സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
നശാ മുക്ത് ഭാരത് അഭിയാൻ ദേശീയ മത്സരത്തിന് തുടക്കമാകുന്നു
Posted On:
24 SEP 2025 12:58PM by PIB Thiruvananthpuram
നശാ മുക്ത് ഭാരത് അഭിയാൻറെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു ത്രിതല ദേശീയ മത്സരം ആരംഭിക്കുകയാണ്. രാജ്യത്തെ ലഹരി മുക്തമാക്കാൻ ലക്ഷ്യമിടുന്ന ഈ ഉദ്യമം ലഹരിവസ്തുക്കളുടെ ദുരുപയോഗത്താലുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ യുവാക്കളെയും വിദ്യാർത്ഥികളെയും സമൂഹത്തിലെ മറ്റ് അംഗങ്ങളെയും ഭാഗമാക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയും, സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന ഉന്നതതല പരിപാടിയോടെ മത്സരം സമാപിക്കും.
2020 ഓഗസ്റ്റ് 15 ന് ആരംഭിച്ചത് മുതൽ നശാ മുക്ത് അഭിയാൻ എന്ന ഈ പദ്ധതി 5.71 ലക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 6.29 കോടി യുവാക്കളും 4.14 കോടി സ്ത്രീകളും ഉൾപ്പെടെ 20.63 കോടിയിലധികം വ്യക്തികളിലേക്ക് എത്തിച്ചേർന്നുകൊണ്ട് ലഹരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഒരു നാഴികക്കല്ലായി മാറി. നശാ മുക്ത് അഭിയാൻ അതിന്റെ ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ യുവാക്കളുടെ ഊർജ്ജവും സർഗ്ഗാത്മകതയും പ്രയോജനപ്പെടുത്തി സമൂഹത്തെ ലഹരി മുക്തമാക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മന്ത്രാലയം രാജ്യവ്യാപകമായി മത്സരം സംഘടിപ്പിക്കുന്നത് .
ഓൺലൈൻ ക്വിസ്, ഉപന്യാസ രചന, പ്രസംഗം/ഗ്രൂപ്പ് ചർച്ച എന്നിങ്ങനെ ഒരു ആസൂത്രിതമായ ത്രിതല പ്രക്രിയയിലൂടെ യുവാക്കൾ (15 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർ), വിദ്യാർത്ഥികൾ, നശാ മുക്ത് അഭിയാൻ മാസ്റ്റർ വളണ്ടിയർമാർ, എൻഎസ്‌എസ്/ എൻസിസി/ മൈഭാരത് വളണ്ടിയർമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട്, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് മത്സരത്തിന്റെ ഉദ്ദേശം. ലഹരി മുക്ത ഇന്ത്യയ്‌ക്കായുള്ള യുവ വക്താക്കളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, ദേശീയതല പരിപാടിയിൽ വിശിഷ്ട വ്യക്തികളുമായി സംവദിക്കുന്നതിനുള്ള ഒരു വേദിയായി ഇത് പരിണമിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
MyGov പ്ലാറ്റ്‌ഫോമിൽ മൂന്ന് തലങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നു:
1. ടയർ 1 : ഓൺലൈൻ ക്വിസ് (ജില്ലാ തലം)
* തീയതി : 2025 സെപ്റ്റംബർ 25 - 2025 ഒക്ടോബർ 24.
* തെരഞ്ഞെടുപ്പ്: കൃത്യതയും ക്വിസ് പൂർത്തീകരണ സമയവും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 3,500 മത്സരാർത്ഥികൾ ടയർ 2 ലേക്ക് യോഗ്യത നേടും.
2. ടയർ 2 : ഉപന്യാസ രചന (സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശ തലം)
* തീയതി : 2025 ഒക്ടോബർ 27 – 2025 നവംബർ 07.
* തെരഞ്ഞെടുപ്പ്: സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശ കമ്മിറ്റികൾ ഉപന്യാസങ്ങളുടെ മൗലികത, വ്യക്തത, പ്രസക്തി എന്നിവ വിലയിരുത്തി, ഓരോ സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നും 5–7 പേരെ വീതം ടയർ 3-നായി തിരഞ്ഞെടുക്കും. സംസ്ഥാനതല പരിപാടികളിൽ വിജയികളെ അനുമോദിക്കുകയും ചെയ്യും.
3. ടയർ 3: പ്രസംഗം/ ഗ്രൂപ്പ് ചർച്ച (ദേശീയ തലം)
* ലക്ഷ്യം: ദേശീയ തല പരിപാടിയിലേക്കായി പങ്കെടുക്കുന്നവരിൽ നിന്നും മികച്ച 20 പേരെ (ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഉൾപ്പെടെ എല്ലാ ലിംഗഭേദങ്ങളിൽ നിന്നും) തിരഞ്ഞെടുക്കുക.
* സ്ഥലം: ഭാരത് മണ്ഡപം, ന്യൂഡൽഹി.
* തീയതി : നവംബർ 2025.
* തെരഞ്ഞെടുപ്പ് : ഉച്ചാരണം, ഉള്ളടക്കത്തിന്റെ ആഴം, നേതൃപാടവം എന്നിവ അടിസ്ഥാനമാക്കി ദേശീയ പാനൽ വിലയിരുത്തുന്നതിൽ നിന്നും മികച്ച 20 പേർ ഉന്നത തല പരിപാടിയിൽ ഗ്രൂപ്പ് പി പി ടി അവതരിപ്പിക്കും.
ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും, വിജയികളാകുന്നവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. ജില്ലാ, സംസ്ഥാന തല മത്സരങ്ങളിലെ വിജയികളെ ജില്ലാ/സംസ്ഥാന തല പരിപാടികളിൽ അനുമോദിക്കും. ദേശീയ തലത്തിൽ പങ്കെടുത്ത 200 - 250 മത്സരാർത്ഥികളെ ന്യൂഡൽഹിയിൽ നടക്കുന്ന ഉന്നതതല പരിപാടിയിലേക്ക് ക്ഷണിക്കും. ഇവർക്ക്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സാമൂഹിക നീതി-ശാക്തീകരണ മന്ത്രി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. മികച്ച 20 പേർക്ക് അവാർഡുകൾ സമ്മാനിക്കുകയും, ഗ്രൂപ്പ് പി പി ടി അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യും.
ഇന്ത്യയിലുടനീളമുള്ള യുവാക്കളെയും വിദ്യാർത്ഥികളെയും വളണ്ടിയർമാരെയും ഈ പരിവർത്തന സംരംഭത്തിൽ പങ്കെടുക്കാൻ മന്ത്രാലയം ക്ഷണിക്കുന്നു. ഓൺലൈൻ ക്വിസ് 2025 സെപ്റ്റംബർ 25 ന് MyGov പ്ലാറ്റ്‌ഫോമിൽ ആരംഭിക്കുന്നതാണ്.നശാ മുക്ത ഭാരതം എന്ന ഉദ്യമത്തിൽ പങ്ക് ചേരുന്നതിനായി My Gov വെബ്സൈറ്റ് സന്ദർശിക്കുവാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, NMBA ഹെൽപ്പ്‌ലൈനിൽ (14446) ബന്ധപ്പെടുക അല്ലെങ്കിൽ My Gov പ്ലാറ്റ്‌ഫോം സന്ദർശിക്കുക.
SKY
******
(Release ID: 2170738)
Visitor Counter : 3