രാജ്യരക്ഷാ മന്ത്രാലയം
2027ൽ നടക്കുന്ന അഞ്ചാമത് ആഗോള തീരസംരക്ഷണ സേന ഉച്ചകോടിക്ക് ചെന്നൈയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും
Posted On:
13 SEP 2025 3:27PM by PIB Thiruvananthpuram
സമുദ്ര സഹകരണത്തിൽ അന്താരാഷ്ട്ര നേതൃത്വം ഊട്ടിയുറപ്പിച്ചുകൊണ്ട്, 2027 ൽ നടക്കുന്ന അഞ്ചാമത് ആഗോള തീരസംരക്ഷണ സേന ഉച്ചകോടിക്ക് (CGGS) ചെന്നൈയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ (ICG) സുവർണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരിക്കും ആഗോള ഉച്ചകോടി നടക്കുക. അന്താരാഷ്ട്ര കോസ്റ്റ് ഗാർഡ് ഫ്ലീറ്റ് റിവ്യൂവും ലോക കോസ്റ്റ് ഗാർഡ് സെമിനാറും മൂന്ന് ദിവസത്തെ പരിപാടിയിൽ ഉൾപ്പെടും. ഉയർന്നുവരുന്ന സമുദ്ര വെല്ലുവിളികൾ നേരിടുന്നത് സംബന്ധിച്ച ചർച്ചകൾക്കൊപ്പം അന്താരാഷ്ട്ര സമുദ്ര ഐക്യം പ്രദർശിപ്പിക്കുന്നതിനുള്ള ആഗോള വേദിയായും ഇത് മാറും. 2025 സെപ്റ്റംബർ 11 മുതൽ 12 വരെ ഇറ്റലിയിലെ റോമിൽ നടന്ന, 115 രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത നാലാമത് CGGS-യാണ് ഈ തീരുമാനങ്ങൾ ഏകകണ്ഠമായി കൈക്കൊണ്ടത്.
സമുദ്ര മേഖലയിലെ മുഴുവൻ പ്രശ്‌നങ്ങളും ഒറ്റയ്ക്ക് അഭിസംബോധന ചെയ്യാൻ ഒരു രാജ്യത്തിനാലും സാധ്യമല്ലെന്ന് ഡയറക്ടർ ജനറൽ (DG) ICG പരമേഷ് ശിവമണി വ്യക്തമാക്കി. 2027 ലെ ചെന്നൈ ഉച്ചകോടി ലോകമെമ്പാടുമുള്ള തീരസംരക്ഷണ സേനകൾ തമ്മിൽ പരസ്പര പ്രവർത്തനക്ഷമത, വിശ്വാസം, സഹകരണം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സമഗ്ര വേദിയായി വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
CGGS അധ്യക്ഷതാ പദവിയുടെ ആചാരപരമായ കൈമാറ്റ വേളയിൽ, സമാനമായ സമുദ്ര വെല്ലുവിളികളെ നേരിടുന്നതിലുള്ള ആഗോള കോസ്റ്റ് ഗാർഡ് സഹകരണത്തിൻ്റെ ദീപസ്തംഭമാണ് ഉച്ചകോടിയെന്ന് DG ICG പ്രശംസിച്ചു. ആതിഥ്യമര്യാദയിൽ ഇറ്റാലിയൻ തീരസംരക്ഷണ സേനക്കും CGGS സെക്രട്ടേറിയറ്റ് എന്ന നിലയിൽ ജപ്പാൻ തീരസംരക്ഷണ സേനക്കും നന്ദി രേഖപ്പെടുത്തി.
ഉച്ചകോടിക്കിടെ, ഇന്ത്യൻ തീരസംരക്ഷണ സേന ഡയറക്ടർ ജനറൽ ഇറ്റാലിയൻ തീരസംരക്ഷണ സേന കമാൻഡൻ്റുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി തന്ത്രപരമായ സംയുക്ത പ്രവർത്തന പദ്ധതി 2025–2029 ലെ പ്രതിരോധ സഹകരണ വ്യവസ്ഥയുടെ ചട്ടക്കൂടിന് കീഴിൽ നടന്ന ചർച്ചകൾ, സമുദ്രത്തിലെ തിരച്ചിൽ ദൗത്യങ്ങൾ, രക്ഷാപ്രവർത്തനം (M-SAR), സമുദ്ര മലിനീകരണ പ്രതികരണം, പരിസ്ഥിതി സംരക്ഷണം, അന്തർദേശീയ സമുദ്ര കുറ്റകൃത്യങ്ങൾ തടയൽ, വിവര വിനിമയം, സമുദ്ര മേഖലാ അവബോധം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, പരിശീലനം, സാങ്കേതിക സഹായം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
*****************
(Release ID: 2166336)
Visitor Counter : 2