യുവജനകാര്യ, കായിക മന്ത്രാലയം
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ കായിക ദിന (NSD) ആഘോഷങ്ങൾക്ക് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി
Posted On:
29 AUG 2025 6:28PM by PIB Thiruvananthpuram
ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നിന് ഇന്ന് സാക്ഷ്യം വഹിച്ചു. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന്റെ 120-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദേശീയ കായിക ദിനം-2025 ലെ ആഘോഷ പരിപാടികളിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമായി ഏകദേശം 30 കോടി പൗരന്മാർ പങ്കെടുത്തു. തലസ്ഥാനത്തെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ പുഷ്പാർച്ചന നടത്തി ദേശീയ ആഘോഷങ്ങൾക്ക് കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി. കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA), പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (PCI), നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ (NSF) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, ജവാഹർലാൽ നെഹ്‌റു (JLN) സ്റ്റേഡിയത്തിലെ അത്‌ലറ്റുകൾ, പരിശീലകർ എന്നിവരുൾപ്പെടെ 2,000-ത്തിലധികം പേർ വിവിധ കായിക പരിപാടികളിൽ പങ്കെടുത്തു.

ഫിറ്റ്‌നസിനും ആരോഗ്യ ക്ഷേമത്തിനുമുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ച് ദശലക്ഷക്കണക്കിന് പൗരന്മാർ പ്രതിജ്ഞ എടുത്തുകൊണ്ടാണ് രാജ്യവ്യാപകമായ ആഘോഷങ്ങൾ ആരംഭിച്ചത്. മികവ്, സൗഹൃദം, ബഹുമാനം എന്നീ ഒളിമ്പിക് മൂല്യങ്ങളും, ധൈര്യം, ദൃഢനിശ്ചയം, പ്രചോദനം, സമത്വം എന്നീ പാരാലിമ്പിക് മൂല്യങ്ങളും പ്രതിധ്വനിച്ച ഈ ദിനം കായികക്ഷമതയുടെ ഏകീകൃത മനോഭാവത്തെ പ്രതിഫലിപ്പിച്ചു .

ഹോക്കി സാമൂഹ്യ പ്രദർശനങ്ങൾ മുതൽ സ്‌കൂളുകൾ, സർവകലാശാലകൾ, പഞ്ചായത്തുകൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബഹുജന പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ വരെയുള്ള പരിപാടികൾ ഈ ദിവസത്തെ ഒരു യഥാർത്ഥ 'കായിക ജന പങ്കാളിത്ത പരിപാടി' യാക്കി മാറ്റി. രാജ്യത്തെ എല്ലാ ജില്ലകളിലും മൂന്ന് വ്യത്യസ്ത രീതികളിൽ ആഘോഷങ്ങൾ നടന്നു- സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ,ഖേലോ ഇന്ത്യ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള സ്‌പോർട്‌സ് അക്കാദമികൾ വഴി ; സ്‌കൂളുകൾ, കോളേജുകൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (RWA-കൾ), കോർപ്പറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU-കൾ), ഗവണ്മെന്റ് ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തം വഴി; പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മുതിർന്ന നേതാക്കൾ, പ്രമുഖ കായികതാരങ്ങൾ എന്നിവരടങ്ങുന്ന ജില്ലാ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ വഴി എന്നിങ്ങനെയാണ് ദിനാഘോഷ പരിപാടികൾ നടന്നത്. ' ഓരോ തെരുവും ഓരോ മൈതാനവും; ഭാരതമാകെ കളിക്കുന്നു ' എന്ന മുദ്രാവാക്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ജനകീയ കായികോത്സവമാക്കി ഈ ദിനത്തെ മാറ്റാനുള്ള കൂട്ടായ ശ്രമത്തിൽ എല്ലാ സ്ഥാപനങ്ങളും പങ്കാളികളായി.

ജനങ്ങൾ സ്‌പോർട്‌സിലേക്ക് എത്തുന്നതിനുപകരം, സ്‌പോർട്‌സിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവ സംഘടിപ്പിച്ച സജീവ പരിപാടികൾ വലിയ പങ്കുവഹിച്ചു. ഈ ജനകേന്ദ്രീകൃത സമീപനം സ്‌പോർട്‌സ് എന്നത് കേവലം മത്സരം മാത്രമല്ല, ഒരു ജീവിതരീതിയാണെന്ന സന്ദേശത്തെ ശക്തിപ്പെടുത്തി.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ പരിപാടിയിൽ പങ്കെടുത്തു. ലഖ്‌നൗവിൽ (ഉത്തർപ്രദേശ്) ശ്രീ യോഗി ആദിത്യനാഥ്, ബെംഗളൂരുവിൽ (കർണാടക) ശ്രീ സിദ്ധരാമയ്യ, ഭുവനേശ്വറിൽ (ഒഡീഷ) ശ്രീ മോഹൻ ചരൺ മാജി, ഇറ്റാനഗറിൽ (അരുണാചൽ പ്രദേശ്) ശ്രീ പെമ ഖണ്ഡു, ഡെറാഡൂണിൽ (ഉത്തരാഖണ്ഡ്) ശ്രീ പുഷ്കർ സിംഗ് ധാമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആന്ധ്രാപ്രദേശ് (വിശാഖപട്ടണം), ഛത്തീസ്ഗഡ് (റായ്പൂർ), മഹാരാഷ്ട്ര (പൂനെ) എന്നിവിടങ്ങളിൽ ഉപമുഖ്യമന്ത്രിമാർ പരിപാടികൾക്ക് നേതൃത്വം നൽകി. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും, കായിക മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ പ്രതിനിധികളും കായിക ദിനാഘോഷ പരിപാടികൾക്ക് ആക്കം കൂട്ടി. ദിബ്രുഗഡിൽ ശ്രീ സർബാനന്ദ സോനോവാൾ, ഹാമിർപൂരിൽ ശ്രീ അനുരാഗ് സിംഗ് താക്കൂർ, അൽവാറിൽ ശ്രീ ഭൂപേന്ദർ യാദവ്, മീററ്റിൽ ശ്രീ അരുൺ ഗോവിൽ എന്നിവരുൾപ്പെടെ പ്രമുഖ പാർലമെന്റ് അംഗങ്ങൾ അവരുടെ നിയോജകമണ്ഡലങ്ങളിൽ പൗരന്മാരെ കായിക രംഗങ്ങളിൽ പ്രചോദിപ്പിക്കുന്നതിനായി വിവിധ പരിപാടികളിൽ പങ്കാളികളായി


ജെഎൽഎൻ സ്റ്റേഡിയത്തിൽ ഭാരതത്തിന്റെ ആദ്യത്തെ മോണ്ടോ അത്‌ലറ്റിക്സ് ട്രാക്ക് ഡോ. മാണ്ഡവ്യ ഉദ്ഘാടനം ചെയ്തതിലൂടെ ദേശീയ തലസ്ഥാനത്ത് ഒരു ചരിത്ര നിമിഷം പിറന്നു.എസ്‌എഐയുടെ എഞ്ചിനീയറിംഗ് വിഭാഗം റെക്കോർഡ് സമയം കൊണ്ട് (നാല് മാസത്തിനുള്ളിൽ )പൂർത്തിയാക്കിയ ഈ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പിസിഐ പ്രസിഡന്റ് ദേവേന്ദ്ര ജഝാരിയ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, സ്‌പോർട്‌സ് സെക്രട്ടറി ശ്രീ ഹരി രഞ്ജൻ റാവു, ലോക പാരാ അത്‌ലറ്റിക്‌സ് മേധാവി പോൾ ഫിറ്റ്‌സ്‌ജെറാൾഡ്, പാരാ അത്‌ലറ്റുകളായ സുമിത് ആന്റിൽ, സിമ്രാൻ ശർമ്മ, പ്രീതി പാൽ, പ്രവീൺ കുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഈ അവസരത്തെ "ഭാരതത്തിന്റെ കായികരംഗത്തിന് ഒരു നാഴികക്കല്ല്" എന്ന് ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വിശേഷിപ്പിച്ചു. "കായികരംഗത്തെ മികവിനുള്ള ഈ പുതിയ കാഴ്ചപ്പാട്, പുതുതലമുറ അത്ലെറ്റുകളെ പ്രചോദിപ്പിക്കുമെന്ന് "പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് സുമിത് ആന്റിൽ ഈ ട്രാക്കിനെ പ്രശംസിച്ചു.

പിസിഐ പ്രസിഡന്റ് ദേവേന്ദ്ര ജഝാരിയ, പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് സുമിത് ആന്റിൽ, വെങ്കല മെഡൽ ജേതാവ് സിമ്രാൻ ശർമ്മ, ഇരട്ട മെഡൽ ജേതാവ് പ്രീതി പാൽ, സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺ കുമാർ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് എന്നിവരോടൊപ്പം കേന്ദ്ര മന്ത്രിയും പുതുതായി നിർമ്മിച്ച ട്രാക്കിൽ നടന്ന 400 മീറ്റർ പ്രദർശന ഓട്ടത്തിൽ പങ്കുചേർന്നു. ' കളിക്കളത്തിൽ ഒരു മണിക്കൂർ' എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി മിനിസ്റ്റേഴ്‌സ് ഇലവനും മീഡിയ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തോടെ രാവിലെ പരിപാടികൾ അവസാനിപ്പിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെ പരാമർശിച്ചുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞത് ഇങ്ങനെ :"കായിക മത്സരങ്ങൾ എക്കാലവും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കും. നമ്മുടെ ചരിത്രത്തിൽ വൈവിധ്യമാർന്ന കായിക ഇനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ടാർഗെറ്റഡ് ഒളിമ്പിക് പോഡിയം സ്കീം (TOPS), ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലൂടെ ഈ ആവേശം തിരികെ കൊണ്ടുവന്നതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. ഖേലോ ഭാരത് നീതിയും ദേശീയ കായിക ഭരണ നിയമവും നിലവിൽ വന്നതോടെ, ഒളിമ്പിക്സിൽ മികച്ച ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാകുക എന്ന അഭിലാഷത്തോടെ ഭാരതം 2047 ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. കായിക മേഖലയേക്കാൾ വലിയ ക്ലാസ് മുറിയില്ല, കായിക വിനോദത്തേക്കാൾ വലിയ അധ്യാപകനുമില്ല."

രാജ്യവ്യാപകമായി ആവേശപൂർവം നടന്ന പരിപാടിയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സംരംഭങ്ങളും ഉണ്ടായിരുന്നു. വ്യത്യസ്ത രീതികളിലുള്ള പങ്കാളിത്തത്തിന്റെ പ്രതീകമായി ആൻഡമാൻ & നിക്കോബാർ ദ്വീപുകളിൽ വെള്ളത്തിനടിയിൽ, മേജർ ധ്യാൻ ചന്ദിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടാണ് 15 ദിവസത്തെ ആഘോഷം സമാപിച്ചത്. 2025 ലെ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി,ഫിറ്റ് ഇന്ത്യയുടെ സഹകരണത്തോടെ ഇഷ ഔട്ട്റീച്ച് സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ കായിക ഉത്സവമായ ഇഷ ഗ്രാമോത്സവം ഏഴ് സംസ്ഥാനങ്ങളിൽ ആഘോഷിച്ചു. പതിനേഴാം പതിപ്പിൽ,35,000 ഗ്രാമങ്ങളിലേക്ക് ശാരീരികക്ഷമതയുടെയുംകായിക വിനോദങ്ങളുടെയും ആനന്ദം എത്തിച്ചുകൊണ്ട് 5,000 ടീമുകളും 5,000 സ്ത്രീകൾ ഉൾപ്പെടെ 50,000 കളിക്കാരും വോളിബോൾ, ത്രോബോൾ മത്സരങ്ങളിൽ പങ്കാളികളായി
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കായികതാരങ്ങളുടെയും പ്രശസ്തരുടെയും സന്ദേശങ്ങൾ, ഈ ആഘോഷങ്ങളെ കൂടുതൽ ആവേശഭരിതമാക്കി.ദേശീയ കായിക ദിനാഘോഷ ചടങ്ങുകൾക്ക് ആവേശം പകർന്നുകൊണ്ട് സച്ചിൻ ടെണ്ടുൽക്കർ, പി.വി. സിന്ധു, പി.ആർ. ശ്രീജേഷ്, നീരജ് ചോപ്ര, യോഗേശ്വർ ദത്ത്, മീരാഭായ് ചാനു, സുമിത് ആന്റിൽ, അഞ്ജു ബോബി ജോർജ്, ആയുഷ്മാൻ ഖുറാന, ആർ. മാധവൻ, ശിൽപ ഷെട്ടി കുന്ദ്ര, ഷർവാരി, സയാമി ഖേർ, മധുരിമ തുലി തുടങ്ങി നിരവധി പേർ പങ്കാളികളായി .

മൂന്ന് ദിവസത്തെ ജന പങ്കാളിത്ത പരിപാടിയുടെ തുടർച്ചയായി, അടുത്ത രണ്ട് ദിവസങ്ങളിലും ആഘോഷങ്ങൾ തുടരും. നാളെ, ഓഗസ്റ്റ് 30 ന്, ഖേലോ ഭാരത് നീതി 2025, ദേശീയ കായിക ഭരണ നിയമം 2025 എന്നിവയെക്കുറിച്ചുള്ള കായിക സംവാദങ്ങളും കോൺക്ലേവുകളും നടക്കും. ഖോ-ഖോ, കബഡി, വോളിബോൾ, ചാക്കിൽ ഓട്ടം , വടംവലി തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങളിലെ മത്സരങ്ങളും രാജ്യത്തുടനീളം നടക്കും. ആഗസ്റ്റ് 31 ന്, 'സ്വദേശി ഭാരത്' എന്ന പ്രമേയത്തിൽ സൈക്ലിംഗ് ഒരു ജീവിതശൈലിയായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യവ്യാപക യജ്ഞമായ 'ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ' പരിപാടിയോടെ ആഘോഷങ്ങൾ സമാപിക്കും. അതേസമയം, ആത്മനിർഭർ ഭാരത് എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി നാളെ ഡൽഹിയിൽ സ്പോർട്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ദേശീയ
കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കായിക ഉൽപ്പന്നങ്ങളുടെ ആഭ്യന്തര നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളിലുടനീളം സമാനമായ കോൺക്ലേവുകൾ നടക്കും.
തമിഴ്‌നാട്ടിലെയും ഒഡീഷയിലെയും ഗ്രാമങ്ങൾ മുതൽ ഡൽഹിയിലെയും മുംബൈയിലെയും മെട്രോകൾ വരെയും, ഹിമാലയൻ പട്ടണങ്ങൾ മുതൽ ആൻഡമാൻ കടലുകൾ വരെയും, ഭാരതം ഇന്ന് ഏക സ്വരത്തിൽ സംസാരിച്ചു - " കളിക്കളത്തിൽ ഒരു മണിക്കൂർ". ജനസംഖ്യയുടെ നാലിലൊന്ന് പേരും ഒരുമയോടെ പങ്കെടുത്ത 2025 ലെ ദേശീയ കായിക ദിനം -ജന പങ്കാളിത്തത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു.ഒളിമ്പിക് മികവിലേക്കുള്ള ഭാരതത്തിന്റെ കായിക യാത്രയിൽ ഒരു നിർണായക നാഴികക്കല്ലായി ഇത് നിലകൊള്ളുന്നു.
****************
(Release ID: 2162140)
Visitor Counter : 41