശാല പദ്ധതിക്ക് കീഴിൽ രാഷ്ട്രീയ ഗോകുൽ മിഷൻ തുടരുന്നു.  

ഗ്രാമീണ ഇന്ത്യയിലെ ബഹുതല കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധര്‍ക്ക് (മൈത്രി) ഈ ദൗത്യത്തിന് കീഴില്‍ പരിശീലനം നൽകുകയും ഗുണമേന്മയുള്ള കൃത്രിമ ബീജസങ്കലന സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുന്നു. ഇതുവരെ രാജ്യത്ത് 38,736 സാങ്കേതിക വിദഗ്ധര്‍ക്ക് പരിശീലനം നൽകുകയും ആവശ്യമായ ഉപകരണങ്ങൾ കൈമാറുകയും ചെയ്തു.

പ്രധാനമന്ത്രി കിസാൻ സമ്പദ യോജന

ഭക്ഷ്യ സംസ്കരണ മേഖലയില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കൃഷിയിടം മുതല്‍ വിപണി കേന്ദ്രങ്ങൾ വരെ തടസമില്ലാത്ത വിതരണ ശൃംഖലകൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സമഗ്ര പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്പദ യോജന.

പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയുടെ ഏഴ് പ്രധാന ഘടകങ്ങളിലൊന്നായ "മനുഷ്യ വിഭവങ്ങളും സ്ഥാപനങ്ങളും" ഗവേഷണ - വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹന നടപടികള്‍ക്കും നൈപുണ്യ വികസനത്തിനും സ്ഥാപന ശാക്തീകരണത്തിനും ഊന്നൽ നൽകുന്നു. ഈ ഘടകത്തിന് കീഴിലെ നൈപുണ്യ വികസന വിഭാഗം താഴെത്തട്ടിലെ തൊഴിലാളികൾ, ഓപ്പറേറ്റർമാർ, പാക്കേജിങ് - സംയോജന തല ജീവനക്കാർ, ഗുണനിലവാര നിയന്ത്രണ സൂപ്പർവൈസർമാർ തുടങ്ങി ഭക്ഷ്യ സംസ്കരണ വ്യവസായത്തിലെ മേഖലാധിഷ്ടിത വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാൻ രൂപകല്പന ചെയ്തതാണ്. ഈ മേഖലയുടെ വൈവിധ്യമാർന്ന മാനവ വിഭവശേഷി ആവശ്യകതകൾ നിറവേറ്റുന്ന ദൗത്യം സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നു.

2025 ജൂൺ 30 വരെ പിഎം-കിസാൻ സമ്പദ യോജനയുടെ വിവിധ ഘടക പദ്ധതികൾക്ക് കീഴിൽ 1601 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ 1133 പദ്ധതികൾ പൂർത്തീകരിക്കുകയും ഇത് രാജ്യത്തെ 34 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനകരമാവുകയും ചെയ്തു.

 ഉപസംഹാരം

ഇന്ത്യയുടെ കാർഷിക രംഗത്ത് നൈപുണ്യ വികസനം ശക്തമായി ഉൾച്ചേർന്നിരിക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ പ്രായോഗിക പരിശീലനവും ആത്മയുടെ നേതൃത്വത്തില്‍ സംസ്ഥാനതല പരിപാടികളും മുതല്‍ പ്രധാനമന്ത്രി കൗശൽ വികാസ് യോജന, കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം, രാഷ്ട്രീയ ഗോകുൽ മിഷൻ, പ്രധാനമന്ത്രി കിസാൻ സമ്പദ യോജന എന്നിവയ്ക്ക് കീഴിലെ മേഖലാധിഷ്ടിത പരിശീലനങ്ങൾ വരെ ദൗത്യങ്ങള്‍ കർഷകരെയും ഗ്രാമീണ യുവതയെയും അറിവും ആത്മവിശ്വാസവും പ്രായോഗിക കഴിവുകളും നൽകി സജ്ജരാക്കുന്നു.

ശേഷി വർധനയില്‍  ശ്രദ്ധ കേന്ദ്രീകരിച്ച് മെച്ചപ്പെട്ട രീതികൾ അവലംബിക്കാന്‍  കർഷകരെ പ്രാപ്തരാക്കുന്നതിനൊപ്പം സംരംഭകരായും കാർഷിക വ്യാപാര നേതാക്കളായും ഗ്രാമീണ വളർച്ചയുടെ പ്രധാന ചാലകശക്തികളായും മാറാൻ സർക്കാർ അവരെ ശാക്തീകരിക്കുന്നു. വികസിത ഭാരതമെന്ന കാഴ്ചപ്പാടിനനുസൃതമായി വിദഗ്ധരും സ്വയംപര്യാപ്തരും സുസ്ഥിരരുമായ കാർഷിക സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഈ കൂട്ടായ ശ്രമങ്ങൾ അടിത്തറ പാകുന്നു. 

Click here to see PDF

 

--


(Release ID: 2173489) Visitor Counter : 9