സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാന പാരമ്പര്യത്തെ രാഷ്ട്രത്തിനും ലോകത്തിനും മുന്നിൽ സാംസ്കാരിക നവോത്ഥാനത്തിലൂടെ പുനരവതരിപ്പിക്കപ്പെടുന്നു : ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്

Posted On: 11 SEP 2025 8:46PM by PIB Thiruvananthpuram
കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇന്ത്യയുടെ കൈയെഴുത്തുപ്രതി സമ്പത്ത് സംരക്ഷിക്കുക, ഡിജിറ്റൈസ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ  'ജ്ഞാൻ ഭാരതം’  എന്ന ചരിത്രപരമായ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ അവസരം ആഘോഷിക്കുന്നതിനായി 'കൈയെഴുത്തുപ്രമാണ പാരമ്പര്യത്തിലൂടെ ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യം വീണ്ടെടുക്കൽ'  എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിട്ടുള്ള  ആദ്യ ജ്ഞാൻ ഭാരതം അന്താരാഷ്ട്ര സമ്മേളനം, 2025 സെപ്റ്റംബർ 11 മുതൽ 13 വരെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിതർ, വിദഗ്ധർ, സ്ഥാപനങ്ങൾ, സാംസ്കാരിക പരിശീലകർ എന്നിവരുൾപ്പെടെ 1,100-ലധികം പങ്കാളികളെ ഒരേ വേദിയിൽ എത്തിക്കുന്ന  ഈ സമ്മേളനം,ഇന്ത്യയുടെ കൈയെഴുത്തുപ്രതി സമ്പത്ത്  സംരക്ഷിക്കുന്നതിനും, ഡിജിറ്റൈസ് ചെയ്യുന്നതിനും, അവയെ ലോകവുമായി പങ്കുവെക്കുന്നതിനുമായി സംവാദത്തിന്റെയും  തുറന്ന ചർച്ചകളുടെയും സഹകരണത്തിന് സാക്ഷ്യം വഹിക്കും .
 


 
പ്രധാനമന്ത്രി നരേന്ദ്ര മോദി  2025 സെപ്റ്റംബർ 12-ന് സമ്മേളനത്തിൽ പങ്കെടുത്ത് പ്രവർത്തക സംഘങ്ങളുടെ  അവതരണങ്ങൾ കേട്ട ശേഷം  സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ സെപ്റ്റംബർ 13-ന്  നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. സമാപന സമ്മേളനം  കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ  നടക്കും.
 


 
വെല്ലുവിളികൾ, പോരാട്ടങ്ങൾ, അധിനിവേശങ്ങൾ എന്നിവയെ അതിജീവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്  നിലനിന്ന ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാന പാരമ്പര്യം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജ്ഞാൻ ഭാരതം മിഷനിലൂടെ രാജ്യത്തിനും ലോകത്തിനും വീണ്ടും പരിചയപ്പെടുത്തുകയാണെന്ന് ചടങ്ങിൽ സംസാരിച്ച  കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. ആളുകൾ സ്വന്തം നാഗരിക സമ്പത്ത് അറിയുന്നതോടൊപ്പം തിരിച്ചറിയുകയും ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ സംസ്കാരത്തിന്മേലുള്ള അഭിമാനം യാഥാർഥ്യമാകൂ എന്നും, ഡിജിറ്റൈസേഷൻ, വിവർത്തനം, സാങ്കേതിക കണ്ടുപിടുത്തങ്ങൾ എന്നിവയിലൂടെ കൈയെഴുത്തുപ്രതികളെ പുനരുജ്ജീവിപ്പിച്ച് അത് സാധ്യമാക്കാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ ഋഷിവര്യന്മാർ ചർച്ചകൾ, അനുഭവങ്ങൾ, തിരിച്ചറിവുകൾ എന്നിവയിലൂടെ, ശേഖരിച്ച അറിവുകൾ  ഇന്നും ലോകത്തിന് പ്രസക്തമാണ് . മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാതലായ വിഷയങ്ങളെക്കുറിച്ച്  ആഴത്തിൽ  പഠനം നടത്തിയിട്ടുള്ള  ഈ പ്രമാണങ്ങൾ, സഹസ്രാബ്ദങ്ങൾക്കുശേഷവും - മനുഷ്യരാശിക്കും, പരിസ്ഥിതിക്കും, മുഴുവൻ ആവാസവ്യവസ്ഥയ്ക്കും - ഒരുപോലെ പ്രാധാന്യം നൽകിപ്പോരുന്നു.
 


 
ഈ സാംസ്കാരിക നവോത്ഥാനം കേവലം പ്രഭാഷണങ്ങളിലൂടെയോ പരിപാടികളിലൂടെയോ നേടിയെടുക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും ആഘോഷിക്കുന്നതിലും കൂട്ടായ ഉത്തരവാദിത്തത്തിന്റെ ആവശ്യകതയെ അടിവരയിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ശേഖരം, ക്ലസ്റ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം കടുത്ത പ്രതിസന്ധികൾക്കിടയിലും, കൈയെഴുത്തുപ്രതികളെ സംരക്ഷിച്ച സ്ഥാപനങ്ങളെയും സർവകലാശാലകളെയും വ്യക്തികളെയും  അഭിനന്ദിച്ചു. ഇവർ  ഇന്ത്യയുടെ മാത്രം സ്വത്തല്ലെന്നും  മനുഷ്യരാശിക്കായുള്ള  ഈ അമൂല്യ നിധിയുടെ യഥാർത്ഥ കാവൽക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ദേശീയ കൈയെഴുത്തുപ്രതി ദൗത്യം ആദ്യമായി ആരംഭിച്ചതെന്ന് അനുസ്മരിച്ച അദ്ദേഹം, അന്ന് ചില പട്ടികപ്പെടുത്തലും തിരിച്ചറിയലും നടന്നുവെങ്കിലും, പിന്നീട് ആ ദൗത്യം നിലച്ചുപോയതായും ചൂണ്ടിക്കാട്ടി. ഇപ്പോൾ പുനരാരംഭിച്ച ഈ  യജ്ഞം നിസ്സംശയമായും വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇവ എങ്ങനെ കൂടുതൽ സമ്പന്നവും  വിപുലവുമാക്കുവാൻ  കഴിയുമെന്ന് നാമേവരും  ആലോചിക്കണമെന്നും  ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്  ആവശ്യപ്പെട്ടു.
 
 
*****************

(Release ID: 2165879) Visitor Counter : 6