ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ധറിൽ 'സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ', എട്ടാമത് ദേശീയ പോഷക മാസാചരണം എന്നിവയ്ക്ക് തുടക്കം കുറിച്ചു
Posted On:
17 SEP 2025 6:26PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ധറിൽ ‘സ്വസ്ഥ് നാരീ, സശക്ത് പരിവാർ’ അഭിയാനും എട്ടാമത് ദേശീയ പോഷക മാസാചരണവും ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവും ചടങ്ങിൽ സന്നിഹിതനായിരുന്നു. വിവിധ ആരോഗ്യ ക്യാമ്പുകളുടെ ഉദ്ഘാടനത്തിനായി ഹരിയാനയിലായിരുന്ന കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡയും പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു.
രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ആരോഗ്യ പ്രചാരണ പരിപാടിയാണ് സ്വസ്ത് നാരി സശക്ത് പരിവാർ അഭിയാൻ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഈ സംരംഭം വഴി, സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആരോഗ്യ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ 10 ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. സമൂഹ തലത്തിൽ സ്ത്രീ കേന്ദ്രീകൃത പ്രതിരോധ, പ്രോത്സാഹന, ചികിത്സയും ആരോഗ്യ സേവനങ്ങളും നൽകുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാംക്രമികേതര രോഗങ്ങൾ, വിളർച്ച, ക്ഷയം, അരിവാൾ രോഗം എന്നിവയ്ക്കുള്ള സ്ക്രീനിംഗ്, പ്രാരംഭ കണ്ടെത്തൽ, ചികിത്സാമാർഗ്ഗങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രസവപൂർവ പരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാരം, ആർത്തവ ശുചിത്വം, ജീവിതശൈലി, മാനസികാരോഗ്യ അവബോധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ മാതൃ, ശിശു, കൗമാര ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയും ഇത് ലക്ഷ്യം വയ്ക്കുന്നു. അതേസമയം, അമിത വണ്ണം തടയൽ, മെച്ചപ്പെട്ട പോഷകാഹാരം, സ്വമേധയാ ഉള്ള രക്തദാനം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ആരോഗ്യകരമായ ജീവിതശൈലി രീതികളിലേക്ക് സമൂഹത്തെ നയിക്കാൻ ഈ കാമ്പെയ്ൻ പ്രചോദിപ്പിക്കും.
പരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു: “നമ്മുടെ അമ്മമാരും സഹോദരിമാരും ഉൾപ്പെടെയുള്ള നാരി ശക്തിയാണ് രാജ്യപുരോഗതിയുടെ മുഖ്യ ആധാരം. ഒരു അമ്മ ആരോഗ്യവതിയായാൽ, മുഴുവൻ കുടുംബവും ആരോഗ്യത്തോടെ ഇരിക്കും. അമ്മയുടെ ആരോഗ്യം മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു. അതിനാൽ ഈ ക്യാമ്പയ്‌ൻ അമ്മമാർക്കും സഹോദരിമാർക്കും, അവരുടെ ആരോഗ്യകരമായ ഭാവിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്".
വികസിക ഭാരതത്തിന്റെ ഒരു പ്രധാന സ്തംഭമാണ് നാരീ ശക്തിയെന്നും, സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു "മഹാ അഭിയാൻ" ആണ് സ്വസ്ഥ് നാരി സശക്ത് പരിവാർ എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അറിവിന്റെയോ വിഭവങ്ങളുടെയോ അഭാവം മൂലം ഒരു സ്ത്രീയും ഗുരുതരമായ രോഗത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടു. "രക്തസമ്മർദ്ദം, പ്രമേഹം, വിളർച്ച, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് നേരത്തെയുള്ള രോഗനിർണയം ആവശ്യമാണ്, കാരണം അവ പിന്നീട് മാരകമായേക്കാം, അതിനാൽ ഈ കാമ്പെയ്‌ൻ ഇത് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകൾ ആരോഗ്യത്തിനായി സമയം കണ്ടെത്തുകയും ആരോഗ്യ ക്യാമ്പുകളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തെ ആദിവാസി പ്രദേശങ്ങളിൽ സിക്കിൾ സെൽ അനീമിയ ഒരു ഗുരുതര പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രത്യേകിച്ച് ആദിവാസി വനിതകൾക്ക് ക്യാമ്പെയ്‌ൻ കാലയളവിൽ ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. ആരോഗ്യകേന്ദ്രങ്ങളിൽ എല്ലാ പരിശോധനകളും മരുന്നുകളും സൗജന്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരമ്മയോ മകളോ പോലും അവഗണിക്കപ്പെടരുത് എന്നതാണ് നമ്മുടെ പ്രതിജ്ഞ. കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് ആയുഷ്മാൻ കാർഡുകൾ വഴി ലഭ്യമാക്കുന്ന സംരക്ഷണ കവചം (സുരക്ഷാ കവച്) പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ആരംഭിച്ച വിവിധ പദ്ധതികളെ പരാമർശിക്കവെ, “സ്ത്രീകളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് നാം പ്രതിബദ്ധരാണ്” എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. “വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ, മാതൃ മരണനിരക്കും ശിശു മരണനിരക്കും (MMR, IMR) കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുന്നത്. ഇതേ ലക്ഷ്യത്തോടെ 2017-ൽ പ്രധാനമന്ത്രി മാതൃ വന്ദന യോജന ആരംഭിച്ചു. ഇതുവരെ 4.5 കോടി ഗർഭിണികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ആകെ 19,000 കോടി രൂപയ്ക്കുമുകളിൽ ഉള്ള തുക സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിനിടെ പ്രധാനമന്ത്രി ഒരു കോടി സിക്കിൾ സെൽ കാർഡ് കൈമാറുകയും ചെയ്തു. സിക്കിൾ സെൽ രോഗനിർമ്മാർജനത്തിനായി സർക്കാർ ഒരു ദേശീയ മിഷൻ നടത്തിവരുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, സിക്കിൾ സെൽ പരിശോധനകളുടെ ഫലമായി ലക്ഷക്കണക്കിന് ആദിവാസികൾക്ക് അവരുടെ ജീവിതം ഇതിലൂടെ രക്ഷപ്പെടുത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മധ്യപ്രദേശിലെ ഷഹ്‌ഡോലിൽ ആരംഭിച്ച നാഷണൽ സിക്കിൾ സെൽ അനീമിയ മിഷൻ പ്രകാരം 5 കോടിയിലധികം പേരുടെ പരിശോധന ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ കേന്ദങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHCs), ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർാരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഈ ക്യാമ്പെയ്‌ൻ സംഘടിപ്പിക്കും. പത്ത് ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനാൽ, ഇത് രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും എക്കാലത്തേയും ഏറ്റവും വലിയ ആരോഗ്യ പ്രചാരണ പരിപാടിയാകും. രാജ്യത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ദിവസേന ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും.
*****
(Release ID: 2167957)