ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

അറബിക്കടലിലെ ELSA 3 കപ്പലപകടം: ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) പാരിസ്ഥിതിക ആഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Posted On: 19 SEP 2025 8:04PM by PIB Thiruvananthpuram

1. തെക്കുകിഴക്കൻ അറബിക്കടലിലുണ്ടായ ELSA 3 കപ്പലപകടത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) സമർപ്പിത ശാസ്ത്രീയ അന്വേഷണം നടത്തുകയുണ്ടായി. 2025 ജൂൺ 2 മുതൽ 12 വരെയുള്ള കാലയളവിൽ, FORV സാഗർ സമ്പദ കപ്പലിൽ ഗവേഷണ സംഘം കൊച്ചിക്കും കന്യാകുമാരിക്കും മധ്യേയുള്ള 23 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും, അപകടാവശിഷ്ടങ്ങൾ അവശേഷിച്ച പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തു. 09°18.76’N, 76°08.22’E കോർഡിനേറ്റുകളിൽ 54 മീറ്റർ ആഴത്തിലായാണ് അപകടസ്ഥലം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, മുങ്ങുന്ന സമയത്ത് 367 ടൺ ഫർണസ് ഓയിലും 84 ടൺ ലോ-സൾഫർ ഡീസലും  ELSA 3  വഹിച്ചിരുന്നു. ഇത് വൻതോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയുയർത്തി.

2. പ്രാരംഭ നിരീക്ഷണത്തിൽ,  കപ്പലപകടം നടന്ന സ്ഥലത്തിന് ചുറ്റും ഏകദേശം രണ്ട് ചതുരശ്ര മൈൽ ചുറ്റളവിൽ എണ്ണപ്പാളി വ്യാപിച്ചുകിടക്കുന്നത് വ്യക്തമായും ദൃശ്യമായിരുന്നു. ഉയർന്ന പ്രതലങ്ങളിൽ പെട്രോളിയം മാലിന്യങ്ങളുടെ സാന്നിധ്യം രാസ വിശകലനത്തിലൂടെ സ്ഥിരീകരിക്കുകയുണ്ടായി. നിലവിലെ ശാന്തമായ സമുദ്ര സാഹചര്യത്തിൽ, ഈ മാലിന്യങ്ങൾ മധ്യതല-ആഴത്തിൽ കേന്ദ്രീകരിക്കാനുള്ള പ്രവണത കാണിക്കുന്നു. എന്നാൽ ഉപരിതലത്തിൽ നേർത്ത എണ്ണ പാളി പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടു. സ്ഥലം വീണ്ടും പരിശോധിച്ചപ്പോൾ, എണ്ണപ്പാളിയുടെ വിതരണ രീതിയിൽ മാറ്റം സംഭവിച്ചു. ഉപരിതലത്തിൽ ഉയർന്ന സാന്ദ്രത നിരീക്ഷിക്കപ്പെടുകയും ആഴങ്ങളിൽ സാന്ദ്രത കുറയുകയും ചെയ്തു. എണ്ണയിൽ നിന്നുള്ള മാലിന്യങ്ങൾ ജലത്തിൻ്റെ പാളികളിൽ പുനർവിതരണം ചെയ്യുന്നതിൽ സമുദ്രത്തിൻ്റെ പ്രക്ഷുബ്ധതയും ജലത്തിൻ്റെ കൂടിക്കലരലും എങ്ങനെ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഈ മാറ്റം എടുത്തുകാണിക്കുന്നു.

3. PAH (പോളിയറോമാറ്റിക് ഹൈഡ്രോകാർബണുകൾ) വിശകലനത്തിൽ നാഫ്തലീൻ, ഫ്ലൂറീൻ, ആന്ത്രാസീൻ, ഫിനാൻത്രീൻ, ഫ്ലൂറാന്തീൻ, പൈറീൻ തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. സാധാരണയായി മനുഷ്യനിർമ്മിത മലിനീകരണം സൂചിപ്പിക്കുന്ന നാഫ്തലീനിൻ്റെ ഉയർന്ന അളവ്, തകർന്ന ഇന്ധന അറകളിൽ നിന്നുള്ള ചോർച്ച സ്ഥിരീകരിക്കുന്നു. കൂടാതെ, നിക്കൽ, ലെഡ്, ചെമ്പ്, വനേഡിയം എന്നിവയുൾപ്പെടെ പെട്രോളിയവുമായി ബന്ധപ്പെട്ട ട്രേസ്  മൂലകങ്ങളുടെ (പരിസ്ഥിതിയിലും ജീവജാലങ്ങളിലും വസ്തുക്കളിലും വളരെ ചെറിയ സാന്ദ്രതയിൽ കാണപ്പെടുന്ന ലോഹ മൂലകങ്ങൾ) ഉയർന്ന സാന്ദ്രത സ്ഥലത്തിനു സമീപമുള്ള ജലത്തിലും അവശിഷ്ടങ്ങളിലും കണ്ടെത്തി. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നത് അവശിഷ്ടം ഹൈഡ്രോകാർബണിൻ്റെയും ഘന -ലോഹ മലിനീകരണത്തിൻ്റെയും ഉറവിടമായി മാറിയിരിക്കുന്നു എന്നാണ്.  

4. ചോർച്ചയുടെ ജൈവശാസ്ത്രപരമായ ആഘാതങ്ങൾ ആവാസവ്യവസ്ഥയുടെ വിവിധ തലങ്ങളിൽ പ്രകടമായിരുന്നു. സമുദ്ര ഭക്ഷ്യ ശൃംഖലയുടെ അടിത്തറയായ സൂപ്ലാങ്ക്ടണിൽ (മൃഗപ്ലവകങ്ങൾ) ഉയർന്ന അളവിൽ പെട്രോളിയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉപരിതലത്തിലും ആഴത്തിലുള്ള സാമ്പിളുകളിലും പ്രധാന PAH ഘടകങ്ങളെല്ലാം കണ്ടെത്തി. ഇത്, ജീവജാലങ്ങൾക്കുള്ളിൽ  മലിനീകരണ വസ്തു ക്രമേണ അടിഞ്ഞുകൂടുന്ന ബയോഅക്യുമുലേഷൻ പ്രക്രിയ സ്ഥിരീകരിക്കുകയും ഭക്ഷണത്തിലൂടെ മത്സ്യങ്ങളിലേക്കും അന്തിമമായി മനുഷ്യരിലേക്കും ഈ മാലിന്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർത്തുകയും ചെയ്തു. കിഴക്കൻ അറബിക്കടലിലെ വാണിജ്യപ്രാധാന്യമുള്ള നിരവധി ജീവിവർഗങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും നിർണ്ണായകമായ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവുമായി ഈ കാലഘട്ടം സംഗമിക്കുന്നതിനാൽ മത്സ്യങ്ങളുടെ പ്രാരംഭ ജീവിത ഘട്ടങ്ങളിൽ ഉണ്ടായ ആഘാതം ആശങ്കാജനകമാണ്. ബാധിത പ്രദേശത്ത് നിന്ന് ശേഖരിച്ച മത്സ്യ മുട്ടകളും ലാർവകളും നശിച്ചു പോകുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു. ദുർബലമായ  പ്രാരംഭ ജീവിത ചക്രത്തിൽ എണ്ണയുടെ സ്വാധീനം മൂലമുണ്ടാകുന്ന നാശമാണ് ഇത് സൂചിപ്പിക്കുന്നത്.

5.  കടൽത്തീരത്തിനോടടുത്ത്, ജലാശയങ്ങളുടെ അടിത്തട്ടിലെ ജീവികളിലും പാരിസ്ഥിതിക സമ്മർദ്ദത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ സംവേദനക്ഷമതയുള്ള ജീവിവർഗ്ഗങ്ങൾ കുത്തനെ കുറഞ്ഞു. മലിനീകരണത്തെ പ്രതിരോധിക്കുന്ന പുഴുക്കളും ഒരിനം ചിപ്പി വർഗ്ഗവും മാത്രം അവശേഷിപ്പിച്ചു. ഈ മാറ്റം കടൽത്തട്ടിൽ സംഭവിച്ച രൂക്ഷമായ മലിനീകരണത്തെ സൂചിപ്പിക്കുന്നു. ഇത് എക്കലിൻ്റെ ഗുണത്തിലും മത്സ്യബന്ധന ആവാസ വ്യവസ്ഥയ്ക്കും ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

6. സൂക്ഷ്മജീവി പഠനങ്ങൾ പാരിസ്ഥിതിക ആഘാതം കൂടുതൽ വ്യക്തമാക്കി. ജല സാമ്പിളുകളുടെ മെറ്റാജെനോമിക് വിശകലനം അപകട സ്ഥലത്തിന് സമീപം സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു ബാക്ടീരിയ സമൂഹം രൂപപ്പെടുന്നത് വെളിവാക്കി. അതിൽ നെപ്റ്റുനോമോണസ് അസിഡിവോറൻസ്, ഹാലോമോണസ് ടാബ്രിസിക്ക, അസിനെറ്റോബാക്റ്റർ ബൗമാനി തുടങ്ങിയ ഒട്ടേറെ ഹൈഡ്രോകാർബൺ-ഡീഗ്രേഡിംഗ് ബാക്ടീരിയകൾ ഉൾപ്പെടുന്നു. അവയുടെ സമൃദ്ധി സ്വാഭാവിക ബയോറെമീഡിയേഷൻ സാധ്യത സൂചിപ്പിക്കുന്നുണ്ടെങ്കിലും, അവശിഷ്ടത്തിന് ചുറ്റുമുള്ള കനത്ത ഹൈഡ്രോകാർബൺ മലിനീകരണത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്.

7. സമുദ്രശാസ്ത്ര സാഹചര്യങ്ങളാണ് ആഘാതങ്ങളെ കൂടുതൽ രൂക്ഷമാക്കിയതെന്ന് പരിശോധനയിൽ  വ്യക്തമായി. തെക്ക്-പടിഞ്ഞാറൻ കാറ്റും തെക്കോട്ടുള്ള ഉപരിതല പ്രവാഹങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു. ഈ പ്രക്ഷുബ്ധതയും കൂടിക്കലരലും സംഭവിച്ചിട്ടും, എട്ട് ദിവസത്തിനുശേഷവും എണ്ണ അപകടസഥലത്ത്  കേന്ദ്രീകരിച്ചിരുന്നു. ഇത് സീൽ ചെയ്യാത്ത കമ്പാർട്ടുമെൻ്റുകളിൽ നിന്നുള്ള ചോർച്ച തുടരുന്നതിൻ്റെ സൂചനയാണ്.

8. ആഘാതങ്ങൾ ഉപരിതല സമുദ്ര ജീവജാലങ്ങളിലേക്കും വ്യാപിച്ചു. തവിട്ടുനിറത്തിലുള്ള ഒരു കടൽപ്പക്ഷി (അനസ് സ്റ്റോളിഡസ്) അവശിഷ്ടങ്ങളുടെ സമീപം ദീർഘനേരം തൂവലുകൾ വൃത്തിയാക്കുന്നത് നിരീക്ഷിക്കപ്പെട്ടു. ഇത് തൂവലുകളിലെ എണ്ണ മലിനീകരണത്തോടുള്ള സാധാരണ പ്രതികരണമായി വിലയിരുത്തപ്പെടുന്നു. ചോർച്ചയുള്ള സഥലത്തിന് സമീപമുള്ള സമുദ്ര പക്ഷികളുടെയും ഉപരിതല  ജീവികളുടെയും അപകടസാധ്യതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നത്.

9. ELSA 3 മുങ്ങിയത് തെക്കുകിഴക്കൻ അറബിക്കടലിൽ ഗണ്യമായ പാരിസ്ഥിതിക തകർച്ചയ്ക്ക് വഴിവച്ചതായി ശാസ്ത്രീയ വിലയിരുത്തലിൽ നിന്നുള്ള കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു. ഇത് ജലത്തിൻ്റെ ഗുണനിലവാരം, പ്ലവകങ്ങൾ, ജലാശയങ്ങളുടെ അടിത്തട്ടിലോ ഉള്ളിലോ സമീപത്തോ ഉള്ള ജീവികൾ, മത്സ്യ മുട്ടകൾ, ലാർവകൾ, ഉപരിതല ജീവികൾ എന്നിവയെ ബാധിച്ചു. നിലവിലുള്ള കടൽ പ്രക്ഷുബ്ധതക്കും ഒഴുക്കിനും ശേഷവും, നിരവധി ദിവസങ്ങൾ കഴിഞ്ഞിട്ടും എണ്ണ നിലനിൽക്കുന്നത്, തുടർച്ചയായ ചോർച്ചയുടെ അപകടസാധ്യത വെളിവാക്കുന്നു. സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധന വിഭവങ്ങളെയും സംരക്ഷിക്കുന്നതിന്, അപകട സ്‌ഥലത്തുള്ള ഇന്ധന ചോർച്ച അടയ്ക്കേണ്ടതിൻ്റെയും ആഘാത പ്രദേശത്തിൻ്റെ ദീർഘകാല നിരീക്ഷണത്തിൻ്റെയും അടിയന്തിര ആവശ്യകത പഠനം അടിവരയിടുന്നു.

 

*****************

 


(Release ID: 2168853) Visitor Counter : 20
Read this release in: English , हिन्दी