ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2025 സെപ്റ്റംബർ 15 മുതൽ 19 വരെ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

Posted On: 14 SEP 2025 11:11AM by PIB Thiruvananthpuram
2025 സെപ്റ്റംബർ 15 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന്(GM) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചു.നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സുസ്ഥിരവും പൂർണ്ണമായും വൈദ്യുതവും ബന്ധിതവുമായ ലോകത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.1960,1997,2013 എന്നീ വർഷങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ അഭിമാനകരമായ ഐ.ഇ.സി (IEC) പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്.
 
 
കേന്ദ്ര ഉപഭോക്തൃകാര്യ,ഭക്ഷ്യ,പൊതുവിതരണ മന്ത്രിയും നവ,പുനരുപയോഗ ഊർജ്ജ മന്ത്രിയുമായ ശ്രീ പ്രള്‍ഹാദ് ജോഷി യോഗത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കും.കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഐ.ഇ.സി ജി.എം പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് മൊബിലിറ്റി,സ്മാർട്ട് ലൈറ്റിംഗ്,ഇലക്ട്രോണിക്സ്,ഐ.ടി നിർമ്മാണം എന്നിവയിലെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുകയും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഇലക്ട്രോ ടെക്നിക്കൽ വിഭാഗത്തിലെ ഏറ്റവും വലിയ പ്രദർശനമായിരിക്കും ഇത്.
 
ശുദ്ധവും മലിനീകരണമുക്തവുമായ ഊർജ്ജ പരിഹാരങ്ങൾക്കുള്ള നിർണായക മേഖലയായ ലോ വോൾട്ടേജ് ഡയറക്ട് കറൻ്റു(LVDC)മായി ബന്ധപ്പെട്ട സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങൾക്ക് ആഗോള സെക്രട്ടേറിയറ്റായും ഇന്ത്യ പ്രവർത്തിക്കും.
 
വിദ്യാർത്ഥി ചാപ്റ്ററുകളിലൂടെയും യുവ പ്രൊഫഷണലുകളെ വ്യവസായങ്ങളിലേക്കും സ്റ്റാൻഡേർഡ് രൂപീകരണ പ്രക്രിയയിലേക്കും തുറന്നുകാട്ടുന്ന ആറുമാസത്തെ ഘടനാപരമായ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലൂടെയും വിദ്യാഭ്യാസ മേഖലയുമായി ഗുണനിലവാരവും സ്റ്റാൻഡേർഡൈസേഷനും സംയോജിപ്പിക്കാനുള്ള ബ്യൂറോയുടെ ശ്രമങ്ങളെക്കുറിച്ച് ബി.ഐ.എസ് ഡയറക്ടർ ജനറൽ ശ്രീ പ്രമോദ് കുമാർ തിവാരി എടുത്തുപറഞ്ഞു.ഐ.ഇ.സി യുടെ യുവ പ്രൊഫഷണൽസ് പ്രോഗ്രാമിന് കീഴിൽ ലോകമെമ്പാടുമുള്ള 93 യുവ പ്രൊഫഷണലുകൾ വർക്ക്‌ഷോപ്പുകൾ,ബൂട്ട് ക്യാമ്പുകൾ,വ്യവസായ സന്ദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും വരും തലമുറയിലേക്കുള്ള സാങ്കേതിക നേതാക്കളെ രൂപപ്പെടുത്തുകയും ചെയ്യും. ബി.ഐ.എസ് ൻ്റെ നിയുക്ത ഡയറക്ടർ ജനറൽ ശ്രീ സഞ്ജയ് ഗാർഗും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
 
 
പുതു തലമുറ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനായി 150-ലധികം സാങ്കേതിക,മാനേജ്മെൻ്റ് കമ്മിറ്റി യോഗങ്ങളും പൊതുയോഗത്തിൽ നടക്കും.കൂടാതെ ഉയർന്നുവരുന്ന പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വർക്ക്‌ഷോപ്പുകളുടെ ഒരു പരമ്പരയും യോഗത്തിൽ ഉൾപ്പെടും: സുസ്ഥിരമായ ഒരു ലോകം വളർത്തുക (സെപ്റ്റംബർ 15),നിർമ്മിത ബുദ്ധി - നവീകരണത്തിലൂടെ ഭാവി രൂപപ്പെടുത്തുക (സെപ്റ്റംബർ 16), ഇ-മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുക (സെപ്റ്റംബർ 17), മാനദണ്ഡങ്ങളിലൂടെ കൂടുതൽ ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കുക,പൂർണമായും വൈദ്യുതവും ബന്ധിതവുമായ സമൂഹത്തെ സാധ്യമാക്കുക(സെപ്റ്റംബർ 18) എന്നിവയാണവ.ശുദ്ധവും ഹരിതവുമായ പരിഹാരങ്ങൾക്കുള്ള പൊതുജന പിന്തുണ ആഗോള സർവേകൾ നല്കുന്നുണ്ടെന്ന് പറഞ്ഞ ഐ.ഇ.സി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ശ്രീ.ജെയിംസ് വുഡ്,ഇന്ത്യയെ "ഒരു യഥാർത്ഥ സുസ്ഥിരതാ ചാമ്പ്യൻ" എന്നും ന്യൂഡൽഹിയെ ആഗോള സംഭാഷണത്തിന് ഏറ്റവും അനുയോജ്യമായ വേദിയെന്നും വിശേഷിപ്പിച്ചു.
 
ഭാരത് മണ്ഡപത്തിൽ ബി.ഐ.എസ് സംഘടിപ്പിക്കുന്ന ഐ.ഇ.സി ജി.എം പ്രദർശനത്തിൽ പ്രമുഖ
വ്യവസായങ്ങൾ,അസോസിയേഷനുകൾ,സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ 75 പ്രദർശകർ പങ്കെടുക്കും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉത്പന്നങ്ങളുടെ വികസനത്തേയും നവീകരണത്തെയും എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്ന് അവർ പ്രദർശിപ്പിക്കും.2025 സെപ്റ്റംബർ 16 മുതൽ 19 വരെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാം. https://gm2025.iec.ch/. എന്ന വെബ്‌സൈറ്റിലൂടെ മുൻകൂർ രജിസ്ട്രേഷൻ വഴി പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.10-ാം നമ്പർ ഗേറ്റിലൂടെയും 4-ാം നമ്പർ ഗേറ്റിലൂടെയും സന്ദർശകർക്ക് വേദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പ്രദർശനം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
"സുസ്ഥിരമായ ഒരു ലോകത്തെ വളർത്തിയെടുക്കുക" എന്ന പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന ബി.ഐ.എസ് പവലിയനിലേക്കുള്ള സന്ദർശകരെ ഡിജിറ്റൽ സുസ്ഥിരതാ പ്രതിജ്ഞയെടുക്കാൻ ക്ഷണിക്കും.എടുക്കുന്ന ഓരോ പ്രതിജ്ഞയ്ക്കും ശേഷം ബി.ഐ.എസ്, ഇന്ത്യയിലെ തങ്ങളുടെ ഓഫീസുകളിലുടനീളം ഓരോ വൃക്ഷ തൈ നട്ടുപിടിപ്പിക്കും.ഇത് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തും.
 
**********************

(Release ID: 2166492) Visitor Counter : 2