പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരമുള്ള സംയുക്ത ക്രെഡിറ്റ് സംവിധാനവുമായി (JCM) ബന്ധപ്പെട്ട സഹകരണ ധാരണാപത്രത്തിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു.

Posted On: 29 AUG 2025 5:20PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷന് (UNFCCC) കീഴിലുള്ള പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരം, ഭാരത സർക്കാരിന്റെ വനം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC), ജപ്പാൻ സർക്കാരുമായി സംയുക്ത ക്രെഡിറ്റ് സംവിധാനവുമായി (JCM) ബന്ധപ്പെട്ട സഹകരണ ധാരണാപത്രത്തിൽ (MoC) ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത പ്രകടമാക്കുന്ന ഈ ഭാവാത്മക ഉദ്യമം പാരീസ് ഉടമ്പടിയുടെ നിർവ്വഹണത്തിൽ മറ്റൊരു നാഴികക്കല്ലായി മാറും.

ഈ മാസം ആദ്യം ഒപ്പുവച്ച ധാരണാപത്രം, ഇന്തോ-ജപ്പാൻ സഹകരണത്തിലെ ഒരു പ്രധാന പ്രമേയമായ 'ശോഭനമായ ഭാവിക്കായുള്ള ഹരിത ഊർജ്ജ ലക്ഷ്യങ്ങളുടെ' ഭാഗമാണ് - ജപ്പാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കാര്യം ഇന്ന് എടുത്തുപറഞ്ഞു.

സാമ്പത്തിക, വാണിജ്യ, സാംസ്ക്കാരിക സഹകരണത്തിന്റെ ശക്തമായ ചരിത്രം ഇന്ത്യയും ജപ്പാനും തമ്മിലുണ്ട്. കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് നിലവിലെ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6 നടപ്പിലാക്കുന്നതിനുള്ള നാഷണൽ ഡെസിഗ്നേറ്റഡ് ഏജൻസി (NDAIAPA), ആർട്ടിക്കിൾ 6.2 പ്രകാരം അംഗീകരിച്ച ലോ-കാർബൺ (കാർബൺ ബഹിർഗമനം കുറഞ്ഞ) സാങ്കേതികവിദ്യകൾ, 2070 ഓടെ പൂജ്യം കാർബൺ ബഹിർഗമനമെന്ന  ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ദീർഘകാല വികസന തന്ത്രത്തിലെ സുപ്രധാന ഘടകമാണ്.

നിലവിൽ, ഈ തന്ത്രം ചെലവേറിയതാകയാൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ആവശ്യമാണ്. ലോ-കാർബൺ സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിക്ഷേപം, സാങ്കേതിക സഹായം, സാങ്കേതികവിദ്യ കൈമാറ്റം, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് JCM പ്രോത്സാഹനമേകും. ലോ- കാർബൺ സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ, ഉത്പന്നങ്ങൾ, സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉന്നത സാങ്കേതിക ഇടപെടലുകളും പ്രാദേശികവത്ക്കരിക്കുന്നതിനുള്ള ആഭ്യന്തര ആവാസവ്യവസ്ഥയും പങ്കാളിത്തവും വികസിപ്പിക്കുകയും അവയുടെ വൻതോതിലുള്ള വിന്യാസത്തിന് വഴിയൊരുക്കുകയും ചെയ്യും.

ഇന്ത്യയിലെ ഹരിതഗൃഹ വാതക  (GHG) ബഹിർഗമനം കുറയ്ക്കുന്നതിനോ ഒഴിവാക്കുന്നതിനോ സഹായിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനും സുസ്ഥിര വികസനത്തിനും ഈ സഹകരണ ധാരണാപത്രം കൂടുതൽ സഹായകമാകും. പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരം ജപ്പാനടക്കമുള്ള മറ്റ് രാജ്യങ്ങളുമായി സമാനമായ രീതിയിൽ ഇത്തരം പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ക്രെഡിറ്റുകളുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കാനും ഇത് സഹായിക്കും. ഇന്ത്യയുടെ  ദേശീയമായി നിശ്ചയിച്ച സംഭാവനയുമായി (NDC -Nationally Determined Contribution) ബന്ധപ്പെട്ട പ്രതിബദ്ധതകളെ പ്രതികൂലമായി ബാധിക്കാതെ തന്നെ ഇത് സാധ്യമാക്കും.

പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരം സമാനമായ കരാറുകളിൽ മറ്റ് രാജ്യങ്ങളുമായി ഒപ്പുവെക്കുന്നതിനും, വിദേശകാര്യ മന്ത്രാലയവും (MEA) ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് നിർവ്വഹണ ചട്ടങ്ങൾ (RoI) അന്തിമമാക്കുന്നതിനും MoEFCC-ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

*****************

(Release ID: 2162116) Visitor Counter : 16
Read this release in: English , Urdu , Hindi , Gujarati