പരിസ്ഥിതി, വനം മന്ത്രാലയം
ന്യൂഡൽഹിയിൽ നടന്ന ഇരുപതാമത് ആഗോള സുസ്ഥിരതാ ഉച്ചകോടിയെ കേന്ദ്രമന്ത്രി ശ്രീ.ഭൂപേന്ദർ യാദവ് അഭിസംബോധന ചെയ്തു
''പ്രതിരോധശേഷി, പുനരുജ്ജീവനം, ഉത്തരവാദിത്തം എന്നിവ സ്വീകരിച്ചുകൊണ്ട് കൂടുതൽ സുസ്ഥിരമായ ഒരു ലോകത്തിലേക്കുള്ള ഒരു പാത നമുക്ക് രൂപപ്പെടുത്താം''- ശ്രീ. ഭൂപേന്ദർ യാദവ്
Posted On:
02 SEP 2025 11:59AM by PIB Thiruvananthpuram
സി.ഐ.ഐ-ഐ.ടി.സി സെന്റർ ഓഫ് എക്‌സലൻസ് ഫോർ സസ്‌റ്റൈനബിൾ ഡവലപ്‌മെന്റ് സംഘടിപ്പിച്ച ഇരുപതാമത് ആഗോള സുസ്ഥിരതാ ഉച്ചകോടിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ്, പ്രതിരോധശേഷിയും പുനരുജ്ജീവനവും ഉത്തരവാദിത്തബോധവുമുള്ള വളർച്ചയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെക്കുറിച്ച് വിവരിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഡയറക്ടർ ജനറൽ ശ്രീ. ചന്ദ്രജിത് ബാനർജി, സി.ഐ.ഐ മുൻ പ്രസിഡന്റ് ശ്രീ. സൻജീവ് പുരി എന്നിവർ ഉൾപ്പെട്ടതായിരുന്നു വേദി. പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വ്യവസായമേഖലയിലെ അതികായൻമാരും ഉച്ചകോടിയിൽ ഒത്തുചേർന്നു.
സാമ്പത്തിക പുരോഗതിയെ പാരിസ്ഥിതിക സംരക്ഷണത്തോട് സന്തുലിതമാക്കുന്നതിൽ ആഴത്തിൽ വേരൂന്നിയ വികസനമാതൃകയാണാണ് ഇന്ത്യയുടെതെന്ന് ആഗോള പ്രതിനിധികളെ അഭിസംബോധന ചെയ്യവെ ശ്രീ.യാദവ് അടിവരയിട്ടു. ''സുസ്ഥിരതയെ ഒരു ലക്ഷ്യമോ ഉദ്ദേശ്യമോ ആയി കണക്കാക്കരുത്. അതൊരു ജീവിതശൈലി തിരഞ്ഞെടുപ്പും, പ്രതിരോധശേഷിയും പുനരുജ്ജീവനവും ഉത്തരവാദിത്തവും നേടാനുള്ള ക്രമാനുഗത പ്രതിബന്ധതയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു'' എന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ആഗോള വ്യാപാര സംഘർഷങ്ങൾ, നയ അനിശ്ചിതത്വങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രധാന സമ്പദ്വ്യവസ്ഥകളുടെ ആഗോള സാമ്പത്തിക നിക്ഷേപങ്ങൾക്കുള്ള തടസ്സങ്ങൾ എന്നിവ കൂട്ടായി ദുർബല പരിതസ്ഥിതി സൃഷ്ടിക്കുന്നുവെന്ന് മന്ത്രി എടുത്തുപറഞ്ഞു. ചാക്രിക സാമ്പത്തിക മാതൃകകൾ, പ്രകൃതിപരമായ സുനിശ്ചിത പ്രവർത്തനങ്ങൾ, ഹരിതോത്പാദനം, ഉത്തരവാദിത്തരീതികൾക്കായുള്ള പുരോഗമനപരമായ പ്രകൃതമാറ്റം എന്നിവ ഉൾക്കൊള്ളുന്ന സാമ്പത്തിക വ്യാപക പരിഹാരങ്ങൾ സ്വീകരിച്ചുകൊണ്ട് വളർച്ചയ്ക്ക് സുസ്ഥിരതാടിത്തറയൊരുക്കാൻ മന്ത്രി എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
രാജ്യത്തുടനീളമുള്ള പാരിസ്ഥിതിക ഓഡിറ്റിങ്ങിന് ഒരു ഔപചാരിക ചട്ടക്കൂട് സൃഷ്ടിക്കുന്ന 'പാരിസ്ഥിതിക ഓഡിറ്റ് ചട്ടങ്ങൾ 2025' ഇന്ത്യാ ഗവൺമെന്റ് 2025 ആഗസ്റ്റ് 29- ന് വിജ്ഞാപനം ചെയ്തതായി ശ്രീ. യാദവ് എടുത്തുപറഞ്ഞു. ഈ ചട്ടങ്ങൾ ഓഡിറ്റർമാരുടെ ഒരു ദ്വിതല സംവിധാനം സ്ഥാപിക്കുകയും, പ്രക്രിയയ്ക്ക് സുതാര്യമായി മേൽനോട്ടം വഹിക്കുന്നതിനായി ഒരു സമർപ്പിത ഏജൻസിയെ രൂപവത്കരിക്കുകയും ചെയ്യുന്നു. 'ഈ ചട്ടങ്ങൾ സർക്കാരിന്റെ നിലവിലുള്ള നിരീക്ഷണ, പരിശോധന ചട്ടക്കൂടിനെ മാറ്റിസ്ഥാപിക്കാനല്ല, പകരം അതോട് അനുബന്ധമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്' എന്ന് ശ്രീ. യാദവ് പറഞ്ഞു.
2025 ആഗസ്റ്റ് 29-ന് ഗ്രീൻ ക്രെഡിറ്റ് പദ്ധതിയ്ക്കായി പുതുക്കിയ രീതിശാസ്ത്ര വിജ്ഞാപനത്തെക്കുറിച്ച് മന്ത്രി ഉച്ചകോടിയിൽ പങ്കെടുത്തവരെ അറിയിച്ചു. സന്നദ്ധ പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023 ഒക്ടോബറിൽ ആദ്യമായി ആരംഭിച്ച ഈ പരിപാടി, നിലവിൽ സ്വകാര്യസ്ഥാപനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം അനുവദിക്കുന്ന, കുറഞ്ഞ പുനരുദ്ധാരണ പ്രതിബദ്ധതകൾ സ്ഥാപിക്കുന്ന, ആർജിത ഹരിത അംഗീകാരങ്ങൾ ഉപയോഗപ്പെടുത്തുന്ന വ്യവസ്ഥകളാൽ ശാക്തീകരിക്കപ്പെട്ടിരുന്നു. ഹരിത ക്രെഡിറ്റ് പദ്ധതി അർത്ഥവത്തായ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള ഒരു ഉത്തേജകമായി മാറുമെന്നത് പുതുക്കിയ രീതിശാസ്ത്രം ഉറപ്പാക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.
കൂടാതെ, 2025-ൽ പുതുതായി ആരംഭിച്ച ദേശീയ സന്നിഗ്ധ ധാതു ദൗത്യ (നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ) പ്രകാരം നിർണായക ധാതു മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിനായി 2023-ലെ വനം (സംരക്ഷണവും വർധനയും) ചട്ടങ്ങൾ, 2025 ആഗസ്റ്റ് 31-ന് കേന്ദ്രമന്ത്രാലയം ഭേദഗതി ചെയ്തതായും ശ്രീ. യാദവ് എടുത്തുപറഞ്ഞു. ഈ ദൗത്യത്തിന് കീഴിൽ 24 ധാതുക്കളെ നിർണായകവും തന്ത്രപരവുമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതോടൊപ്പം 29 ധാതുക്കൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ശാക്തീകരിക്കുന്നതിൽ പ്രധാനമാണെന്നും വ്യക്തമായി. പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കായി വനപ്രദേശങ്ങളിൽ ഈ ധാതുക്കൾ ഖനനം ചെയ്യുന്നതിനുള്ള അംഗീകാര പ്രക്രിയയെ ഈ ചട്ട ഭേദഗതി ലളിതമാക്കുന്നു.
കാലാവസ്ഥാ പ്രവർത്തനത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി രാജ്യം ഉയർന്നുവന്നിട്ടുണ്ടെന്നും ഇന്ത്യയുടെ വിശാലമായ സുസ്ഥിര നേട്ടങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ശ്രീ. യാദവ് പരാമർശിച്ചു. 'ലക്ഷ്യമിട്ട പദ്ധതി നിർവഹണം, അടിസ്ഥാന സൗകര്യരംഗത്തെ നിക്ഷേപം, പ്രാദേശിക പ്രതിബദ്ധത, ബഹുമുഖ പ്രതിബദ്ധതകളിലെ വ്യക്തമായ നേട്ടങ്ങൾ എന്നിവയിലൂടെ നയരംഗത്ത് സുസ്ഥിര വളർച്ച വിജയകരമായി സ്വീകരിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാരീസ് ഉടമ്പടി പ്രകാരം ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (NDC) നിറവേറ്റുന്നതിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതിയാണ് ഇന്ത്യയുടെ സുസ്ഥിര വികസന പ്രതിബദ്ധതയുടെ വ്യക്തമായ തെളിവെന്ന് ശ്രീ യാദവ് പറഞ്ഞു. നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് തന്നെ കൈവരിച്ച മഹത്തായ കാലാവസ്ഥാ ലക്ഷ്യങ്ങൾ, പുനരുപയോഗ ഊർജ ശേഷിയുടെ ത്വരിതപ്പെടുത്തിയ വിന്യാസം, പരിസ്ഥിതി, സാമൂഹിക, ഭരണ സൂചകങ്ങളിലൂടെ കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്റെ പ്രോത്സാഹനം, ചാക്രിക സമ്പദ് വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കിയ നൂതന മാലിന്യ സംസ്‌കരണ രീതികളുടെ പുരോഗതി എന്നിവയാണ് സമീപകാല നേട്ടങ്ങൾ. ''ഉപയോഗ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ പരിസ്ഥിതി സൗഹൃദ സംസ്‌കരണം ഉറപ്പാക്കുന്നതിന്, നിർമാതാവിന്റെ വിപുലീകൃത ഉത്തരവാദിത്ത (എക്സ്പെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി) ചട്ടക്കൂട് രൂപവത്കരിച്ച മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ശാശ്വത സാമ്പത്തിക പുരോഗതി പ്രതിരോധശേഷി, പുനരുജ്ജീവനം, ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമാണെന്നും, സുസ്ഥിര വികസനത്തിനുള്ള അടിത്തറയായി ഇനി ലോകം സ്വീകരിക്കേണ്ടത് ഈ മൂല്യങ്ങളാണെന്നും വനവിസ്തൃതി വിപുലീകരിക്കുന്നതിലും, 'മിഷൻ ലൈഫ്', 'അമ്മയുടെ പേരിൽ ഒരു മരം' തുടങ്ങിയ നൂതന കാമ്പെയ്നുകൾ ആരംഭിക്കുന്നതിലും, കാർബൺ ആഗിരണം വർധിപ്പിക്കുന്നതിലും, ചാക്രിക സമ്പദ് വ്യവസ്ഥയുടെ രീതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും ഇന്ത്യയുടെ പുരോഗതി ചൂണ്ടിക്കാണിക്കവെ, കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പ്രതിരോധശേഷി സ്തംഭത്തിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്ന് ഇന്ത്യയുടെ നാഷണൽ അഡാപ്റ്റേഷൻ പ്ലാനിന്റെ വരാനിരിക്കുന്ന സമാരംഭമാണെന്ന് മന്ത്രി അറിയിച്ചു. 'ശാസ്ത്രീയാധിഷ്ഠിത തെളിവുകളാൽ നയിക്കപ്പെടുന്നതും, അടിസ്ഥാന യാഥാർത്ഥ്യങ്ങളാൽ മാർഗദർശനം പ്രാപ്യമാവുകയും ചെയ്യുന്ന ദേശീയ പൊരുത്തപ്പെടൽ പദ്ധതി (എൻ.എ.പി), ദേശീയ വികസന നയങ്ങളിൽ വിവിധ മേഖലകളിൽ പൊരുത്തപ്പെടുത്തലുകൾ ഉൾപ്പെടുത്തുന്നതിനുള്ള ഒരു മാർഗരേഖയായി പ്രവർത്തിക്കും, ഇത് വ്യവസ്ഥാപിതവും ദീർഘകാലപരവുമായ സമീപനം ഉറപ്പാക്കും. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലുടനീളം കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
******
(Release ID: 2163040)
Visitor Counter : 3