വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സ്പീഡ് പോസ്റ്റ് (ഡോക്യുമെന്റ്) നിരക്കിൽ മാറ്റം വരുത്തി തപാൽ വകുപ്പ്; ഒപ്പം പുതിയ സവിശേഷതകളും

Posted On: 26 SEP 2025 8:35PM by PIB Thiruvananthpuram

രാജ്യത്തെങ്ങും കത്തുകളും പാഴ്സലുകളും വേഗത്തിലും വിശ്വസനീയമായും എത്തിക്കുന്നതിന് 1986 ഓഗസ്റ്റ് 1-നാണ് തപാൽ വകുപ്പ് സ്പീഡ് പോസ്റ്റ് സേവനം ആരംഭിച്ചത്. തപാല്‍ വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തുടക്കം കുറിച്ച ഈ സേവനം  സമയബന്ധിതവും കാര്യക്ഷമവും സുരക്ഷിതവുമായി കത്തുകളുടെയും മറ്റ് സാധനസാമഗ്രികളുടെയും വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്  രൂപകല്പന ചെയ്തത്. സ്വകാര്യ കൊറിയർ കമ്പനികളെ അപേക്ഷിച്ച് വർഷങ്ങളായി രാജ്യത്തെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ കത്തിടപാട് സേവനങ്ങളിലൊന്നായി സ്പീഡ് പോസ്റ്റ് വളർന്നു.

മാറുന്ന ഉപഭോക്തൃ ആവശ്യകതകൾ നിറവേറ്റാന്‍ തുടക്കം മുതൽ തന്നെ സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരുന്നു.  രാജ്യത്തെ ജനങ്ങളുടെ ഇഷ്ട സേവനമെന്ന നിലയിൽ  സ്പീഡ് പോസ്റ്റിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിശ്വാസ്യതയും സുരക്ഷയും ഉപഭോക്തൃ സൗകര്യവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട്  ഏതാനും പുതിയ സവിശേഷതകളോടെ സ്പീഡ് പോസ്റ്റ് സേവനങ്ങള്‍  ഇപ്പോള്‍ നവീകരിച്ചിരിക്കുകയാണ്:

  • ഒടിപി അധിഷ്ഠിത സുരക്ഷിത വിതരണം 
  • ഓൺലൈൻ പണമിടപാട് സൗകര്യം
  • എസ്എംഎസ് അടിസ്ഥാനമാക്കി വിതരണ അറിയിപ്പുകൾ
  • സൗകര്യപ്രദമായ ഓൺലൈൻ ബുക്കിങ് സേവനങ്ങൾ
  • വിതരണവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ 
  • ഉപയോക്താക്കൾക്ക് രജിസ്ട്രേഷൻ സൗകര്യം

ഇൻലാൻഡ് സ്പീഡ് പോസ്റ്റ് നിരക്ക് അവസാനമായി പരിഷ്കരിച്ചത് 2012 ഒക്ടോബറിലാണ്. നിലവിലെ പരിഷ്കരണങ്ങള്‍  നിലനിർത്താനും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളെ അഭിമുഖീകരിക്കാനും  നൂതനാശയങ്ങളിൽ നിക്ഷേപം നടത്താനും ലക്ഷ്യമിട്ട് സ്പീഡ് പോസ്റ്റ് സേവനത്തിന്റെ (ഡോക്യുമെന്റ്) നിരക്ക്  യുക്തിസഹമായി പരിഷ്കരിച്ചു.  2025 സെപ്റ്റംബർ 25-ലെ ഗസറ്റ് വിജ്ഞാപനം 4256 പ്രകാരം പുതുക്കിയ നിരക്ക് 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പരിഷ്കരിച്ച നിരക്കു ഘടന ചുവടെ ചേർക്കുന്നു

 

Weight/Distance

Local

 

upto 200 Kms.

201 to 500 Kms.

501 to 1000 Kms.

1001 to 2000 Kms.

Above 2000 Kms.

Up to 50 grams

19

47

47

47

47

47

51 grams to 250 grams

24

59

63

68

72

77

251 grams to 500 grams

28

70

75

82

86

93

 

ഡോക്യുമെന്റുകള്‍ക്കും പാഴ്സലുകൾക്കും സ്പീഡ് പോസ്റ്റിന്റെ  മൂല്യവർധിത സേവനമായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് വിശ്വാസ്യതയും വേഗവും  ഒരുമിച്ച് ഉറപ്പാക്കാവുന്ന തരത്തില്‍ പ്രത്യേകം രൂപകല്പന ചെയ്ത  സുരക്ഷിത വിതരണ സേവനം ഇതുവഴി ലഭ്യമാകും. 'രജിസ്ട്രേഷൻ' എന്ന ഈ മൂല്യവർധിത സേവനത്തിനായി ഓരോ സ്പീഡ് പോസ്റ്റ് ഇനത്തിനും (‍ഡോക്യുമെന്റ്/പാഴ്സൽ) അഞ്ചുരൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും. ഈ സേവനത്തിലൂടെ അയയ്ക്കുന്ന ഇനം സ്വീകരിക്കേണ്ട ആള്‍ക്കോ അയാള്‍ അധികാരപ്പെടുത്തിയ വ്യക്തിക്കോ മാത്രം കൈമാറും.

സമാനമായി 'ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) ഡെലിവറി' എന്ന മൂല്യവർധിത സേവനത്തിന് ഓരോ സ്പീഡ് പോസ്റ്റ് ഇനത്തിനും (ഡോക്യുമെന്റ്/പാഴ്സൽ) അഞ്ചുരൂപയും ബാധകമായ ജിഎസ്ടിയും ഈടാക്കും. ഈ സംവിധാനത്തിൽ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് നൽകുന്ന ഒടിപി ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും സാധനം സ്വീകരിക്കുന്നയാള്‍ക്ക് കൈമാറുന്നത്.  

വിദ്യാർത്ഥികൾക്ക് സ്പീഡ് പോസ്റ്റ് സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിന് നിരക്കിൽ 10% കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിപുലമായ തോതില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് 5% പ്രത്യേക കിഴിവും നൽകുന്നു.

കൂടുതൽ സുരക്ഷിതവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സേവനദാതാവായി മാറുന്നതിന് തപാല്‍വകുപ്പ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ. സുസ്ഥിര നൂതനാശയങ്ങളും വിശ്വാസ്യത വർധിപ്പിക്കുന്ന സവിശേഷതകളും അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വിശ്വസ്തവും താങ്ങാവുന്നതുമായ വിതരണ പങ്കാളിയെന്ന സ്ഥാനം അടയാളപ്പെടുത്തുന്നതിനൊപ്പം മാറുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ നവീകരണവും തുടരുന്നു. 

**********************


(Release ID: 2172089) Visitor Counter : 7
Read this release in: English , Marathi , Hindi