പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും


ബാൻസ്വാരയിൽ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

വൈദ്യുതി മേഖലയിലെ പദ്ധതികളിൽ 91,770 കോടിയിലധികം രൂപയുടെ സംശുദ്ധോർജ-പ്രസരണ പദ്ധതികൾ ഉൾപ്പെടുന്നു

ആണവോർജ മേഖലയ്ക്ക് ഉത്തേജനം പകർന്ന്, മാഹി ബാൻസ്വാര രാജസ്ഥാൻ ആണവോർജപദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും

പ്രധാനമന്ത്രി രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ 16,050 കോടിയിലധികം രൂപയുടെ പിഎം കുസും പദ്ധതികൾ ഉദ്ഘാടനം ചെയ്യും

വടക്കൻ മേഖലയുമായുള്ള ബന്ധം വലിയ തോതിൽ മെച്ചപ്പെടുത്താൻ, രാജസ്ഥാനിൽ നിന്നുള്ള മൂന്നു ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

രാജസ്ഥാനിലെ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 15,000-ത്തിലധികം യുവാക്കൾക്കു പ്രധാനമന്ത്രി നിയമനപത്രങ്ങൾ വിതരണം ചെയ്യും

പ്രധാനമന്ത്രി ഗ്രേറ്റർ നോയിഡയിൽ ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാരപ്രദർശനം-2025’ ഉദ്ഘാടനം ചെയ്യും

വ്യാപാരപ്രദർശനത്തിന്റെ പ്രമേയം: ആത്യന്തിക ഉറവിടത്തിന് ഇവിടെ തുടക്കം

Posted On: 24 SEP 2025 5:52PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും. ഗ്രേറ്റർ നോയിഡയിൽ രാവിലെ 9.30-ന് ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം-2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

തുടർന്ന്, പ്രധാനമന്ത്രി രാജസ്ഥാൻ സന്ദർശിക്കും. 1,22,100 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ഉച്ചയ്ക്ക് 1.45-നു ബാൻസ്വാരയിൽ പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും. പിഎം കുസും ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിക്കും.

പ്രധാനമന്ത്രി ഉത്തർപ്രദേശിൽ

‘മെയ്ക് ഇൻ ഇന്ത്യ', 'വോക്കൽ ഫോർ ലോക്കൽ', 'ആത്മനിർഭർ ഭാരത്' എന്നീ പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമായി, ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗ്രേറ്റർ നോയിഡയിൽ ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാരപ്രദർശനം -2025’ (UPITS-2025) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

“ആത്യന്തിക ഉറവിടത്തിന് ഇവിടെ തുടക്കം” എന്ന പ്രമേയത്തിലുള്ള വ്യാപാരപ്രദർശനം സെപ്റ്റംബർ 25 മുതൽ 29 വരെയാണ്. നവീകരണം, ഏകീകരണം, അന്താരാഷ്ട്രവൽക്കരണം എന്നീ മൂന്നു പ്രധാന ലക്ഷ്യങ്ങളോടെയാണു പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ഉപയോക്താക്കൾ, ആഭ്യന്തര B2B (ബിസിനസ്-ടു-ബിസിനസ്) ഉപയോക്താക്കൾ, ആഭ്യന്തര B2C (ബിസിനസ്-ടു-കൺസ്യൂമർ) ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യം വച്ചുള്ള മൂന്നുതലങ്ങളുള്ള ഉപയോക്തൃതന്ത്രം കയറ്റുമതിക്കാർ, ചെറുകിട വ്യവസായികൾ, ഉപഭോക്താക്കൾ എന്നിവർക്ക് ഒരുപോലെ അവസരങ്ങളേകും.

UPITS-2025 ഉത്തർപ്രദേശിന്റെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങൾ, ആധുനിക വ്യവസായങ്ങൾ, കരുത്തുറ്റ MSME-കൾ, വളർന്നുവരുന്ന സംരംഭകർ എന്നിവയെ ഒരൊറ്റ വേദിയിൽ അവതരിപ്പിക്കും. കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തുകൽ, കൃഷി, ഭക്ഷ്യസംസ്കരണം, ഐടി, ഇലക്ട്രോണിക്സ്, ആയുഷ് തുടങ്ങിയ പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടും. ഉത്തർപ്രദേശിന്റെ സമ്പന്നമായ കല, സംസ്കാരം, പാചകരീതി എന്നിവയും ഒരുകുടക്കീഴിൽ പ്രദർശിപ്പിക്കും.

തന്ത്രപരമായ പ്രാധാന്യം നൽകുന്ന പങ്കാളിത്തരാജ്യമായി റഷ്യ പങ്കെടുക്കും. ഇത് ഉഭയകക്ഷിവ്യാപാരം, സാങ്കേതിക കൈമാറ്റം, ദീർഘകാല സഹകരണം എന്നിവയ്ക്കുള്ള വഴികൾ തുറക്കും. 2400-ലധികം പ്രദർശകരും 1,25,000 B2B സന്ദർശകരും 4,50,000 B2C സന്ദർശകരും വ്യാപാരപ്രദർശനത്തിന്റെ ഭാഗമാകും.

പ്രധാനമന്ത്രി രാജസ്ഥാനിൽ

ബാൻസ്വാരയിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ 1,22,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.

ഏവർക്കും താങ്ങാവുന്ന നിരക്കിലുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ വൈദ്യുതിമേഖലയെ പരിവർത്തനം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അണുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ (ASHVINI) ഏകദേശം 42,000 കോടി രൂപയുടെ മാഹി ബാൻസ്വാര രാജസ്ഥാൻ ആണവ വൈദ്യുതപദ്ധതിയുടെ (4X700 MW) തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. വിശ്വസനീയമായ ‘ബേസ് ലോഡ്’ വൈദ്യുതി നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ആണവനിലയങ്ങളിൽ ഒന്നായി ഇതു മാറും. കൂടാതെ പരിസ്ഥിതിസംരക്ഷണത്തിലും വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജഭൂപ്രകൃതിയിലും ഇന്ത്യയുടെ സ്ഥാനത്തിനു കരുത്തേകുകയും ചെയ്യും. മാഹി ബാൻസ്വാര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയിൽ NPCIL രൂപകൽപ്പന ചെയ്തു വികസിപ്പിച്ചെടുത്ത നൂതന സുരക്ഷാസവിശേഷതകളുള്ള നാലു തദ്ദേശീയ 700 MW പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ ഉൾപ്പെടുന്നു. ഇതു ' 'ആത്മനിർഭർ ഭാരത്' എന്ന മനോഭാവത്തിനു കരുത്തുപകരുന്നു. ഇന്ത്യയുടെ വിശാലമായ “ഫ്ലീറ്റ് മോഡ്” സംരംഭത്തിന്റെ ഭാഗമാണിത്. ഏകീകൃത രൂപകൽപ്പന-സംഭരണ പദ്ധതികൾപ്രകാരം ഇന്ത്യയിലുടനീളം ഇത്തരത്തിൽ പത്ത് 700 MW റിയാക്ടറുകൾ നിർമിക്കും. ഈ പദ്ധതി ചെലവു കുറയ്ക്കാനും വേഗത്തിലുള്ള നിർമാണത്തിനും പ്രവർത്തനപരമായ വൈദഗ്ധ്യം ഏകീകരിക്കുന്നതിനും സഹായിക്കും.

ഇന്ത്യയുടെ സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് ഉത്തേജനം പകർന്ന്, രാജസ്ഥാനിൽ ഏകദേശം 19,210 കോടി രൂപയുടെ ഹരിതോർജ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഫലോദി, ജയ്സൽമെർ, ജാലോർ, സീക്കർ തുടങ്ങിയ സ്ഥലങ്ങളിൽ സൗരോർജ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബീകാനേറിൽ സൗരോർജപദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കൂടാതെ, ആന്ധ്രാപ്രദേശിലെ രാമഗിരിയിൽ സൗരോർജ പാർക്കിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഈ പദ്ധതികൾ ഇന്ത്യയുടെ സംശുദ്ധോർജശേഷി ഗണ്യമായി വർധിപ്പിക്കുകയും, വൻതോതിൽ ഹരിതോർജം ഉൽപ്പാദിപ്പിക്കുകയും, കോടിക്കണക്കിനു ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ തടയുകയും ചെയ്യും.

2030-ഓടെ എട്ടു സംസ്ഥാനങ്ങളിലായി 181.5 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി വികസിപ്പിക്കുക എന്നതാണു കേന്ദ്രഗവണ്മെന്റിന്റെ പുനരുപയോഗ ഊർജമേഖല (REZ) സംരംഭത്തിന്റെ ലക്ഷ്യം. ലോഡ് സെന്ററുകളിലേക്ക് ഈ പുനരുപയോഗ ഊർജത്തിന്റെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കുന്നതിനും ഊർജശൃംഖല സ്ഥിരത വർധിപ്പിക്കുന്നതിനും, രാജസ്ഥാൻ REZ-നായി പവർഗ്രിഡ് പ്രധാന പ്രസരണ സംവിധാനങ്ങൾ നടപ്പാക്കുന്നു.

രാജസ്ഥാനിലെ ബ്യാവറിൽനിന്നു മധ്യപ്രദേശിലെ മന്ദ്സൗറിലേക്കുള്ള 765 കെവി പ്രസരണലൈനുകളും അനുബന്ധ സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു. രാജസ്ഥാനിലെ സിരോഹിയിൽനിന്നു മന്ദ്‌സൗറിലേക്കും മധ്യപ്രദേശിലെ ഖണ്ഡ്വയിലേക്കും സിരോഹി സബ്‌സ്റ്റേഷനുകളിലെ പരിവർത്തനശേഷി വർധിപ്പിക്കലും മന്ദ്‌സൗർ, ഖണ്ഡ്വ സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും; രാജസ്ഥാനിലെ ബീകാനേറിൽനിന്നു ഹരിയാണയിലെ സിവാനി, ഫത്തേഹാബാദ്, പഞ്ചാബിലെ പാത്രാൻ എന്നിവിടങ്ങളിലേക്ക് 765 KV, 400 KV പ്രസരണലൈൻ; ബീകാനേറിൽ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കലും സിവാനി സബ്‌സ്റ്റേഷൻ വിപുലീകരിക്കലും എന്നിങ്ങനെ നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. മൊത്തത്തിൽ, ഈ പദ്ധതികൾ രാജസ്ഥാനിലെ ഊർജോൽപ്പാദനകേന്ദ്രങ്ങളിൽനിന്ന് ഇന്ത്യയിലുടനീളമുള്ള ഗുണഭോക്തൃ സംസ്ഥാനങ്ങളിലെ ആവശ്യക്കാരുള്ള കേന്ദ്രങ്ങളിലേക്ക് 15.5 GW ഹരിതോർജം തടസ്സമില്ലാതെ കൈമാറാൻ സൗകര്യമൊരുക്കും.

ജയ്സാൽമെറിലും ബീകാനേറിലും 220 കെവിയും അനുബന്ധ ലൈനുകളും ഉൾപ്പെടുന്ന മൂന്നു ഗ്രിഡ് സബ്സ്റ്റേഷനുകളുടെ (GSS) തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ബാർമെർ ജില്ലയിലെ ശിവിൽ 220 KV GSS-ഉം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 490 കോടിയിലധികം രൂപയുടെ ഈ പദ്ധതികൾ പ്രദേശത്തെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനു ഗണ്യമായ സംഭാവന നൽകും.

കർഷകരെ ശാക്തീകരിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പിഎം-കുസും (പ്രധാൻ മന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ) പദ്ധതി (ഘടകം സി) പ്രകാരം 16,050 കോടി രൂപയിലധികം ചെലവിടുന്ന 3517 മെഗാവാട്ട് ഫീഡർ ലെവൽ സോളറൈസേഷൻ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതിച്ചെലവു കുറയ്ക്കുന്നതിലൂടെയും ജലസേചനച്ചെലവുകൾ കുറയ്ക്കുന്നതിലൂടെയും ഗ്രാമീണ ഊർജ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ലക്ഷക്കണക്കിനു കർഷകർക്കു പ്രയോജനപ്പെടുന്ന, താങ്ങാനാകുന്ന നിരക്കിലുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ ജലസേചന വൈദ്യുതി ഉറപ്പാക്കുന്നതിനാണു കാർഷിക ഫീഡറുകൾ സോളറൈസ് ചെയ്യുന്നത്.

ജലസുരക്ഷയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മുന്നോട്ടുനയിക്കുന്നതിനായി, രാംജൽ സേതു സംയോജന പദ്ധതിക്കു വലിയ പ്രോത്സാഹനമേകുന്ന പ്രധാനമന്ത്രി, രാജസ്ഥാനിൽ 20,830 കോടിയിലധികം രൂപയുടെ വിവിധ ജലവിഭവ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ഇസർദയിൽനിന്നുള്ള വിവിധ ഫീഡറുകളുടെ നിർമാണത്തിനും, അജ്മേർ ജില്ലയിലെ മോർ സാഗർ കൃത്രിമജലസംഭരണിയുടെ നിർമാണത്തിനും, ചിത്തോർഗഢിൽനിന്നുള്ള അതിന്റെ ഫീഡറിനും അദ്ദേഹം തറക്കല്ലിടും. ബീസൽപുർ അണക്കെട്ടിലെ ഇൻടേക്ക് പമ്പ് ഹൗസ്, ഖാരി ഫീഡറിന്റെ പുനരുജ്ജീവനം, മറ്റ് വിവിധ ഫീഡർ കനാൽ പ്രവൃത്തികൾ എന്നിവയാണു മറ്റു പ്രവൃത്തികൾ. ഇസാർദ അണക്കെട്ട്, ധോൽപുർ ലിഫ്റ്റ് പദ്ധതി, ടാക്ലി പദ്ധതി തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഏവർക്കും സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) 2.0 പ്രകാരം ബാൻസ്വാര, ഡൂംഗർപുർ, ഉദയ്പുർ, സവായ് മാധോപുർ, ചൂരു, അജ്മേർ, ഭീൽവാര ജില്ലകളിലെ 5880 കോടിയിലധികം രൂപയുടെ പ്രധാന കുടിവെള്ള വിതരണ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും.

റോഡ് അടിസ്ഥാനസൗകര്യങ്ങൾക്കു പ്രധാന ഉത്തേജനമായി, ഭരത്പുർ നഗരത്തിലെ ഫ്ലൈ ഓവറുകളുടെ നിർമാണം, ബനാസ് നദിക്കു കുറുകെയുള്ള പാലം, 116 അടൽ പ്രഗതി പാത പദ്ധതികൾ എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിടും. ബാർമെർ, അജ്മേർ, ഡൂംഗർപുർ ജില്ലകളിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധപ്പെട്ട വിവിധ റോഡ് പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. 2630 കോടിയിലധികം രൂപയുടെ ഈ പദ്ധതികൾ പ്രാദേശിക റോഡ് സഞ്ചാരക്ഷമത മെച്ചപ്പെടുത്തുകയും ഗതാഗതം സുഗമമാക്കുകയും റോഡുസുരക്ഷ വർധിപ്പിക്കുകയും ചെയ്യും.

ഭരത്പുരിൽ 250 കിടക്കകളുള്ള ആർ‌ബി‌എം ആശുപത്രി, ജയ്പുരിൽ ഐടി വികസന, ഇ-ഗവേണൻസ് സെന്റർ, മക്രാന നഗരത്തിലെ ശുദ്ധീകരണ പ്ലാന്റുകളും പമ്പിങ് സ്റ്റേഷനുകളും ഉൾപ്പെടെയുള്ള മലിനജല സംവിധാനം, മണ്ഡാവയിലും ഝുൻഝുനു ജില്ലയിലും മലിനജല-ജലവിതരണ പദ്ധതികൾ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

റെയിൽ ഗതാഗതസൗകര്യത്തിനു പ്രധാന ഉത്തേജനമായി, ബീകാനേറിനും ഡൽഹി കന്റോൺമെന്റിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ, ജോധ്പുരിനും ഡൽഹി കന്റോൺമെന്റിനും ഇടയിലുള്ള വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ, ഉദയ്പുർ സിറ്റി – ചണ്ഡീഗഢ് എക്സ്‌പ്രസ് എന്നിങ്ങനെ മൂന്നു ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. രാജസ്ഥാനും മറ്റു വടക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള സമ്പർക്കസൗകര്യം ഈ ട്രെയിനുകൾ വലിയ തോതിൽ മെച്ചപ്പെടുത്തും.

ഏവർക്കും തൊഴിൽ എന്ന കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിനായി, രാജസ്ഥാനിലെ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് 15,000-ത്തിലധികം നിയമനപത്രങ്ങൾ വിതരണം ചെയ്യും. ഇതിൽ 5770-ലധികം മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, 4190 ജൂനിയർ അസിസ്റ്റന്റുമാർ, 1800 ജൂനിയർ ഇൻസ്ട്രക്ടർമാർ, 1460 ജൂനിയർ എൻജിനിയർമാർ, 1200 മൂന്നാം ഗ്രേഡ് ലെവൽ -2 അധ്യാപകർ എന്നിവരും ഉൾപ്പെടുന്നു.

 

****


(Release ID: 2170943) Visitor Counter : 6