ഉപരാഷ്ട്രപതിയുടെ കാര്യാലയം
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളെ ആസ്പദമാക്കിയുള്ള പുസ്തകങ്ങള്‍ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു
Posted On:
22 SEP 2025 4:55PM by PIB Thiruvananthpuram
ഗ്രന്ഥങ്ങളില്‍ പ്രതിഫലിക്കുന്നത് പ്രധാനമന്ത്രിയുടെ രാഷ്ട്ര പുരോഗതിയ്ക്കായുള്ള കാഴ്ചപ്പാടുകളും സംഭാവനകളും സ്വപ്നങ്ങളും: ഉപരാഷ്ട്രപതി
'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ രണ്ടാം ടേമിലെ നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷങ്ങളിലെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ ഇന്ന് പുറത്തിറക്കിയത്.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ഉപരാഷ്ട്രപതി ഊഷ്മളമായ നവരാത്രി ആശംസകള്‍ നേര്‍ന്നു. ഉപരാഷ്ട്രപതിയായി അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുചടങ്ങാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ സംഭാവനകള്‍, ദര്‍ശനം, രാഷ്ട്രത്തിനായുള്ള സ്വപ്നങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനുള്ള താക്കോലുകളായി ഈ രണ്ട് വാല്യങ്ങളും വര്‍ത്തിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 'രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിക്കുന്ന പ്രചോദനമാണ് പ്രധാനമന്ത്രി ശ്രീ മോദി എന്ന് 'അദ്ദേഹം പറഞ്ഞു. സ്വന്തം പെരുമാറ്റത്തിലൂടെ ജനങ്ങള്‍ക്ക് എന്നും മികച്ചത് നല്‍കാന്‍ പ്രേരിപ്പിക്കുന്ന, സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയില്‍ നിന്ന് ഒരു യഥാര്‍ത്ഥ ജനകീയ നേതാവായി വളര്‍ന്ന , അസാധ്യമായത് എങ്ങനെ സാധ്യമാക്കാമെന്ന് നമുക്ക് കാണിച്ചുതന്ന ജന നായകനാണ് ശ്രീ മോദിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
2022-23 ലെ 76 പ്രസംഗങ്ങളും 12 മന്‍ കി ബാത്ത് പ്രസംഗങ്ങളും, 2023-24 ലെ 82 പ്രസംഗങ്ങളും 9 മന്‍ കി ബാത്ത് പ്രസംഗങ്ങളും അടങ്ങിയ പുസ്തകങ്ങളുടെ ഉള്ളടക്കം പരാമര്‍ശിക്കവെ, കൃതികളില്‍ പ്രധാനമന്ത്രിയുടെ ചിന്തകളിലെ സുതാര്യത, ഭാവിയിലേക്കുള്ള കാഴ്ചപ്പാട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണ പ്രതിബദ്ധത തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. പ്രസംഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് മനോഹരമായി അവതരിപ്പിച്ചതിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ പ്രസിദ്ധീകരണ വിഭാഗത്തെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
'എഴുന്നേല്‍ക്കൂ, ഉണരൂ, ലക്ഷ്യം കൈവരിക്കുന്നതുവരെ വിശ്രമമരുത്' എന്ന സ്വാമി വിവേകാനന്ദന്റെ വരികള്‍ ഉദ്ധരിച്ച ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ ഓരോ പ്രസംഗവും സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പൊതുജനക്ഷേമത്തിന്റെയും ഒരേ സന്ദേശം ഉള്‍ക്കൊള്ളുന്നുവെന്ന് അടിവരയിട്ടു. സര്‍ക്കാര്‍ പദ്ധതികള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വരെ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണ് പ്രസംഗങ്ങളില്‍ എല്ലാം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, കാശി തമിഴ് സംഗമം, ജന്‍ജാതിയ ഗൗരവ് ദിവസ്, കര്‍ത്തവ്യ പഥ് തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ പങ്കിനെ അദ്ദേഹം അടിവരയിട്ടു.
'ആഗോള അജണ്ടകള്‍ രൂപപ്പെടുത്തുന്നതില്‍ നിന്നു തുടങ്ങി 'വോക്കല്‍ ഫോര്‍ ലോക്കല്‍', 'ആത്മനിര്‍ഭര്‍ ഭാരത്', 'പി.എം-സൂര്യഘര്‍: മുഫ്ത് ബിജ്‌ലി യോജന' പോലെയുള്ള പരിവര്‍ത്തനാത്മകമായ പ്രാദേശിക പദ്ധതികളിലേക്ക് വരെ വ്യാപിക്കുന്ന, പ്രധാനമന്ത്രി മോദിയുടെ '360 ഡിഗ്രി' ഇടപെടലുകളെയാണ് ഈ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം, ജനങ്ങളുടെ ജീവിതത്തില്‍ കാതലായ മാറ്റം കൊണ്ടുവന്നതായും അദ്ദേഹം നിരീക്ഷിച്ചു.
'ധര്‍മ്മം, കര്‍ത്തവ്യബോധം, സേവാഭാവം എന്നിവയില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ ദര്‍ശനം സ്വീകരിച്ചതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശക്തമായ ഒരു രാഷ്ട്രനിര്‍മാണം ശക്തിയിലൂടെയല്ല, സ്വഭാവത്തിലും ഐക്യത്തിലും അടിസ്ഥാനപ്പെട്ടാണ് രൂപീകൃതമാകുന്നതെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.'
'ഏതൊരു ലക്ഷ്യവും വിദൂരത്തിലോ പ്രയാസകരമോ ആണെന്ന് പ്രധാനമന്ത്രി ഒരിക്കലും കരുതുന്നില്ല. 140 കോടി ഇന്ത്യന്‍ ജനങ്ങളുടെ ശക്തിയില്‍ നിന്നാണ് അദ്ദേഹം നിരന്തരം പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ ശേഷിയിലുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ വിശ്വാസമാണ് 'സ്വച്ഛ് ഭാരത് അഭിയാനെ' ജന്‍ഭാഗിദാരിയുടെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 'ശുചിത്വം തന്നെ സേവനം' എന്ന മനോഭാവം പൗരന്മാരില്‍ വളര്‍ത്തിയെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേ വിശ്വാസമാണ് കോവിസ് പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യയെ സ്വാശ്രയത്വത്തിന്റെ പാതയില്‍ ഉറച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രിക്ക് ധൈര്യം നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'
ഒരു ദശാബ്ദം മുമ്പ് ഇന്ത്യയെ അഞ്ച് ദുര്‍ബല സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി കണക്കാക്കിയിരുന്നുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ന്, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അഭിമാനത്തോടെ വളര്‍ന്നു. താമസിയാതെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. ഇത് വെറുമൊരു സാമ്പത്തിക നേട്ടമല്ല, മറിച്ച് ദേശീയ അച്ചടക്കം, സ്വാശ്രയത്വം, രാജ്യത്തിന്റെ വികസന യാത്രയെ നയിക്കുന്ന രാജ്യമാദ്യം (രാഷ്ട്ര പ്രഥമം) എന്ന കാഴ്ചപ്പാടിന്റേയും പരിണിത ഫലമാണെന്നും ഉപരാഷ്ട്രപതി അടിവരയിട്ടു. വികസിത ഭാരതം എന്ന സ്വപ്നം കണ്ണുകളില്‍ തിളങ്ങുന്നതും ഓരോ പൗരന്റെയും ഹൃദയത്തില്‍ രാജ്യം ആദ്യം എന്ന തത്വം പ്രതിധ്വനിക്കുന്നതും കാണുന്നത് സന്തോഷകരമായ കാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
'പാരമ്പര്യം, ചരിത്രം, ഭാഷ, സംസ്‌കാരം എന്നിവയോടുള്ള നവീനമായ സ്‌നേഹം രാജ്യത്തിന്റെ 'അമൃതകാലത്തിന്റെ' അടയാളമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ ഗ്രന്ഥങ്ങള്‍ വായനക്കാരെ 'നവീന ഭാരതത്തിന്റെ' ശക്തിയും ആഗ്രഹങ്ങളും മനസ്സിലാക്കാന്‍ സഹായിക്കും. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക് മുന്നേറുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആ അമൃത കാലത്തിലേക്കുള്ള തങ്ങളുടെ കടമകളില്‍ പ്രതിജ്ഞാബദ്ധരായി തുടരാന്‍ ഈ കൃതികള്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ കൃതികള്‍ പുറത്തിറക്കിയതിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും പ്രസിദ്ധീകരണ വിഭാഗത്തിലെ ജീവനക്കാരെയും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ ബഹുമാനപ്പെട്ട വാര്‍ത്താ വിതരണ, പ്രക്ഷേപണ, റെയില്‍വേ, ഇലക്ട്രോണിക്‌സ് & ഐടി മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, രാജ്യസഭ ഉപാധ്യക്ഷന്‍ ശ്രീ. ഹരിവംശ്; ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ശ്രീ. അമിത് ഖരെ; ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ രഞ്ജന പ്രകാശ് ദേശായി, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ. നിഹികാന്ത് ദുബെ, ശ്രീ. യോഗേഷ് ചന്ദോലിയ, ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ദേശീയ സംസ്‌കൃത സര്‍വകലാശാല, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, ഇന്ദിരാഗാന്ധി ഡല്‍ഹി സാങ്കേതിക സര്‍വകലാശാല ഫോര്‍ വുമണ്‍, നേതാജി സുഭാഷ് സാങ്കേതിക സര്‍വകലാശാല എന്നിവയിലെ വൈസ് ചാന്‍സലര്‍മാര്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
********************
(Release ID: 2169853)