പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
എസ്‌എസ്‌സിയുടെ ഫീഡ്‌ബാക്ക് പോർട്ടലിന് മികച്ച പ്രതികരണം; പരീക്ഷ തടസ്സപ്പെട്ട യഥാർഥ കേസുകളിൽ പുനഃപരീക്ഷ നടത്തും
Posted On:
20 SEP 2025 2:11PM by PIB Thiruvananthpuram
ഉദ്യോഗാർത്ഥികളുടെ പ്രതികരണം ലഭ്യമാക്കുന്നതിനായി പുതുതായി ആരംഭിച്ച പോർട്ടലിന് പ്രോത്സാഹജനകമായ പ്രതികരണം ലഭിച്ചതായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അറിയിച്ചു. പോർട്ടൽ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്സാമിനേഷൻ (സിജിഎൽഇ) 2025 എഴുതിയവരിൽ 10,000 ത്തോളം പേർ അവരുടെ പരീക്ഷാ അനുഭവങ്ങൾ സമർപ്പിച്ചതായും എസ്എസ്‌സി അറിയിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കിടെ ഏകദേശം 2,000 ഉദ്യോഗാർത്ഥികൾ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തതായി എസ്‌എസ്‌സി ഉദ്യോഗസ്ഥർ അറിയിച്ചു. ഓരോ കേസും കമ്മീഷൻ അതിൻ്റെ പ്രാദേശിക ഓഫീസുകൾ വഴി ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തുവരികയാണ്. "ഉന്നയിച്ച തടസ്സങ്ങൾ യഥാർത്ഥമാണെന്ന് കണ്ടെത്തിയാൽ, ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വീണ്ടും ഹാജരാകാൻ അവസരം നൽകും. 2025 സെപ്റ്റംബർ 26-നോ അതിനുമുമ്പോ പുനഃപരീക്ഷകൾ ക്രമീകരിക്കും" -ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിൽ നീതിയും സുതാര്യതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതുവരെ, രാജ്യത്തുടനീളം 7.16 ലക്ഷം ഉദ്യോഗാർത്ഥികൾ വിജയകരമായി പരീക്ഷ എഴുതി. സെപ്റ്റംബർ 19-ന് ഒരു ഷിഫ്റ്റും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ ദിവസം മുഴുവൻ പരീക്ഷ പ്രക്രിയയും സുഗമമായി നടന്നു.
രാജ്യത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിൽ ഒന്നാണ് സി ജി എൽ ഇ. ഇതിൽ കേന്ദ്ര ഗവൺമെൻ്റ് ജോലികൾ തേടുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തമുണ്ടാകും. പരീക്ഷ പ്രക്രിയ കൂടുതൽ പ്രതികരണശേഷിയുള്ളതും ഉദ്യോഗാർത്ഥി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഫീഡ്‌ബാക്ക് പോർട്ടൽ വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷാ സംവിധാനത്തിൻ്റെ സമഗ്രത നിലനിർത്തിക്കൊണ്ട് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ സംവിധാനം സഹായിക്കും.
****************
(Release ID: 2168990)