വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2025-ലെ ഏഷ്യൻ കണ്ടന്റ്‌സ് & ഫിലിം മാർക്കറ്റിൽ വേവ്‌സ് ബസാർ - ഭാരത് പവലിയന് തുടക്കം കുറിച്ച് ഇന്ത്യ; ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രാജ്യത്തിന്റെ സര്‍ഗാത്മക സമ്പദ്‍വ്യവസ്ഥയുടെ പ്രദർശനം 

Posted On: 20 SEP 2025 10:10PM by PIB Thiruvananthpuram

കൊറിയയില്‍ ഈ വര്‍ഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏഷ്യൻ കണ്ടന്റ്‌സ് & ഫിലിം മാർക്കറ്റില്‍ (എസിഎഫ്എം) ഇന്ത്യയുടെ 'വേവ്‌സ് ബസാർ - ഭാരത് പവലിയൻ' സെപ്റ്റംബർ 20-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

‘വേവ്‌സ് ബസാർ' പ്രചാരണ പരിപാടിയുടെ ഭാഗമായി, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും സിയോളിലെ ഇന്ത്യൻ എംബസിയും ചേർന്ന് സജ്ജീകരിച്ച പവലിയന്‍ സിനിമ, ടെലിവിഷൻ, ഗെയിമിംഗ്, നവ സര്‍ഗാത്മക സാങ്കേതിക വിദ്യകൾ എന്നിവയിൽ സഹനിർമാണങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര സഹകരണം വളർത്താനും ഇന്ത്യയുടെ ഊർജസ്വലമായ മാധ്യമ - വിനോദ മേഖലയെ പ്രദർശിപ്പിക്കാനും മികച്ച ഇടമായി നിലകൊള്ളുന്നു. 2025 സെപ്റ്റംബർ 23 വരെ നാലുദിവസം പ്രവര്‍ത്തിക്കുന്ന പവലിയൻ തുടർച്ചയായ സന്ദര്‍ശനത്തിനും പുതിയ അവസരങ്ങള്‍ക്കും വേദിയൊരുക്കും.  

ബുസാൻ ഫിലിം കമ്മീഷൻ ഡയറക്ടർ കാങ് സങ്‌ക്യൂ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ബിഎഫ്ഐ) അന്താരാഷ്ട്ര - വ്യാവസായിക നയവിഭാഗം മേധാവി ശ്രീമതി അഗ്നിയെസ്ക മൂഡി, സിയോളിലെ ഇറ്റാലിയൻ ട്രേഡ് ഏജൻസി വ്യാപാര കമ്മീഷണർ ഫെർഡിനാൻഡോ ഗുവേലി എന്നിവരടക്കം നിരവധി അന്താരാഷ്ട്ര - വ്യാവസായിക പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സമകാലിക ഇന്ത്യൻ സിനിമയുടെ സര്‍ഗാത്മകതയെ പ്രതിനിധീകരിച്ച് പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരായ ശ്രീ അർഫി ലാംബ, ശ്രീ പ്രദീപ് കുർബ, ശ്രീമതി തന്നിഷ്ഠ ചാറ്റർജി എന്നിവരുൾപ്പെടെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ പ്രിഥുൽ കുമാർ, സിയോളിലെ ഇന്ത്യൻ എംബസി ചാർജ് ഡി'അഫയേഴ്സ് ശ്രീ നിഷി കാന്ത് സിങ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഇന്ത്യയെ ആഗോള സര്‍ഗാത്മക ഉള്ളടക്ക നിര്‍മാണ കേന്ദ്രമാക്കി ഉയർത്തുന്നതിന് സർക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയെ അടയാളപ്പെടുത്തി.  

ആഗോള സര്‍ഗാത്മക ഉള്ളടക്ക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരും അന്താരാഷ്ട്ര വിപണികളും തമ്മിലെ പാലമായി 'വേവ്സ് ബസാർ' നിലകൊള്ളുന്നത് സംബന്ധിച്ചും വിശിഷ്ട വ്യക്തികൾ ചടങ്ങില്‍ പരാമര്‍ശിച്ചു.  

പവലിയന്‍ ഒരുക്കുന്ന അവസരങ്ങള്‍: 

*ഇന്ത്യൻ സിനിമകളും കഥകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും ആഗോള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കുന്നു

*ഇന്ത്യയിലെയും വിദേശത്തെയും ഉള്ളടക്ക നിർമാതാക്കൾ, വിതരണക്കാർ, സര്‍ഗാത്മക ഉള്ളടക്ക വേദികള്‍ എന്നിവ തമ്മിലെ ബിസിനസ്-ടു-ബിസിനസ് കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കുന്നു.  

*അനിമേഷൻ, വിഷ്വല്‍ എഫക്ട്സ്, ഗെയിമിംഗ്, സംവേദനാത്മക കഥാഖ്യാനം തുടങ്ങിയ നവീന മേഖലകളില്‍ പങ്കാളിത്തം കണ്ടെത്തുന്നു.

പവലിയന്റെ ഉദ്ഘാടനം ആഗോള ചലച്ചിത്ര വിപണികളിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തത്തില്‍ സുപ്രധാന നാഴികക്കല്ലാണ്. മാധ്യമ, വിനോദ മേഖലകളിലെ ഇന്ത്യയുടെ സര്‍ഗാത്മക സമ്പദ്‍വ്യവസ്ഥയെയും അന്താരാഷ്ട്ര സഹകരണത്തെയും ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

*** 


(Release ID: 2169190)