വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിന് ഇന്ത്യയും ആഫ്രിക്കയും ചേർന്ന് പ്രവർത്തിക്കണം: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി; 20-ാമത് സിഐഐ ഇന്ത്യ-ആഫ്രിക്ക ബിസിനസ് കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി മുഖ്യ പ്രഭാഷണംനടത്തി

Posted On: 29 AUG 2025 4:06PM by PIB Thiruvananthpuram
മൂല്യവർദ്ധന, സാങ്കേതികവിദ്യാധിഷ്ഠിത കൃഷി, പുനരുപയോഗ ഊർജ്ജം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയും ആഫ്രിക്കയും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ പ്രവർത്തിക്കണമെന്ന് ഇന്ന് ന്യൂഡൽഹിയിൽ നടന്ന സിഐഐ ഇന്ത്യ- ആഫ്രിക്ക ബിസിനസ് കോൺക്ലേവ് 20-ാമത് പതിപ്പിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. "ആഗോള വിപണികൾക്കായി അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നിന്ന് തുടങ്ങി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് നമുക്ക് ഒരുമിച്ച് നീങ്ങാം," അദ്ദേഹം പറഞ്ഞു. 20 വർഷം മുമ്പ് തുടക്കമിട്ട ഈ കോൺക്ലേവ് ആഫ്രിക്കയുടെയും ഇന്ത്യയുടെയും ശക്തികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ആഫ്രിക്കൻ രാജ്യങ്ങളുടെ അവസരങ്ങളും സാധ്യതകളും അനാവരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
 ഇന്ത്യയുടെ കയറ്റുമതി 42.7 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 40 ബില്യൺ യുഎസ് ഡോളറും എന്ന നിരക്കിൽ ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇതിനകം തന്നെ സന്തുലിതമാണെന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി.എങ്കിലും വിവിധ മേഖലകളിൽ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. "വർഷങ്ങളായി നമുക്ക് നഷ്ടമായ അവസരങ്ങളെയും ഇന്നത്തെ വികസനത്തിനുള്ള സാധ്യതയെയും ഇത് പ്രകടമാക്കുന്നു," അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയും ആഫ്രിക്കയും എല്ലാ മേഖലകളിലും മത്സരിക്കേണ്ടതില്ല, മറിച്ച് പരസ്പരപൂരകങ്ങളായി പ്രവർത്തിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൃഷി, ഭക്ഷ്യസുരക്ഷ, സഹകരണ, സ്വയം സഹായ ഗ്രൂപ്പ് പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശേഷി വികസനം, ഗവേഷണം, നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകൾ പരസ്പര പ്രയോജനത്തിനായി വലിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി .
 
ഓട്ടോമൊബൈൽ മേഖലയിലെ സഹകരണത്തിനുള്ള അപാരമായ സാധ്യത ശ്രീ ഗോയൽ എടുത്തുപറഞ്ഞു. ആഫ്രിക്ക പ്രതിവർഷം ഏകദേശം 20 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള മോട്ടോർ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യ ഈ ആവശ്യകതയിൽ ഏകദേശം 2 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള വാഹനങ്ങൾ മാത്രമേ നിലവിൽ വിതരണം ചെയ്യുന്നുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ നിലവാരത്തിന് തുല്യമായ ഗുണനിലവാരമുള്ള ഇന്ത്യൻ വാഹനങ്ങൾ വിലയിലും, ഗുണമേന്മയിലും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു. യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കുള്ള ആഫ്രിക്കയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിൽ ഇന്ത്യൻ നിർമ്മാതാക്കൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിശ്വസനീയവും, ഇന്ധനക്ഷമതയുള്ളതും, പരിസ്ഥിതി സൗഹൃദപരവുമായ വാഹനങ്ങൾ മത്സരാധിഷ്ഠിത വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള വിപുലമായ അവസരങ്ങൾ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിർണായക ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, കാർഷിക വസ്തുക്കൾ തുടങ്ങിയ ആഫ്രിക്കൻ വിഭവങ്ങളുടെ കൂടുതൽ ഇറക്കുമതിയിൽ നിന്ന് ഇന്ത്യയ്ക്ക് പ്രയോജനം നേടാനാകും. ഈ സന്തുലിത കൈമാറ്റം ഇരു മേഖലകളുടെയും വ്യാപാരം വികസിപ്പിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ദീർഘകാല വ്യാവസായിക പങ്കാളിത്തം സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയെപ്പോലെ, 100 കോടിയിലധികം ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യങ്ങളെല്ലാം ഒരുമിച്ച് സമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങളായി മാറാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. 2047 ഓടെ വികസിത ഭാരതം കൈവരിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുന്നതുപോലെ, എല്ലാ പൗരന്മാർക്കും പുരോഗതി ലഭ്യമാക്കാൻ ആഫ്രിക്കയും പ്രവർത്തിക്കുന്നു. പൊതുവായ പുരോഗതിയിലേക്കുള്ള ഈ യാത്രയിൽ ഇന്ത്യ-ആഫ്രിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ കോൺക്ലേവ് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു  
 
പരസ്പരപൂരകതകൾ എടുത്തുകാണിച്ചുകൊണ്ട്, നിർണായക ധാതുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ആഫ്രിക്കയ്ക്ക് ഇന്ത്യയെ പിന്തുണയ്ക്കാൻ കഴിയുമെന്നും ഭക്ഷ്യസുരക്ഷ, സാങ്കേതിക നവീകരണം, ഉൽപ്പാദനം, സേവനങ്ങൾ എന്നിവയിൽ ആഫ്രിക്കയ്ക്ക് പിന്തുണ നൽകാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും മന്ത്രി നിരീക്ഷിച്ചു. വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, ഐടി, എഐ, ടെലികോം തുടങ്ങിയ സേവന രംഗങ്ങളിൽ ഇന്ത്യ ചെലവ് കുറഞ്ഞതും മത്സരക്ഷമതയുമുള്ളതാണെന്നും മെഡിക്കൽ വിനോദസഞ്ചാരരംഗത്ത് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
 
മൗറീഷ്യസുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തെക്കുറിച്ച് പരാമർശിച്ച ശ്രീ ഗോയൽ, പാൽ ഉൽപന്നങ്ങൾ, ഭക്ഷ്യ എണ്ണകൾ, അരി തുടങ്ങിയ അവശ്യവസ്തുക്കളിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് മൗറീഷ്യസിന് നിരന്തര പിന്തുണ ഉറപ്പ് നൽകി. "ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ നിർവചിക്കുന്നത് ഈ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും മനോഭാവമാണ്," അദ്ദേഹം പറഞ്ഞു.
 
 കോവിഡ്-19 മഹാമാരിയുടെ സമയത്ത് ആഫ്രിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയും ശ്രീ ഗോയൽ അനുസ്മരിച്ചു. വികസിത രാജ്യങ്ങളിൽ നിന്നും ഉയർന്ന വിലയുള്ള മരുന്നുകൾ, വാക്സിനുകൾ, ഔഷധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പകരം താങ്ങാനാവുന്ന വിലയിൽ സമാന ഉൽപ്പന്നങ്ങൾ ഇന്ത്യ നൽകിയിരുന്നു. ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം,ഇടപാട് ചെലവുകൾ കുറയ്ക്കാനും ആഫ്രിക്കയുടെ സാമ്പത്തിക സംവിധാനങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
“ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ച് 200 കോടിയിലധികം ജനങ്ങളെയും ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു. നമ്മുടെ പൊതുവായ ചരിത്രം, സ്വാതന്ത്ര്യസമരങ്ങൾ, ചിരകാല സൗഹൃദം എന്നിവ ഭാവിയിലേക്കുള്ള ശക്തമായ അടിത്തറ നൽകുന്നു,” ശ്രീ ഗോയൽ പറഞ്ഞു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമായി, മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയെ അദ്ദേഹം പരാമർശിച്ചു.
 
 വികസ്വര ലോകത്തിന്റെ യഥാർത്ഥ ശബ്ദമാണ് ഗ്ലോബൽ സൗത്ത് എന്ന് വിശേഷിപ്പിച്ച ശ്രീ ഗോയൽ, പൊതുവായ ലക്ഷ്യങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ നടക്കുന്ന തീരുമാനമെടുക്കൽ പ്രക്രിയയെ സ്വാധീനിക്കുന്നതിനുമായി ഡബ്ല്യുടിഒ പോലുള്ള ബഹുമുഖ വേദികളിൽ ഇന്ത്യയുമായി സഹകരിക്കാൻ ആഫ്രിക്കൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജം, ജനറിക് മരുന്നുകൾ, നിർണായക ധാതുക്കൾ എന്നിവയിൽ സഹകരണത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും യുവാക്കൾ ഭാവിയെ നിർവചിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം യുവജന പങ്കാളിത്തത്തിന് ആഹ്വാനം ചെയ്തു.
 
 
“നമ്മുടെ ബന്ധം ചരിത്രത്തിലോ വ്യാപാരത്തിലോ മാത്രമല്ല നിലകൊള്ളുന്നത്.അത് പൊതുവായ സ്വപ്നങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവയെയും ഉൾക്കൊള്ളുന്നു . ഒരുമിച്ച്, നമുക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥകളെ പരിവർത്തനം ചെയ്യാനും, നമ്മുടെ യുവാക്കളെ ശാക്തീകരിക്കാനും, ഓരോ പൗരനും അഭിവൃദ്ധി ഉറപ്പാക്കാനും കഴിയും. ഭാവി നമ്മുടേതാണ്.”ഇന്ത്യയുമായുള്ള ഇടപെടൽ വിപുലീകരിക്കാൻ എല്ലാ ആഫ്രിക്കൻ രാഷ്ട്രങ്ങളെയും ക്ഷണിച്ചുകൊണ്ട് ശ്രീ ഗോയൽ പറഞ്ഞു.
 
***************

(Release ID: 2162035) Visitor Counter : 10
Read this release in: Marathi , English , Urdu , Hindi