പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ 2070-ലെ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത ലക്ഷ്യത്തെ പിന്തുണയ്ക്കാനും പരിസ്ഥിതി സൗഹൃദ ഊർജമാറ്റം വേഗത്തിലാക്കാനും ദേശീയ ഭൗമ താപോര്‍ജ നയം (2025) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

प्रविष्टि तिथि: 17 SEP 2025 5:34PM by PIB Thiruvananthpuram

ഇന്ത്യയുടെ 2070-ലെ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിബദ്ധത ശക്തിപ്പെടുത്താനും വൈവിധ്യമാർന്ന പുനരുപയോഗ ഊർജ സ്രോതസ്സുകളിലൂടെ  ഊർജസുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍  ദേശീയ ഭൗമ താപോര്‍ജ  നയം (2025) വിജ്ഞാപനം ചെയ്തു.

 

രാജ്യം നേരത്തെ പ്രയോജനപ്പെടുത്താത്ത ഭൗമ താപോര്‍ജ വിഭവങ്ങളുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനും  കേന്ദ്രീകൃത താപ വിതരണ സംവിധാനം,  കൃഷി, മത്സ്യകൃഷി, ഗ്രൗണ്ട് സോഴ്സ് താപോര്‍ജ പമ്പുകൾ വഴി സ്ഥലങ്ങളുടെ ഊഷ്മാവ് ക്രമീകരിക്കല്‍ എന്നിവയടക്കം നേരിട്ടുള്ള ഉപയോഗങ്ങൾക്കും  ശുദ്ധവും വിശ്വസനീയവുമായ ഊർജ സ്രോതസ്സായി ഭൗമ താപോര്‍ജത്തെ ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഭൗമ താപോര്‍ജത്തിന്റെ  ഗവേഷണം, വികസനം, ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാന്‍  പുതിയ നയം  സമഗ്ര ചട്ടക്കൂട് നൽകുന്നു. 

 

നയത്തിന്റെ പ്രധാന സവിശേഷതകള്‍ 

  • ഗവേഷണവും മികച്ച രീതികളും: ഭൗമ താപോര്‍ജ വികസനത്തിന് ഗവേഷണങ്ങൾ, മന്ത്രാലയങ്ങൾ തമ്മിലെ സഹകരണം, ആഗോള തലത്തിലെ മികച്ച രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഭൗമ താപോര്‍ജത്തിന്റെ നിയന്ത്രണവും മേൽനോട്ട ചുമതലയും മന്ത്രാലയത്തിനായിരിക്കും.
  • ദേശീയ ലക്ഷ്യങ്ങളുമായി സംയോജനം: ഇന്ത്യയുടെ 2070-ലെ കാര്‍ബണ്‍ ബഹിര്‍ഗമന രഹിത, പുനരുപയോഗ ഊർജ ലക്ഷ്യങ്ങളുമായി ഭൗമ താപോര്‍ജത്തെ  സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു.
  • വിവിധ ഉപയോഗങ്ങൾ: വൈദ്യുതി ഉല്പാദനം, സ്ഥലങ്ങളുടെ ഊഷ്മാവ് ക്രമീകരിക്കല്‍,  കൃഷി (ഹരിതഗൃഹങ്ങള്‍, ശീതീകരിച്ച സംഭരണകേന്ദ്രങ്ങള്‍), വിനോദസഞ്ചാരം, ശുദ്ധജല നിർമാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • സാങ്കേതിക  നൂതനാശയങ്ങൾ: ഹൈബ്രിഡ് ഭൗമ താപോര്‍ജ-സൗരോര്‍ജ നിലയങ്ങള്‍,  ഉപേക്ഷിക്കപ്പെട്ട എണ്ണക്കിണറുകളുടെ പുനരുപയോഗം,  വിപുലീകരിച്ച/ഉന്നതനിലവാര ഭൗമതാപോര്‍ജ സംവിധാനങ്ങള്‍ (ഇജിഎസ്/എജിഎസ്) തുടങ്ങിയ നൂതന സംവിധാനങ്ങളുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
  • പ്രാദേശിക നൂതനാശയങ്ങളും പങ്കാളിത്തവും: പ്രാദേശിക നൂതനാശയങ്ങൾ, സംയുക്ത സംരംഭങ്ങൾ, നിലവിലെ എണ്ണ/വാതക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
  • സഹകരണം: അന്താരാഷ്ട്ര ഭൗമ താപോര്‍ജ സ്ഥാപനങ്ങളുമായും ഈ രംഗത്തെ മുൻനിര രാജ്യങ്ങളുമായും  സംസ്ഥാന സർക്കാരുകൾ, എണ്ണ-വാതക കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായും സഹകരിക്കും.
  • മേഖലയുടെ വികസനം: ഭൗമ താപോര്‍ജ മേഖലയുടെ ദീർഘകാല വികസനത്തിന് ശക്തമായ  പൊതു-സ്വകാര്യ സംയോജിത സംവിധാനം കെട്ടിപ്പടുക്കുന്നു.
  • ശേഷി വർധന: ഈ മേഖലയിൽ അറിവ് പങ്കിടാനും മനുഷ്യവിഭവശേഷി വികസിപ്പിക്കാനും പ്രോത്സാഹനം നൽകുന്നു.

 

ഭൗമ താപോര്‍ജ പര്യവേക്ഷണത്തിന്റെ ആദ്യ ചുവടുവെയ്പ്പ് എന്ന നിലയിൽ ഈ മേഖലയിലെ അഞ്ച് പദ്ധതികൾക്ക് മന്ത്രാലയം അംഗീകാരം നൽകി. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികളും വിഭവങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിനുള്ള പദ്ധതികളും ഇതിലുൾപ്പെടുന്നു. ഇന്ത്യയിൽ ഭൗമ താപോര്‍ജ  സാധ്യതകളും പ്രയോഗക്ഷമതയും മനസ്സിലാക്കുകയാണ്  പദ്ധതികളുടെ ലക്ഷ്യം.

 

നിർമാതാക്കൾക്കും വ്യവസായങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും  ഇന്ത്യയുടെ  സംശുദ്ധ ഊർജ പരിവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കാൻ സഹായകമായ അന്തരീക്ഷമൊരുക്കി നവ പുനരുപയോഗ ഊർജ മന്ത്രാലയം (എംഎൻആർഇ) ഈ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നത് തുടരും. 

*****************

 


(रिलीज़ आईडी: 2167827) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Telugu