വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി സംരംഭത്തിലൂടെ നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 6 ലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വീണ്ടെടുത്തു

Posted On: 30 SEP 2025 12:36PM by PIB Thiruvananthpuram

ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ (DoT) മുന്‍നിര പൗര കേന്ദ്രീകൃത ഡിജിറ്റല്‍ സുരക്ഷാ സംരംഭമായ 'സഞ്ചാര്‍ സാഥിയിലൂടെ ലഭ്യമാക്കിയ  'നിങ്ങളുടെ നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യുക' എന്ന സൗകര്യം ഉപയോഗിച്ച്  നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 6 ലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വീണ്ടെടുത്തുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഇത് ഡിജിറ്റല്‍ ഭരണനിര്‍വ്വഹണത്തിലുള്ള പൗരന്മാരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. പൗരന്മാരുടെ ഡിജിറ്റല്‍ ആസ്തികള്‍ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ  പ്രതിബദ്ധതയെ ഈ നേട്ടം അടിവരയിടുകയും സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതില്‍ സഹകരണ സാങ്കേതികവിദ്യയുടെ ശക്തി പ്രകടമാക്കുകയും ചെയ്യുന്നു. സഞ്ചാര്‍ സാഥിയിലെ  'നിങ്ങളുടെ നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യുക' എന്ന സൗകര്യം DoT, ടെലികോം സേവന ദാതാക്കള്‍(TSP), സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് എന്നിവരുമായി തത്സമയം ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 'ഡിജിറ്റല്‍ ബൈ ഡിസൈന്‍'   എന്ന പ്രമേയത്തില്‍ നിര്‍മ്മിച്ച ഈ സൗകര്യമുപയോഗിച്ച് ഓരോ മിനിറ്റിലും ഒരു മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

'നിങ്ങളുടെ നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യുക' എന്ന സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ ടെലികോം നെറ്റ്‌വര്‍ക്കുകളിലേയും നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, ബ്ലോക്ക് ചെയ്യാനും, ട്രാക്ക് ചെയ്യാനും, അണ്‍ബ്ലോക്ക് ചെയ്യാനും പൗരന്മാരെ പ്രാപ്തരാക്കുന്നു. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ  ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം തടയുന്നതിനായി ഇന്ത്യയിലുടനീളം ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ ഇത് ബ്ലോക്ക് ചെയ്യപ്പെടുന്നു. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനൊപ്പം ഏതെങ്കിലും സിം ഉപയോഗിച്ചാലുടന്‍ സ്വയം പ്രവര്‍ത്തിക്കുന്ന പിന്തുടരല്‍ സംവിധാനം  സൃഷ്ടിക്കപ്പെടുകയും ബന്ധപ്പെട്ട പൗരന്മാര്‍ക്കും,നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനെക്കുറിച്ചുള്ള പരാതി രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷനിലേക്കും മുന്നറിയിപ്പ് അയയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട പിന്തുടരല്‍ സംവിധാനത്തിലൂടെ ബന്ധപ്പെടേണ്ട പോലീസ് സ്‌റ്റേഷന്റെ വിശദാംശങ്ങള്‍ പൗരന്മാര്‍ക്ക് എസ്.എം.എസ് വഴി ലഭ്യമാക്കുന്നു.

DoT യുടെ ഫീല്‍ഡ് യൂണിറ്റുകള്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍ സംരംഭങ്ങളിലൂടെ നിയമ നിര്‍വ്വഹണ സംവിധാനവുമായി തുടര്‍ച്ചയായി സഹകരിക്കുന്നു. അങ്ങനെ കണ്ടെത്തിയ ഉപകരണങ്ങള്‍ കാര്യക്ഷമമായി വീണ്ടെടുക്കുകയും യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ ശ്രമങ്ങളിലൂടെ നഷ്ടപെട്ട/മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വീണ്ടെടുക്കല്‍ നിരക്കില്‍  സ്ഥിരമായ പ്രതിമാസ പുരോഗതി കാണിക്കുന്നു. 2025 ജനുവരിയില്‍ 28115 ആയിരുന്ന പ്രതിമാസ വീണ്ടെടുക്കലുകള്‍ 2025 ഓഗസ്റ്റില്‍ 45243 ആയി വര്‍ദ്ധിച്ചു. അതായത് എട്ട് മാസത്തിനിടെ 61 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. നിയമ നിര്‍വ്വഹണ ഏജന്‍സികളുമായുള്ള പ്ലാറ്റ്‌ഫോമിന്റെ  വര്‍ദ്ധിച്ചുവരുന്ന സംയോജനത്തേയും പൗര അവബോധത്തേയും ഈ വര്‍ദ്ധനവ് പ്രതിഫലിപ്പിക്കുന്നു. 6 ലക്ഷം വീണ്ടെടുക്കലുകള്‍ എന്ന നേട്ടം വെറും കണക്കുകള്‍ മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളില്‍ ഡിജിറ്റല്‍ സുരക്ഷ പുനഃസ്ഥാപിക്കുന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്. വീണ്ടെടുക്കപ്പെട്ട ഓരോ ഉപകരണവും തടയപ്പെട്ട തട്ടിപ്പ്,പുനഃസ്ഥാപിച്ച ആശയവിനിമയം,നമ്മുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലുള്ള വിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു.

2023 മെയ് മാസത്തില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി  (www.sancharsaathi.gov.in) ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായി പരിണമിച്ചു. ഇതിനോടകം 19 കോടിയിലധികം വെബ്‌സൈറ്റ് സന്ദര്‍ശനങ്ങളും 90 ലക്ഷത്തിലധികം മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സുരക്ഷയ്ക്കുള്ള സഞ്ചാര്‍ സാഥിയുടെ സമഗ്ര സമീപനത്തില്‍ മറ്റ് നിരവധി പൗര കേന്ദ്രീകൃത മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്നു:

  • ചക്ഷു: സംശയാസ്പദവും വ്യാജവുമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക
  • നിങ്ങളുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ അറിയുക:  സജീവമായ എല്ലാ കണക്ഷനുകളും പരിശോധിക്കുക
  • ഉപകരണ ആധികാരികത പരിശോധന: പോര്‍ട്ടല്‍,ആപ്പ്,അല്ലെങ്കില്‍ 14422 എന്ന നമ്പറിലേക്ക് SMS അയച്ച്  IMEI ആധികാരികത പരിശോധിക്കുക
  • അന്താരാഷ്ട്ര കോള്‍ റിപ്പോര്‍ട്ടിംഗ്: സംശയാസ്പദമായ അന്താരാഷ്ട്ര കോളുകള്‍ ഇന്ത്യന്‍ കോളര്‍ ഐഡികള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യുക.
  • വിശ്വസനീയമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍: ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി പരിശോധിച്ചുറപ്പിച്ച കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിക്കുക.


പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ലഭ്യമാകുന്ന ഒരു സുരക്ഷിത ഡിജിറ്റല്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള  ചുവടുവയ്പ്പാണ് സഞ്ചാര്‍ സാഥി. ഇന്ത്യയുടെ ഭാഷാ വൈവിധ്യം അംഗീകരിച്ചുകൊണ്ട് സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ്  21 പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ഇതിലൂടെ എല്ലാ ജനവിഭാഗങ്ങളിലും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളിലുമുള്ള പൗരന്മാര്‍ക്ക് ലഭ്യത ഉറപ്പാക്കുന്നു.

 
*****

(Release ID: 2173162) Visitor Counter : 6
Read this release in: English , Urdu , Hindi , Tamil