ഖനി മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്ത് നിർണായക ധാതു പുനഃചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനായി ബാറ്ററി മാലിന്യങ്ങളും ഇ-മാലിന്യങ്ങളും പുനഃചംക്രമണം ചെയ്യാനുള്ള ശേഷി വികസന പ്രോത്സാഹന പദ്ധതി

Posted On: 03 SEP 2025 7:17PM by PIB Thiruvananthpuram


രാജ്യത്ത് നിർണായക ധാതുക്കൾ, ദ്വിതീയ സ്രോതസ്സുകളിൽ നിന്ന് വേർതിരിച്ച് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശേഷി വികസനത്തിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 
നിർണായക ധാതുക്കളുടെ ആഭ്യന്തര ശേഷിയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ (NCMM) ഭാഗമാണ് പദ്ധതി. പര്യവേക്ഷണം, ലേലം, ഖനി പ്രവർത്തനക്ഷമമാക്കൽ, വിദേശ ആസ്തികൾ ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടുന്ന നിർണായക ധാതു മൂല്യ ശൃംഖലയ്ക്ക്,  ഇന്ത്യൻ വ്യവസായത്തിനായി നിർണായക ധാതുക്കൾ ലഭ്യമാക്കാൻ ഒരു നിശ്ചിതകാലയളവ് ആവശ്യമാണ്. ആയതിനാൽ ഹ്രസ്വകാലത്തേക്ക് വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള വിവേകപൂർണ്ണമായ മാർഗ്ഗം ദ്വിതീയ സ്രോതസ്സുകൾ പുനഃചംക്രമണം ചെയ്യുക എന്നതാണ്.

2025-26 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള ആറ് വർഷമാണ് പദ്ധതിയുടെ കാലാവധി. ഇ-മാലിന്യങ്ങൾ, ലിഥിയം അയൺ ബാറ്ററി (LIB) സ്ക്രാപ്പ്, ഇ-മാലിന്യവും LIB സ്ക്രാപ്പും ഒഴികെയുള്ള മറ്റ് സ്ക്രാപ്പുകൾ (ഉദാഹരണത്തിന്, കാലാവധി കഴിഞ്ഞ വാഹനങ്ങളിലെ കാറ്റലിറ്റിക് കൺവെർട്ടറുകൾ) എന്നിവയാണ് ഇതിനു യോഗ്യമായ അസംസ്കൃത വസ്തുക്കൾ. വലുതും നിലവിലുള്ളതുമായ പുനഃചംക്രമണ കമ്പനികളും, ചെറുതും പുതിയതുമായ പുനഃചംക്രമണ കമ്പനികളും (സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ) ആയിരിക്കും ഇതിന്റെ ഗുണഭോക്താക്കൾ. പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് ഇവർക്കായി നീക്കിവച്ചിട്ടുണ്ട്. പുതിയ യൂണിറ്റുകളിലെ നിക്ഷേപങ്ങൾക്കും, നിലവിലുള്ള യൂണിറ്റുകളുടെ ശേഷി വിപുലീകരിക്കൽ / നവീകരിക്കൽ, വൈവിധ്യവൽക്കരണം എന്നിവയ്ക്കും പദ്ധതി ബാധകമാണ്. ബ്ലാക്ക് മാസ് ഉത്പാദനം മാത്രം നടത്തുന്ന മൂല്യ ശൃംഖലയ്ക്കല്ലാതെ, നിർണായക ധാതുക്കൾ വേർതിരിച്ചെടുക്കുന്ന പുനഃചംക്രമണ മൂല്യ ശൃംഖലയ്ക്കാണ് പദ്ധതിയിലൂടെ പ്രോത്സാഹനം നൽകുന്നത്

പദ്ധതി പ്രകാരമുള്ള ഇൻസെന്റീവുകളിൽ പ്ലാന്റ്, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള 20% മൂലധനച്ചെലവ് സബ്സിഡി ഉൾപ്പെടുന്നു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഉത്പാദനം ആരംഭിച്ചാൽ ഈ സബ്സിഡി ലഭിക്കും, അതിനുശേഷമുള്ളത് കുറഞ്ഞ സബ്സിഡിയായിരിക്കും. കൂടാതെ, പ്രവർത്തനച്ചെലവ് സബ്സിഡിയുമുണ്ട്. ഇത് അടിസ്ഥാന വർഷത്തിലെ (2025-26 സാമ്പത്തിക വർഷം) അധിക വിൽപ്പനയ്ക്കുള്ള പ്രോത്സാഹനമായിരിക്കും. അതായത്, നിശ്ചിത അധിക വിൽപ്പന പരിധി കൈവരിച്ചാൽ 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ രണ്ടാമത്തെ വർഷം യോഗ്യമായ പ്രവർത്തനച്ചെലവ് സബ്സിഡിയുടെ 40%-വും, അഞ്ചാമത്തെ വർഷം ബാക്കി 60%-വും ലഭിക്കും. കൂടുതൽ ഗുണഭോക്താക്കളെ ഉറപ്പാക്കുന്നതിനായി, ഓരോ സ്ഥാപനത്തിനും ലഭിക്കുന്ന മൊത്തം ഇൻസെന്റീവ് (മൂലധനച്ചെലവ്, പ്രവർത്തനച്ചെലവ് സബ്സിഡി) വലിയ സ്ഥാപനങ്ങൾക്ക് 50 കോടി രൂപയും ചെറിയ സ്ഥാപനങ്ങൾക്ക് 25 കോടി രൂപയും എന്ന പരിധിക്ക് വിധേയമായിരിക്കും. ഇതിനുള്ളിൽ പ്രവർത്തനച്ചെലവ് സബ്സിഡിക്ക് യഥാക്രമം 10 കോടി രൂപയും 5 കോടി രൂപയും എന്ന പരിധിയുമുണ്ടാകും.

പ്രധാന നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ, പദ്ധതി പ്രകാരമുള്ള പ്രോത്സാഹനങ്ങൾ കുറഞ്ഞത് 270 കിലോ ടൺ വാർഷിക പുനഃചംക്രമണ ശേഷി വികസിപ്പിക്കുമെന്നും, അതുവഴി പ്രതിവർഷം ഏകദേശം 40 കിലോ ടൺ നിർണായക ധാതുക്കൾ ഉത്പാദിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 8,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയും ഏകദേശം 70,000 നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. പദ്ധതിക്ക് രൂപം നൽകുന്നതിന് മുമ്പ്, വ്യവസായ മേഖലയുമായും മറ്റ് പങ്കാളികളുമായും നിരവധി തവണ പ്രത്യേക യോഗങ്ങളും സെമിനാറുകളും ഉൾപ്പെടെ കൂടിയാലോചനകൾ നടത്തിയിരുന്നു.

-NK-


(Release ID: 2163516) Visitor Counter : 2