സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ISI ബിൽ, 2025 ന്റെ കരട് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു

Posted On: 27 SEP 2025 12:27PM by PIB Thiruvananthpuram
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI),  പൊതുജനാഭിപ്രായം തേടുന്നതിനായി, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2025 ന്റെ കരട്, 2025 സെപ്റ്റംബർ 25 ന് പ്രസിദ്ധീകരിച്ചു. നിയമനിർമ്മാണത്തിന് മുമ്പുള്ള കൂടിയാലോചനാ പ്രക്രിയയുടെ ഭാഗമായി ബന്ധപ്പെട്ട പങ്കാളികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.


1931 ഡിസംബറിൽ സ്ഥാപിതമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലൊന്നായി വളർന്നു. ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ ദേശീയ സംഭാവനകൾ മാനിച്ച്, പാർലമെന്റ് 1959-ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആക്റ്റ് നടപ്പിലാക്കുകയും, ISI-യെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി (INI) പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന്, ISI സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി, ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, ഓപ്പറേഷൻസ് റിസർച്ച് എന്നിവയിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. ഗവേഷണ പരിപാടികൾ, ഡിപ്ലോമകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയും നടത്തി വരുന്നു. വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 1,200 വിദ്യാർത്ഥികൾ പഠിക്കുന്ന ISI, സ്റ്റാറ്റിസ്റ്റിക്കൽ സയൻസസിലും അനുബന്ധ മേഖലകളിലും ഇന്ത്യയുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

വർഷങ്ങളായി, നാല് അവലോകന സമിതികൾ ISI യുടെ പ്രവർത്തനം പരിശോധിക്കുകയുണ്ടായി. 2020 ൽ ഡോ. ആർ.എ. മഷേൽക്കർ അധ്യക്ഷനായ ഏറ്റവും പുതിയ അവലോകന സമിതി, ഭരണ നിർവ്വഹണം  ശക്തിപ്പെടുത്തുന്നതിനും അക്കാദമിക് പരിപാടികൾ വികസിപ്പിക്കുന്നതിനും ISI യെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിനും വേണ്ട സുപ്രധാന പരിഷ്‌ക്കാരങ്ങൾക്ക് ശുപാർശ ചെയ്തു. 2031 ൽ ശതാബ്ദി വർഷത്തിലെത്തുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിന്റെ നേതൃത്വം  വീണ്ടെടുക്കുന്നതിനും പ്രസക്തമായി തുടരുന്നതിനും ISI പുനർവിചിന്തനം ചെയ്യപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും പുനഃസ്ഥാപിക്കപ്പെടുകയും വേണമെന്ന് സമിതി ശുപാർശ ചെയ്തു.

ഈ വിഷയം അഭിസംബോധന ചെയ്യുന്നതിനായി, നിലവിലുള്ള നിയമത്തെ  മറ്റ് INI നിയമനിർമ്മാണങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണം ISI ക്കായി നിർദ്ദേശിക്കപ്പെടുന്നു. ഇത് നവീകരിച്ച ഒരു ഭരണ നിർവ്വഹണ ഘടന സ്ഥാപിക്കുകയും, നയപരവും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളുടെ കാര്യക്ഷമതയ്ക്കായി ഭരണനിർവ്വഹണ ബോർഡിന്റെ അംഗബലം ചുരുക്കുകയും     കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

2031-ൽ ISI അതിന്റെ നൂറാം വാർഷികത്തോട് അടുക്കുമ്പോൾ, ISI യെ ഇന്ത്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് ദർശനം. മേല്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, നിർദ്ദിഷ്ട കരട് ബിൽ ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങൾ അടിസ്ഥാനമാക്കുന്നു:

(എ) മികവ്: അക്കാദമിക ശാക്തീകരണം, ആഗോള മത്സരക്ഷമത, നൂതനാശയങ്ങൾ എന്നിവയ്ക്ക്  പ്രോത്സാഹനം;

(ബി) ഫലപ്രദമായ ഭരണ നിർവ്വഹണം: വ്യക്തമായ സ്ഥാപന ഘടനകൾ, തീരുമാനമെടുക്കൽ പ്രക്രിയ കാര്യക്ഷമമാക്കൽ, നേതൃത്വത്തിലും ഭരണത്തിലും സത്യസന്ധത ഉയർത്തിപ്പിടിക്കൽ;

(സി) സ്വയംഭരണം: ഇൻസ്റ്റിറ്റ്യൂട്ടിന് അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ആസൂത്രണത്തിലും  തീരുമാനമെടുക്കുന്നതിനുള്ള കൂടുതൽ അധികാരങ്ങൾ;

(ഡി) ഉത്തരവാദിത്തം: സുതാര്യത, മേൽനോട്ടം, കൃത്യമായ പ്രതികരണം എന്നിവ ഉറപ്പാക്കുക.

21-ാം നൂറ്റാണ്ടിൽ ISI യുടെ സമ്പൂർണ്ണ ശേഷിയും പ്രയോജനപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട പരിഷ്‌ക്കാരങ്ങളുടെ ലക്ഷ്യം. ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളുടെ നിയമ, ഭരണനിർവ്വഹണ  ചട്ടക്കൂടുമായി ISI യെ സമന്വയിപ്പിച്ച്, ലോകോത്തര വിദ്യാഭ്യാസം, ഗവേഷണം, നയപരമായ പിന്തുണ എന്നിവ നൽകുന്നതിനുള്ള ശേഷി ശക്തിപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കരട് ബില്ലിന്മേൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://new.mospi.gov.in) ലഭ്യമാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2025 ഒക്ടോബർ 24-നകം എംഎസ് വേഡിലോ പിഡിഎഫ് ഫോർമാറ്റിലോ capisi-mospi[at]gov[dot]in എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.
 
SKY
 
**********

(Release ID: 2172706) Visitor Counter : 3