ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

89-ാമത് അന്താരാഷ്ട്ര വൈദ്യുതസാങ്കേതിക കമ്മീഷൻ പൊതുയോഗത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

Posted On: 15 SEP 2025 8:57PM by PIB Thiruvananthpuram
രാജ്യാന്തര ലീഗൽ മെട്രോളജി സംഘടനയായ IOML പ്രവണതാ അംഗീകാര സാക്ഷ്യപത്രം നൽകുന്ന ലോകത്തെ പതിമൂന്നാമത് രാജ്യമായി ഇന്ത്യ. ഈ നേട്ടം ലീഗല്‍ മെട്രോളജി രംഗത്ത് രാജ്യം കൈവരിച്ച  നാഴികക്കല്ലണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ - ഭക്ഷ്യ പൊതുവിതരണ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷി പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ന് ചേര്‍ന്ന 89-ാമത് അന്താരാഷ്ട്ര വൈദ്യുത സാങ്കേതിക  കമ്മീഷൻ (International Electrotechnical Commission - IEC) പൊതുയോഗം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ഡിജിറ്റൽ ഇന്ത്യ, പുനരുപയോഗ ഊര്‍ജം, സുസ്ഥിര ഊർജം എന്നിവയിൽ രാജ്യം ലോകത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ഇന്ന് 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ശ്രീ ജോഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിലുടനീളം പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും രാജ്യത്തെ 474 വില നിരീക്ഷണ കേന്ദ്രങ്ങളിലൂടെ അവശ്യസാധനങ്ങളുടെ വില തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ഏകീകൃത ഇന്ത്യൻ സമയം  പ്രചരിപ്പിക്കുന്ന ഉപഭോക്തൃകാര്യ വകുപ്പിന്റെ  പദ്ധതിയ്ക്ക് ദേശീയ ഫിസിക്കൽ ലബോറട്ടറിയും ഇസ്രോയും സഹകരിച്ച്  ഉടന്‍   തുടക്കം കുറിയ്ക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളില്‍നിന്ന്  ഏകീകൃത ഇന്ത്യൻ സമയം നല്‍കാനാവശ്യമായ സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  തന്ത്രപ്രധാന രംഗങ്ങള്‍ക്കും ഇതര മേഖലകള്‍ക്കും കൃത്യമായ സമയം  ഒരുപോലെ അനിവാര്യമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  

വൈദ്യുത സാങ്കേതിക മേഖലയിലെ ആഗോള നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഐ‌ഇസി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും സമവായാടിസ്ഥാനത്തില്‍ സ്വമേധയാ നിര്‍ണയിച്ച ഏകീകരണങ്ങളിലൂടെ  സാങ്കേതികവിദ്യയെ  കാര്യക്ഷമവും പരസ്പരം ചേര്‍ന്ന് പ്രവർത്തിക്കുന്നതും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും  സുസ്ഥിരവുമാക്കാൻ ഐ‌ഇസി സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. നൂതനാശയങ്ങൾ, അറിവ് പങ്കിടൽ, ദീർഘകാല പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച വൈദ്യുത സാങ്കേതിക വിദഗ്ധരെ ഒരുമിച്ചുകൊണ്ടുവരുന്ന  പാരമ്പര്യം തുടരുന്നതില്‍ അദ്ദേഹം ഐ‌ഇസിക്ക് നന്ദി അറിയിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന് (ബിഐഎസ്) കീഴില്‍ ഈ വർഷത്തെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനായതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ആഗോള നിലവാരം കൈവരിക്കാന്‍ ഇന്ത്യ നടത്തുന്ന  യാത്രയിലുടനീളം രാജ്യം കൈവരിച്ച പരിവര്‍ത്തനത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സുപ്രധാന പങ്കുവഹിച്ചതായി ശ്രീ ജോഷി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ദേശീയ മാനദണ്ഡ നിര്‍ണയ സ്ഥാപനമെന്ന നിലയിൽ സാങ്കേതിക ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം  സുസ്ഥിര ലക്ഷ്യങ്ങളുമായി മാനദണ്ഡങ്ങളെ ബിഐഎസ് സംയോജിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വേദികളിലെ സജീവ പങ്കാളിത്തത്തിലൂടെ മാനദണ്ഡങ്ങള്‍ ഏകോപിപ്പിക്കാനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും എല്ലാ മേഖലകളിലും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളുടെ വികസനം സുഗമമാക്കാനും ബിഐഎസ് വഴിയൊരുക്കി.  

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഒരു സാങ്കേതിക നിയന്ത്രണ സംവിധാനമെന്ന  നിലയിൽ നിന്ന് രാജ്യത്തെ കെട്ടിപ്പടുക്കുന്ന  യഥാർത്ഥ പങ്കാളിയായി ബിഐഎസ് വളർന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്ത് നിലവിലുള്ള ഏകദേശം 24,000  ഏകീകരണ മാനദണ്ഡങ്ങളിലൂടെ ഉല്പന്നങ്ങൾ സുരക്ഷയുടെയും പ്രവർത്തനക്ഷമതയുടെയും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

BIS ലാബുകളുടെ ശേഷി പലമടങ്ങ് വർധിപ്പിച്ചതായി ശ്രീ ജോഷി പറഞ്ഞു. 2014-15 കാലഘട്ടത്തില്‍ 81  അംഗീകൃത ലാബുകളുണ്ടായിരുന്നത്  2025-ൽ 382 ആയി ഉയർന്നു. ഇക്കാലയളവിൽ പാനലില്‍ പട്ടികപ്പെടുത്തിയ ലാബുകളുടെ എണ്ണം 62-ൽ നിന്ന് 287 ആയി വർധിച്ചു. പരിശീലന പരിപാടികളും പ്രചാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി. ഗുണനിലവാര മാനദണ്ഡങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കാൻ 600-ലേറെ ജില്ലകളിൽ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്ത്യ ഇന്ന് വലിയ സാങ്കേതിക - വ്യാവസായിക പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍  ഉല്പാദന മേഖല ആധുനിക യന്ത്രവല്‍ക്കരണവും കൃത്യതാസംവിധാനങ്ങളും അവലംബിക്കുന്നു.  സ്മാർട്ട് ഫാക്ടറികൾ, വ്യവസായം 4.0, സൈബർ-ഭൗതിക സംവിധാനങ്ങൾ എന്നിവ വ്യാവസായിക മേഖലയുടെ  ഭാവി മാറ്റിമറിക്കുകയാണ്. ലോകത്തെ രണ്ടാമത് വലിയ മൊബൈൽ ഫോൺ നിർമാതാക്കളിലൊന്നായി മാറിയതു മുതൽ ഇലക്ട്രിക് വാഹനങ്ങളുടെയും സൗരോർജ സാങ്കേതികവിദ്യകളുടെയും അതിവേഗം വളരുന്ന വിപണികളിലൊന്നായി വളര്‍ന്നതുവരെ  രാജ്യം കൈവരിച്ച പുരോഗതിയ്ക്ക് പിന്നിൽ ലക്ഷ്യബോധവും നയപിന്തുണയും കൂട്ടായ പരിശ്രമവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.  

വൈദ്യുത സാങ്കേതിക, ഊർജ മേഖലകളിലെ ഇന്ത്യയുടെ യാത്ര സുസ്ഥിര വികസനത്തിന്റെയും കാലാവസ്ഥാ പ്രതിരോധത്തിന്റെയും ദേശീയ കാഴ്ചപ്പാടിലധിഷ്ഠിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചിരുന്ന രാജ്യമെന്ന നിലയില്‍നിന്ന് പുനരുപയോഗ ഊർജത്തിലേക്കും സംശുദ്ധ സാങ്കേതികവിദ്യകളിലേക്കും   കാർബൺ ബഹിര്‍ഗമനം കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളിലേക്കും  സമഗ്ര മാറ്റത്തിന് വിധേയമാവുകയാണ് ഇന്ത്യ.  2023-ലെ ജി-20 അധ്യക്ഷപദവിയിലും ഊർജ പരിവര്‍ത്തന - ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക്  ഇന്ത്യ മുൻഗണന നൽകിയിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു.

ഉല്പാദന-ബന്ധിത പ്രോത്സാഹന പദ്ധതികൾ, വന്‍കിട വ്യാവസായിക ഇടനാഴികള്‍,  സെമികോൺ ഇന്ത്യ പരിപാടി,   സ്വാധീനമേറിയ നിക്ഷേപങ്ങൾ എന്നിവ ഇലക്ട്രോണിക്സ്, അര്‍ധചാലക മേഖലകളിൽ ഇന്ത്യയെ  ആഗോള കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നതായി മന്ത്രി എടുത്തുപറഞ്ഞു.  അതേസമയം ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം, പിഎം-കുസും, പിഎം സൂര്യ ഘർ യോജന, ഫെയിം ഇന്ത്യ പദ്ധതി തുടങ്ങിയ സംരംഭങ്ങൾ സംശുദ്ധ ഊർജ സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റത്തെ മുന്നോട്ടുനയിക്കുന്നു.

‘സ്റ്റാർട്ടപ്പ് ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ' തുടങ്ങിയ പരിവർത്തനാത്മക പദ്ധതികളുടെ പിന്തുണയോടെ രാജ്യത്തെ യുവത വൈദ്യുത സാങ്കേതിക മേഖലയിൽ സുസ്ഥിര സാങ്കേതികവിദ്യകൾക്ക് തുടക്കമിടുന്നുവെന്നും  ഇതുവഴി നൂതനാശയങ്ങളും പരിസ്ഥിതി അവബോധവും  ഒരുമിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.  സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിലൂടെ  കൃഷിയും ആരോഗ്യവും മുതൽ സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങളും നിര്‍മിതബുദ്ധിയും  ഡിജിറ്റൽ പരിഹാരങ്ങളും വരെ വിവിധ മേഖലകളിൽ സുസ്ഥിര  ഭാവി കെട്ടിപ്പടുക്കാൻ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് സ്റ്റാർട്ടപ്പുകളും വ്യവസായ സംഘടനകളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാം. ഇത് കേവലം  പ്രദർശനമല്ലെന്നും മറിച്ച് അർത്ഥപൂര്‍ണ ഇടപെടലുകള്‍ക്കും  സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള വേദിയാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇന്ത്യയുടെ കൂട്ടായ മനുഷ്യ സ്നേഹത്തിന്റെ ആഘോഷം കൂടിയാണ് പരിപാടിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  രാജ്യത്തിന്റെ സമ്പന്ന പൈതൃകവും വൈവിധ്യവും ആതിഥ്യമര്യാദയും  പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ്  സാംസ്കാരിക പരിപാടികൾ സജ്ജീകരിച്ചത്.   സുസ്ഥിരതയിലൂന്നി വളർച്ച കൈവരിക്കുന്ന ആഗോള ശക്തിയായി മാത്രമല്ല, ഐക്യവും  സർഗാത്മകതയും  പാരമ്പര്യവും കൈമുതലാക്കി  വളരുന്ന  നാഗരികതയെന്ന നിലയിലും  ഇന്ത്യയെ മനസ്സിലാക്കാന്‍ അദ്ദേഹം പങ്കാളികളെ ക്ഷണിച്ചു.

ഡിജിറ്റൽ നൂതനാശയങ്ങള്‍, പുനരുപയോഗ ഊർജം, സുസ്ഥിര സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യ ലോകത്തെ മുന്നോട്ടുനയിക്കുന്നുവെന്നത് അഭിമാനപൂര്‍വം  പങ്കുവെച്ചാണ് മന്ത്രി പ്രസംഗം ഉപസംഹരിച്ചത്.  വൈദ്യുത സാങ്കേതിക മാനദണ്ഡങ്ങളും സുസ്ഥിര നൂതനാശയങ്ങളും സംബന്ധിച്ച  ആഗോള ചർച്ചകളില്‍ 89-ാമത് ഐ‌ഇസി പൊതുയോഗത്തിലെ  ചർച്ചകളും ഉൾക്കാഴ്ചകളും സഹകരണങ്ങളും നിർണായക പങ്ക് വഹിക്കുമെന്ന്  അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
****

(Release ID: 2167020) Visitor Counter : 2