യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

യുവതയെ ശാക്തീകരിക്കാനും ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കാനും ജീവിതം സുഗമമാക്കാനും ജിഎസ്ടി പരിഷ്‌കാരങ്ങള്‍

Posted On: 08 SEP 2025 4:38PM by PIB Thiruvananthpuram
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ രാജ്യത്തെ യുവതയെ ശാക്തീകരിക്കാനും കൂടുതല്‍ ആരോഗ്യകരമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കാനും ജീവിതം സുഗമമാക്കാനും ലക്ഷ്യമിടുന്ന മികച്ച  ചുവടുവെയ്പ്പാണ്. യുവജന  കായിക മേഖലകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമേറിയ  ഈ നടപടികള്‍  ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ഉള്‍പ്പെടെ ദേശീയ പദ്ധതികളുമായും യുവതയെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിഭവസമാഹരണ  അടിസ്ഥാന സൗകര്യ വികസന ശ്രമങ്ങളുമായും ചേര്‍ന്നുനില്‍ക്കുന്നു. ഈ പരിഷ്‌കാരങ്ങള്‍ കായിക  ശാരീരികക്ഷമത പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനും രാജ്യത്തെ യുവ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്നു.


എല്ലാവര്‍ക്കും ശാരീരികക്ഷമത: ആരോഗ്യകരമായ ജീവിതം താങ്ങാവുന്ന ചെലവില്‍
വ്യായാമകേന്ദ്രങ്ങളുടെയും ശാരീരികക്ഷമതാ സ്ഥാപനങ്ങളുടെയും  ജിഎസ്ടി 18% ത്തില്‍ നിന്ന് 5% ആയി കുറച്ചത് നഗരങ്ങളിലെ യുവജനങ്ങള്‍ക്കടക്കം സാധാരണക്കാര്‍ക്ക് മികച്ച നിലവാരത്തിലും എളുപ്പത്തിലും ഫിറ്റ്‌നസ് സൗകര്യങ്ങള്‍ ലഭ്യമാക്കും. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് നേരിട്ട് പിന്തുണ നല്‍കുന്ന നടപടി ശാരീരികക്ഷമത പ്രവര്‍ത്തനങ്ങളിലും പ്രതിരോധാത്മക ആരോഗ്യ സംരക്ഷണത്തിലും പങ്കുചേരാന്‍ കൂടുതല്‍ പേരെ പ്രചോദിപ്പിക്കും.  ചെലവ് കുറയ്ക്കുന്ന ഈ  പരിഷ്‌കാരം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ കൂടുതല്‍ പേരെ  സഹായിക്കുകയും രാജ്യത്ത് ശക്തമായ ഫിറ്റ്‌നസ് സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യും.

പരിസ്ഥിതി സൗഹൃദ ഗതാഗതം താങ്ങാവുന്ന നിരക്കില്‍
സൈക്കിളുകള്‍ക്കും അതിന്റെ ഭാഗങ്ങള്‍ക്കും ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറച്ചത് രാജ്യത്തെ പൗരന്മാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വ്യാപകമായി പരിസ്ഥിതി സൗഹൃദ ഗതാഗതം ലഭ്യമാക്കാന്‍  സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കും   യുവ പ്രൊഫഷണലുകള്‍ക്കും  ഫിറ്റ്‌നസ് പ്രേമികള്‍ക്കുമിടയില്‍  സൈക്കിള്‍ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ നടപടി   സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളെ  പിന്തുണയ്ക്കും.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ കളിക്കാം
കളിപ്പാട്ടങ്ങള്‍, കായിക ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി 12% ത്തില്‍ നിന്ന് 5% ആയി കുറച്ചത് കായികതാരങ്ങള്‍ക്കും കായികാഭ്യാസികളായ യുവജനങ്ങള്‍ക്കും   സ്‌പോര്‍ട്‌സ്  ഉപകരണങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. ഈ നടപടി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകളിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും വിനോദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

യുവതയുടെ സഞ്ചാരം മെച്ചപ്പെടുത്താന്‍  വിലകുറഞ്ഞ ഇരുചക്ര വാഹനങ്ങള്‍

യാത്രാ ബൈക്കുകളടക്കം 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി 28% ത്തില്‍ നിന്ന് 18% ആയി കുറച്ചത് വിദ്യാര്‍ത്ഥികള്‍ക്കും  തൊഴിലെടുക്കുന്ന യുവജനങ്ങള്‍ക്കും  ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരും. ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ പ്രധാന യാത്രാമാര്‍ഗമായ  ഇരുചക്ര വാഹനങ്ങള്‍ക്ക് നികുതി കുറച്ചത് വാഹനങ്ങള്‍ വാങ്ങുന്നതിന്  ചെലവ് കുറയ്ക്കുകയും വാഹനം സ്വന്തമാക്കുന്നത് കൂടുതല്‍ സുഗമമാക്കുകയും  യുവജനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുകയും ചെയ്യും.


ചെലവ് കുറഞ്ഞ യാത്ര: ചെറുകാറുകള്‍ക്ക് വില കുറയുന്നു
ചെറു കാറുകളുടെ ജിഎസ്ടി 28% ത്തില്‍ നിന്ന് 18% ആയി കുറച്ചത് ഈ ശ്രേണിയിലെ വാഹനങ്ങളുടെ വില കുറയ്ക്കാന്‍ സഹായിക്കും.  ആദ്യമായി വാഹനം വാങ്ങുന്നവരെയും യുവകുടുംബങ്ങളെയും വാഹനം സ്വന്തമാക്കാന്‍ ഈ നടപടി പ്രോത്സാഹിപ്പിക്കും. സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ മാര്‍ഗങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ ഈ പരിഷ്‌കാരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

****************************


(Release ID: 2164791) Visitor Counter : 2