സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

​സമയ ഉപയോഗ സർവേ (TUS) 2024 മായി ബന്ധപ്പെട്ട ഡേറ്റാ ഉപയോക്താക്കളുടെ സമ്മേളനം തിരുവനന്തപുരത്ത്


ഡിജിറ്റൽ യുഗത്തിലെ സമയ ഉപയോഗം, പരിചരണ പ്രവർത്തനങ്ങൾ, ലിംഗഭേദം എന്നിവയുടെ മാറിവരുന്ന മാതൃകകൾ പരിശോധിക്കും

Posted On: 20 SEP 2025 12:06PM by PIB Thiruvananthpuram

ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥിതിവിവരക്കണക്ക് – പദ്ധതിനിർവ​ഹണ മന്ത്രാലയത്തിനു (MoSPI) കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO), തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസുമായി (CDS) സഹകരിച്ച് 2025 സെപ്റ്റംബർ 22 ന് തിരുവനന്തപുരത്ത് ഡേറ്റാ യൂസേഴ്‌സ് കോൺഫറൻസ് ഓൺ ടൈം യൂസ് സർവേ (TUS), 2024 സംഘടിപ്പിക്കും. ​ഡേറ്റാ നിർമ്മാതാക്കളും ഉപയോക്താക്കളും തമ്മിലുള്ള സംഭാഷണം ശക്തിപ്പെടുത്തുന്നതിനും, സാമൂഹിക-സാമ്പത്തിക നയരൂപീകരണത്തിൽ TUS ഡേറ്റയുടെ പ്രാധാന്യത്തെയും പ്രയോഗങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പ്രാപ്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം.

വ്യക്തികൾ അവരുടെ സമയം പണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, പണമില്ലാത്ത പ്രവർത്തനങ്ങൾ, പരിചരണ പ്രവർത്തനങ്ങൾ, പഠനം, വിനോദം തുടങ്ങിയ വിവിധ മേഖലകളിൽ എങ്ങനെ വിനിയോഗിക്കുന്നു എന്ന് വിലയിരുത്തുന്ന വിലപ്പെട്ട വിവരങ്ങൾ ടൈം യൂസ് സർവേ (TUS) നൽകുന്നു. 2019 ലെ മുൻ സർവേയെ അടിസ്ഥാനമാക്കിയാണ് TUS 2024 ഒരുക്കുന്നത്. കൂടാതെ ഇന്ത്യയിലെ ജോലിയിലും ജീവിതരീതികളിലുമുള്ള മാറ്റങ്ങൾ, പ്രത്യേകിച്ച് ലിംഗപരമായ പങ്കിന്റെ പശ്ചാത്തലത്തിൽ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക ചലനാത്മകത എന്നിവ നിരീക്ഷിക്കുന്നതിനുള്ള താരതമ്യ തെളിവുകൾ നൽകുന്നു.

സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ മുൻ കാബിനറ്റ് സെക്രട്ടറി ശ്രീ കെ.എം. ചന്ദ്രശേഖർ, MoSPI സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, ഐ.എ.എസ്, സെന്റർ ഫോർ ഡെവലപ്‌മെന്റ് ആൾട്ടർനേറ്റീവ്‌സിന്റെ മുൻ ഡയറക്ടർ ഡോ. ഇന്ദിര ഹിർവേ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ പ്രൊഫ. വീരമണി, നാഷണൽ സാമ്പിൾ സർവേ (എൻഎസ്എസ്) ഡയറക്ടർ ജനറൽ ശ്രീമതി ഗീത സിംഗ് റാത്തോഡ് എന്നിവർ പങ്കെടുക്കും.

ഗവേഷകർ, സാമ്പത്തിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, പൗര സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾ, അക്കാദമിക-മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 175 പേർ പരിപാടിയിൽ പങ്കെടുക്കും. മേഖലയിലെ വിദഗ്ധരും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്‌സി) അംഗങ്ങളും പങ്കെടുക്കും. ഉദ്ഘാടന സെഷനുശേഷം സർവേയുടെ രൂപകൽപ്പന, പ്രധാന കണ്ടെത്തലുകൾ, ടിയുഎസ് ഡേറ്റയുടെ ഉപയോഗക്ഷമത എന്നിവയെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ, പാനൽ ചർച്ച, പങ്കെടുക്കുന്നവരുമായുള്ള തുറന്ന സംവാദം എന്നിവ നടക്കും. ടിയുഎസ് ഡേറ്റയുടെ ഉപയോഗത്തെക്കുറിച്ചും ലിംഗഭേദം, തൊഴിൽ, പരിചരണ സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള സമഗ്ര നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും ഈ പരിപാടി കൂടുതൽ അവബോധം വളർത്തും.

2024 ലെ സമയ ഉപയോഗ സർവേയുടെ രൂപകൽപ്പന, രീതിശാസ്ത്രം, പ്രധാന കണ്ടെത്തലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, സർവേയുടെ മുൻറൗണ്ടുകളിൽ നിന്നുള്ള താരതമ്യപഠനങ്ങളും സാങ്കേതിക സെഷനിൽ ഉണ്ടാകും. പ്രമുഖ അക്കാദമിക വിദഗ്ധരുടെയും ഗവേഷകരുടെയും സംഭാവനകളോടെ, TUS ഡേറ്റയുടെ തന്ത്രപരമായ പ്രയോഗങ്ങളും നയപരമായ പ്രസക്തിയും അവതരണങ്ങൾ എടുത്തുകാട്ടും. "ഒരു പുതിയ ഡിജിറ്റൽ യുഗത്തിലെ സമയ ഉപയോഗത്തിന്റെയും പരിചരണ പ്രവർത്തനത്തിന്റെയും ലിംഗഭേദത്തിന്റെയും മാറുന്ന രീതികൾ" എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരും. എസ്ആർഎം സർവകലാശാലയിലെ ഡീൻ സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സയൻസസിലെ ഡോ. സണ്ണി ജോസ്, സെന്റർ ഫോർ വിമൻസ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡബ്ല്യുഡിഎസ്) പ്രൊഫ. നീത എൻ, ഐഐഎം അഹമ്മദാബാദിലെ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ദീപ്തി ശർമ്മ, സിഡിഎസ് പ്രൊഫ. തിയാഗു രംഗനാഥൻ എന്നിവർ ജോലിയുടെയും പരിചരണ ഉത്തരവാദിത്വങ്ങളുടെയും ഡിജിറ്റലൈസേഷന്റെയും വികസിക്കുന്ന ചലനാത്മകതയെക്കുറിച്ചു ചർച്ച ചെയ്യും.

സമ്മേളനത്തിലുടനീളം നടന്ന ചർച്ചകളിൽ നിന്നുള്ള പ്രതിഫലനങ്ങളുടെയും തീരുമാനങ്ങളുടെയും ഹ്രസ്വ വിവരണത്തോടെയാണ് പരിപാടി അവസാനിക്കുക. രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനാണ് ഈ സമ്മേളനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൽ സമയ ഉപയോഗ സർവേയുടെ പ്രസക്തി ശക്തിപ്പെടുത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന സാമൂഹ്യ-സാമ്പത്തിക ചോദ്യങ്ങൾ ശക്തമായ ഡേറ്റാ പിന്തുണയോടെ കൈകാര്യം ചെയ്യാൻ നയനിർമ്മാതാക്കളെ ഇതു സഹായിക്കും.

 

-SK-


(Release ID: 2168963)