യുവജനകാര്യ, കായിക മന്ത്രാലയം
2026-ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര യുവജനകാര്യ,കായിക മന്ത്രാലയം
Posted On:
24 SEP 2025 12:02PM by PIB Thiruvananthpuram
മെഡൽ നേടാൻ യഥാർത്ഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമേ ബഹുകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിഗണിക്കൂ എന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, സുതാര്യവും നീതിയുക്തവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി 2026-ലെ ഏഷ്യൻ ഗെയിംസിലും മറ്റ് ബഹു-കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള കായികതാരങ്ങളുടേയും ടീമുകളുടേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി.
ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ് തുടങ്ങിയ ബഹു-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. അളക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ് ഒഴികെയുള്ള മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ, ടീമുകൾ എന്നിവയുടെ പങ്കാളിത്തം അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരമാണ് നിർണ്ണയിക്കപ്പെടുന്നത്.
അളക്കാനാകുന്ന (Measurable) വ്യക്തിഗത കായിക ഇനങ്ങൾക്കും മത്സരങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ഇപ്രകാരമാണ് :
- വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുൻപുള്ള 12 മാസത്തിനുള്ളിൽ നടന്ന അന്താരാഷ്ട്ര കായിക ഫെഡറേഷൻ അംഗീകരിച്ച ഏതെങ്കിലും മത്സരത്തിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ ആറാം സ്ഥാനത്തിന് സമാനമോ അതിലധികമോ നേടിയിട്ടുണ്ടെങ്കിൽ ആ കായികതാരത്തിന് ഇന്ത്യൻ സംഘത്തിൽ തൻ്റെ പങ്കാളിത്തം ഉറപ്പിക്കാൻ കഴിയും.
- കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ കായിക ഇനത്തിലും മത്സരത്തിലും പങ്കെടുത്തിട്ടില്ലെങ്കിൽ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുമ്പുള്ള 12 മാസത്തിനുള്ളിൽ കായിക ഇനത്തിനോ മത്സരത്തിനോ വേണ്ടി നടത്തുന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ അതേ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പങ്കാളിത്തം നിശ്ചയിക്കപ്പെടും.
അടുത്ത ഏഷ്യൻ ഗെയിംസിന് മുൻപുള്ള 12 മാസത്തിനുള്ളിൽ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ലോക റാങ്കിങ്ങുകൾ പതിവായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിൽ അളക്കാനാകാത്ത (Non-Measurable) വ്യക്തിഗത കായിക ഇനങ്ങളിലും മത്സരങ്ങളിലും കഴിഞ്ഞ 12 മാസത്തിനുള്ളിൽ നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ ഇനത്തിൽ ആറാം സ്ഥാനം അല്ലെങ്കിൽ അതിനേക്കാൾ മികച്ച സ്ഥാനം നേടിയ കായികതാരങ്ങൾ, അന്താരാഷ്ട്ര റാങ്കിങ്ങിൽ ഏഷ്യൻ രാജ്യങ്ങളിലെ ആദ്യ 6 സ്ഥാനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കും.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുമ്പുള്ള 12 മാസത്തിനുള്ളിൽ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ നടന്നിട്ടില്ലാത്തതും അന്താരാഷ്ട്ര റാങ്കിംഗുകൾ പതിവായി പ്രസിദ്ധീകരിക്കാത്തതുമായ സാഹചര്യത്തിൽ സമാന അന്താരാഷ്ട്ര മത്സരങ്ങളിൽ ഏഷ്യൻ രാജ്യങ്ങളിലെ ആദ്യ 6 സ്ഥാനങ്ങളിൽ കായികതാരം ഉൾപ്പെട്ടിരിക്കണം.
ടീമുകളായി മത്സരിക്കുന്ന കായിക ഇനങ്ങൾക്കും(ഫുട്‌ബോൾ,ഹോക്കി മുതലായവ)സംഘ മത്സരങ്ങൾക്കും
(റിലേ,ഡബിൾസ്,മിക്സഡ് ഡബിൾസ് മുതലായവ) 12 മാസത്തിനുള്ളിൽ നടന്ന അവസാന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ 8 സ്ഥാനങ്ങൾ നേടിയ ടീമിനേയോ,അന്താരാഷ്ട്ര റാങ്കിംഗിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ 8 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ടീമിനേയോ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനായി പരിഗണിക്കും.
അന്താരാഷ്ട്ര റാങ്കിംഗുകൾ പ്രസിദ്ധീകരിക്കാതിരിക്കുകയോ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന്
മുൻപുള്ള 12 മാസത്തിനുള്ളിൽ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടത്താതിരിക്കുകയോ ചെയ്താൽ തുല്യമായ അന്താരാഷ്ട്ര മത്സരത്തിൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ആദ്യ 8 സ്ഥാനങ്ങൾ നേടിയിരിക്കണം എന്നതാണ് ടീമുകളുമായി ബന്ധപ്പെട്ട മാനദണ്ഡം.
നിർദ്ദിഷ്ട കായിക വിദഗ്ധരുടേയോ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയോ (SAI) അഭിപ്രായത്തെ അടിസ്ഥാനമാക്കി ന്യായമായ കാരണങ്ങളാൽ നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടേയും ടീമുകളുടേയും പങ്കാളിത്തം ശുപാർശ ചെയ്താൽ ഉചിതമായ തീരുമാനമെടുക്കാൻ മന്ത്രാലയത്തിന് അധികാരം നല്കുന്ന വ്യവസ്ഥയും മാനദണ്ഡത്തിലുണ്ട്.
ദേശീയ കായിക ഫെഡറേഷനുകൾ ശുപാർശ ചെയ്യുന്ന പേരുകൾ പങ്കാളിത്തം മാത്രമാണെന്നും മികവ് ലക്ഷ്യമിടുന്നില്ലെന്നും ഉറപ്പാക്കിയാൽ മന്ത്രാലയം അംഗീകാരം നൽകേണ്ടതില്ല എന്നും ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൂടാതെ നിയമങ്ങൾ മറികടക്കുന്നതിനും കായികതാരങ്ങളെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിനുമായി കൃത്യമായ ഇടവേളകളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടക്കുന്നില്ലെന്ന് നിർദ്ദിഷ്ട കായിക വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കണ്ടെത്തിയാൽ,പ്രത്യേകിച്ച് മത്സര നിലവാരം കുറവാണെങ്കിൽ അല്ലെങ്കിൽ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മുൻനിര രാജ്യങ്ങൾ പ്രസ്തുത മത്സരത്തിൽ നിന്ന് വിട്ടുനിന്നാൽ മന്ത്രാലയം പങ്കാളിത്തത്തിന് അംഗീകാരം നല്കില്ല.
സർക്കാർ ചെലവിൽ, പരിശോധന പൂർത്തിയാക്കിയ കായികതാരങ്ങൾ,പരിശീലകർ,സപ്പോർട്ട് സ്റ്റാഫ് എന്നിവർക്ക് മാത്രമേ ഇന്ത്യൻ സംഘത്തിൻ്റെ ഭാഗമാകാൻ കഴിയൂ എന്നും സർക്കാർ ചെലവിലല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്തില്ലെന്നും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:
https://yas.gov.in/sites/default/files/Letter%2024.09.2025%20Selection%20Criteria%20for%20Participation%20in%20the%202026%20Asian%20Games%2C%20Para-Asian%20Games%202026%20and%20other%20multi-sports%20events.pdf
****
(Release ID: 2170529)
Visitor Counter : 4