വാണിജ്യ വ്യവസായ മന്ത്രാലയം
കാര്‍ഷിക - ഭക്ഷ്യോല്പന്ന കയറ്റുമതി വർധിപ്പിക്കാന്‍ 'ഭാരതി' സംരംഭത്തിന് തുടക്കം കുറിച്ച് APEDA
Posted On:
02 SEP 2025 8:48PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എന്നിവർ പങ്കെടുത്ത ഭക്ഷ്യ-പാനീയ മേഖലയിലെ പങ്കാളികളുടെ യോഗത്തോടനുബന്ധിച്ച് കാര്‍ഷിക - ഭക്ഷ്യോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (Agricultural and Processed Food Products Export Development Authority - APEDA ) പുതിയ പദ്ധതിയായ ‘ഭാരതി’യ്ക്ക് തുടക്കം കുറിച്ചു.
‘ഭാരത് ഹബ് ഫോർ അഗ്രിടെക്, റെസിലിയൻസ്, അഡ്വാൻസ്മെന്റ് ആൻഡ് ഇൻകുബേഷൻ ഫോർ എക്സ്പോർട്ട് എനേബിൾമെന്റ്’ (BHARATI) എന്നതിനെ സൂചിപ്പിക്കുന്ന പദ്ധതി കാർഷിക-ഭക്ഷ്യ, കാർഷിക-സാങ്കേതിക മേഖലകളിലെ 100 സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാനും അവയുടെ വളർച്ച ത്വരിതപ്പെടുത്താനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും യുവ സംരംഭകർക്ക് പുതിയ കയറ്റുമതി അവസരങ്ങൾ സൃഷ്ടിക്കാനുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 2030-ഓടെ കാർഷിക - ഭക്ഷ്യോല്പന്ന കയറ്റുമതി 50 ബില്യൺ ഡോളറിലെത്തിക്കുകയെന്ന APEDA-യുടെ കാഴ്ചപ്പാടിന്റെ ഭാഗമായി ആവിഷ്ക്കരിച്ച പദ്ധതി ഇന്ത്യയുടെ കാർഷിക ഭക്ഷ്യോല്പന്ന കയറ്റുമതി ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ്.
2025 സെപ്റ്റംബറിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ആദ്യ സംഘത്തില്‍ ഉയര്‍ന്ന മൂല്യമുള്ള കാർഷിക-ഭക്ഷ്യോല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നവര്‍, സാങ്കേതികവിദ്യാധിഷ്ഠിത സേവനം നല്‍കുന്നവര്‍, നൂതനാശയക്കാര്‍ എന്നിവരടങ്ങുന്ന 100 സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കും. കാർഷിക, ഭക്ഷ്യ, ഭക്ഷ്യ സംസ്കരണ മേഖലകളിൽ വ്യാവസായിക കേന്ദ്രങ്ങളും സർക്കാരും നയിക്കുന്ന മാര്‍ഗനിര്‍ദേശക പരിപാടികള്‍ പൂർത്തീകരിക്കാനും ശക്തിപ്പെടുത്താനുമാണ് ഭാരതി പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. GI ടാഗ് ലഭിച്ച കാർഷിക ഉല്പന്നങ്ങൾ, ജൈവ ഭക്ഷ്യോല്പന്നങ്ങള്‍, സൂപ്പർഫുഡ്, നൂതന രീതിയില്‍ സംസ്കരിച്ച ഇന്ത്യൻ കാർഷിക ഭക്ഷ്യോല്പന്നങ്ങള്‍, ക്ഷീരോല്പന്നങ്ങൾ, ആയുഷ് ഉല്പന്നങ്ങൾ തുടങ്ങി മൂല്യമേറിയ വിഭാഗങ്ങളിൽ നൂതനാശയങ്ങൾ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. എഐ അധിഷ്ഠിത ഗുണനിലവാര നിയന്ത്രണം, ബ്ലോക്ക്ചെയിൻ അധിഷ്ഠിത പരിശോധന സംവിധാനം, ഐഒടി അധിഷ്ഠിത ശീതീകരണ ശൃംഖലകളും കാർഷിക-സാമ്പത്തിക സാങ്കേതികവിദ്യയും തുടങ്ങി നൂതന സങ്കേതങ്ങളില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ ആകർഷിക്കാനും അത്യാധുനിക പാക്കേജിങ്, സുസ്ഥിരത, ചരക്കുനീക്ക ചട്ടങ്ങള്‍ തുടങ്ങിയ നിർണായക മേഖലകളിലെ വെല്ലുവിളികള്‍ പരിഹരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഉല്പന്ന വികസനം, മൂല്യവർധന, ഗുണനിലവാരം ഉറപ്പാക്കല്‍, ഉല്പന്നങ്ങള്‍ പെട്ടെന്ന് കേടാകല്‍, പാഴാകല്‍, ചരക്കുനീക്കം തുടങ്ങി കയറ്റുമതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കാനും ഭാരതി പദ്ധതി ശ്രമിക്കുന്നു. സഹകരണ അന്തരീക്ഷം വളർത്തുന്ന പദ്ധതി കാർഷിക-ഭക്ഷ്യ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട നൂതന സംരംഭകരെയും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ നൽകുന്നവരെയും SPS-TBT വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കാന്‍ ലളിതമായ പരിഹാരങ്ങൾ കുറഞ്ഞ ചെലവില്‍ നൽകുന്നു.
ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി ലോകോത്തര നിലവാരമുള്ള കാർഷികോത്പന്നങ്ങൾ ഭാരതി പദ്ധതിയിലൂടെ സൃഷ്ടിക്കും. ഇത് ഭക്ഷ്യ മേഖലയിലെ നൂതനാശയങ്ങൾക്കായി ആവശ്യാനുസരണം അടിസ്ഥാനമേഖലയുടെ സംയോജനം മെച്ചപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ ഭക്ഷണ - പാനീയങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള ആവശ്യകത വര്‍ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി പങ്കാളികളെ ഉൾപ്പെടുത്താനും പ്രശ്നപരിഹാരാധിഷ്ഠിത സ്റ്റാർട്ടപ്പുകളെ ആകർഷിക്കാനും രാജ്യവ്യാപക ബോധവൽക്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കും. 2025 സെപ്റ്റംബർ മുതൽ APEDA-യുടെ വെബ്സൈറ്റില്‍ തുടങ്ങുന്ന അപേക്ഷാ-തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കയറ്റുമതി ശാക്തീകരണ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 100 സ്റ്റാർട്ടപ്പുകൾക്ക് മൂന്നുമാസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. ഉത്പന്ന വികസനം, കയറ്റുമതി തയ്യാറെടുപ്പ് മാർഗനിർദേശങ്ങൾ, നിയമപാലനം, വിപണി പ്രവേശനം, കയറ്റുമതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരം തുടങ്ങിയവയില്‍ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും.മേഖലയെ കൂടുതൽ ശക്തിപ്പെടുത്താന്‍ സംസ്ഥാന കാർഷിക ബോർഡുകൾ, കാർഷിക സർവകലാശാലകൾ, ഐഐടികളും എൻഐടികളും പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, നിലവിലെ പരിശീലകര്‍ എന്നിവരുമായി ചേർന്ന് എപിഇഡിഎ കാർഷിക കയറ്റുമതിയ്ക്ക് സ്റ്റാർട്ടപ്പുകളെ ആകർഷിക്കും.
ഭാവിയിൽ വര്‍ഷംതോറും നടപ്പാക്കാനാവുന്ന ഒരു മാര്‍ഗനിര്‍ദേശക പരിപാടിയ്ക്ക് മാതൃകയാകുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘം തുടർച്ചയായ നൂതനാശയങ്ങളെയും ദീർഘകാല കയറ്റുമതി വളർച്ചയെയും പ്രോത്സാഹിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള ആഗോള കാർഷിക - ഭക്ഷ്യോല്പന്ന കയറ്റുമതി വിപുലീകരിക്കാനും പ്രോത്സാഹിപ്പിക്കാനും എപിഇഡിഎ പ്രതിബദ്ധത ആവർത്തിച്ചു. കാർഷിക-ഭക്ഷ്യ വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവജന - സംരംഭകത്വ ശക്തിയിലൂടെ കയറ്റുമതി വളർച്ച ത്വരിതപ്പെടുത്താനും നൂതനാശയങ്ങൾ വളർത്താനും അർത്ഥപൂര്‍ണ സഹകരണങ്ങൾ രൂപപ്പെടുത്താനുമാണ് ഭാരതി പദ്ധതിയുടെ തുടക്കത്തിലൂടെ APEDA ലക്ഷ്യമിടുന്നത്.
(Release ID: 2163228)
Visitor Counter : 2