ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
'സ്വസ്ഥ് നാരി സശക്ത് പരിവാര്‍' അഭിയാന്‍: പുതിയ വിവരങ്ങള്‍
പദ്ധതിയുടെ കീഴില്‍ രാജ്യമെമ്പാടും നടന്നത് 11.31 ലക്ഷത്തിലധികം ആരോഗ്യക്യാമ്പുകള്‍; 6.51 കോടിയിലധികം പൗരന്മാര്‍ പങ്കെടുത്തു
Posted On:
30 SEP 2025 6:09PM by PIB Thiruvananthpuram
2025 സെപ്റ്റംബര്‍ 17ന് ആരംഭിച്ച 'സ്വസ്ഥ് നാരി സശക്ത് പരിവാര്‍' അഭിയാന്‍ രാജ്യമെമ്പാടും മികച്ച പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിനു സ്ത്രീകളും കുട്ടികളും കുടുംബങ്ങളും സമഗ്രമായ ആരോഗ്യസേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
പദ്ധതിക്കുകീഴില്‍ 2025 സെപ്റ്റംബര്‍ 29 വരെ, 11.31 ലക്ഷത്തിലധികം ആരോഗ്യക്യാമ്പുകള്‍ (രോഗനിര്‍ണയ-പ്രത്യേക ചികിത്സാക്യാമ്പുകള്‍) നടന്നു. ഇതില്‍ രാജ്യവ്യാപകമായി 6.51 കോടിയിലധികം പൗരന്മാര്‍ പങ്കെടുത്തു.
പ്രധാന സവിശേഷതകള്‍:
· രക്താതിമര്‍ദവും പ്രമേഹ പരിശോധനയും: 1.44 കോടിയിലധികം പൗരന്മാരുടെ രക്താതിമര്‍ദ പരിശോധനയും 1.41 കോടിയിലധികം പേരുടെ പ്രമേഹ നിലയും പരിശോധിച്ചു.
· അര്‍ബുദ പരിശോധന: സ്തനാര്‍ബുദം തിരിച്ചറിയാന്‍ 31 ലക്ഷത്തിലധികം സ്ത്രീകളിലും ഗര്‍ഭാശയഗളാര്‍ബുദം തിരിച്ചറിയാന്‍ 16 ലക്ഷത്തിലധികം സ്ത്രീകളിലും പരിശോധന നടത്തി. വായിലെ അര്‍ബുദം തിരിച്ചറിയാന്‍ ഏകദേശം 58 ലക്ഷം പേരെ പരിശോധനയ്ക്കു വിധേയരാക്കി.
· മാതൃശിശു ആരോഗ്യം: 54.43 ലക്ഷത്തിലധികം പേര്‍ക്ക് ഗര്‍ഭകാല പരിശോധനകള്‍ നടത്തി. ഏകദേശം 1.28 കോടി കുട്ടികള്‍ക്ക് ജീവന്‍രക്ഷാ വാക്‌സിനുകള്‍ നല്‍കി.
· വിളര്‍ച്ചയും പോഷകാഹാരവും: 93 ലക്ഷത്തിലധികം പേരില്‍ വിളര്‍ച്ച പരിശോധന നടത്തി. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കായി പോഷകാഹാര ബോധവല്‍ക്കരണ സെഷനുകള്‍ നടത്തി.
· ക്ഷയവും അരിവാള്‍കോശ രോഗവും നിര്‍ണയിക്കല്‍: ക്ഷയരോഗം തിരിച്ചറിയാന്‍ 71 ലക്ഷത്തിലധികം പൗരന്മാരെയും അരിവാള്‍കോശ രോഗം തിരിച്ചറിയാന്‍ 7.9 ലക്ഷത്തിലധികം പേരെയും പരിശോധിച്ചു.
· രക്തദാനവും പിഎം-ജെഎവൈയും: 3.44 ലക്ഷത്തിലധികം രക്തദാതാക്കളെ രജിസ്റ്റര്‍ ചെയ്തു. 13 ലക്ഷത്തിലധികം പുതിയ ആയുഷ്മാന്‍/പിഎം-ജെഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്തു.

എന്‍എച്ച്എം ആരോഗ്യ ക്യാമ്പുകളുടെ വിപുലമായ ശൃംഖലയ്ക്ക് പുറമേ, എയിംസ്, ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങള്‍ (ഐഎന്‍ഐകള്‍), തൃതീയ പരിചരണ ആശുപത്രികള്‍, ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയും ഈ ദേശീയ പരിപാടിയുടെ നിര്‍വഹണത്തില്‍ മുന്‍നിരയിലാണ്. ആയിരക്കണക്കിന് പ്രത്യേക ക്യാമ്പുകള്‍ക്ക് ഈ സ്ഥാപനങ്ങള്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. വിപുലമായ രോഗ പരിശോധന, രോഗനിര്‍ണയം, കൗണ്‍സിലിംഗ്, ചികിത്സാ സേവനങ്ങള്‍ എന്നിവ ഇത് വഴി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നു. അതുവഴി സംസ്ഥാന ഗവണ്മെന്റുകളുടെയും സാമൂഹ്യ തലത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ക്ക് ഇത് സഹായകമായി.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ സംഘടനകള്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച 20,269 പരിശോധന, പ്രത്യേക ആരോഗ്യ ക്യാമ്പുകള്‍ 29 ലക്ഷത്തിലധികം പൗരന്മാര്‍ക്ക് പ്രയോജനമേകി
രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ ആരോഗ്യ പരിപാടിയാണ് സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും (MoHFW) വനിതാശിശു വികസന മന്ത്രാലയവും (MoWCD) സംയുക്തമായി നയിക്കുന്ന ഈ സംരംഭത്തില്‍, സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യത്തുടനീളമുള്ള ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ (CHCകള്‍), ജില്ലാ ആശുപത്രികള്‍, മറ്റ് ഗവണ്മെന്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 10 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിരോധ, ചികിത്സാ സേവനങ്ങള്‍ ഇതിലൂടെ നല്‍കാന്‍ ലക്ഷ്യമിടുന്നു.
******************
(Release ID: 2173361)
Visitor Counter : 5