പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
ലോകത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ സ്വയംപര്യാപ്തമാകണം: പ്രധാനമന്ത്രി
ചിപ്പുകളായാലും കപ്പലുകളായാലും അവ നാം ഇന്ത്യയിൽ തന്നെ നിർമ്മിക്കണം: പ്രധാനമന്ത്രി
ഇന്ത്യയുടെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ചരിത്രപരമായ തീരുമാനം എടുത്തിട്ടുണ്ട്, വലിയ കപ്പലുകളെ ഗവണ്മെന്റ് ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളായി കണക്കാക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ തീരപ്രദേശങ്ങൾ രാജ്യ പുരോഗതിയിലേക്കുള്ള കവാടങ്ങളായി മാറും: പ്രധാനമന്ത്രി
Posted On:
20 SEP 2025 1:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
കൃഷ്ണകുമാർസിൻഹ് ജിയുടെ മഹത്തായ പാരമ്പര്യം അനുസ്മരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. സർദാർ വല്ലഭായ് പട്ടേലിന്റെ ദൗത്യവുമായി യോജിച്ച് ഇന്ത്യയുടെ ഏകോപനത്തിന് അദ്ദേഹം വലിയ സംഭാവന നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം മഹാന്മാരായ രാജ്യസ്‌നേഹികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം ഐക്യത്തിന്റെ മനോഭാവം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ ശ്രമങ്ങളിലൂടെ ഏക ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന പ്രമേയം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
നവരാത്രി ഉത്സവം ആരംഭിക്കാനിരിക്കെയാണ് താൻ ഭാവ്നഗറിൽ എത്തിയതെന്ന് പറഞ്ഞ ശ്രീ മോദി, ജിഎസ്ടി കുറച്ചതിനാൽ വിപണികളിൽ കൂടുതൽ ഊർജ്ജസ്വലതയും ഉത്സവ ആവേശവും ഉണ്ടാകുമെന്നും പറഞ്ഞു. ഈ ആഘോഷ വേളയിൽ, സമുദ്ര സേ സമൃദ്ധിയുടെ മഹത്തായ ഉത്സവം രാജ്യം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ, സമുദ്രത്തെ ഒരു പ്രധാന അവസരമായി കാണുന്നു. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനം ത്വരിതപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് കോടിയുടെ പദ്ധതികൾ ഇപ്പോൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മുംബൈയിലെ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഭാവ്നഗറുമായും ഗുജറാത്തുമായും ബന്ധപ്പെട്ട വികസന പദ്ധതികൾക്കും തുടക്കമായതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ പൗരന്മാർക്കും ഗുജറാത്തിലെ ജനങ്ങൾക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.
"ആഗോള സാഹോദര്യത്തിന്റെ മനോഭാവത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ന് ലോകത്ത് ഇന്ത്യക്ക് വലിയ ശത്രുക്കളില്ല, എന്നാൽ യഥാർത്ഥത്തിൽ, ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി മറ്റ് രാജ്യങ്ങളിന്മേലുള്ള ആശ്രിതത്വമാണ്," പ്രധാനമന്ത്രി പറഞ്ഞു. ഈ ആശ്രിതത്വത്തെ കൂട്ടായി പരാജയപ്പെടുത്തണം. വിദേശ ആശ്രിതത്വം വർദ്ധിക്കുന്നത് വലിയ ദേശീയ പരാജയങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ആഗോള സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം സ്വയംപര്യാപ്തമാകണം. മറ്റുള്ളവരെ ആശ്രയിക്കുന്നത് ദേശീയ ആത്മാഭിമാനത്തെ അപകടപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 140 കോടി ഇന്ത്യക്കാരുടെ ഭാവി ബാഹ്യശക്തികൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ല, ദേശീയ വികസനത്തിനുള്ള ദൃഢനിശ്ചയം വിദേശ ആശ്രിതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുതെന്നും വരും തലമുറകളുടെ ഭാവി അപകടത്തിലാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നൂറ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഒന്നാണെന്നും അത് ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുകയെന്നതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് നേടുന്നതിന്, ഇന്ത്യ വെല്ലുവിളികളെ നേരിടുകയും ബാഹ്യ ആശ്രിതത്വം കുറയ്ക്കുകയും യഥാർത്ഥ സ്വയംപര്യാപ്തത പ്രകടമാക്കുകയും വേണം.
ഇന്ത്യക്ക് ഒരിക്കലും കഴിവുകളുടെ അഭാവം ഉണ്ടായിട്ടില്ലെന്ന് അടിവരയിട്ട് പറഞ്ഞ ശ്രീ മോദി, സ്വാതന്ത്ര്യാനന്തരം അന്നത്തെ ഭരണകക്ഷി രാജ്യത്തിന്റെ അന്തർലീനമായ ശക്തികളെ തുടർച്ചയായി അവഗണിച്ചുവെന്ന് അഭിപ്രായപ്പെട്ടു. അതിന്റെ ഫലമായി, ആറേഴു പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്ത്യക്ക് അർഹമായ വിജയം നേടാൻ കഴിഞ്ഞില്ല. ഇതിന് രണ്ട് പ്രധാന കാരണങ്ങൾ ലൈസൻസ്-ക്വാട്ട ഭരണത്തിൽ ദീർഘകാലം കുടുങ്ങിപ്പോയതും ആഗോള വിപണികളിൽ നിന്ന് ഒറ്റപ്പെട്ടുപോയതുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളവൽക്കരണത്തിന്റെ കാലഘട്ടം വന്നപ്പോൾ, അന്നത്തെ ഭരണകൂടങ്ങൾ ഇറക്കുമതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് ആയിരക്കണക്കിന് കോടികളുടെ അഴിമതിക്ക് കാരണമായി. ഈ നയങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾക്ക് കാര്യമായ ദോഷം വരുത്തുകയും രാജ്യത്തിന്റെ യഥാർത്ഥ സാധ്യതകൾ ഉയർന്നുവരുന്നത് തടയുകയും ചെയ്തുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
തെറ്റായ നയങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ഒരു പ്രധാന ഉദാഹരണമായി ഇന്ത്യയുടെ ഷിപ്പിംഗ് മേഖലയെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യ ചരിത്രപരമായി ഒരു മുൻനിര സമുദ്രശക്തിയാണെന്നും ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളിൽ നിർമ്മിച്ച കപ്പലുകൾ ഒരുകാലത്ത് ആഭ്യന്തര, ആഗോള വ്യാപാരത്തിന് ശക്തി നൽകിയിരുന്നു. അമ്പത് വർഷം മുൻപ് പോലും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലുകളാണ് ഉപയോഗിച്ചിരുന്നത്. ഇറക്കുമതിയുടെയും കയറ്റുമതിയുടെയും 40 ശതമാനത്തിലധികം ഈ കപ്പലുകളിലൂടെയായിരുന്നു. ഷിപ്പിംഗ് മേഖല പിന്നീട് തെറ്റായ നയങ്ങൾക്ക് ഇരയായെന്നും ആഭ്യന്തര കപ്പൽ നിർമ്മാണം ശക്തിപ്പെടുത്തുന്നതിനുപകരം വിദേശ കപ്പലുകൾക്ക് വാടക പണം നൽകുന്നതിനാണ് അന്നത്തെ ഭരണകൂടം മുൻഗണന നൽകിയതെന്നും നിലവിലെ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയുടെ കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ തകർച്ചയ്ക്കും വിദേശ കപ്പലുകളെ ആശ്രയിക്കുന്നതിനും കാരണമായി. തൽഫലമായി, വ്യാപാരത്തിൽ ഇന്ത്യൻ കപ്പലുകളുടെ പങ്ക് 40 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു. ഇന്ന്, ഇന്ത്യയുടെ വ്യാപാരത്തിന്റെ 95 ശതമാനവും വിദേശ കപ്പലുകളെ ആശ്രയിച്ചാണ് നടക്കുന്നത് - ഇത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ ഒരു ആശ്രിതത്വമാണ്.
ചില കണക്കുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട്, ഷിപ്പിംഗ് സേവനങ്ങൾക്കായി വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് ഇന്ത്യ ഏകദേശം 75 ബില്യൺ ഡോളർ - ഏകദേശം ആറ് ലക്ഷം കോടി രൂപ - ഓരോ വർഷവും നൽകുന്നുണ്ടെന്ന് അറിഞ്ഞാൽ ജനങ്ങൾ ഞെട്ടിപ്പോകുമെന്നും ശ്രീ മോദി പറഞ്ഞു. ഈ തുക ഇന്ത്യയുടെ നിലവിലെ പ്രതിരോധ ബജറ്റിന് ഏതാണ്ട് തുല്യമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളിലേക്ക് ചരക്കുനീക്കത്തിന് എത്ര പണം നൽകിയിട്ടുണ്ടെന്ന് സങ്കൽപ്പിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ഫണ്ടുകളുടെ ഒഴുക്ക് വിദേശത്ത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ചെലവിന്റെ ഒരു ചെറിയ ഭാഗമെങ്കിലും മുൻ ഗവൺമെന്റുകൾ ഇന്ത്യയുടെ ഷിപ്പിംഗ് വ്യവസായത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇന്ന് ലോകം ഇന്ത്യൻ കപ്പലുകൾ ഉപയോഗിക്കുമായിരുന്നുവെന്നും ഷിപ്പിംഗ് സേവനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് കോടി ഇന്ത്യയ്ക്ക് സമ്പാദിക്കാൻ കഴിയുമായിരുന്നുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
"2047-ഓടെ ഇന്ത്യ വികസിത രാഷ്ട്രമായി മാറണമെങ്കിൽ നമ്മൾ സ്വയംപര്യാപ്തമാകണം, സ്വയംപര്യാപ്തതയ്ക്ക് ഒരു ബദലില്ല. 140 കോടി പൗരന്മാരും ഒരേ ദൃഢനിശ്ചയത്തിന് പ്രതിജ്ഞാബദ്ധരാകണം - ചിപ്പുകളായാലും കപ്പലുകളായാലും, അവ ഇന്ത്യയിൽ തന്നെ നിർമ്മിക്കണം," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ കാഴ്ചപ്പാടോടെ, ഇന്ത്യയുടെ സമുദ്രമേഖല ഇപ്പോൾ അടുത്ത തലമുറ പരിഷ്കാരങ്ങളിലേക്ക് നീങ്ങുകയാണ്. ഇന്ന് മുതൽ രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളെയും ഒന്നിലധികം രേഖകളിൽ നിന്നും വ്യത്യസ്തമായ പ്രക്രിയകളിൽ നിന്നും മോചിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'ഒരു രാഷ്ട്രം, ഒരു രേഖ', 'ഒരു രാഷ്ട്രം, ഒരു തുറമുഖം' എന്ന പ്രക്രിയ നടപ്പിലാക്കുന്നത് വ്യാപാരവും വാണിജ്യവും ലളിതമാക്കും. അടുത്തിടെ നടന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ, കൊളോണിയൽ കാലഘട്ടത്തിലെ കാലഹരണപ്പെട്ട നിരവധി നിയമങ്ങൾ ഭേദഗതി ചെയ്തു. സമുദ്രമേഖലയിൽ ഒരു കൂട്ടം പരിഷ്കാരങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അഞ്ച് സമുദ്ര നിയമങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ നിയമങ്ങൾ ഷിപ്പിംഗ്, തുറമുഖ ഭരണനിർവഹണത്തിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരും.
നൂറ്റാണ്ടുകളായി വലിയ കപ്പലുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യക്ക് വൈദഗ്ദ്ധ്യമുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, അടുത്ത തലമുറ പരിഷ്കാരങ്ങൾ ഈ മറന്നുപോയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിൽ 40-ലധികം കപ്പലുകളും അന്തർവാഹിനികളും നാവികസേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഒന്നോ രണ്ടോ ഒഴികെ, എല്ലാം ഇന്ത്യയിൽ നിർമ്മിച്ചതാണ്. കൂറ്റൻ ഐഎൻഎസ് വിക്രാന്ത് തദ്ദേശീയമായി നിർമ്മിച്ചതാണെന്നും അതിൽ ഉപയോഗിച്ച ഉയർന്ന നിലവാരമുള്ള ഉരുക്ക് ഉൾപ്പെടെ എല്ലാം ഇന്ത്യയിൽ ഉത്പാദിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ശേഷിയുണ്ടെന്നും അതിന് ഒരു കുറവുമില്ലെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. വലിയ കപ്പലുകൾ നിർമ്മിക്കാൻ ആവശ്യമായ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെന്ന് അദ്ദേഹം രാജ്യത്തിന് ഉറപ്പ് നൽകി.
ഇന്ത്യയുടെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്നലെ ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടതായി എടുത്തുപറഞ്ഞ ശ്രീ മോദി, വലിയ കപ്പലുകൾക്ക് ഇപ്പോൾ അടിസ്ഥാന സൗകര്യ അംഗീകാരം നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. ഒരു മേഖലയ്ക്ക് അടിസ്ഥാന സൗകര്യ അംഗീകാരം ലഭിക്കുമ്പോൾ, അത് കാര്യമായ നേട്ടങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ നിർമ്മാണ കമ്പനികൾക്ക് ഇപ്പോൾ ബാങ്കുകളിൽ നിന്ന് വായ്പകൾ ലഭിക്കുന്നത് എളുപ്പമാവുകയും കുറഞ്ഞ പലിശ നിരക്കിൽ നിന്ന് പ്രയോജനം ലഭ്യമാകുകയും ചെയ്യും. അടിസ്ഥാന സൗകര്യ ധനസഹായവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഇപ്പോൾ ഈ കപ്പൽ നിർമ്മാണ സംരംഭങ്ങൾക്ക് ലഭിക്കും. ഈ തീരുമാനം ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ആഗോള വിപണിയിൽ കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ഇന്ത്യയെ ഒരു പ്രധാന സമുദ്രശക്തിയാക്കാൻ, ഗവൺമെന്റ് മൂന്ന് പ്രധാന പദ്ധതികൾ പ്രവർത്തികമാക്കുകയായാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങൾ കപ്പൽ നിർമ്മാണ മേഖലയ്ക്ക് സാമ്പത്തിക പിന്തുണ നൽകാനും കപ്പൽശാലകളെ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാനും രൂപകൽപ്പനയും ഗുണനിലവാര നിലവാരവും മെച്ചപ്പെടുത്താനും സഹായിക്കും. വരും വർഷങ്ങളിൽ ഈ പദ്ധതികളിൽ 70,000 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2007-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കപ്പൽ നിർമ്മാണ അവസരങ്ങൾ കണ്ടെത്താൻ ഗുജറാത്തിൽ ഒരു വലിയ സെമിനാർ നടന്നത് അനുസ്മരിച്ചുകൊണ്ട്, കപ്പൽ നിർമ്മാണ വ്യവസായം വികസിപ്പിക്കാൻ ഗുജറാത്ത് പിന്തുണ നൽകിയത് ആ കാലഘട്ടത്തിലാണെന്ന് ശ്രീ മോദി പറഞ്ഞു. രാജ്യവ്യാപകമായി കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ ഇപ്പോൾ സമഗ്രമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കപ്പൽ നിർമ്മാണം ഒരു സാധാരണ വ്യവസായമല്ല; ഇത് ആഗോളതലത്തിൽ "എല്ലാ വ്യവസായങ്ങളുടെയും മാതാവ്" എന്നാണ് അറിയപ്പെടുന്നത്, കാരണം ഇത് നിരവധി അനുബന്ധ മേഖലകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. സ്റ്റീൽ, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, പെയിന്റുകൾ, ഐടി സംവിധാനങ്ങൾ തുടങ്ങിയ വ്യവസായങ്ങൾക്കെല്ലാം ഷിപ്പിംഗ് മേഖല പിന്തുണ നൽകുന്നു. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇകൾ) കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കുന്നു. കപ്പൽനിർമ്മാണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും ഏകദേശം ഇരട്ടി സാമ്പത്തിക വരുമാനം ഉണ്ടാക്കുന്നുവെന്ന് ഗവേഷണങ്ങളെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒരു കപ്പൽശാലയിൽ സൃഷ്ടിക്കുന്ന ഓരോ ജോലിയും വിതരണ ശൃംഖലയിൽ ആറോ ഏഴോ പുതിയ തൊഴിലുകൾക്ക് കാരണമാകുന്നു. അതായത് 100 കപ്പൽ നിർമ്മാണ പ്രവൃത്തികൾ അനുബന്ധ മേഖലകളിൽ 600-ലധികം തൊഴിലുകൾക്ക് കാരണമാകുമെന്നും ഇത് കപ്പൽനിർമ്മാണ വ്യവസായത്തിന്റെ വൻതോതിലുള്ള ഗുണഫലത്തെ അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പൽ നിർമ്മാണത്തിന് ആവശ്യമായ അവശ്യ നൈപുണ്യ ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐകൾ) ഈ ഉദ്യമത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും മാരിടൈം യൂണിവേഴ്സിറ്റിയുടെ സംഭാവന കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി തീരദേശ മേഖലകളിൽ നാവികസേനയും എൻസിസിയും തമ്മിലുള്ള ഏകോപനത്തിലൂടെ പുതിയ ചട്ടക്കൂടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. എൻസിസി കേഡറ്റുകളെ നാവികസേനയിലെ റോളുകൾക്ക് മാത്രമല്ല, വാണിജ്യ സമുദ്രമേഖലയിലെ ഉത്തരവാദിത്തങ്ങൾക്കും ഇപ്പോൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ ഇന്ത്യ ഒരു പ്രത്യേക വേഗതയിൽ മുന്നേറുകയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യം വലിയ ലക്ഷ്യങ്ങൾ വെക്കുക മാത്രമല്ല, അവ നിശ്ചിത സമയത്തിന് മുൻപ് തന്നെ നേടുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. സൗരോർജ്ജ മേഖലയിൽ, ഇന്ത്യ അതിന്റെ ലക്ഷ്യങ്ങൾ നിശ്ചിത്ത സമയത്തിന് നാലോ അഞ്ചോ വർഷം മുൻപ് തന്നെ കൈവരിക്കുന്നു. പതിനൊന്ന് വർഷം മുൻപ് തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനത്തിനായി വെച്ച ലക്ഷ്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമായ വിജയം കൈവരിക്കുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വലിയ കപ്പലുകൾക്ക് അനുയോജ്യമായ രീതിയിൽ രാജ്യത്തുടനീളം വൻകിട തുറമുഖങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും സാഗർമാല പോലുള്ള സംരംഭങ്ങളിലൂടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, ഇന്ത്യ അതിന്റെ തുറമുഖ ശേഷി ഇരട്ടിയാക്കി. 2014-ന് മുൻപ്, ഇന്ത്യയിൽ കപ്പലുകളുടെ ശരാശരി ടേൺ എറൗണ്ട് സമയം രണ്ട് ദിവസമായിരുന്നു, എന്നാൽ ഇന്ന് അത് ഒരു ദിവസത്തിൽ താഴെയായി കുറച്ചു. രാജ്യത്തുടനീളം പുതിയതും വലിയതുമായ തുറമുഖങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ, ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്-ഷിപ്‌മെന്റ് തുറമുഖം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കൂടാതെ, മഹാരാഷ്ട്രയിലെ വാധവൻ തുറമുഖം 75,000 കോടി രൂപയിലധികം ചെലവിൽ വികസിപ്പിക്കുന്നുണ്ടെന്നും ഇത് ലോകത്തിലെ മികച്ച പത്ത് തുറമുഖങ്ങളിൽ ഒന്നായി മാറുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇപ്പോൾ ലോകത്തെ സമുദ്രവ്യാപാരത്തിന്റെ 10 ശതമാനം ഇന്ത്യയുടെ സംഭാവനയാണെന്ന് പറഞ്ഞ ശ്രീ മോദി, ഈ പങ്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 2047-ഓടെ ആഗോള സമുദ്രവ്യാപാരത്തിൽ അതിന്റെ പങ്കാളിത്തം മൂന്നിരട്ടിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു, അത് നേടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സമുദ്ര വ്യാപാരം വികസിക്കുന്നതിനനുസരിച്ച്, ഇന്ത്യൻ നാവികരുടെ എണ്ണവും വർദ്ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രൊഫഷണലുകൾ കപ്പലുകൾ പ്രവർത്തിപ്പിക്കുകയും എഞ്ചിനുകളും യന്ത്രങ്ങളും കൈകാര്യം ചെയ്യുകയും കടലിൽ ലോഡിംഗ്, അൺലോഡിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന കഠിനാധ്വാനികളായ വ്യക്തികളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പതിറ്റാണ്ട് മുൻപ്, ഇന്ത്യക്ക് 1.25 ലക്ഷത്തിൽ താഴെ നാവികരാണ് ഉണ്ടായിരുന്നത്. ഇന്ന്, അത് മൂന്ന് ലക്ഷം കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ നാവികരെ നൽകുന്ന മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വളർന്നുവരുന്ന കപ്പൽ നിർമ്മാണ വ്യവസായം ആഗോള ശേഷികളെ ശക്തിപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികളെയും പുരാതന തുറമുഖ നഗരങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സമ്പന്നമായ സമുദ്ര പൈതൃകം ഇന്ത്യക്കുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ ശ്രീ മോദി, ഭാവ്നഗറും സൗരാഷ്ട്ര മേഖലയും ഈ പാരമ്പര്യത്തിന്റെ പ്രധാന ഉദാഹരണങ്ങളാണെന്ന് വ്യക്തമാക്കി. ഈ പൈതൃകം ഭാവി തലമുറകൾക്കും ലോകത്തിനും വേണ്ടി സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏകതാ പ്രതിമ പോലെ ഇന്ത്യയുടെ സ്വത്വത്തിന്റെ ഒരു പുതിയ പ്രതീകമായി മാറുന്ന ലോകോത്തര സമുദ്ര മ്യൂസിയം ലോഥലിൽ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
"ഇന്ത്യയുടെ തീരപ്രദേശങ്ങൾ ദേശീയ പുരോഗതിയിലേക്കുള്ള കവാടങ്ങളായി മാറും," പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിന്റെ തീരപ്രദേശം ഈ മേഖലയ്ക്ക് ഒരു അനുഗ്രഹമാണെന്ന് വീണ്ടും തെളിയിക്കപ്പെടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ പ്രദേശം മുഴുവൻ ഇപ്പോൾ രാജ്യത്ത് തുറമുഖ നേതൃത്വത്തിലുള്ള വികസനത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടൽ വഴിയുള്ള ഇന്ത്യയിലെ 40 ശതമാനം ചരക്കുകളും ഗുജറാത്തിന്റെ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഈ തുറമുഖങ്ങൾക്ക് ഉടൻ തന്നെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ പ്രയോജനം ലഭിക്കും. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സാധനങ്ങൾ വേഗത്തിൽ എത്തിക്കാൻ സഹായിക്കുകയും തുറമുഖ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
ആലാങ് ഷിപ്പ് ബ്രേക്കിംഗ് യാർഡ് ഒരു പ്രധാന ഉദാഹരണമായി നിലകൊള്ളുന്നതിനാൽ, ഈ മേഖലയിൽ ശക്തമായ ഒരു കപ്പൽ പൊളിക്കൽ ആവാസവ്യവസ്ഥ ഉയർന്നുവരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ മേഖല യുവാക്കൾക്ക് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ, എല്ലാ മേഖലകളിലും അതിവേഗ പുരോഗതി ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വികസിത ഇന്ത്യയിലേക്കുള്ള പാത സ്വയംപര്യാപ്തതയിലൂടെ കടന്നുപോകുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. വാങ്ങുന്നതെന്തും തദ്ദേശീയമായിരിക്കണം, വിൽക്കുന്നതും തദ്ദേശീയമായിരിക്കണം എന്ന് ഓർക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. കടയുടമകളോട്, അവരുടെ കടകളിൽ "അഭിമാനത്തോടെ പറയൂ, ഇത് സ്വദേശിയാണ്" എന്ന് എഴുതിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കാൻ ശ്രീ മോദി പ്രോത്സാഹിപ്പിച്ചു. ഈ കൂട്ടായ ശ്രമം രാജ്യത്തെ ഓരോ ഉത്സവത്തെയും സമൃദ്ധിയുടെ ആഘോഷമാക്കി മാറ്റുമെന്ന് പറഞ്ഞുകൊണ്ടും എല്ലാവർക്കും നവരാത്രി ആശംസകൾ നേർന്നുകൊണ്ടും അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര മന്ത്രിമാരായ ശ്രീ സി. ആർ. പാട്ടീൽ, ശ്രീ സർബാനന്ദ സോനോവാൾ, ഡോ. മൻസുഖ് മാണ്ഡവ്യ, ശ്രീ ശാന്തനു താക്കൂർ, ശ്രീമതി നിമുബെൻ ബംഭാനിയ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
രജ്യത്തെ സമുദ്ര മേഖലയ്ക്ക് വലിയ ഉത്തേജനമായി, പ്രധാനമന്ത്രി 34,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ദിര ഡോക്കിൽ മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് പുതിയ കണ്ടെയ്നർ ടെർമിനലിനും അനുബന്ധ സൗകര്യങ്ങൾക്കും, പാരദീപ് തുറമുഖത്ത് പുതിയ കണ്ടെയ്നർ ബെർത്ത്, കാർഗോ ഹാൻഡ്ലിംഗ് സൗകര്യങ്ങൾ, അനുബന്ധ വികസനങ്ങൾ, ട്യൂണ ടെക്ര മൾട്ടി-കാർഗോ ടെർമിനൽ, എന്നൂരിലെ കമരാജർ തുറമുഖത്ത് അഗ്നിശമന സൗകര്യങ്ങളും ആധുനിക റോഡ് കണക്റ്റിവിറ്റിയും, ചെന്നൈ തുറമുഖത്ത് കടൽ ഭിത്തികളും കവചങ്ങളും ഉൾപ്പെടെയുള്ള തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ, കാർ നിക്കോബാർ ദ്വീപിൽ കടൽ ഭിത്തി നിർമ്മാണം, കാണ്ട്‌ലയിലെ ദീൻദയാൽ തുറമുഖത്ത് മൾട്ടി-പർപ്പസ് കാർഗോ ബെർത്ത്, ഗ്രീൻ ബയോ-മെഥനോൾ പ്ലാന്റ്, പട്ന, വാരണാസി എന്നിവിടങ്ങളിൽ കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു.
സമഗ്രവും സുസ്ഥിരവുമായ വികസനത്തോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗുജറാത്തിലെ വിവിധ മേഖലകൾക്കായി 26,354 കോടിയിലധികം രൂപയുടെ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഛാര തുറമുഖത്ത് HPLNG റീഗ്യാസിഫിക്കേഷൻ ടെർമിനൽ, ഗുജറാത്ത് ഐഒസിഎൽ റിഫൈനറിയിലെ അക്രിലിക്സ്, ഓക്സോ ആൽക്കഹോൾ പ്രോജക്റ്റ്, 600 മെഗാവാട്ട് ഗ്രീൻ ഷൂ ഇനിഷ്യേറ്റീവ്, കർഷകർക്കായി പിഎം-കുസുമം 475 മെഗാവാട്ട് കോംപോണന്റ് സി സോളാർ ഫീഡർ, 45 മെഗാവാട്ട് ബഡേലി സോളാർ പിവി പ്രോജക്റ്റ്, ധോർദോ ഗ്രാമത്തിന്റെ സമ്പൂർണ സൗരോർജ്ജവൽക്കരണം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എൽഎൻജി അടിസ്ഥാന സൗകര്യങ്ങൾ, അധിക പുനരുപയോഗ ഊർജ്ജ പദ്ധതികൾ, തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ, ഹൈവേകൾ, ആരോഗ്യ സംരക്ഷണം, നഗര ഗതാഗത പദ്ധതികൾ, ഭാവ്‌നഗറിലെ സർ ടി. ജനറൽ ആശുപത്രി, ജാംനഗറിലെ ഗുരു ഗോവിന്ദ് സിംഗ് ഗവൺമെന്റ് ആശുപത്രി എന്നിവയുടെ വിപുലീകരണം, ദേശീയ പാതകളുടെ 70 കിലോമീറ്റർ നാലുവരിപ്പാതയാക്കൽ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.
സുസ്ഥിര വ്യവസായവൽക്കരണം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ആഗോള നിക്ഷേപം എന്നിവ കേന്ദ്രീകരിച്ച് നിർമ്മിച്ച ഒരു ഗ്രീൻഫീൽഡ് വ്യാവസായിക നഗരമായി വിഭാവനം ചെയ്യപ്പെട്ട ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയൺ (ഡിഎസ്ഐആർ) പ്രധാനമന്ത്രി വ്യോമ നിരീകഷണം നടത്തും. ഇന്ത്യയുടെ പുരാതന സമുദ്ര പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലോഥലിൽ ഏകദേശം 4,500 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലെക്സ് (എൻഎച്ച്എംസി) സന്ദർശിക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യും. വിനോദസഞ്ചാരം, ഗവേഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള കേന്ദ്രമായി ഇത് പ്രവർത്തിക്കും.
-SK-
(Release ID: 2169012)